മലയാളം

മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ഒഴിവാക്കുക

2019 ഓഗസ്റ്റ് 12, തിങ്കളാഴ്ച

ആണ്ടുവട്ടക്കാലം പത്തൊൻപതാം വാരത്തിലെ തിങ്കളാഴ്ച

ഇന്നത്തെ വായനകൾ

വിശുദ്ധ ജെയിൻ ഫ്രാൻസെസ് ദെ ഷന്താൾ, സന്ന്യാസിനി – ഐച്ഛിക അനുസ്മരണം

“എന്നാൽ, നാം അവരെ വേദനിപ്പിക്കാതിരിക്കേണ്ടതിന്, നീ കടലിൽ പോയി ചൂണ്ടയിടുക; ആദ്യം കിട്ടുന്ന മത്സ്യത്തെ എടുക്കുക. അതിന്റെ വായ് തുറക്കുമ്പോൾ ദേവാലയനികുതിയുടെ ഇരട്ടി മൂല്യമുള്ള ഒരു നാണയം നീ കണ്ടെത്തും. എനിക്കും നിനക്കും വേണ്ടി അത് അവർക്കു കൊടുക്കുക.” മത്തായി 17:27

ഇത് കൗതുകകരമായ ഒരു സാഹചര്യമാണ്. ദേവാലയത്തിലെ നികുതിപിരിവുകാർ പത്രോസിന്റെ അടുത്തെത്തി, ഈശോ എന്തുകൊണ്ടാണ് പതിവുള്ള ദേവാലയനികുതി അടയ്ക്കാത്തതെന്ന് ചോദിക്കുന്നു. പത്രോസ് ഈ ചോദ്യം ഈശോയോടു ചോദിക്കുന്നു. താൻ ആരാണെന്നതു കണക്കിലെടുക്കുമ്പോൾ തനിക്കു നികുതി അടയ്ക്കേണ്ട ബാധ്യതയില്ലെന്ന് ഈശോ വ്യക്തമാക്കുന്നു. എന്നിരുന്നാലും, മറ്റുള്ളവർക്ക് മനോവേദന ഉണ്ടാകാതിരിക്കാൻ, ഒരു മത്സ്യത്തിന്റെ വായിൽനിന്ന് അത്ഭുതകരമായി ഒരു നാണയം എടുത്തുകൊണ്ടുവരാൻ അവിടുന്ന് പത്രോസിനെ അയയ്ക്കുന്നു.

ഈ സംഭവം വെളിപ്പെടുത്തുന്ന ഒരു കാര്യം ഇതാണ്: മറ്റുള്ളവരുടെ വിവേകശൂന്യവും അപ്രധാനവുമായ ചില കാര്യങ്ങളെച്ചൊല്ലി (നികുതി പിരിവുപോലുള്ളവ) ചിലപ്പോഴെങ്കിലും തർക്കിക്കുന്നതിൽ അർഥമില്ല.  ഈ അടിസ്ഥാനതത്ത്വം ജീവിതത്തിലെ മറ്റു പല സാഹചര്യങ്ങൾക്കും ബാധകമായേക്കാം.  അപ്രധാനമായ വിഷയങ്ങൾ നമ്മുടെ ദൈവസേവനത്തിനു തടസ്സമാകാൻ അനുവദിക്കുക എളുപ്പമാണ്.  ആളുകൾ നിസ്സാരമായ കാര്യങ്ങളെ വലിയ പ്രശ്നങ്ങളാക്കി മാറ്റുന്നത് അസാധാരണമല്ല.  ക്രൈസ്തവരായ നാം ജീവിതത്തിൽ പ്രധാനപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുകയും വിവേകശൂന്യമായ ഇത്തരം പോരാട്ടങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടാൻ ഇടനൽകാതിരിക്കുകയും വേണം.

എളിമ പൂർണ്ണമായി സ്വീകരിക്കുമ്പോൾ, നമ്മുടെ ഭാഗത്താണ് ശരിയെങ്കിലും മറ്റുള്ളവരെ “വേദനിപ്പിക്കുന്നത്” ഒഴിവാക്കാൻ അതു നമ്മെ സഹായിക്കും. ഈശോയുമായി ബന്ധപ്പെട്ട ഈ സാഹചര്യത്തിൽ കാണുന്നതുപോലെ, ചില തർക്കങ്ങൾക്കുവേണ്ടി പോരാടുന്നത് അർഥശൂന്യമാണെന്നു തിരിച്ചറിയാൻ എളിമ നമ്മെ പ്രാപ്തരാക്കുന്നു. തീർച്ചയായും, സത്യത്തിന്റെ കാര്യത്തിൽ നമുക്കു വിട്ടുവീഴ്ച ചെയ്യാനാവില്ല. എന്നാൽ, നിസ്സാര കാരണങ്ങളാൽ സംഘർഷങ്ങൾ വളരാൻ അനുവദിക്കുന്നതിനുപകരം, മറ്റുള്ളവരുടെ അപ്രധാനവും നിസ്സാരവുമായ ആവശ്യങ്ങളുടെ കാര്യത്തിൽ നമുക്കു വിട്ടുവീഴ്ച ചെയ്യാം; അങ്ങനെ ചെയ്യേണ്ടതുമാണ്.

അർഹിക്കുന്നതിലും കൂടുതൽ ശ്രദ്ധ ലഭിക്കുന്നതായി തോന്നുന്ന ജീവിതത്തിലെ ആ “വിഷയങ്ങളെക്കുറിച്ച്” ഇന്ന് ചിന്തിക്കുക. മറ്റുള്ളവരുടെ മുമ്പിൽ സ്വയം താഴ്ത്തിക്കൊണ്ട് ഇത്തരം സാഹചര്യങ്ങളിലെ സംഘർഷം എങ്ങനെ ലഘൂകരിക്കാമെന്നു വിചിന്തനം ചെയ്യുക. കൂടുതൽ വിശാലമായ സാഹചര്യത്തെ മുൻനിർത്തി, ചിലപ്പോഴൊക്കെ ചെറിയ അനീതികൾ സഹിക്കാൻ നിങ്ങൾ വിളിക്കപ്പെട്ടേക്കാം. നിങ്ങളുടെ ജീവിതത്തിൽ അവ എന്തൊക്കെയാണെന്നു നോക്കുക; അവിടുത്തെ മാതൃക പിന്തുടരാനുള്ള കൃപ നൽകണമെന്നു കർത്താവിനോട് അപേക്ഷിക്കുക.

കർത്താവേ, എന്റെ ഹൃദയം യഥാർഥമായ എളിമകൊണ്ട് നിറയ്ക്കണമേ.  ജീവിതത്തിലെ അപ്രധാനമായ സംഘർഷങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ എന്നെ സഹായിക്കണമേ; അതിനായി ത്യാഗമനോഭാവത്തോടെ അനീതി ഏറ്റുവാങ്ങാൻപോലും എന്നെ സഹായിക്കണമേ.  അഗാധമായ എളിമ സ്വീകരിക്കുന്നതിലെ സന്തോഷത്തെക്കാൾ എന്റെ അവകാശങ്ങൾക്ക് ഞാൻ ഒരിക്കലും മുൻഗണന നൽകാതിരിക്കട്ടെ.  ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധ – വിശുദ്ധ ജെയ്ൻ ഫ്രാൻസിസ് ദെ ഷന്താൾ