മലയാളം

ദൈവത്തിന്റെ അഗ്നിയാലുള്ള ശുദ്ധീകരണം

ഡിസംബർ 15, 2019
ആഗമനകാലത്തിലെ മൂന്നാം ഞായർ
ഇന്നത്തെ വായനകൾ

യോഹന്നാൻ എല്ലാവരോടുമായി മറുപടി പറഞ്ഞു: “ഞാൻ നിങ്ങളെ ജലംകൊണ്ട് സ്നാനം കഴിപ്പിക്കുന്നു. എന്നാൽ എന്നെക്കാൾ ശക്തനായ ഒരുവൻ വരുന്നു. അവന്റെ ചെരിപ്പിന്റെ വാറഴിക്കാൻപോലും ഞാൻ യോഗ്യനല്ല. അവൻ നിങ്ങളെ പരിശുദ്ധാത്മാവിനാലും അഗ്നിയാലും സ്നാനം കഴിപ്പിക്കും. തന്റെ മെതിക്കളം വൃത്തിയാക്കാനും ഗോതമ്പ് കളപ്പുരയിൽ ശേഖരിക്കാനുമായി അവന്റെ കൈയിൽ വീശുമുറമുണ്ട്. എന്നാൽ പതിര് അവൻ കെടാത്ത അഗ്നിയിൽ ദഹിപ്പിക്കും.” ലൂക്കാ 3:16-17

ഈ ഞായറാഴ്ചയും വിശുദ്ധ സ്നാപക യോഹന്നാന്റെ മഹത്തായ സാക്ഷ്യം നമുക്കു ലഭിക്കുന്നു. മുകളിലുള്ള ഈ ഭാഗം ആരാധനാക്രമ വായനാചക്രത്തിലെ C വർഷത്തിൽനിന്നുള്ളതാണ്. എന്നാൽ A & B വർഷങ്ങളിലും സ്നാപക യോഹന്നാൻ നമ്മുടെ മുമ്പിൽ അവതരിപ്പിക്കപ്പെടുന്നു.

യോഹന്നാൻ തന്റെ ഈ പ്രസംഗത്തിൽ പറയുന്നത്, യേശു വന്ന് “പരിശുദ്ധാത്മാവിനാലും അഗ്നിയാലും” സ്നാനം കഴിപ്പിക്കുമെന്നാണ്. “അഗ്നിയാൽ” സ്നാനം സ്വീകരിക്കുക എന്നത് ധ്യാനിക്കാൻ ഉചിതമായ ഒരു പ്രതീകമാണ്. നമ്മുടെ ആത്മാക്കൾക്കായി യേശു ആഗ്രഹിക്കുന്ന ആഴമായ ശുദ്ധീകരണം അത് വിശേഷാൽ നമുക്കു വെളിപ്പെടുത്തുന്നു.

ശുദ്ധീകരിക്കപ്പെടുക എന്നതിന്റെ അർത്ഥമെന്താണ്? ഒന്നാമതായി, നമ്മുടെ ആത്മാവിന്റെ ശുദ്ധീകരണം വേദനാജനകമാണ്. എങ്കിലും ആ വേദനയ്ക്ക് ഒരുതരം മാധുര്യമുണ്ട്. പാപത്തിൽനിന്നു പിന്തിരിഞ്ഞ് ദൈവത്തോടു കൂടുതൽ അടുക്കുന്നതിന് വലിയ ത്യാഗവും ആത്മസമർപ്പണവും ആവശ്യമാണ്. നമ്മുടെ ഉള്ളിൽ ശക്തമായ കാര്യങ്ങൾ പ്രവർത്തിക്കാൻ ദൈവത്തെ നാം അനുവദിക്കുകയും വേണം. ദൈവം ചെയ്യാൻ ആഗ്രഹിക്കുന്ന ഏറ്റവും ശക്തമായ പ്രവൃത്തി നമ്മെ ശുദ്ധീകരിക്കുക എന്നതാണ്.

മരണാനന്തരമുള്ള ശുദ്ധീകരണസ്ഥലത്തിന്റെ യാഥാർഥ്യം നമ്മുടെ കത്തോലിക്കാ വിശ്വാസം നമുക്കു വെളിപ്പെടുത്തുന്നു. വളരെയധികം ആത്മീയവേദനയുള്ള ഇടമായാണ് ശുദ്ധീകരണസ്ഥലം വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ ഇവിടെയും ആ വേദനയ്ക്ക് ഒരുതരം മാധുര്യമുണ്ട്. നാം മുറുകെപ്പിടിച്ചിരിക്കുന്നതും നാം ഉപേക്ഷിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നതുമായ എല്ലാം നമ്മിൽനിന്ന് നീക്കപ്പെടുന്നു എന്ന അർത്ഥത്തിലാണ് അത് വേദനാജനകമാകുന്നത്. നാം ആരാണെന്നതിലും നാം എന്തിനെ സ്നേഹിക്കുന്നു എന്നതിലും പൂർണ്ണമായൊരു പരിവർത്തനത്തിലൂടെ നാം കടന്നുപോകുന്നു എന്ന അർത്ഥത്തിലും അത് വേദനാജനകമാണ്. ദൈവത്തെ, ദൈവത്തെ മാത്രം സ്നേഹിക്കാൻ നാം പഠിക്കുന്നു. ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിന്റെ ആശ്ലേഷത്തിൽ നാം എല്ലാ മനുഷ്യരെയും സ്നേഹിക്കാനും ഇടയാകുന്നു.

നാം ശുദ്ധീകരിക്കപ്പെടുമ്പോൾ ദൈവത്തോട് അനന്തമാംവിധം കൂടുതൽ അടുക്കുകയും വിശുദ്ധിയിൽ വളരുകയും ചെയ്യുന്നതിനാൽ അതിനു മാധുര്യവുമുണ്ട്. ഇത് പാപത്തിന്റെ ഭാരം നീക്കുകയും നാം സ്നേഹിക്കേണ്ടതുപോലെ സ്നേഹിക്കാൻ നമ്മെ സ്വതന്ത്രരാക്കുകയും ചെയ്യുന്നു.

എന്നാൽ നമ്മുടെ ശുദ്ധീകരണം ശുദ്ധീകരണസ്ഥലത്തുവെച്ചു മാത്രം ആരംഭിക്കേണ്ടതല്ല. ഇവിടെയും ഇപ്പോഴും ആ ശുദ്ധീകരണപ്രക്രിയയിലേക്കു പ്രവേശിക്കാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. ഇന്ന് സ്നാപക യോഹന്നാന്റെ വാക്കുകൾക്കു ചെവികൊടുക്കാനും ജീവിതവിശുദ്ധിയിൽനിന്ന് നമ്മെ അകറ്റിനിർത്തുന്ന എല്ലാറ്റിനെയും കുറിച്ച് അനുതപിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു.

ദൈവം നിങ്ങളെ വിളിക്കുന്നുണ്ടാകാവുന്ന ശുദ്ധീകരണത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങൾ മുറുകെപ്പിടിച്ചിരിക്കുന്ന ഏതു കാര്യത്തിൽനിന്നാണ് നിങ്ങൾ സ്വതന്ത്രരാകണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നത്? ദൈവസ്നേഹത്തിന്റെ ശുദ്ധീകരിക്കുന്ന അഗ്നിക്ക് നിങ്ങളെത്തന്നെ സമർപ്പിക്കുക. ഈ ആഗമനകാലത്ത് ആ സ്നേഹം നിങ്ങളെ ശുദ്ധീകരിക്കട്ടെ.

കർത്താവേ, അങ്ങ് എന്റെ ആത്മാവിനെ ശുദ്ധീകരിക്കണമെന്ന് ഞാൻ തീക്ഷ്ണമായി ആഗ്രഹിക്കുന്നു. ജീവിതവിശുദ്ധി ഞാൻ യഥാർഥമായി അഭിലഷിക്കുന്നു. അങ്ങ് എനിക്കായി ഒരുക്കിവെച്ചിരിക്കുന്ന സന്തോഷവും സ്വാതന്ത്ര്യവും അനുഭവിച്ചുതുടങ്ങാൻ കഴിയേണ്ടതിന്, ഈ പ്രക്രിയ ഇവിടെയും ഇപ്പോഴും ആരംഭിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആഗമനകാല സഹായവിഭവങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ


ഈ ക്രിസ്മസിന് വിശ്വാസത്തിന്റെ സമ്മാനം നൽകൂ