ഫെബ്രുവരി 27, 2020
വിഭൂതി ബുധനു ശേഷമുള്ള വ്യാഴാഴ്ച
ഇന്നത്തെ വായനകൾ

“ലോകം മുഴുവൻ നേടിയാലും ഒരുവൻ തന്നെത്തന്നെ നഷ്ടപ്പെടുത്തുകയോ കൈവിട്ടുകളയുകയോ ചെയ്താൽ അവന് എന്തു പ്രയോജനം?” ലൂക്കാ 9:25
ലോട്ടറി അടിക്കണമെന്ന് പലരും സ്വപ്നം കാണാറുണ്ട്. പലപ്പോഴും ദശലക്ഷക്കണക്കിനു ഡോളറുകൾ നേടുന്നതിനെക്കുറിച്ചാണ് ആ സ്വപ്നം. ഒറ്റയടിക്ക് പത്തു ലക്ഷം ഡോളറിന്റെയോ നൂറു കോടി ഡോളറിന്റെയോ ഉടമയായാൽ നിങ്ങൾ എന്തു ചെയ്യുമെന്ന് സങ്കൽപ്പിച്ചുനോക്കൂ. ഇതിനെക്കുറിച്ച് നിങ്ങൾ പകൽക്കിനാവു കാണാറുണ്ടോ?
അങ്ങനെയെങ്കിൽ, മുകളിലെ ചോദ്യം വിചിന്തനം ചെയ്യുന്നത് നല്ലതായിരിക്കും. ചരിത്രത്തിലെ ഏറ്റവും വലിയ ലോട്ടറി സമ്മാനം നേടി ഭൂമുഖത്തെ ഏറ്റവും വലിയ ധനികനായിത്തീർന്നാലും, നിങ്ങളുടെ ജീവിതത്തിൽ ദൈവകൃപയും വിശ്വാസവും ഇല്ലെങ്കിൽ എന്തു പ്രയോജനം? അതിസമ്പന്നനാകാനും ലോകം മുഴുവൻ നേടാനും വേണ്ടി നിങ്ങളുടെ വിശ്വാസം കൈവിടുമോ? ഒരുപക്ഷേ പലരും അങ്ങനെ ചെയ്തേക്കാം; അല്ലായിരുന്നെങ്കിൽ യേശു ഈ ചോദ്യം ചോദിക്കുമായിരുന്നില്ല.
ജീവിതത്തിൽ പലപ്പോഴും നമ്മുടെ മുൻഗണനകൾ തെറ്റിപ്പോകാറുണ്ട്. നിത്യമായ നിറവിനെക്കാൾ ക്ഷണികമായ സംതൃപ്തിക്കും സുഖത്തിനുമാണ് നാം പ്രാധാന്യം നൽകുന്നത്. നിത്യതയെ മുന്നിൽക്കണ്ട് ജീവിക്കുക പലർക്കും പ്രയാസമാണ്.
ചിലർ ഇങ്ങനെ പറഞ്ഞേക്കാം: “ഞാൻ രണ്ടും തിരഞ്ഞെടുക്കുന്നു! എനിക്ക് ലോകം മുഴുവനും വേണം, എന്റെ ആത്മാവിന്റെ രക്ഷയും വേണം!” എന്നാൽ ഇവ രണ്ടും ഒരുമിച്ച് നേടാനാവില്ല എന്ന മുൻധാരണയിലാണ് യേശുവിന്റെ ചോദ്യം. ഏതിനെ ലക്ഷ്യമാക്കി മുന്നോട്ടുപോകണമെന്ന് നാം തിരഞ്ഞെടുക്കണം. വിശ്വാസജീവിതവും നമ്മുടെ ആത്മാക്കളുടെ രക്ഷയും തിരഞ്ഞെടുക്കുമ്പോൾ ഈ ലോകത്തിലെ പലതും നാം വിട്ടുകൊടുക്കേണ്ടിവരും. ഈ ലോകത്തിൽ ദൈവം നമ്മെ ധാരാളമായി അനുഗ്രഹിച്ചാലും, നമ്മുടെ നിത്യരക്ഷയ്ക്കോ മറ്റുള്ളവരുടെ രക്ഷയ്ക്കോ ഉപകാരപ്പെടുമെങ്കിൽ അതെല്ലാം “വിട്ടുകൊടുക്കാൻ” സന്നദ്ധരും ഒരുക്കമുള്ളവരുമായി ജീവിക്കാൻ നാം പരിശ്രമിക്കണം. ഇതു ചെയ്യുക പ്രയാസമാണ്; അതിന് ദൈവത്തോടുള്ള അത്യഗാധമായ സ്നേഹം ആവശ്യമാണ്. മറ്റെന്തിനെക്കാളും പ്രധാനമാണ് വിശുദ്ധി നേടാനുള്ള പരിശ്രമം എന്ന് ഹൃദയത്തിന്റെ ആഴത്തിൽ നമുക്ക് ബോധ്യമുണ്ടായിരിക്കണം.
യേശുവിന്റെ ഈ ആഴമേറിയ ചോദ്യത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. അവൻ ഈ ചോദ്യം നിങ്ങളോടാണ് ചോദിക്കുന്നതെന്ന് മനസ്സിലാക്കുക. നിങ്ങൾ എങ്ങനെ മറുപടി നൽകും? ദൈവത്തെയും അവിടുത്തെ സമൃദ്ധമായ കരുണയെയും നിങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രമാക്കാൻ മടിക്കരുത്. നിങ്ങളുടെ ഹൃദയത്തിലെ ഏറ്റവും അടിസ്ഥാനപരമായ ആഗ്രഹവും ലക്ഷ്യവും ഗൗരവത്തോടെ പരിശോധിക്കാൻ വർഷത്തിലെ ഏറ്റവും നല്ല അവസരങ്ങളിലൊന്നാണ് തപസ്സുകാലം. മറ്റെല്ലാറ്റിനുമുപരി അവിടുത്തെ തിരഞ്ഞെടുക്കുക; അങ്ങനെ ചെയ്തതിൽ നിങ്ങൾ നിത്യവും നന്ദിയുള്ളവരായിരിക്കും.
കർത്താവേ, ഞങ്ങൾ ഈ തപസ്സുകാലത്തിലേക്കു പ്രവേശിക്കുമ്പോൾ, എന്റെ മുൻഗണനകൾ പരിശോധിക്കാൻ ആവശ്യമായ കൃപ എനിക്കു നൽകണമേ. എന്റെ ജീവിതത്തെ നയിക്കുന്ന ഏറ്റവും അടിസ്ഥാനപരവും കേന്ദ്രവുമായ പ്രചോദനം എന്താണെന്ന് സത്യസന്ധമായി വിവേചിച്ചറിയാൻ എന്നെ സഹായിക്കണമേ. മറ്റെല്ലാറ്റിനുമുപരി അങ്ങയെ തിരഞ്ഞെടുക്കാൻ എന്നെ സഹായിക്കണമേ; അങ്ങനെ എന്റെ ജീവിതത്തിലെ എല്ലാം അങ്ങയുടെ വിശുദ്ധ ഹിതത്തിന് അനുസൃതമായി ക്രമപ്പെടാൻ അങ്ങ് സഹായിക്കുമല്ലോ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ: വിചിന്തനം ഒന്ന് – ഒരമ്മയുടെ സ്നേഹം
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ





