മലയാളം

പ്രലോഭനത്തെ നേരിടുമ്പോൾ

മാർച്ച് 1, 2020
നോമ്പുകാലത്തിലെ ഒന്നാം ഞായർ (വർഷം A)
ഇന്നത്തെ വായനകൾ

അനന്തരം പിശാചിനാൽ പ്രലോഭിപ്പിക്കപ്പെടാൻ ആത്മാവ് യേശുവിനെ മരുഭൂമിയിലേക്കു നയിച്ചു. നാല്പതു പകലും നാല്പതു രാവും ഉപവസിച്ചതിനുശേഷം അവനു വിശന്നു. മത്തായി 4:1–2

പ്രലോഭനം നല്ലതാണോ? പ്രലോഭിപ്പിക്കപ്പെടുന്നത് തീർച്ചയായും പാപമല്ല. അങ്ങനെയായിരുന്നെങ്കിൽ നമ്മുടെ കർത്താവുതന്നെ ഒരിക്കലും പ്രലോഭിപ്പിക്കപ്പെടുമായിരുന്നില്ല. എന്നാൽ അവിടുന്ന് പ്രലോഭിപ്പിക്കപ്പെട്ടു. നാമും പ്രലോഭിപ്പിക്കപ്പെടുന്നു. നോമ്പുകാലത്തിലെ ആദ്യത്തെ പൂർണവാരത്തിലേക്കു കടക്കുമ്പോൾ, മരുഭൂമിയിൽ യേശു പ്രലോഭിപ്പിക്കപ്പെട്ട സംഭവം ധ്യാനിക്കാനുള്ള അവസരം നമുക്കു ലഭിക്കുന്നു.

പ്രലോഭനം ഒരിക്കലും ദൈവത്തിൽനിന്നു വരുന്നതല്ല. എന്നാൽ നാം പ്രലോഭിപ്പിക്കപ്പെടാൻ ദൈവം അനുവദിക്കുന്നു. നാം വീഴാനല്ല, വിശുദ്ധിയിൽ വളരാനാണ് അവിടുന്ന് അതു അനുവദിക്കുന്നത്. എഴുന്നേറ്റുനിന്ന് ദൈവത്തെയോ പ്രലോഭനത്തെയോ തിരഞ്ഞെടുക്കാൻ പ്രലോഭനം നമ്മെ നിർബന്ധിക്കുന്നു. നാം പരാജയപ്പെടുമ്പോൾ കരുണയും ക്ഷമയും എപ്പോഴും നൽകപ്പെടുന്നുണ്ടെങ്കിലും, പ്രലോഭനത്തെ അതിജീവിക്കുന്നവരെ കാത്തിരിക്കുന്ന അനുഗ്രഹങ്ങൾ അനവധിയാണ്.

യേശു നേരിട്ട പ്രലോഭനം അവിടുത്തെ വിശുദ്ധി വർധിപ്പിച്ചില്ല. എന്നാൽ തന്റെ മനുഷ്യസ്വഭാവത്തിൽ തന്റെ പൂർണത വെളിപ്പെടുത്താനുള്ള അവസരം അത് അവിടുത്തേക്കു നൽകി. ആ പൂർണതയാണ് നാം തേടുന്നത്; ജീവിതത്തിലെ പ്രലോഭനങ്ങളെ നേരിടുമ്പോൾ നാം അനുകരിക്കാൻ പരിശ്രമിക്കേണ്ടതും അവിടുത്തെ പൂർണതതന്നെയാണ്. ദുഷ്ടന്റെ പ്രലോഭനങ്ങളെ സഹിച്ചുനിൽക്കുന്നതിലൂടെ ലഭിക്കാവുന്ന വ്യക്തമായ അഞ്ച് “അനുഗ്രഹങ്ങൾ” നമുക്കു നോക്കാം. ഇവ ഓരോന്നും സാവധാനവും ശ്രദ്ധാപൂർവവും ധ്യാനിക്കുക:

  • ഒന്നാമതായി, ഒരു പ്രലോഭനത്തെ സഹിച്ചുനിന്ന് അതിനെ ജയിക്കുന്നത് നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ ശക്തി കാണാൻ നമ്മെ സഹായിക്കുന്നു.
  • രണ്ടാമതായി, പ്രലോഭനം നമ്മെ എളിമയുള്ളവരാക്കുന്നു. നമ്മുടെ അഹങ്കാരത്തെയും, നാം സ്വയംപര്യാപ്തരാണെന്നും സ്വന്തം പരിശ്രമംകൊണ്ടുമാത്രം ഉയർന്നുവന്നവരാണെന്നും കരുതാനുള്ള നമ്മുടെ പിടിവാശിയെയും അതു നീക്കിക്കളയുന്നു.
  • മൂന്നാമതായി, പിശാചിനെ പൂർണമായി തള്ളിക്കളയുന്നതിന് വലിയ മൂല്യമുണ്ട്. ഇത് നമ്മെ തുടർച്ചയായി വഞ്ചിക്കാനുള്ള അവന്റെ ശക്തി ഇല്ലാതാക്കുക മാത്രമല്ല, അവൻ ആരാണെന്നുള്ള നമ്മുടെ കാഴ്ചപ്പാടിനു വ്യക്തത നൽകുകയും ചെയ്യുന്നു. അങ്ങനെ അവനെയും അവന്റെ പ്രവൃത്തികളെയും തുടർന്നും തള്ളിക്കളയാൻ നമുക്കു കഴിയും.
  • നാലാമതായി, പ്രലോഭനത്തെ അതിജീവിക്കുന്നത് ഓരോ പുണ്യത്തിലും നമ്മെ വ്യക്തമായും സുനിശ്ചിതമായും ശക്തിപ്പെടുത്തുന്നു.
  • അഞ്ചാമതായി, നമ്മുടെ വിശുദ്ധിയെക്കുറിച്ച് ആശങ്കയില്ലായിരുന്നെങ്കിൽ പിശാച് നമ്മെ പ്രലോഭിപ്പിക്കുമായിരുന്നില്ല. അതിനാൽ, നമ്മുടെ ജീവിതത്തിന്മേലുള്ള പിടി ദുഷ്ടനു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതിന്റെ അടയാളമായി നാം പ്രലോഭനത്തെ കാണണം.

പ്രലോഭനത്തെ അതിജീവിക്കുന്നത് ഒരു പരീക്ഷയിൽ ഉന്നതവിജയം നേടുന്നതുപോലെയോ ഒരു മത്സരത്തിൽ ജയിക്കുന്നതുപോലെയോ ദുഷ്കരമായ ഒരു പദ്ധതി പൂർത്തിയാക്കുന്നതുപോലെയോ വെല്ലുവിളിനിറഞ്ഞ ഒരു ദൗത്യം നിർവഹിക്കുന്നതുപോലെയോ ആണ്. പ്രലോഭനത്തെ അതിജീവിക്കുന്നത് നമ്മുടെ അസ്തിത്വത്തിന്റെ ആഴങ്ങളിൽ നമ്മെ ശക്തിപ്പെടുത്തുന്നു എന്നു തിരിച്ചറിഞ്ഞുകൊണ്ട്, ജീവിതത്തിൽ അതിനെ അതിജീവിക്കുമ്പോൾ നാം ഏറെ ആനന്ദിക്കണം. അതോടൊപ്പം, നാം ഇതു നേടിയതു സ്വന്തം കഴിവുകൊണ്ടല്ല, നമ്മുടെ ജീവിതത്തിലുള്ള ദൈവകൃപകൊണ്ടുമാത്രമാണെന്നു തിരിച്ചറിഞ്ഞ് എളിമയോടെയായിരിക്കണം നാം ആനന്ദിക്കുന്നത്.

ഇതിന്റെ മറുവശവും സത്യമാണ്. ഒരു പ്രത്യേക പ്രലോഭനത്തിനു മുന്നിൽ നാം ആവർത്തിച്ചു പരാജയപ്പെടുമ്പോൾ, നാം നിരുത്സാഹിതരാകുകയും നമുക്കുള്ള അൽപമായ പുണ്യംപോലും നഷ്ടപ്പെടാൻ ഇടയാകുകയും ചെയ്യുന്നു. ദുഷ്ടനിൽനിന്നുള്ള ഏതു പ്രലോഭനത്തെയും അതിജീവിക്കാൻ കഴിയും എന്ന് അറിയുക. ഒന്നും അതിജീവിക്കാനാവാത്തത്ര വലുതല്ല. ഒന്നും അത്രയധികം ദുഷ്കരവുമല്ല. കുമ്പസാരത്തിൽ നിങ്ങളെത്തന്നെ എളിമപ്പെടുത്തുക, വിശ്വസ്തനായ ഒരാളുടെ സഹായം തേടുക, മുട്ടുകുത്തി പ്രാർഥിക്കുക, ദൈവത്തിന്റെ സർവശക്തിയിൽ ആശ്രയിക്കുക. പ്രലോഭനത്തെ അതിജീവിക്കുക എന്നത് സാധ്യമാണ് എന്നുമാത്രമല്ല, നിങ്ങളുടെ ജീവിതത്തിൽ കൃപയുടെ മഹിമാപൂർണവും പരിവർത്തനദായകവുമായ ഒരു അനുഭവംകൂടിയാണ്.

40 ദിവസം ഉപവസിച്ചതിനുശേഷം മരുഭൂമിയിൽ പിശാചിനെ നേരിടുന്ന യേശുവിനെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. അവിടുത്തെ മനുഷ്യസ്വഭാവത്തിൽ നാം നമ്മെത്തന്നെ പൂർണമായി അവിടുത്തോട് ഐക്യപ്പെടുത്തിയാൽ, നികൃഷ്ടനായ പിശാച് നമ്മുടെ വഴിയിൽ കൊണ്ടുവരുന്ന എന്തിനെയും അതിജീവിക്കാൻ അവിടുത്തെ ശക്തി നമുക്കും ലഭിക്കുമെന്ന് ഉറപ്പുനൽകാനാണ് അവിടുന്ന് ദുഷ്ടന്റെ ഓരോ പ്രലോഭനത്തെയും നേരിട്ടത്.

എന്റെ പ്രിയ കർത്താവേ, വരണ്ടതും ചൂടേറിയതുമായ മരുഭൂമിയിൽ 40 ദിവസം ഉപവാസത്തിലും പ്രാർഥനയിലും ചെലവഴിച്ചതിനുശേഷം, ദുഷ്ടനാൽ പ്രലോഭിപ്പിക്കപ്പെടാൻ അങ്ങ് സ്വയം അനുവദിച്ചു. പിശാച് തന്റെ സർവശക്തിയും ഉപയോഗിച്ച് അങ്ങയെ ആക്രമിച്ചു. അങ്ങാകട്ടെ, അവന്റെ നുണകളെയും വഞ്ചനകളെയും തള്ളിക്കളഞ്ഞുകൊണ്ട് അനായാസമായും വേഗത്തിലും നിർണായകമായും അവനെ പരാജയപ്പെടുത്തി. ഞാൻ നേരിടുന്ന ഓരോ പ്രലോഭനത്തെയും അതിജീവിക്കാനും യാതൊരു മടിയും കൂടാതെ അങ്ങയിൽ പൂർണമായി ആശ്രയിക്കാനും എനിക്ക് ആവശ്യമായ കൃപ നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ: നാലാം ധ്യാനം – ആത്മീയ സൗഹൃദം

നോമ്പുകാലത്തിനുള്ള വിഭവങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ