ഫെബ്രുവരി 29, 2020
വിഭൂതി ബുധനുശേഷമുള്ള ശനിയാഴ്ച
ഇന്നത്തെ വായനകൾ

“ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെ ആവശ്യം. നീതിമാന്മാരെയല്ല, പാപികളെയാണ് മാനസാന്തരത്തിലേക്കു വിളിക്കാൻ ഞാൻ വന്നിരിക്കുന്നത്.” ലൂക്കാ 5:31–32
രോഗികളില്ലെങ്കിൽ ഒരു വൈദ്യൻ എന്തു ചെയ്യും? ആർക്കും രോഗമില്ലെങ്കിലോ? പാവം വൈദ്യന് ജോലിയില്ലാതാകും. അതിനാൽ, ഒരർഥത്തിൽ, തന്റെ ദൗത്യം നിറവേറ്റാൻ ഒരു വൈദ്യന് രോഗികളെ ആവശ്യമാണെന്ന് പറയുന്നത് ന്യായമാണ്.
യേശുവിനെക്കുറിച്ചും ഇതുതന്നെ പറയാം. അവിടുന്ന് ലോകരക്ഷകനാണ്. എന്നാൽ പാപികൾ ആരുമില്ലായിരുന്നെങ്കിലോ? അപ്പോൾ യേശുവിന്റെ മരണം വ്യർഥമാകുമായിരുന്നു; അവിടുത്തെ കരുണ ആവശ്യവുമാകുമായിരുന്നില്ല. അതിനാൽ, ഒരർഥത്തിൽ, ലോകരക്ഷകനായ യേശുവിന് പാപികളെ ആവശ്യമാണെന്ന് നമുക്ക് നിഗമനം ചെയ്യാം. തന്നിൽനിന്ന് അകന്നുപോയവരെയും ദൈവികനിയമം ലംഘിച്ചവരെയും സ്വന്തം മഹത്ത്വത്തിനും മറ്റുള്ളവരുടെ മഹത്ത്വത്തിനും ഭംഗം വരുത്തിയവരെയും സ്വാർഥമായും പാപകരമായും പ്രവർത്തിച്ചവരെയും അവിടുത്തേക്ക് ആവശ്യമുണ്ട്. യേശുവിന് പാപികളെ ആവശ്യമുണ്ട്. എന്തുകൊണ്ട്? കാരണം, യേശു രക്ഷകനാണ്; ഒരു രക്ഷകന് രക്ഷിക്കേണ്ടതുണ്ട്. രക്ഷിക്കാൻ, രക്ഷ ആവശ്യമുള്ളവരെ ഒരു രക്ഷകന് ആവശ്യമുണ്ട്! കാര്യം മനസ്സിലായോ?
ഇതു മനസ്സിലാക്കേണ്ടത് പ്രധാനമാണ്. കാരണം, ഇതു മനസ്സിലാകുമ്പോൾ, നമ്മുടെ പാപത്തിന്റെ മാലിന്യവുമായി യേശുവിന്റെ അടുത്തേക്കു വരുന്നത് അവിടുത്തെ ഹൃദയത്തിന് വലിയ സന്തോഷം നൽകുന്നുവെന്ന് നാം പെട്ടെന്നു തിരിച്ചറിയും. അത് അവിടുത്തേക്ക് സന്തോഷം നൽകുന്നു; എന്തെന്നാൽ, ഏക രക്ഷകനെന്ന നിലയിൽ തന്റെ കരുണ ചൊരിഞ്ഞുകൊണ്ട്, പിതാവ് തന്നെ ഏല്പിച്ച ദൗത്യം നിറവേറ്റാൻ അവിടുത്തേക്കു കഴിയുന്നു.
തന്റെ ദൗത്യം നിറവേറ്റാൻ യേശുവിനെ അനുവദിക്കുക! നിങ്ങൾക്കു കരുണ നൽകാൻ അവിടുത്തെ അനുവദിക്കുക! നിങ്ങൾക്കു കരുണ ആവശ്യമാണെന്ന് സമ്മതിച്ചുകൊണ്ടാണ് നിങ്ങൾ ഇതു ചെയ്യുന്നത്. കരുണയ്ക്ക് അർഹതയില്ലാത്തവരും നിത്യശിക്ഷയ്ക്കു മാത്രം അർഹരുമായ നിങ്ങൾ, നിങ്ങളുടെ നിസ്സഹായതയിലും പാപാവസ്ഥയിലും അവിടുത്തെ അടുത്തേക്കു വന്നുകൊണ്ടാണ് ഇതു ചെയ്യുന്നത്. ഇങ്ങനെ യേശുവിന്റെ അടുത്തേക്കു വരുന്നത്, പിതാവ് അവിടുത്തെ ഏല്പിച്ച ദൗത്യം നിറവേറ്റാൻ അവിടുത്തെ അനുവദിക്കുന്നു. സമൃദ്ധമായ കരുണ നിറഞ്ഞ തന്റെ ഹൃദയം മൂർത്തമായ വിധത്തിൽ വെളിപ്പെടുത്താൻ അത് അവിടുത്തെ അനുവദിക്കുന്നു. തന്റെ ദൗത്യം നിറവേറ്റാൻ യേശുവിന് നിങ്ങളെ “ആവശ്യമുണ്ട്.” അവിടുത്തേക്ക് ഈ സമ്മാനം നൽകുക; നിങ്ങളുടെ കരുണാമയനായ രക്ഷകനാകാൻ അവിടുത്തെ അനുവദിക്കുക.
ഇന്ന്, ഒരു പുതിയ കാഴ്ചപ്പാടിൽനിന്ന് ദൈവത്തിന്റെ കരുണയെക്കുറിച്ചു ധ്യാനിക്കുക. തന്റെ സൗഖ്യദാനദൗത്യം നിറവേറ്റാൻ ആഗ്രഹിക്കുന്ന ദിവ്യവൈദ്യനായ യേശുവിന്റെ കാഴ്ചപ്പാടിൽനിന്ന് അതിനെ നോക്കിക്കാണുക. തന്റെ ദൗത്യം നിറവേറ്റാൻ അവിടുത്തേക്ക് നിങ്ങളെ ആവശ്യമാണെന്നു തിരിച്ചറിയുക. നിങ്ങൾ നിങ്ങളുടെ പാപം സമ്മതിക്കുകയും അവിടുത്തെ സൗഖ്യദാനത്തിനു ഹൃദയം തുറക്കുകയും ചെയ്യണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, നമ്മുടെ ഈ കാലഘട്ടത്തിൽ കരുണയുടെ കവാടങ്ങളിലൂടെ കരുണ സമൃദ്ധമായി ഒഴുകിയിറങ്ങാൻ നിങ്ങൾ വഴിയൊരുക്കുന്നു.
പ്രിയ രക്ഷകനും ദിവ്യവൈദ്യനുമായ യേശുവേ, രക്ഷിക്കാനും സൗഖ്യമാക്കാനും വന്നതിന് ഞാൻ അങ്ങേക്കു നന്ദി പറയുന്നു. എന്റെ ജീവിതത്തിൽ അങ്ങയുടെ കരുണ വെളിപ്പെടുത്താനുള്ള അങ്ങയുടെ തീക്ഷ്ണമായ ആഗ്രഹത്തിന് ഞാൻ അങ്ങേക്കു നന്ദി പറയുന്നു. അങ്ങയുടെ സൗഖ്യദായകമായ സ്പർശത്തിനു ഞാൻ ഹൃദയം തുറക്കാനും, രക്ഷയുടെ ഈ ദാനത്തിലൂടെ അങ്ങയുടെ ദൈവകരുണ വെളിപ്പെടുത്താൻ ഞാൻ അങ്ങയെ അനുവദിക്കാനും വേണ്ടി എന്നെ വിനയാന്വിതനാക്കണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ധ്യാനം മൂന്ന് – ദൈവമാതാവിന്റെ ചിന്തകൾ
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
നോമ്പുകാലത്തിനായി മൂന്നു മികച്ച പുസ്തകങ്ങൾ
ഓൺലൈനിൽ സൗജന്യമായി വായിക്കാം. ഇ-പുസ്തകമായും & പേപ്പർബാക്ക് പതിപ്പായും ലഭ്യമാണ്.
നോമ്പുകാല–ഉയിർപ്പുകാല ധ്യാനങ്ങൾ
അനുദിന കത്തോലിക്കാ ധ്യാനപരമ്പര
കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ
നമ്മുടെ പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽനിന്നുള്ള സ്നേഹനോട്ടം
ദൈവകരുണയെക്കുറിച്ചുള്ള അനുദിന ധ്യാനങ്ങൾ
വിശുദ്ധ ഫൗസ്റ്റീനയോടൊപ്പം 365 ദിനങ്ങൾ





