മാർച്ച് 10, 2020
നോമ്പുകാലം രണ്ടാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

“തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; എന്നാൽ തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും.” മത്തായി 23:12
എളിമ എന്നത് ഒരു വൈരുധ്യംപോലെ തോന്നാം. നാം നന്നായി ചെയ്യുന്ന കാര്യങ്ങളെല്ലാം എല്ലാവരെയും അറിയിക്കുന്നതാണ് മഹത്ത്വത്തിലേക്കുള്ള വഴിയെന്ന് ചിന്തിക്കാൻ നാം എളുപ്പത്തിൽ പ്രലോഭിതരാകുന്നു. തങ്ങളുടെ ഏറ്റവും നല്ല മുഖം മറ്റുള്ളവരുടെ മുമ്പിൽ അവതരിപ്പിക്കാനും അവർ അതു കണ്ട് പ്രശംസിക്കുമെന്ന് പ്രതീക്ഷിക്കാനുമുള്ള പ്രലോഭനം മിക്കവർക്കും നിരന്തരം ഉണ്ടാകുന്നു. മറ്റുള്ളവർ നമ്മെ ശ്രദ്ധിക്കുകയും പ്രശംസിക്കുകയും ചെയ്യണമെന്ന് നാം ആഗ്രഹിക്കുന്നു. നാം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ചെറിയ കാര്യങ്ങളിലൂടെ അതു നേടിയെടുക്കാൻ നാം പലപ്പോഴും ശ്രമിക്കുന്നു. പലപ്പോഴും നാം ആരാണെന്നതിനെ പെരുപ്പിച്ചുകാട്ടാനും നാം പ്രവണത കാണിക്കുന്നു.
മറുവശത്ത്, ആരെങ്കിലും നമ്മെ വിമർശിക്കുകയോ നമ്മെക്കുറിച്ച് മോശമായി ചിന്തിക്കുകയോ ചെയ്താൽ, അതു നമ്മെ തകർത്തുകളയാൻപോലും ഇടയുണ്ട്. ആരെങ്കിലും നമ്മെക്കുറിച്ച് മോശമായി എന്തെങ്കിലും പറഞ്ഞെന്നു കേട്ടാൽ, നാം വീട്ടിൽ ചെന്ന് ആ ദിവസത്തിന്റെ ശേഷിക്കുന്ന സമയമത്രയും, ഒരുപക്ഷേ ആ ആഴ്ചയുടെ ശേഷിക്കുന്ന ദിവസങ്ങൾപോലും, അതിനെച്ചൊല്ലി വിഷണ്ണരോ കോപാകുലരോ ആയിരുന്നേക്കാം! എന്തുകൊണ്ട്? നമ്മുടെ അഹങ്കാരത്തിനു മുറിവേറ്റിരിക്കുന്നു; ആ മുറിവ് വേദനിപ്പിക്കുകയും ചെയ്യും. എളിമയെന്ന വിസ്മയകരമായ ദാനം നാം കണ്ടെത്തിയിട്ടില്ലെങ്കിൽ അതു നമ്മെ വേദനിപ്പിക്കും.
നാം യഥാർഥത്തിൽ ആയിരിക്കുന്നതുപോലെ ജീവിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന ഒരു പുണ്യമാണ് എളിമ. നാം അണിഞ്ഞേക്കാവുന്ന ഏതു വ്യാജമുഖവും നീക്കി, നാം ആരാണോ അങ്ങനെതന്നെ ആയിരിക്കാൻ അതു നമ്മെ പ്രാപ്തരാക്കുന്നു. നമ്മുടെ നല്ല ഗുണങ്ങളെയും പരാജയങ്ങളെയും ഒരുപോലെ അസ്വസ്ഥതയില്ലാതെ അംഗീകരിക്കാൻ അതു നമ്മെ സഹായിക്കുന്നു. നമ്മുടെ ജീവിതത്തെക്കുറിച്ച് സത്യസന്ധരും സത്യനിഷ്ഠരുമായിരിക്കുകയും നാം ആയിരിക്കുന്ന വ്യക്തിയെ സമാധാനത്തോടെ അംഗീകരിക്കുകയും ചെയ്യുന്നതല്ലാതെ മറ്റൊന്നുമല്ല എളിമ.
മുകളിൽ നൽകിയിരിക്കുന്ന സുവിശേഷഭാഗത്തിൽ യേശു നമുക്ക് അത്ഭുതകരമായ ഒരു പാഠം നൽകുന്നു. ജീവിതത്തിൽ പ്രാവർത്തികമാക്കാൻ വളരെ പ്രയാസമുള്ളതാണെങ്കിലും, സന്തോഷകരമായ ജീവിതത്തിന് തികച്ചും അനിവാര്യമായ ഒരു പാഠമാണത്. നാം ഉയർത്തപ്പെടണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു! മറ്റുള്ളവർ നമ്മെ ശ്രദ്ധിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. നമ്മിലെ നന്മയുടെ പ്രകാശം എല്ലാവർക്കും കാണാൻ കഴിയുന്നവിധം തിളങ്ങണമെന്നും ആ പ്രകാശം ഒരു മാറ്റം വരുത്തണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു. എന്നാൽ അതു സത്യത്തിലായിരിക്കണം, ഒരു വ്യാജമുഖം അവതരിപ്പിച്ചുകൊണ്ടാകരുത് എന്നാണ് അവിടുത്തെ ആഗ്രഹം. യഥാർഥ “ഞാൻ” പ്രകാശിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. അതാണ് എളിമ.
എളിമ ആത്മാർഥതയും യഥാർഥതയുമാണ്. ആളുകൾ നമ്മിൽ ഈ ഗുണം കാണുമ്പോൾ അവർ അതിൽ ആകൃഷ്ടരാകുന്നു. ലൗകികമായ രീതിയിലല്ല, മറിച്ച് തികച്ചും മാനുഷികമായ, യഥാർഥമായ രീതിയിലാണ് അത്. അവർ നമ്മെ നോക്കി അസൂയപ്പെടുകയല്ല ചെയ്യുക; പകരം, നമ്മെ നോക്കി നമ്മിലുള്ള യഥാർഥ ഗുണങ്ങൾ കാണുകയും അവയിൽ സന്തോഷിക്കുകയും അവയെ പ്രശംസിക്കുകയും അനുകരിക്കാൻ ആഗ്രഹിക്കുകയും ചെയ്യും. നിങ്ങളിലെ യഥാർഥ വ്യക്തി പ്രകാശിക്കാൻ എളിമ സഹായിക്കുന്നു. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും, നിങ്ങളിലെ ആ യഥാർഥ വ്യക്തിയെയാണ് മറ്റുള്ളവർ കണ്ടുമുട്ടാനും അടുത്തറിയാനും ആഗ്രഹിക്കുന്നത്.
നിങ്ങൾ എത്രമാത്രം യഥാർഥമായി ജീവിക്കുന്നുവെന്ന് ഇന്ന് വിചിന്തനം ചെയ്യുക. അഹങ്കാരത്തിന്റെ ഭോഷത്തം തകർന്നടിയുന്ന ഒരു കാലമായി ഈ നോമ്പുകാലത്തെ മാറ്റുക. നിങ്ങളെക്കുറിച്ചുള്ള എല്ലാ വ്യാജപ്രതിച്ഛായകളും നീക്കിക്കളയാൻ ദൈവത്തെ അനുവദിക്കുക; അങ്ങനെ നിങ്ങളിലെ യഥാർഥ വ്യക്തി പ്രകാശിക്കട്ടെ. ഈ വിധത്തിൽ നിങ്ങളെത്തന്നെ താഴ്ത്തുക. അപ്പോൾ ദൈവം നിങ്ങളെ സ്വീകരിച്ച് തന്റെ വഴിയിൽ ഉയർത്തും; അങ്ങനെ നിങ്ങൾക്കു ചുറ്റുമുള്ളവർക്ക് നിങ്ങളുടെ ഹൃദയത്തെ കാണാനും സ്നേഹിക്കാനും കഴിയും.
കർത്താവേ, എന്നെ എളിമയുള്ളവനാക്കണമേ. ഞാൻ ആരാണെന്ന കാര്യത്തിൽ ആത്മാർഥതയും സത്യസന്ധതയും പുലർത്താൻ എന്നെ സഹായിക്കണമേ. ആ സത്യസന്ധതയിൽ, എന്റെ ഹൃദയത്തിൽ വസിക്കുന്ന അങ്ങയുടെ ഹൃദയം മറ്റുള്ളവർക്കു കാണാനാകുംവിധം പ്രകാശിക്കാൻ അനുവദിക്കുവാൻ എന്നെ സഹായിക്കണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ – പതിമൂന്നാം വിചിന്തനം – ഒരമ്മയുടെ ധ്യാനചിന്തകൾ
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ



