2020 മാർച്ച് 12
നോമ്പുകാലത്തിലെ രണ്ടാം ആഴ്ചയിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ

ആ ദരിദ്രൻ മരിച്ചപ്പോൾ മാലാഖമാർ അവനെ അബ്രാഹത്തിന്റെ മടിയിലേക്കു കൊണ്ടുപോയി. ധനവാനും മരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്തു. പാതാളത്തിൽ പീഡനമനുഭവിക്കുമ്പോൾ അവൻ കണ്ണുകളുയർത്തി, ദൂരെ അബ്രാഹത്തെയും അദ്ദേഹത്തിന്റെ അരികിൽ ലാസറിനെയും കണ്ടു. ലൂക്കാ 16:22–23
തിരഞ്ഞെടുക്കേണ്ടിവന്നാൽ നിങ്ങൾ എന്തായിരിക്കും ഇഷ്ടപ്പെടുക? ധനികനായി, ധൂമ്രവർണ്ണ വസ്ത്രങ്ങൾ ധരിച്ച്, ഈ ലോകത്തിൽ ആഗ്രഹിക്കാവുന്നതെല്ലാം സ്വന്തമാക്കി, ദിവസവും വിഭവസമൃദ്ധമായി ഭക്ഷണം കഴിച്ചു ജീവിക്കാനോ? അതോ വ്രണങ്ങൾ നിറഞ്ഞ ശരീരവുമായി, വിശപ്പിന്റെ വേദന അനുഭവിച്ച്, ഒരു പടിവാതിൽക്കൽ കഴിയുന്ന ദരിദ്രനായ യാചകനായിരിക്കാനോ? ഉപരിപ്ലവമായി നോക്കുമ്പോൾ ഉത്തരം പറയാൻ എളുപ്പമുള്ള ചോദ്യമാണിത്. ഒറ്റനോട്ടത്തിൽ സമ്പന്നവും സുഖസൗകര്യങ്ങൾ നിറഞ്ഞതുമായ ജീവിതമാണ് കൂടുതൽ ആകർഷകം. എന്നാൽ ഈ ചോദ്യത്തെ ഉപരിപ്ലവമായി മാത്രം പരിഗണിക്കരുത്. നാം കൂടുതൽ ആഴത്തിലേക്കു നോക്കുകയും ഈ രണ്ടുപേരും തമ്മിലുള്ള വ്യത്യാസം അതിന്റെ പൂർണ്ണതയിൽ കാണുകയും വേണം. നിത്യമായി നിലനിൽക്കുന്ന അവരുടെ ആത്മാക്കളിൽ അവരുടെ ആന്തരികജീവിതം ഉളവാക്കുന്ന ഫലങ്ങളും നാം പരിഗണിക്കണം.
ആ ദരിദ്രൻ മരിച്ചപ്പോൾ “മാലാഖമാർ അവനെ അബ്രാഹത്തിന്റെ മടിയിലേക്കു കൊണ്ടുപോയി.” ധനവാനാകട്ടെ, “മരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്തു” എന്നും “പാതാളത്തിൽ പീഡനമനുഭവിക്കുന്ന” അവസ്ഥയിലേക്കു പോയി എന്നും വിശുദ്ധഗ്രന്ഥം പറയുന്നു. ഹാ, എത്ര വേദനാജനകം! ഇപ്പോൾ ആരെപ്പോലെയാകാനാണ് നിങ്ങൾ ആഗ്രഹിക്കുക?
ഈ ജീവിതത്തിലും അതുപോലെതന്നെ വരാനിരിക്കുന്ന ജീവിതത്തിലും സമ്പന്നരായിരിക്കുക അഭിലഷണീയമായി തോന്നാമെങ്കിലും, അതല്ല ഈശോയുടെ കഥയുടെ ഉദ്ദേശ്യം. അവിടുത്തെ കഥയുടെ സന്ദേശം ലളിതമാണ്: ഈ ഭൂമിയിൽ ജീവിക്കുമ്പോൾ നാം പശ്ചാത്തപിക്കുകയും പാപത്തിൽനിന്നു പിന്തിരിയുകയും വിശുദ്ധഗ്രന്ഥത്തിലെ വാക്കുകൾ ശ്രവിക്കുകയും വിശ്വസിക്കുകയും വേണം. സ്വർഗത്തിലെ സമ്പത്ത് എന്ന നമ്മുടെ യഥാർത്ഥ ലക്ഷ്യത്തിൽ നാം ദൃഷ്ടിയുറപ്പിക്കുകയും വേണം.
ഈ ജീവിതത്തിൽ നിങ്ങൾ ധനികനാണോ ദരിദ്രനാണോ എന്നതിന് വാസ്തവത്തിൽ പ്രാധാന്യമുണ്ടാകരുത്. ആന്തരികമായി ആ ബോധ്യത്തിലെത്തുക പ്രയാസമാണെങ്കിലും, അതായിരിക്കണം നമ്മുടെ ലക്ഷ്യം. സ്വർഗത്തിലും അവിടെ നമ്മെ കാത്തിരിക്കുന്ന സമ്പത്തിലുമായിരിക്കണം നമ്മുടെ ശ്രദ്ധ. ദൈവവചനം ശ്രവിക്കുകയും അത്യുദാരമായി അതിനോടു പ്രതികരിക്കുകയും ചെയ്തുകൊണ്ടാണ് നാം സ്വർഗത്തിനായി ഒരുങ്ങുന്നത്.
തന്റെ പടിവാതിൽക്കൽ കിടന്നിരുന്ന ദരിദ്രന്റെ അന്തസ്സും മൂല്യവും തിരിച്ചറിഞ്ഞ്, സ്നേഹത്തോടും കരുണയോടുംകൂടെ അവനു സഹായഹസ്തം നീട്ടിക്കൊണ്ട് ഈ ജീവിതത്തിൽ പ്രതികരിക്കാൻ ആ ധനവാനു കഴിയുമായിരുന്നു. എന്നാൽ അവൻ അങ്ങനെ ചെയ്തില്ല. അവന്റെ ശ്രദ്ധ മുഴുവൻ തന്നിൽത്തന്നെയായിരുന്നു.
ഈ രണ്ടുപേരും തമ്മിലുള്ള തീവ്രമായ വ്യത്യാസത്തെക്കുറിച്ചും, പ്രത്യേകിച്ച് അവരിൽ ഓരോരുത്തരെയും കാത്തിരുന്ന നിത്യതയെക്കുറിച്ചും ഇന്ന് വിചിന്തനം ചെയ്യുക. ഈ ധനവാന്റെ പാപപ്രവണതകളിൽ ഏതെങ്കിലും നിങ്ങളുടെ സ്വന്തം ജീവിതത്തിൽ കാണുന്നുണ്ടെങ്കിൽ, ആ പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുക; ഇന്നുതന്നെ പശ്ചാത്തപിക്കുക. നിങ്ങൾ കണ്ടുമുട്ടുന്ന ഓരോ വ്യക്തിയുടെയും അന്തസ്സും മൂല്യവും തിരിച്ചറിയുക. സ്വാർത്ഥമായ സുഖഭോഗങ്ങളിലും അമിതാസക്തികളിലും മുഴുകി നിങ്ങളിൽത്തന്നെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവണതയുണ്ടെങ്കിൽ, യഥാർത്ഥ ആത്മദാരിദ്ര്യം സ്വീകരിക്കാൻ ശ്രമിക്കുക. ദൈവത്തോടും, അവിടുന്ന് നമുക്കു വെളിപ്പെടുത്തിയതെല്ലാം പൂർണ്ണമായി സ്വീകരിക്കുന്നതിലൂടെ ലഭിക്കുന്ന സമൃദ്ധമായ അനുഗ്രഹങ്ങളോടും മാത്രം ചേർന്നുനിൽക്കാൻ പരിശ്രമിക്കുക.
കർത്താവേ, എന്റെ സ്വാർത്ഥതയിൽനിന്ന് എന്നെ മോചിപ്പിക്കണമേ. പകരം, എല്ലാ മനുഷ്യരുടെയും അന്തസ്സിൽ ശ്രദ്ധയുറപ്പിക്കാനും അവരുടെ സേവനത്തിനായി എന്നെത്തന്നെ പൂർണ്ണമായി സമർപ്പിക്കാനും എന്നെ സഹായിക്കണമേ. ദരിദ്രരിലും തകർന്നവരിലും എളിയവരിലും അങ്ങയുടെ പ്രതിച്ഛായ കണ്ടെത്താൻ എനിക്കു കഴിയുമാറാകണമേ. അവരുടെ ജീവിതത്തിൽ അങ്ങയുടെ സാന്നിധ്യം കണ്ടെത്തുമ്പോൾ, അങ്ങയുടെ കരുണയുടെ ഉപകരണമാകാൻ പരിശ്രമിച്ചുകൊണ്ട് അവരിൽ ഞാൻ അങ്ങയെ സ്നേഹിക്കുമാറാകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ – വിചിന്തനം പതിനഞ്ച് – ദൈവവചനം ശ്രവിക്കുകയും പാലിക്കുകയും ചെയ്യുക
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




