മലയാളം

മറ്റുള്ളവരുടെ പാപങ്ങൾ ശ്രദ്ധിക്കുന്നത്

2020 സെപ്റ്റംബർ 11
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ആഴ്ചയിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ

“നിന്റെ സഹോദരന്റെ കണ്ണിലെ കരട് നീ ശ്രദ്ധിക്കുകയും സ്വന്തം കണ്ണിലെ തടിക്കഷണം കാണാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്?”  ലൂക്കാ 6:41

ഇത് എത്ര സത്യമാണ്!  മറ്റുള്ളവരുടെ ചെറിയ തെറ്റുകൾ കാണുകയും, അതേസമയം കൂടുതൽ വ്യക്തവും ഗൗരവമുള്ളതുമായ നമ്മുടെ സ്വന്തം തെറ്റുകൾ കാണാതെ പോകുകയും ചെയ്യുന്നത് എത്ര എളുപ്പമാണ്.  എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

ഒന്നാമതായി, നമ്മുടെ അഹങ്കാരമെന്ന പാപം നമ്മെ അന്ധരാക്കുന്നതിനാൽ സ്വന്തം തെറ്റുകൾ കാണുക പ്രയാസമാണ്.  സത്യസന്ധമായ ഏതൊരു ആത്മപരിശോധനയിൽനിന്നും അഹങ്കാരം നമ്മെ തടയുന്നു.  നമ്മെക്കുറിച്ച് ഒരു വ്യാജചിത്രം അവതരിപ്പിക്കുന്ന, നാം ധരിക്കുന്ന ഒരു മുഖംമൂടിയായി അഹങ്കാരം മാറുന്നു.  അഹങ്കാരം വിരൂപമായ ഒരു പാപമാണ്; കാരണം, അത് നമ്മെ സത്യത്തിൽനിന്ന് അകറ്റിനിർത്തുന്നു.  സത്യത്തിന്റെ വെളിച്ചത്തിൽ നമ്മെത്തന്നെ കാണുന്നതിൽനിന്ന് അത് നമ്മെ തടയുന്നു; തത്ഫലമായി, നമ്മുടെ സ്വന്തം കണ്ണിലെ തടിക്കഷണം കാണുന്നതിൽനിന്നും അത് നമ്മെ തടയുന്നു.

നാം അഹങ്കാരംകൊണ്ട് നിറയുമ്പോൾ മറ്റൊരു കാര്യവും സംഭവിക്കുന്നു.  നമുക്കു ചുറ്റുമുള്ളവരുടെ ഓരോ ചെറിയ തെറ്റിലും നാം ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങുന്നു.  ശ്രദ്ധേയമായ കാര്യം, ഈ സുവിശേഷഭാഗം നിന്റെ സഹോദരന്റെ കണ്ണിലെ “കരട്” കാണാനുള്ള പ്രവണതയെക്കുറിച്ചാണ് സംസാരിക്കുന്നത് എന്നതാണ്.  ഇത് നമ്മോട് എന്താണ് പറയുന്നത്?  അഹങ്കാരംകൊണ്ട് നിറഞ്ഞവർക്ക് ഗൗരവമായ പാപം ചെയ്യുന്നയാളെ താഴ്ത്തിക്കെട്ടുന്നതിലല്ല അത്ര താത്പര്യമെന്നാണ് ഇത് നമ്മോട് പറയുന്നത്.  പകരം, ചെറിയ പാപങ്ങൾ മാത്രം ഉള്ളവരെ, പാപങ്ങളായി “കരടുകൾ” മാത്രം ഉള്ളവരെ, അവർ തിരഞ്ഞുപിടിക്കാൻ പ്രവണത കാണിക്കുന്നു; ആ പാപങ്ങളെ യഥാർഥത്തിൽ ഉള്ളതിനെക്കാൾ ഗൗരവമുള്ളവയായി ചിത്രീകരിക്കാനും അവർ ശ്രമിക്കുന്നു.  ദുഃഖകരമെന്നു പറയട്ടെ, അഹങ്കാരത്തിൽ മുഴുകിയവർക്ക് ഗൗരവമായ പാപം ചെയ്യുന്നയാളെക്കാൾ വിശുദ്ധനായ വ്യക്തിയാണ് ഏറെ ഭീഷണിയായി തോന്നുന്നത്.

നിങ്ങൾക്കു ചുറ്റുമുള്ളവരെ വിധിക്കുന്ന പ്രവണതയുമായി നിങ്ങൾ പോരാടുന്നുണ്ടോ എന്ന് ഇന്ന് വിചിന്തനം ചെയ്യുക.  പ്രത്യേകിച്ച്, വിശുദ്ധിക്കായി പരിശ്രമിക്കുന്നവരെ കൂടുതൽ വിമർശിക്കാനുള്ള പ്രവണത നിങ്ങൾക്കുണ്ടോ എന്ന് വിചിന്തനം ചെയ്യുക.  നിങ്ങൾക്ക് അത്തരമൊരു പ്രവണതയുണ്ടെങ്കിൽ, നിങ്ങൾ തിരിച്ചറിയുന്നതിനെക്കാൾ കൂടുതലായി അഹങ്കാരവുമായി പോരാടുന്നുണ്ടെന്നാണ് അത് വെളിപ്പെടുത്തിയേക്കുന്നത്.

കർത്താവേ, എന്നെ എളിമയുള്ളവനാക്കണമേ; എല്ലാ അഹങ്കാരത്തിൽനിന്നും മോചിതനാകാൻ എന്നെ സഹായിക്കണമേ.  മറ്റുള്ളവരെ വിധിക്കുന്ന മനോഭാവം ഉപേക്ഷിക്കാനും, അവരെ ഞാൻ എങ്ങനെ കാണണമെന്ന് അങ്ങ് ആഗ്രഹിക്കുന്നുവോ അങ്ങനെ മാത്രം അവരെ കാണാനും എനിക്കിടയാകട്ടെ.  ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

Advertisement

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

ചിത്രം: സാന്താ പുദെൻസിയാന ദേവാലയത്തിലെ അർധവൃത്താകാര അൾത്താരാഭാഗത്തുള്ള മൊസൈക്ക് ചിത്രം