2020 സെപ്റ്റംബർ 23
ആണ്ടുവട്ടത്തിലെ ഇരുപത്തിയഞ്ചാം ആഴ്ചയിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ
പിയെത്രെൽചീനയിലെ വിശുദ്ധ പിയോ (പാദ്രെ പിയോ), വൈദികൻ—ഓർമ്മ

“നിങ്ങളെ സ്വീകരിക്കാത്തവരുണ്ടെങ്കിൽ, ആ പട്ടണം വിട്ടുപോകുമ്പോൾ അവർക്കെതിരായ സാക്ഷ്യമായി നിങ്ങളുടെ പാദങ്ങളിലെ പൊടി തട്ടിക്കളയുവിൻ.” ലൂക്കാ 9:5
ഈശോയുടെ ധീരമായ ഒരു പ്രസ്താവനയാണിത്. എതിർപ്പുകളെ നേരിടുമ്പോൾ നമുക്കും ധൈര്യം പകരേണ്ട ഒരു പ്രസ്താവനയാണിത്.
പട്ടണംതോറും പോയി സുവിശേഷം പ്രസംഗിക്കാൻ ഈശോ ശിഷ്യന്മാരോടു പറഞ്ഞുകഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ. യാത്രയിൽ അധികം ഭക്ഷണമോ വസ്ത്രമോ കൊണ്ടുപോകരുതെന്നും, പകരം, അവർ ആരോടു പ്രസംഗിക്കുന്നുവോ അവരുടെ ഔദാര്യത്തിൽ ആശ്രയിക്കണമെന്നും അവിടുന്ന് നിർദേശിച്ചു. ചിലർ അവരെ സ്വീകരിക്കുകയില്ലെന്നും അവിടുന്ന് വ്യക്തമാക്കി. അവരെയും അവരുടെ സന്ദേശത്തെയും യഥാർഥത്തിൽ നിരസിക്കുന്നവരുടെ കാര്യത്തിൽ, ആ പട്ടണം വിട്ടുപോകുമ്പോൾ അവർ തങ്ങളുടെ പാദങ്ങളിലെ “പൊടി തട്ടിക്കളയണം”.
ഇതിന്റെ അർഥമെന്താണ്? പ്രത്യേകിച്ച് രണ്ടു കാര്യങ്ങളാണ് ഇത് നമ്മോടു പറയുന്നത്. ഒന്നാമതായി, നിരസിക്കപ്പെടുമ്പോൾ നമുക്കു വേദനിച്ചേക്കാം. അതിന്റെ ഫലമായി, ആ നിരസനത്തെയും വേദനയെയും കുറിച്ച് ഓർത്ത് മുഖം വീർപ്പിച്ചിരിക്കാനും ഉള്ളിൽ നീറാനും നമുക്ക് എളുപ്പമാണ്. കോപത്തോടെ ഇരിക്കാനും, അങ്ങനെ ആ നിരസനം നമുക്ക് കൂടുതൽ ദോഷം വരുത്താൻ അനുവദിക്കാനും എളുപ്പമാണ്.
നമ്മുടെ പാദങ്ങളിലെ പൊടി തട്ടിക്കളയുക എന്നത്, നമുക്കേറ്റ വേദന നമ്മെ ബാധിക്കാൻ അനുവദിക്കരുത് എന്നു പറയുന്നതിനുള്ള ഒരു മാർഗമാണ്. മറ്റുള്ളവരുടെ അഭിപ്രായങ്ങളും ദുഷ്ടമനോഭാവവും നമ്മെ നിയന്ത്രിക്കാൻ നാം അനുവദിക്കില്ല എന്നു വ്യക്തമായി പ്രഖ്യാപിക്കുന്ന ഒരു രീതിയാണിത്. ജീവിതത്തിൽ നിരസനത്തെ നേരിടുമ്പോൾ നാം എടുക്കേണ്ട പ്രധാനപ്പെട്ട ഒരു തീരുമാനമാണിത്.
രണ്ടാമതായി, നാം മുന്നോട്ടു പോയിക്കൊണ്ടിരിക്കണം എന്നു പറയുന്നതിനുള്ള ഒരു മാർഗമാണിത്. നമുക്കേറ്റ വേദനയെ അതിജീവിച്ചാൽ മാത്രം പോരാ; നമ്മുടെ സ്നേഹവും നാം നൽകുന്ന സുവിശേഷസന്ദേശവും സ്വീകരിക്കുന്നവരെ തേടി നാം മുന്നോട്ടു പോകുകയും വേണം. അതിനാൽ, ഒരർഥത്തിൽ, ഈശോയുടെ ഈ ഉദ്ബോധനം മുഖ്യമായും മറ്റുള്ളവരുടെ നിരസനത്തെ നേരിടുന്നതിനെക്കുറിച്ചല്ല; മറിച്ച്, നമ്മെയും നാം നൽകാൻ വിളിക്കപ്പെട്ടിരിക്കുന്ന സുവിശേഷസന്ദേശത്തെയും സ്വീകരിക്കുന്നവരെ തേടുന്നതിനെക്കുറിച്ചാണ്.
മറ്റുള്ളവരുടെ നിരസനംമൂലം നിങ്ങളുടെ ഹൃദയത്തിൽ ഇപ്പോഴും ശേഷിക്കുന്ന ഏതെങ്കിലും വേദനയെക്കുറിച്ച് ഇന്ന് ചിന്തിക്കുക. അത് വിട്ടുകളയാൻ ശ്രമിക്കുക. ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ കഴിയേണ്ടതിന്, സ്നേഹത്തോടെ അവരെ തേടിച്ചെല്ലാൻ ദൈവം നിങ്ങളെ വിളിക്കുകയാണെന്ന് മനസ്സിലാക്കുക.
കർത്താവേ, നിരസനവും വേദനയും അനുഭവിക്കുമ്പോൾ, എന്റെ ഉള്ളിലുള്ള എല്ലാ കോപവും വിട്ടുകളയാൻ എന്നെ സഹായിക്കണമേ. എന്റെ സ്നേഹദൗത്യം തുടരാനും അങ്ങയുടെ സുവിശേഷം സ്വീകരിക്കുന്നവരുമായി അത് പങ്കുവച്ചുകൊണ്ടിരിക്കാനും എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
രണ്ടാം ദിവസം: ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യയ്ക്കുള്ള നൊവേന – ചെറുപുഷ്പം
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – പിയെത്രെൽചീനയിലെ വിശുദ്ധ പിയോ (പാദ്രെ പിയോ), വൈദികൻ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
ചിത്രം – ദൂച്ചോ ദി ബുവോനിൻസെന വരച്ച ‘ഹേറോദേസിന്റെ മുമ്പിൽ ക്രിസ്തു’




