മലയാളം

സഹനത്തിലെ അർഥം

2020 സെപ്റ്റംബർ 26
ആണ്ടുവട്ടക്കാലം ഇരുപത്തിയഞ്ചാം ആഴ്ചയിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ

രക്തസാക്ഷികളായ വിശുദ്ധ കോസ്മാസും ദമിയാനും—ഐച്ഛിക അനുസ്മരണം

“ഞാൻ നിങ്ങളോടു പറയുന്നത് ശ്രദ്ധിക്കുവിൻ. മനുഷ്യപുത്രൻ മനുഷ്യരുടെ കൈകളിൽ ഏൽപ്പിക്കപ്പെടാൻ പോകുന്നു.” എന്നാൽ ഈ വചനം അവർ ഗ്രഹിച്ചില്ല; അവർ മനസ്സിലാക്കാതിരിക്കത്തക്കവിധം അതിന്റെ അർഥം അവരിൽനിന്ന് മറയ്ക്കപ്പെട്ടിരുന്നു. ഈ വചനത്തെക്കുറിച്ച് അവനോടു ചോദിക്കാൻ അവർ ഭയപ്പെട്ടു.  ലൂക്കാ 9:44-45

എന്തുകൊണ്ടാണ് ഇതിന്റെ അർഥം “അവരിൽനിന്ന് മറയ്ക്കപ്പെട്ടിരുന്നത്?” ചിന്തിക്കേണ്ട കാര്യമാണിത്. ഇവിടെ യേശു അവരോട്, “ഞാൻ നിങ്ങളോടു പറയുന്നത് ശ്രദ്ധിക്കുവിൻ” എന്നു പറയുന്നു. തുടർന്ന് താൻ സഹിക്കുകയും മരിക്കുകയും ചെയ്യുമെന്ന് വിശദീകരിക്കാൻ തുടങ്ങുന്നു. എന്നാൽ അവർക്കതു മനസ്സിലായില്ല. യേശു ഉദ്ദേശിച്ചത് എന്തെന്ന് അവർ ഗ്രഹിച്ചില്ല; “ഈ വചനത്തെക്കുറിച്ച് അവനോടു ചോദിക്കാൻ അവർ ഭയപ്പെട്ടു.”

അവർക്ക് മനസ്സിലാകാതിരുന്നതിൽ യേശുവിന് നീരസം തോന്നിയില്ല എന്നതാണ് സത്യം. അവർക്ക് ഉടനെ മനസ്സിലാകില്ലെന്ന് അവിടുത്തേക്ക് അറിയാമായിരുന്നു. എന്നിട്ടും അവരോട് അതു പറയുന്നതിൽനിന്ന് ഇത് അവിടുത്തെ പിന്തിരിപ്പിച്ചില്ല. എന്തുകൊണ്ട്? കാലക്രമേണ അവർ മനസ്സിലാക്കുമെന്ന് അവിടുത്തേക്ക് അറിയാമായിരുന്നു. എന്നാൽ ആദ്യം അപ്പോസ്തലന്മാർ അല്പം ആശയക്കുഴപ്പത്തോടെ കേട്ടുകൊണ്ടിരുന്നു എന്നു മാത്രം.

എപ്പോഴാണ് അപ്പോസ്തലന്മാർക്ക് മനസ്സിലായത്? പരിശുദ്ധാത്മാവ് അവരുടെമേൽ ഇറങ്ങിവന്ന് അവരെ സകല സത്യത്തിലേക്കും നയിച്ചപ്പോഴാണ് അവർക്ക് മനസ്സിലായത്. ഇത്ര ആഴമേറിയ രഹസ്യങ്ങൾ ഗ്രഹിക്കാൻ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം ആവശ്യമായിരുന്നു.

നമ്മുടെ കാര്യത്തിലും ഇതുതന്നെയാണ് സത്യം. യേശുവിന്റെ സഹനങ്ങളുടെ രഹസ്യത്തെ അഭിമുഖീകരിക്കുമ്പോഴും, നമ്മുടെ സ്വന്തം ജീവിതത്തിലോ നാം സ്നേഹിക്കുന്നവരുടെ ജീവിതത്തിലോ സഹനത്തിന്റെ യാഥാർഥ്യത്തെ അഭിമുഖീകരിക്കുമ്പോഴും, തുടക്കത്തിൽ നാം പലപ്പോഴും ആശയക്കുഴപ്പത്തിലായേക്കാം. അവ ഗ്രഹിക്കാനായി നമ്മുടെ മനസ്സു തുറക്കുന്നതിന് പരിശുദ്ധാത്മാവിന്റെ ദാനം ആവശ്യമാണ്. സഹനം മിക്കപ്പോഴും ഒഴിവാക്കാനാവാത്തതാണ്. നാമെല്ലാവരും അത് സഹിക്കുന്നു. നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കാൻ പരിശുദ്ധാത്മാവിനെ നാം അനുവദിക്കുന്നില്ലെങ്കിൽ, സഹനം നമ്മെ ആശയക്കുഴപ്പത്തിലേക്കും നിരാശയിലേക്കും നയിക്കും. എന്നാൽ നമ്മുടെ മനസ്സു തുറക്കാൻ പരിശുദ്ധാത്മാവിനെ അനുവദിച്ചാൽ, ക്രിസ്തുവിന്റെ സഹനങ്ങളിലൂടെ ലോകത്തിനു രക്ഷ നൽകിയതുപോലെ, നമ്മുടെ സഹനങ്ങളിലൂടെ ദൈവത്തിന് നമ്മിൽ എങ്ങനെ പ്രവർത്തിക്കാൻ കഴിയുമെന്ന് നാം മനസ്സിലാക്കിത്തുടങ്ങും.

യേശുവിന്റെ സഹനങ്ങളും നിങ്ങളുടെ സ്വന്തം സഹനങ്ങളും നിങ്ങൾ എത്രത്തോളം മനസ്സിലാക്കുന്നുവെന്ന് ഇന്ന് ധ്യാനിക്കുക. സഹനത്തിന്റെ അർഥവും അതിന്റെ മൂല്യംപോലും നിങ്ങൾക്കു വെളിപ്പെടുത്തിത്തരാൻ പരിശുദ്ധാത്മാവിനെ നിങ്ങൾ അനുവദിക്കുന്നുണ്ടോ? ഈ കൃപയ്ക്കായി പരിശുദ്ധാത്മാവിനോടു പ്രാർഥിക്കുക. നമ്മുടെ വിശ്വാസത്തിന്റെ ഈ അഗാധമായ രഹസ്യത്തിലേക്ക് നിങ്ങളെ നയിക്കാൻ ദൈവത്തെ അനുവദിക്കുക.

കർത്താവേ, എന്റെ രക്ഷയ്ക്കായി അങ്ങ് സഹിക്കുകയും മരിക്കുകയും ചെയ്തുവെന്ന് ഞാനറിയുന്നു. അങ്ങയുടെ കുരിശിൽ എന്റെ സഹനത്തിനും പുതിയ അർഥം കൈവരാനാകുമെന്ന് ഞാനറിയുന്നു. ഈ മഹത്തായ രഹസ്യം കൂടുതൽ പൂർണമായി കാണാനും മനസ്സിലാക്കാനും, അങ്ങയുടെ കുരിശിലും എന്റെ കുരിശിലും കൂടുതൽ വലിയ മൂല്യം കണ്ടെത്താനും എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

അഞ്ചാം ദിവസം: ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യായോടുള്ള നൊവേന – ചെറുപുഷ്പം

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ കോസ്മാസും ദമിയാനും

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

ചിത്രം: കാരവാജിയോ വരച്ച ‘ക്രിസ്തുവിനെ പിടികൂടുന്നു’