നവംബർ 29, 2020
ആഗമനകാലത്തിലെ ഒന്നാം ഞായർ (വർഷം B)
ഇന്നത്തെ വായനകൾ

“ഞാൻ നിങ്ങളോടു പറയുന്നത് എല്ലാവരോടും പറയുന്നു: ‘ജാഗരൂകരായിരിക്കുവിൻ!’” മർക്കോസ് 13:37
നിങ്ങൾ ക്രിസ്തുവിനെ ശ്രദ്ധിക്കുന്നുണ്ടോ? ഇത് അതീവ പ്രാധാന്യമുള്ള ഒരു ചോദ്യമാണെങ്കിലും, ഇതിന്റെ അർഥം പൂർണമായി മനസ്സിലാകാത്ത അനേകരുണ്ടാകാം. അതെ, ഒറ്റനോട്ടത്തിൽ കാര്യം വ്യക്തമാണ്: “ശ്രദ്ധിക്കുക” എന്നാൽ നിങ്ങളുടെ ജീവിതത്തിലും നിങ്ങൾക്കു ചുറ്റുമുള്ള ലോകത്തിലും നമ്മുടെ കർത്താവിന്റെ സാന്നിധ്യത്തെക്കുറിച്ച് ബോധമുള്ളവരായിരിക്കുക എന്നതാണ്. അപ്പോൾ, നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ? നിങ്ങൾ ജാഗരൂകരാണോ? ക്രിസ്തുവിന്റെ വരവിനായി നിങ്ങൾ നോക്കിയിരിക്കുന്നുണ്ടോ, അന്വേഷിക്കുന്നുണ്ടോ, കാത്തിരിക്കുന്നുണ്ടോ, പ്രതീക്ഷയോടെ ഒരുങ്ങുന്നുണ്ടോ? 2,000 വർഷങ്ങൾക്കുമുമ്പ് യേശു ഒരു കൊച്ചുശിശുവായി ഭൂമിയിൽ വന്നെങ്കിലും, ഇന്നും അവിടുന്ന് നമ്മുടെ അടുത്തേക്കു വന്നുകൊണ്ടിരിക്കുന്നു. അവിടുത്തെ അഗാധമായ സാന്നിധ്യത്തെക്കുറിച്ച് അനുദിനം നിങ്ങൾക്കു ബോധമില്ലെങ്കിൽ, ആത്മീയമായി പറഞ്ഞാൽ, നിങ്ങൾ ഇതിനകം ഒരളവോളം ഉറക്കത്തിലായിരിക്കാം.
ഈ ലോകത്തിലെ ക്ഷണികവും അപ്രധാനവും പാപകരംപോലുമായ കാര്യങ്ങളിലേക്ക് നമ്മുടെ അകക്കണ്ണുകൾ തിരിക്കുമ്പോഴെല്ലാം നാം ആത്മീയമായി “ഉറങ്ങിപ്പോകുന്നു.” അങ്ങനെ സംഭവിക്കുമ്പോൾ, ക്രിസ്തുവിനെത്തന്നെ കാണാൻ നമുക്കു കഴിയാതാകുന്നു. ദുഃഖകരമെന്നു പറയട്ടെ, ഇങ്ങനെ സംഭവിക്കാൻ കൂടുതൽ കൂടുതൽ എളുപ്പമായിക്കൊണ്ടിരിക്കുന്നു. അക്രമവും രോഗവും വിദ്വേഷവും ഭിന്നതയും ഉതപ്പും അതുപോലുള്ളവയും അനുദിനം നമ്മെ അലട്ടുന്നു. സാധ്യമായതിൽവച്ച് ഏറ്റവും ഞെട്ടിക്കുന്നതും സംഭ്രമജനകവുമായ വാർത്തകൾ നമ്മുടെ മുന്നിലെത്തിക്കാൻ വാർത്താമാധ്യമങ്ങൾ ദിവസവും മത്സരിക്കുന്നു. ഒരു നിമിഷത്തേക്കുമാത്രം സംതൃപ്തി നൽകുന്ന ചെറു ശബ്ദശകലങ്ങളും ചിത്രങ്ങളുംകൊണ്ട്, അൽപനേരംമാത്രം നീണ്ടുനിൽക്കുന്ന നമ്മുടെ ശ്രദ്ധയെ നിറയ്ക്കാൻ സമൂഹമാധ്യമങ്ങൾ ദിവസവും ശ്രമിക്കുന്നു. തത്ഫലമായി, നമ്മുടെ ആത്മാവിന്റെ കണ്ണുകൾ, അതായത് വിശ്വാസത്തിന്റെ ആന്തരികദൃഷ്ടി, ഇരുളടയുകയും അവഗണിക്കപ്പെടുകയും വിസ്മരിക്കപ്പെടുകയും തള്ളിക്കളയപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട്, വർധിച്ചുവരുന്ന കോലാഹലത്തെ മറികടന്ന് ലോകരക്ഷകന്റെ സൗമ്യവും വ്യക്തവും അഗാധവുമായ സ്വരം തിരിച്ചറിയാൻ ഇന്നത്തെ ലോകത്തിൽ അനേകർക്കും കഴിയാതായിരിക്കുന്നതുപോലെ തോന്നുന്നു.
നാം ആഗമനകാലം ആരംഭിക്കുമ്പോൾ, നമ്മുടെ കർത്താവ് നിങ്ങളുടെ ആത്മാവിന്റെ ഏറ്റവും അഗാധമായ തലങ്ങളിൽ നിങ്ങളോടു സംസാരിക്കുന്നു. അവിടുന്ന് സൗമ്യമായി പറയുന്നു: “ഉണരുക.” “ശ്രവിക്കുക.” “ജാഗരൂകരായിരിക്കുക.” അവിടുന്ന് ഉച്ചത്തിൽ വിളിക്കുകയില്ല; മൃദുസ്വരത്തിൽ സംസാരിക്കും. അതിനാൽ നിങ്ങളുടെ മുഴുവൻ ശ്രദ്ധയും അവിടുത്തേക്കു നൽകേണ്ടിവരും. നിങ്ങൾ അവിടുത്തെ കാണുന്നുണ്ടോ? അവിടുത്തെ സ്വരം കേൾക്കുന്നുണ്ടോ? അവിടുത്തെ ശ്രവിക്കുന്നുണ്ടോ? അവിടുത്തെ മനസ്സിലാക്കുന്നുണ്ടോ? അവിടുത്തെ സ്വരം നിങ്ങൾക്കറിയാമോ? അതോ, നിങ്ങൾക്കു ചുറ്റുമുള്ള അനേകം സ്വരങ്ങൾ, അവിടുന്ന് നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്ന ആഴമേറിയതും അഗാധവും പരിവർത്തനദായകവുമായ സത്യങ്ങളിൽനിന്ന് നിങ്ങളെ അകറ്റിക്കൊണ്ടുപോകുന്നുണ്ടോ?
ദൈവം ഓരോ ദിവസവും നിങ്ങളുടെ ആത്മാവിന്റെ ആഴങ്ങളിൽ സംസാരിക്കുന്നു എന്ന വസ്തുതയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. അവിടുന്ന് ഇപ്പോൾ നിങ്ങളോടു സംസാരിക്കുന്നു. അവിടുന്ന് പറയുന്നതാണ് ജീവിതത്തിൽ യഥാർഥത്തിൽ പ്രാധാന്യമുള്ളതെല്ലാം. ശ്രവിക്കാനും ശ്രദ്ധിക്കാനും പ്രത്യുത്തരം നൽകാനുമുള്ള നിങ്ങളുടെ പ്രതിബദ്ധത പുതുക്കുന്നതിന് മറ്റേതു സമയത്തെക്കാളും ഉചിതമായ സമയമാണ് ആഗമനകാലം. ഉറക്കത്തിൽ തുടരരുത്. ഉണർന്ന് നമ്മുടെ കർത്താവിന്റെ അഗാധമായ സ്വരം ജാഗ്രതയോടെ ശ്രദ്ധിക്കുക.
കർത്താവായ യേശുവേ, വരണമേ! വരണമേ! പ്രിയ കർത്താവേ, ഈ ആഗമനകാലം എന്റെ ജീവിതത്തിൽ ആഴമേറിയ നവീകരണത്തിന്റെ സമയമാകട്ടെ. അങ്ങയുടെ സൗമ്യവും അഗാധവുമായ സ്വരം തേടിക്കണ്ടെത്താൻ ഞാൻ പൂർണഹൃദയത്തോടെ പരിശ്രമിക്കുന്ന സമയമാകട്ടെ ഇത്. പ്രിയ കർത്താവേ, എന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ മത്സരിക്കുന്ന ലോകത്തിന്റെ അനേകം കോലാഹലങ്ങളിൽനിന്ന് പിന്തിരിഞ്ഞ്, അങ്ങയിലേക്കും അങ്ങ് പറയാൻ ആഗ്രഹിക്കുന്ന എല്ലാറ്റിലേക്കും മാത്രം തിരിയാനുള്ള കൃപ എനിക്കു നൽകണമേ. കർത്താവായ യേശുവേ, വരണമേ; ഈ ആഗമനകാലത്ത് എന്റെ ജീവിതത്തിലേക്ക് കൂടുതൽ ആഴത്തിൽ കടന്നുവരണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
അമലോത്ഭവ നൊവേന
നവംബർ 29-ഡിസംബർ 7
ഞങ്ങളുടെ ആഗമനകാല വിഭവങ്ങൾ കാണുക!
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രം: Pixabay-യിൽനിന്ന് ഗെർഡ് ആൾട്ട്മാൻ
ആഗമനകാലത്തിനായി ഒരുങ്ങുക!
ആഗമനകാലത്തെയും ക്രിസ്മസ് കാലത്തെയും വിചിന്തനങ്ങൾ
പേപ്പർബാക്ക് പതിപ്പ് & ഇലക്ട്രോണിക് പുസ്തകം
Amazon.com – Google Play – iTunes – Barnes and Noble





