ഏപ്രിൽ 4, 2021
ഈസ്റ്റർ ഞായർ—മഹോത്സവം (വർഷം B)

ഇത് കർത്താവ് സൃഷ്ടിച്ച ദിനം; നമുക്ക് ആനന്ദിക്കുകയും ആഹ്ലാദിക്കുകയും ചെയ്യാം. (കാണുക: സങ്കീർത്തനം 118)
നമ്മുടെ ഈസ്റ്റർ ആഘോഷം ആരംഭിച്ചിരിക്കുന്നു! ഈസ്റ്റർ ആശംസകൾ!
ലോകത്തിന്റെ പല ഭാഗങ്ങളിലും ഈസ്റ്റർ വരുന്നത് വസന്തകാലത്താണ്. പ്രകൃതിതന്നെ പുതുജീവന്റെ തുടിപ്പുകൾ പുറപ്പെടുവിക്കുന്ന കാലമാണിത്. തണുത്തുറഞ്ഞ് നിശ്ചലമായിക്കിടന്ന മണ്ണിൽനിന്ന് ട്യൂലിപ് ചെടികൾ തലപൊക്കിത്തുടങ്ങുന്നു; മരങ്ങളിൽ ഇലകൾ തളിർക്കാൻ തുടങ്ങുന്നതോടെ കാട് ഒരു പച്ചക്കടലായി മാറുന്നു; ഓരോ പ്രഭാതത്തിലും ഉദിച്ചുയരുന്ന സൂര്യൻ ചൂടുപകർന്നുകൊണ്ട് പുതിയൊരു പ്രഭയോടെ തിളങ്ങാൻ തുടങ്ങുന്നു. സൃഷ്ടിതന്നെ ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ മഹത്ത്വവും തേജസ്സും പലവിധത്തിൽ പ്രതിഫലിപ്പിക്കുന്നു.
ശൈത്യകാലത്തിലെ മൃതാവസ്ഥ ക്രിസ്തുവിന്റെ മരണത്തെയും ദുഃഖശനിയാഴ്ച അനുഭവിച്ചറിയുന്ന കല്ലറയുടെ നിശ്ശബ്ദതയെയും പ്രതിഫലിപ്പിക്കുന്നു. എല്ലാം നിശ്ചലാവസ്ഥയിലാകുന്നു. സസ്യജാലങ്ങൾ മൃതമായതുപോലെ കാണപ്പെടുന്നു; മൃഗങ്ങളും പ്രാണികളുംപോലും പലതരത്തിലുള്ള ശീതനിദ്രയിലേക്കും നിശ്ചലതയിലേക്കും പിൻവാങ്ങുന്നു. എന്നാൽ, നിശ്ചിത സമയത്ത് സൂര്യന്റെ ചൂട് വീണ്ടും വർധിക്കുമ്പോൾ, ശൈത്യകാലത്തിന്റെ മൃതാവസ്ഥയിൽനിന്ന് വസന്തത്തിന്റെ പുതുജീവനിലേക്ക് പ്രകൃതിതന്നെ വിളിക്കപ്പെടുന്നു.
തണുപ്പേറിയ ശൈത്യകാലം എന്നേക്കുമായി തുടർന്നാൽ അത് ആഴമായ വിഷാദത്തിന് ഇടയാക്കും. വരാനിരിക്കുന്ന ശൈത്യകാലം വ്യത്യസ്തമായിരിക്കുമെന്നും അത് ഇനി എന്നേക്കുമായി തുടരുമെന്നും ശാസ്ത്രജ്ഞർ നമ്മോടു പറഞ്ഞാൽ എങ്ങനെയിരിക്കുമെന്ന് ഒന്നു സങ്കൽപ്പിച്ചുനോക്കൂ. വസന്തത്തിന്റെയോ വേനലിന്റെയോ ചൂട് പിന്നീടൊരിക്കലും നമുക്ക് അനുഭവിക്കാനാവില്ല. പ്രാണികളെയോ ചെടികളെയോ മരങ്ങളിലെ ഇലകളെയോ പിന്നീടൊരിക്കലും നാം കാണുകയില്ല. എത്ര പ്രത്യാശയറ്റ അവസ്ഥയായിരിക്കും അത്!
എന്നാൽ ദൈവം പലവിധത്തിലും വ്യത്യസ്തമായ രീതികളിലും നമ്മോടു സംസാരിക്കുന്നു; അവയിലൊന്ന് പ്രകൃതിയുടെ ചാക്രികമായ മാറ്റങ്ങളിലൂടെയാണ്. പുതുജീവൻ ഉറപ്പാണ്! ശൈത്യകാലത്തിന്റെ കൊടുംതണുപ്പിനുശേഷം ചൂട് തിരിച്ചുവരും; പ്രകൃതി ഉണർന്നെഴുന്നേൽക്കും; ഭൂമി വീണ്ടും പാടും.
പ്രകൃതിയിലെ സൃഷ്ടികളെ പരിപാലിക്കുന്നതിൽ സ്വർഗസ്ഥനായ പിതാവ് ഇത്രയധികം ശ്രദ്ധാലുവാണെങ്കിൽ, മനുഷ്യവംശത്തിന്റെ പുനഃസൃഷ്ടിയിൽ അവിടുന്ന് എത്രയധികം കരുതലുള്ളവനായിരിക്കും? ദൈവമായ തന്റെ സ്വന്തം പുത്രന്റെ ഉത്ഥാനത്തിൽ അവിടുന്ന് എത്രയധികം കരുതൽ പുലർത്തിയിട്ടുണ്ടാകും? യേശുക്രിസ്തു മരിച്ചവരിൽനിന്ന് ഉത്ഥാനം ചെയ്തതിലൂടെ നമ്മിൽ ഓരോരുത്തർക്കും നേടിത്തന്ന പുതുജീവനിലേക്ക് നാം പ്രവേശിക്കുന്നതിൽ അവിടുന്ന് എത്രയധികം കരുതലുള്ളവനാണ്?!
അനന്തമാംവിധം മഹത്തരമായ ഒരു യാഥാർഥ്യത്തിന്റെ അടയാളമായി സൃഷ്ടിയുടെ സൗന്ദര്യം നിങ്ങൾക്കു മാറട്ടെ. ക്രിസ്തുവിന്റെ ഉത്ഥാനത്തിൽ പങ്കുചേരുന്നതിലൂടെ നിങ്ങൾക്കു ലഭിക്കുന്ന ജീവിതത്തിന്റെ പുതുമയിലേക്ക് ആകർഷിക്കപ്പെടാൻ സ്വയം അനുവദിക്കുക. അവിടുത്തോടൊപ്പം ഉയിർക്കുക എന്നതിന്റെ അർഥം നിങ്ങൾ ഒരു പുതിയ സൃഷ്ടിയായിത്തീരണമെന്നാണ്.
ഇന്നത്തെ വിശുദ്ധ കുർബാനയിലെ പ്രതിവചനസങ്കീർത്തനത്തിൽനിന്ന് മുകളിൽ ഉദ്ധരിച്ച വരിയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. “ഇത് കർത്താവ് സൃഷ്ടിച്ച ദിനം; നമുക്ക് ആനന്ദിക്കുകയും ആഹ്ലാദിക്കുകയും ചെയ്യാം.” നാം ആനന്ദിക്കുന്ന ആ “ദിനം”, ഇവിടെയും ഇപ്പോഴും നിങ്ങളുടെ ആത്മാവിനു നൽകാൻ ദൈവം ആഗ്രഹിക്കുന്ന പുതുജീവനാണ്. അതൊരു പുതുദിനമാണ്—മഹത്ത്വമാർന്നതും രൂപാന്തരപ്പെട്ടതും ഉയിർത്തെഴുന്നേറ്റതുമായ ഒരു ദിനം. പുതുജീവൻ ഇപ്പോൾത്തന്നെ ആരംഭിക്കണം; ഉത്ഥാനമഹിമയിലേക്ക് കൂടുതൽ കൂടുതൽ ആഴത്തിൽ നാം യാത്രചെയ്യുമ്പോൾ, അത് നിരന്തരം പുതുമയും മഹിമയും ആർജിക്കണം. ഈ “പുതുദിന”ത്തെക്കുറിച്ച് ചിന്തിക്കുക; മരിച്ചവരിൽനിന്നുള്ള തന്റെ മഹത്ത്വപൂർണമായ ഉത്ഥാനത്തിന്റെ ശക്തിയാൽ നമ്മുടെ കർത്താവ് അത് നിങ്ങൾക്കു നൽകാൻ അനുവദിക്കുക.
ഉത്ഥിതനായ എന്റെ കർത്താവേ, എന്റെ പ്രത്യാശ അങ്ങയിലാണ്! അല്ലേലൂയാ, അങ്ങ് ജീവിക്കുന്നു; എല്ലാ പാപത്തെയും സകല മരണത്തെയും എല്ലാ തിന്മയെയും അങ്ങ് കീഴടക്കിയിരിക്കുന്നു. തങ്ങളുടെ ആവശ്യങ്ങളിൽ അങ്ങയിലേക്കു തിരിയുന്ന ഏവർക്കും അങ്ങ് പുതുജീവൻ നൽകുന്നു. എന്റെ ഈശോയേ, അങ്ങയുടെ ഉത്ഥാനത്തിൽ അങ്ങയോടൊപ്പം പുതുജീവനിലേക്ക് ഉയിർക്കേണ്ടതിന്, ഞാൻ അങ്ങയിലേക്കു തിരിയുകയും അങ്ങയുടെ മരണത്തിൽ എന്നെത്തന്നെ അങ്ങേക്കു സമർപ്പിക്കുകയും ചെയ്യുന്നു. പുതുജീവന്റെ ഈ ദാനം എന്നിൽ നിശ്വസിച്ച്, പുതുതായി ആരംഭിക്കാൻ എന്നെ അനുവദിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
മൂന്നാം ദിവസം: ദൈവകരുണയുടെ ഞായറാഴ്ചയ്ക്കുള്ള ഒരുക്കനൊവേന
ഉയിർപ്പുതിരുനാളിനുള്ള പ്രാർഥനാധ്യാനം
ജപമാല – മഹിമയുടെ രഹസ്യങ്ങൾ (വിശുദ്ധഗ്രന്ഥഭാഗങ്ങളോടുകൂടെ)
ദൈവകരുണയെക്കുറിച്ചുള്ള ദൈനംദിന വിചിന്തനങ്ങൾ
വിശുദ്ധ ഫൗസ്റ്റീനയുടെ ദൈവകരുണയുടെ ലുത്തിനിയ
കരുണയുടെ വർഷത്തിനായുള്ള പ്രാർഥന
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ ഇസിദോർ, മെത്രാനും വേദപാരംഗതനും
(ഈ വർഷം ഈസ്റ്റർ ഞായറാഴ്ച വരുന്നതിനാൽ ആരാധനക്രമത്തിൽ ഈ അനുസ്മരണം ആചരിക്കുന്നില്ല)
മുകളിൽ നൽകിയിരിക്കുന്ന ചിത്രം: കാൾ ഹൈൻറിച്ച് ബ്ലോക്ക് വരച്ച ഉത്ഥാനം
ഈസ്റ്ററിനായുള്ള പുസ്തകങ്ങൾ!

കത്തോലിക്കാ പ്രതിദിന ധ്യാനങ്ങൾ:
ഉയിർപ്പുകാലം 2021
ദൈവകരുണയെക്കുറിച്ചുള്ള പ്രതിദിന ധ്യാനങ്ങൾ:
വിശുദ്ധ ഫൗസ്റ്റീനയോടൊപ്പം 365 ദിനങ്ങൾ




