മലയാളം

എല്ലാം നഷ്ടപ്പെടുന്നതും അതിലേറെ നേടുന്നതും

2021 ഓഗസ്റ്റ് 10

ഡീക്കനും രക്തസാക്ഷിയുമായ വിശുദ്ധ ലോറൻസിന്റെ തിരുനാൾ

ഇന്നത്തെ വായനകൾ

വീഡിയോ

സ്വന്തം ജീവനെ സ്നേഹിക്കുന്നവൻ അതു നഷ്ടപ്പെടുത്തുന്നു; ഈ ലോകത്തിൽ സ്വന്തം ജീവനെ വെറുക്കുന്നവൻ അതിനെ നിത്യജീവനുവേണ്ടി കാത്തുസൂക്ഷിക്കും. യോഹന്നാൻ 12:25

യേശുവിന്റെ ശക്തവും ഞെട്ടലുളവാക്കുന്നതുമായ അനേകം പ്രസ്താവനകളിൽ ഒന്നാണിത്. സമാനമായ ഒരു പ്രസ്താവന നാലു സുവിശേഷങ്ങളിലും കാണാം. യോഹന്നാൻ രേഖപ്പെടുത്തിയിരിക്കുന്ന ഈ വചനത്തിൽ “സ്നേഹിക്കുക”, “വെറുക്കുക” എന്നീ വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. നമ്മുടെ ജീവനെ സ്നേഹിക്കുന്നതിലൂടെ നാം അതു നഷ്ടപ്പെടുത്തുന്നു; എന്നാൽ നമ്മുടെ ജീവനെ വെറുക്കുന്നതിലൂടെ നാം അതിനെ കാത്തുസൂക്ഷിക്കുന്നു. ആദ്യമായി വായിക്കുമ്പോൾ, “സ്നേഹിക്കുക”, “വെറുക്കുക” എന്നീ വാക്കുകൾ അബദ്ധത്തിൽ പരസ്പരം മാറിപ്പോയതാണെന്ന് ഒരാൾക്കു തോന്നിയേക്കാം. “സ്വന്തം ജീവനെ വെറുക്കുന്നവൻ അതു നഷ്ടപ്പെടുത്തുന്നു” എന്നും “സ്വന്തം ജീവനെ സ്നേഹിക്കുന്നവൻ അതിനെ കാത്തുസൂക്ഷിക്കുന്നു” എന്നുമാണ് യേശു പറയാൻ ഉദ്ദേശിച്ചതെന്ന് ഒരാൾ നിഗമനം ചെയ്തേക്കാം. എന്നാൽ യേശു പറഞ്ഞത് അതല്ല. വാസ്തവത്തിൽ, അതിന്റെ വിപരീതമാണ് അവിടുന്ന് പറഞ്ഞത്.

“സ്നേഹിക്കുക”, “വെറുക്കുക” എന്നീ വാക്കുകൾ നാം സാധാരണ ഉപയോഗിക്കുന്ന അർഥത്തിലല്ല ഇവിടെ ഉപയോഗിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കണം. ഈ വചനഭാഗത്തിൽ, സ്വാർഥതയെയോ സ്വയംകേന്ദ്രീകൃതമായ മനോഭാവത്തെയോ സൂചിപ്പിക്കാനാണ് യേശു “സ്നേഹിക്കുക” എന്ന വാക്ക് ഉപയോഗിക്കുന്നത്. നിസ്വാർഥതയെയോ ത്യാഗപൂർണമായ ആത്മദാനത്തെയോ സൂചിപ്പിക്കാനാണ് അവിടുന്ന് “വെറുക്കുക” എന്ന വാക്ക് ഉപയോഗിക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ജീവിതത്തിൽ സ്വാർഥനായി കഴിയുന്നവൻ അവസാനം എല്ലാം നഷ്ടപ്പെടുത്തും; എന്നാൽ യഥാർഥത്തിൽ നിസ്വാർഥനായി, തന്നെത്തന്നെ ദാനം ചെയ്തു ജീവിക്കുന്നവൻ ഒടുവിൽ എല്ലാം നേടും.

കൃപയുടെ ദാനമില്ലാതെ നമ്മുടെ കർത്താവിന്റെ ഈ ഗഹനമായ പ്രബോധനം ഗ്രഹിക്കുക പ്രയാസമാണ്. നിസ്വാർഥമായി ജീവിക്കുന്നത് നല്ലതാണെന്ന ആശയം ഉൾക്കൊള്ളാൻ നമ്മുടെ മാനുഷിക യുക്തിക്കു മാത്രമായി കഴിഞ്ഞെന്നുവരില്ല. എല്ലാവരുടെയും മുമ്പിൽ നമ്മെത്തന്നെ ഉയർത്തിക്കാട്ടുന്നതാണ് ഏറെ നല്ലതെന്ന് യുക്തിയുടെ അടിസ്ഥാനത്തിൽ നിഗമനം ചെയ്യാൻ എളുപ്പമാണ്. സമ്പത്തും പദവിയും അധികാരവും എല്ലാവരുടെയും ആദരവും നേടിയെടുക്കുന്നതിലാണ് സന്തോഷവും “നല്ല ജീവിതവും” ഉള്ളതെന്ന് യുക്തിബോധം നിഗമനം ചെയ്തേക്കാം. എന്നാൽ, സ്വാർഥവും സ്വയംകേന്ദ്രീകൃതവുമായ ഈ ജീവിതരീതി, കേവലം മാനുഷികമായ തലത്തിൽ ആകർഷകമായി തോന്നാമെങ്കിലും, യഥാർഥത്തിൽ നന്മയായിട്ടുള്ളതെല്ലാം നഷ്ടപ്പെടുന്നതിലേക്കുള്ള വഴിയാണ്. മറിച്ച്, നമ്മുടെ മാനുഷിക യുക്തിയെ പ്രകാശിപ്പിക്കാൻ ദൈവകൃപയെ അനുവദിക്കുമ്പോൾ മാത്രമേ സ്വാർഥരായിരിക്കുന്നതിനെക്കാൾ നിസ്വാർഥരായിരിക്കുന്നതാണ് ഏറ്റവും നല്ലതെന്ന നിഗമനത്തിൽ നാം എത്തുകയുള്ളൂ. നിസ്വാർഥരായിരിക്കുക എന്നതിന്റെ അർഥം നമ്മുടെ കണ്ണുകൾ എപ്പോഴും മറ്റുള്ളവരുടെ നന്മയിലേക്കു തിരിഞ്ഞിരിക്കുന്നു എന്നതാണ്. നമ്മെക്കുറിച്ചുതന്നെ ചിന്തിച്ചുകൊണ്ടിരിക്കുന്നില്ല എന്നാണ് അതിനർഥം. നമുക്ക് എന്തു വില കൊടുക്കേണ്ടിവന്നാലും ദൈവത്തെയും അയൽക്കാരനെയും സേവിക്കാൻ നാം പൂർണമായി സമർപ്പിതരായിരിക്കുന്നു എന്നാണ് അതിനർഥം. ദൈവത്തെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നതിനായി നാം എല്ലാം വിട്ടുകൊടുക്കണം. നമുക്ക് ഒരിക്കലും പ്രത്യാശിക്കാവുന്നതിലും അധികമായി ദൈവം തിരികെ നൽകുന്നത് ഈ വഴിയിലൂടെ മാത്രമാണ്.

ഇന്നു നാം ആദരിക്കുന്ന വിശുദ്ധ ലോറൻസ് മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഡീക്കനും രക്തസാക്ഷിയുമായിരുന്നു. ദൈവത്തോട് “അതെ” എന്നു പറയാനായി ഈ മഹാവിശുദ്ധൻ സ്വന്തം ജീവൻ ഉൾപ്പെടെ എല്ലാം അക്ഷരാർഥത്തിൽ ഉപേക്ഷിച്ചു. റോമിലെ കത്തീഡ്രൽ ദേവാലയത്തിൽ ഡീക്കനായിരുന്ന അദ്ദേഹത്തിന്, സഹായം ആവശ്യമുള്ള നിർധനർക്കു ദാനധർമം വിതരണം ചെയ്യാനുള്ള ചുമതല ഏൽപ്പിക്കപ്പെട്ടിരുന്നു. 258-ാം വർഷം ഓഗസ്റ്റിൽ, എല്ലാ വൈദികരെയും വധിക്കണമെന്ന് ചക്രവർത്തി ഒരു ശാസനം പുറപ്പെടുവിച്ചു. മാർപ്പാപ്പ വധിക്കപ്പെട്ടശേഷം അവർ ലോറൻസിനെ തേടിയെത്തി. അദ്ദേഹത്തെ കൊല്ലുന്നതിനുമുമ്പ് സഭയുടെ സമ്പത്തെല്ലാം കൈമാറാൻ അവർ ആവശ്യപ്പെട്ടു. ആ നിധികൾ ശേഖരിക്കാൻ അദ്ദേഹം മൂന്നു ദിവസം ആവശ്യപ്പെട്ടു. ആ മൂന്നു ദിവസത്തിനിടയിൽ, തനിക്കു കഴിയുന്നതെല്ലാം അദ്ദേഹം ദരിദ്രർക്കു വിതരണം ചെയ്തു. തുടർന്ന്, മൂന്നാം ദിവസം അദ്ദേഹം അധികാരിയുടെ മുമ്പിൽ ഹാജരായി. കൂടെ കൊണ്ടുവന്നതാകട്ടെ സഭയുടെ ഭൗതികസമ്പത്തല്ല, യഥാർഥ സമ്പത്തായിരുന്നു. ദരിദ്രരെയും അംഗവൈകല്യമുള്ളവരെയും അന്ധരെയും കഷ്ടത അനുഭവിക്കുന്നവരെയും അദ്ദേഹം കൊണ്ടുവന്നു. സഭ യഥാർഥത്തിൽ സമ്പന്നയാണെന്നും തന്നോടൊപ്പമുള്ള ഈ മനുഷ്യരാണ് സഭയുടെ യഥാർഥ നിധികളെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കോപാകുലനായ അധികാരി ലോറൻസിനെ തീയിൽ ചുട്ടുകൊല്ലാൻ വിധിച്ചു. ലോറൻസ് ആ വിധിക്കു സ്വമനസ്സാലെ കീഴടങ്ങി.

എല്ലാ വിധത്തിലും പൂർണമായും നിസ്വാർഥവും ആത്മദാനപൂർണവുമായ ഒരു ജീവിതം നയിക്കാൻ നിങ്ങൾക്കു ലഭിച്ചിരിക്കുന്ന ശ്രേഷ്ഠമായ ക്രൈസ്തവ വിളിയെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. മിക്കപ്പോഴും നിങ്ങളെക്കുറിച്ചുതന്നെയാണ് നിങ്ങൾ ചിന്തിച്ചുകൊണ്ടിരിക്കുന്നതെന്നു കണ്ടെത്തിയാൽ, ആ ശീലം മാറ്റാൻ ശ്രമിക്കുക. ദൈവത്തിലേക്കും മറ്റുള്ളവരുടെ സേവനത്തിലേക്കും നിങ്ങളുടെ കണ്ണുകൾ തിരിക്കുക. സ്വന്തം കാര്യങ്ങളെക്കാൾ നിങ്ങളുടെ ചുറ്റുമുള്ളവരുടെ ആവശ്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ ശ്രമിക്കുക. യേശു നമ്മെ വിളിക്കുന്നത് ഇതു ചെയ്യാനാണ് എന്നതിനാൽ അങ്ങനെ ചെയ്യുക. ഇത്രയും നിസ്വാർഥമായ ഒരു ജീവിതത്തിലേക്ക് അവിടുന്ന് നമ്മെ വിളിക്കുന്നുവെങ്കിൽ, ഒടുവിൽ അത് തീർച്ചയായും മൂല്യവത്തായിരിക്കുമെന്ന് നാം അറിയുകയും വിശ്വസിക്കുകയും വേണം.

സ്വയം ബലിയർപ്പിച്ച എന്റെ കർത്താവേ, സ്നേഹത്താൽ അങ്ങയുടെ അമൂല്യജീവൻ അങ്ങ് എല്ലാവർക്കുമായി നൽകി. അങ്ങയുടെ ജീവിതത്തിന്റെ സമ്പൂർണമായ ആത്മദാനം ഈ മഹത്തായ ദാനം സ്വീകരിക്കുന്നവരുടെ രക്ഷയ്ക്കു കാരണമായി. സൗജന്യമായി നൽകപ്പെട്ട അങ്ങയുടെ ഈ ദാനം സ്വീകരിക്കാൻ എന്നെത്തന്നെ തുറക്കുന്നതിനു മാത്രമല്ല, അങ്ങയെയും മറ്റുള്ളവരെയും സേവിക്കുന്നതിൽ എന്നെത്തന്നെ ദാനം ചെയ്തുകൊണ്ട് അങ്ങയുടെ നിസ്വാർഥജീവിതം അനുകരിക്കുന്നതിനും എന്നെ സഹായിക്കണമേ. ഡീക്കനും രക്തസാക്ഷിയുമായ വിശുദ്ധ ലോറൻസേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – ഡീക്കനും രക്തസാക്ഷിയുമായ വിശുദ്ധ ലോറൻസ്

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: വിശുദ്ധ ലോറൻസിന്റെ രക്തസാക്ഷിത്വം; ചിത്രകാരൻ: ജീൻ ബാപ്റ്റിസ്റ്റ് ദെ ഷാംപെയ്ൻ, വിക്കിമീഡിയ കോമൺസ് വഴി