2022 ഫെബ്രുവരി 15
ആണ്ടുവട്ടത്തിലെ ആറാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

യേശു അവരോട് കർശനമായി പറഞ്ഞു: “സൂക്ഷിക്കുവിൻ, ഫരിസേയരുടെ പുളിമാവിനെയും ഹേറോദേസിന്റെ പുളിമാവിനെയും കുറിച്ച് ജാഗ്രതയുള്ളവരായിരിക്കുവിൻ.” മാർക്കോസ് 8:15
യേശു പറയുന്ന ഈ “പുളിമാവ്” എന്താണ്? ശിഷ്യന്മാർക്ക് ഈ മുന്നറിയിപ്പ് നൽകിയശേഷം, താൻ എന്താണ് ഉദ്ദേശിക്കുന്നതെന്നും എന്തല്ല ഉദ്ദേശിക്കുന്നതെന്നും യേശു അവർക്കു വിശദീകരിച്ചുകൊടുക്കുന്നു. എന്നാൽ ആ വിശദീകരണംപോലും അവർക്ക് ഗ്രഹിക്കാനാകുന്നില്ലെന്നു തോന്നുന്നു. അതിനാൽ, “നിങ്ങൾക്ക് ഇനിയും മനസ്സിലാകുന്നില്ലേ?” എന്നു ചോദിച്ചുകൊണ്ട് അവിടുന്ന് അവസാനിപ്പിക്കുന്നു. ഇന്നും യേശു നമ്മിൽ ഓരോരുത്തരോടും ഈ ചോദ്യം ചോദിച്ചുകൊണ്ടിരിക്കുന്നു.
അവരെ ചിന്തിക്കാനും ശ്രദ്ധിച്ചു കേൾക്കാനും കൂടുതൽ ആഴത്തിൽ കാണാനും പ്രേരിപ്പിക്കുകയായിരുന്നു യേശു എന്നത് തീർച്ചയാണ്. “സൂക്ഷിക്കുവിൻ!” എന്ന് അവിടുന്ന് അവർക്ക് മുന്നറിയിപ്പു നൽകി. ഈ പുളിമാവിനെക്കുറിച്ച് ജാഗ്രത പുലർത്തുക. തികച്ചും യാഥാർഥ്യമായ ഒരു അപകടം കാണാനും മനസ്സിലാക്കാനും അവരെ സഹായിക്കുന്ന സ്നേഹപൂർവമായ മുന്നറിയിപ്പാണിത്.
മാവിൽ അൽപ്പം പുളിമാവ് (യീസ്റ്റ് പോലുള്ളവ) ചേർത്താലുണ്ടാകുന്ന ഫലം അപ്പം ചുടുന്ന എല്ലാവർക്കും അറിയാം. അൽപ്പം ചേർത്താൽ മതി, അത് അപ്പം മുഴുവനെയും ബാധിക്കും. അപ്പം ചുടാൻ സഹായിക്കുന്ന ഒരു കുട്ടി, മാവ് അൽപ്പാൽപ്പമായി പൊങ്ങിവരുന്നതു കാണാൻ പലതവണ മടങ്ങിവന്നേക്കാം. അതു കാണുന്നത് കൗതുകകരമായ ഒരു അനുഭവമായിത്തീരാം. ഇതെല്ലാം സംഭവിച്ചത് ആ അൽപ്പം യീസ്റ്റ് കൊണ്ടുമാത്രമാണ്.
അപ്പോൾ, ഫരിസേയരുടെയും ഹേറോദേസിന്റെയും ഈ പുളിമാവ് എന്താണ്? അവർ പ്രചരിപ്പിക്കുന്ന ദുഷിച്ച വാക്കുകളും ദുരുദ്ദേശ്യവും തെറ്റുകളുമാണത്. ഫരിസേയരുടെ കാര്യത്തിൽ, യേശു പറഞ്ഞതോ ചെയ്തതോ ആയ കാര്യങ്ങളെക്കുറിച്ചുള്ള ചെറിയൊരു തെറ്റിദ്ധാരണയോ തെറ്റായ അവതരണമോ മാത്രമായിരിക്കാം അത്. അവർ അവിടുത്തെ വാക്കുകളെ വളച്ചൊടിച്ചേക്കാം; അല്ലെങ്കിൽ വാക്കുകളില്ലാതെതന്നെ തങ്ങളുടെ അഭിപ്രായങ്ങൾ മറ്റുള്ളവരെ അറിയിച്ചേക്കാം. ഇത് പകർന്നുപിടിക്കുന്നതാണ്; എല്ലാവരെയും ബാധിക്കാനുള്ള ശേഷിയും ഇതിനുണ്ട്. സംശയത്തിന്റെയും എതിർപ്പിന്റെയും അവരുടെ ചെറിയ വിത്തുകൾ അൽപ്പാൽപ്പമായി മറ്റുള്ളവർക്കു ദോഷം വരുത്തുന്നു.
ഇങ്ങനെ ചെയ്യുന്നവരായി നമുക്കറിയാവുന്ന “ആ” ആളുകളെയെല്ലാം കുറിച്ചു ചിന്തിക്കാനായിരിക്കാം നമുക്കു പ്രവണത. എന്നാൽ ആദ്യം നമ്മിലേക്കുതന്നെ നോക്കാൻ മറന്നാൽ, വളർച്ചയ്ക്കുള്ള ഒരു പ്രധാന അവസരം നമുക്കു നഷ്ടമാകും. ഞാൻ ചിലപ്പോഴൊക്കെ ഇങ്ങനെ ചെയ്യാറുണ്ടോ? ചെറുതായോ സൂക്ഷ്മമായോ വഴിതെറ്റിക്കുന്ന കാര്യങ്ങൾ ഞാൻ പറയാറുണ്ടോ? അല്ലെങ്കിൽ, വാക്കുകളിലൂടെ പ്രകടിപ്പിക്കാത്ത എന്റെ നിഷേധാത്മക മനോഭാവങ്ങളിലൂടെ ഞാൻ മറ്റുള്ളവരെ വഴിതെറ്റിക്കാറുണ്ടോ? ചിലപ്പോഴൊക്കെ ഞാൻ ഒരു “നിഷേധാത്മക വ്യക്തി” ആകാറുണ്ടോ?
നമ്മുടെ തെറ്റ് നമുക്കു ബോധ്യപ്പെടുമ്പോൾ കുറ്റബോധത്തിൽ കഴിയുകയോ സ്വയം നിരുത്സാഹപ്പെടുകയോ ചെയ്യേണ്ടതില്ല. പകരം, നമ്മുടെ വാക്കുകളുടെ വലിയ ശക്തി തിരിച്ചറിയാൻ യേശുവിന്റെ ഈ ചെറിയ പാഠത്തിലേക്കു നാം നോക്കണം. ഏറ്റവും ചെറിയ വാക്കുകൾക്കുപോലും കാലക്രമേണ വലിയ ദോഷം വരുത്താൻ കഴിയും.
എന്നാൽ അതിൽ മാത്രമല്ല നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. നാം പറയുന്ന സ്നേഹപൂർവമായ ചെറിയ വാക്കുകൾക്കും കാലക്രമേണ വലിയ മാറ്റം വരുത്താൻ കഴിയുമെന്നു തിരിച്ചറിയുന്നതും അത്രതന്നെ പ്രധാനമാണ്. ഒരുപക്ഷേ, നാം നൽകുന്ന ആ ചെറിയ പുഞ്ചിരിയോ ആരും ശ്രദ്ധിക്കുന്നില്ലെന്നു നാം കരുതുന്ന ഒരു കാരുണ്യപ്രവൃത്തിയോ മാത്രമായിരിക്കാം അത്. ഈ ചെറിയ പ്രവൃത്തികളും വാക്കുകളും സുവിശേഷത്തിന്റെ പുളിമാവാണ്. അവ തീർച്ചയായും മാറ്റം വരുത്തുന്നു; അവയ്ക്കും മറ്റുള്ളവരിലേക്കു പകർന്നുപിടിക്കാൻ കഴിയും.
ജീവിതത്തിലെ ചെറിയ കാര്യങ്ങളെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ഈ ചെറിയ പാപങ്ങളും സ്നേഹത്തിന്റെ ചെറിയ പ്രവൃത്തികളും ഒടുവിൽ വലിയ മാറ്റം വരുത്തുന്നുവെന്ന് മനസ്സിലാക്കുക.
ശ്രദ്ധാലുവായ എന്റെ കർത്താവേ, സത്യസന്ധനായിരിക്കാനും ഓരോ ദിവസവും ഞാൻ ഏതുതരം പുളിമാവാണ് വിതയ്ക്കുന്നതെന്ന് തിരിച്ചറിയാനും എന്നെ സഹായിക്കണമേ. തിന്മയിൽനിന്ന് ശുദ്ധീകരിക്കപ്പെടാനും നന്മയാൽ നിറയാനും എന്നെ സഹായിക്കണമേ. അനുദിനം മറ്റുള്ളവരുമായുള്ള എന്റെ എല്ലാ ഇടപെടലുകളിലും ആ നല്ല പുളിമാവായിരിക്കാൻ അങ്ങ് എനിക്ക് പ്രചോദനം നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




