2022 ഏപ്രിൽ 9
നോമ്പുകാലം അഞ്ചാം ആഴ്ചയിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ

എന്നാൽ അവരിലൊരുവനും ആ വർഷത്തെ മഹാപുരോഹിതനുമായ കയ്യാഫാസ് അവരോടു പറഞ്ഞു: “നിങ്ങൾക്ക് ഒന്നും അറിഞ്ഞുകൂടാ. ജനം മുഴുവൻ നശിക്കാതിരിക്കാൻ ജനത്തിനുപകരം ഒരാൾ മരിക്കുന്നതാണ് നിങ്ങൾക്കു നല്ലതെന്ന് നിങ്ങൾ ചിന്തിക്കുന്നുമില്ല.” യോഹന്നാൻ 11:49–50
കഴിഞ്ഞ ദിവസത്തെ വിചിന്തനത്തിലെന്നപോലെ, യേശുവിന്റെ പീഡാനുഭവത്തിലും മരണത്തിലും നാം ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങേണ്ടത് പ്രധാനമാണ്. ഈ ഞായറാഴ്ച വിശുദ്ധവാരം ആരംഭിക്കുന്നു. അതിനാൽ, അവിടുത്തെ കുരിശിലേക്ക് നാം ഉറ്റുനോക്കണമെന്ന് ദൈവം ആഗ്രഹിക്കുന്ന സമയമാണിത്. എല്ലാ വശങ്ങളിൽനിന്നും അതിനെ നോക്കിക്കാണേണ്ടത് പ്രധാനമാണ്: എന്താണ് സംഭവിച്ചുകൊണ്ടിരുന്നത്, യേശു എന്താണ് അനുഭവിച്ചിരുന്നത്, ശിഷ്യന്മാർ എന്താണ് അനുഭവിച്ചിരുന്നത്, ഫരിസേയരും മഹാപുരോഹിതന്മാരുംപോലും എന്താണ് അനുഭവിച്ചിരുന്നത് എന്നെല്ലാം മനസ്സിലാക്കാൻ ശ്രമിക്കണം.
മുകളിൽ ഉദ്ധരിച്ച ഇന്നത്തെ സുവിശേഷത്തിൽ, മഹാപുരോഹിതനായ കയ്യാഫാസിന്റെ ചിന്താഗതി നാം കാണുന്നു. ഒരേസമയം ദുഃഖകരവും പ്രവചനാത്മകവുമാണ് അദ്ദേഹത്തിന്റെ വാക്കുകൾ എന്നത് ശ്രദ്ധേയമാണ്. മറ്റു പ്രധാനപുരോഹിതന്മാരോടും ഫരിസേയരോടും ചേർന്ന് അദ്ദേഹം യേശുവിനെ വധിക്കാൻ പദ്ധതികളും ഗൂഢാലോചനകളും തുടങ്ങുകയായിരുന്നു. എന്നാൽ കയ്യാഫാസിനെയും മറ്റുള്ളവരെയും പ്രേരിപ്പിച്ചതായി കാണപ്പെടുന്ന കാര്യം നമുക്കൊരു ഉൾക്കാഴ്ച നൽകുന്നു.
യേശുവിന്റെ ജനപ്രീതി വർധിച്ചുകൊണ്ടിരുന്നു. ഈ ജനപ്രീതി റോമാക്കാരുമായി പ്രശ്നങ്ങൾക്കിടയാക്കുമെന്ന് അവർ ഭയപ്പെട്ടു. യേശു ഇത്രയധികം ആളുകളെ ആകർഷിച്ചതിൽ അവർക്ക് അസൂയയുമുണ്ടായിരുന്നു. അതിനാൽ, ജനം മുഴുവൻ മരിക്കുന്നതിനെക്കാൾ ഒരാൾ മരിക്കുന്നതാണ് നല്ലതെന്ന വികലമായ യുക്തി കയ്യാഫാസ് അവതരിപ്പിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, യേശു ഇത്രയധികം ജനപ്രീതി നേടുകയും പ്രധാനപുരോഹിതന്മാരെയും ഫരിസേയരെയും ശ്രവിക്കുന്നതിനെക്കാൾ ജനം യേശുവിനെ ശ്രവിക്കുകയും ചെയ്തിരുന്നതിനാൽ, കാര്യങ്ങൾ പഴയപടിയാകാൻ ആ “പ്രശ്നം” ഇല്ലാതാക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം ചിന്തിച്ചതായി തോന്നുന്നു.
ഫരിസേയർ സത്യത്തെക്കാൾ തങ്ങളെക്കുറിച്ചും തങ്ങളുടെ സ്ഥാനത്തെക്കുറിച്ചുമാണ് കൂടുതൽ ആകുലപ്പെട്ടിരുന്നതെന്ന് ഇത് വെളിപ്പെടുത്തുന്നു. യേശു വളരെയധികം അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്നു എന്നത് അവനെതിരെയുള്ള അവരുടെ വിമർശനങ്ങളിൽ ഒന്നായിരുന്നു എന്നത് ആശ്ചര്യകരമാണ്. എത്ര വിചിത്രം! പ്രധാനപുരോഹിതന്മാരും ഫരിസേയരും സത്യത്തിൽ താത്പര്യമുള്ളവരായിരുന്നെങ്കിൽ, അവർ യേശുവിന്റെ മഹത്ത്വവും ദൈവിക അധികാരവും കാണുകയും അവനിൽ വിശ്വസിച്ച് അവനെ അനുഗമിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ തങ്ങളുടെ അഹങ്കാരം ഉപേക്ഷിച്ച്, തങ്ങളെയല്ലാതെ മറ്റൊരാളെ അനുഗമിക്കാനുള്ള വിളി സ്വീകരിക്കാൻ അവർക്കു കഴിഞ്ഞില്ല. തങ്ങളുടെ അധികാരസ്ഥാനം വിട്ടുകൊടുക്കാൻ അവർക്കു കഴിഞ്ഞില്ല.
നമ്മുടെ അനുദിന ജീവിതത്തിലും ഇതേ അനുഭവം നാം പലപ്പോഴും കാണുന്നു. എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാകാൻ നാം ആഗ്രഹിക്കുന്നു. അതിനാൽ, മറ്റൊരാൾ നന്നായി പ്രവർത്തിക്കുന്നതോ പ്രശംസിക്കപ്പെടുന്നതോ കാണുമ്പോൾ പലപ്പോഴും നമുക്ക് അസൂയ തോന്നാം. നമ്മുടെ അസൂയ പലപ്പോഴും ഒരുതരം ഈർഷ്യയായി മാറാം. മറ്റൊരാളുടെ നന്മ നമ്മിൽ കോപവും ദുഃഖവും ഉളവാക്കുന്നതിനെയാണ് ഈർഷ്യ എന്നു പറയുന്നത്. അതിനെക്കുറിച്ച് ഉള്ളിൽ നീറിക്കൊണ്ട്, അവർ പരാജയപ്പെടുന്നത് കാണാൻ നാം ആഗ്രഹിച്ചേക്കാം.
യേശുവിന്റെ വിശ്വസ്ത അനുയായികളിൽ ഒരാളായിരിക്കുക എന്നതാണ് അഭിലഷണീയം. നമ്മുടെ കർത്താവിനോടുള്ള ശത്രുത വർധിക്കുന്നത് നിങ്ങൾ കാണുന്ന ഈ വരുന്ന വാരത്തിൽ, ഇതിനെക്കുറിച്ച് ധ്യാനിക്കുന്നത് പ്രത്യേകിച്ചും പ്രധാനമാണ്. നിങ്ങൾ അവിടെ ഉണ്ടായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു? മറ്റുള്ളവരുടെ ആക്രമണങ്ങൾക്കിടയിലും നിങ്ങൾ യേശുവിനോടൊപ്പം നിൽക്കുമായിരുന്നോ? യേശുവിനോടുള്ള ശത്രുത വർധിക്കുമ്പോൾ, നിങ്ങൾ അവിടുത്തെ വിട്ട് പിൻവാങ്ങുമായിരുന്നോ, അതോ സ്നേഹത്തിലും സമർപ്പണത്തിലും അവിടുത്തോട് കൂടുതൽ അടുക്കുമായിരുന്നോ?
നമ്മുടെ കർത്താവ് അനുഭവിച്ച പീഡനങ്ങളുടെ വരാനിരിക്കുന്ന അനുസ്മരണത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. ആ ആദ്യത്തെ വിശുദ്ധവാരത്തിൽ ആളുകൾക്കുണ്ടായ വിവിധ പ്രതികരണങ്ങളെയും അനുഭവങ്ങളെയും കുറിച്ച് നിങ്ങളുടെ മനസ്സ് ചിന്തിച്ചുതുടങ്ങട്ടെ. അവരുടെ സ്ഥാനത്ത് നിങ്ങളെത്തന്നെ കണ്ടുകൊണ്ട്, യേശുവിനോടൊപ്പം ആ അനുഭവത്തിലൂടെ കടന്നുപോകാൻ ശ്രമിക്കുക. ദുഃഖവെള്ളിയാഴ്ച സ്നേഹത്തോടും ധൈര്യത്തോടുംകൂടെ അവിടുത്തോടൊപ്പം കുരിശിൻചുവട്ടിൽ നിൽക്കാനും, വഴിയിലുടനീളം അവിടുത്തെ സ്നേഹിച്ചുകൊണ്ട് അവിടുത്തോടൊപ്പം ഉറച്ചുനിൽക്കാനും കഴിയുക എന്നതാണ് ലക്ഷ്യം.
പീഡനമേറ്റ എന്റെ കർത്താവേ, വരാനിരിക്കുന്ന ഈ വിശുദ്ധവാരത്തിൽ ഞാൻ അങ്ങയെ അനുഗമിക്കുമാറാകട്ടെ. അങ്ങ് തിരസ്കാരവും വേദനയും അനുഭവിക്കുമ്പോഴും അങ്ങയെ സ്നേഹിക്കാൻ ആവശ്യമായ സ്നേഹം എനിക്കുണ്ടാകട്ടെ. എല്ലാ അസൂയയും സ്വാർഥതയും ഉപേക്ഷിക്കാനും, പ്രത്യേകിച്ച് മറ്റുള്ളവരുടെ സഹനങ്ങളിലും അവരുടെ നന്മയിലും അങ്ങയെ കാണാനും എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
(നോമ്പുകാലം അഞ്ചാം ആഴ്ചയിലെ ശനി)
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




