മലയാളം

ദൈവത്തിന്റെ ആന്തരിക ജീവിതം!

2022 ജൂൺ 12, ഞായറാഴ്ച

പരിശുദ്ധ ത്രിത്വത്തിന്റെ മഹോത്സവം

ഇന്നത്തെ വായനകൾ

വീഡിയോ

“സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു. അതിനാൽ, നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യരാക്കുവിൻ; പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്കു മാമ്മോദീസ നൽകുകയും ഞാൻ നിങ്ങളോടു കൽപിച്ചതെല്ലാം പാലിക്കാൻ അവരെ പഠിപ്പിക്കുകയും ചെയ്യുവിൻ. ഇതാ, യുഗാന്ത്യംവരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ട്.” മത്തായി 28:18-20

പരിശുദ്ധ ത്രിത്വം! ദൈവത്തിന്റെ ആന്തരിക ജീവിതം! നമ്മുടെ വിശ്വാസത്തിലെ ഏറ്റവും വലിയ രഹസ്യം!

ദൈവം ഏകനാണെന്ന ആശയം നമുക്കെല്ലാവർക്കും പരിചിതമാണ്. ഈ ഏകദൈവം പിതാവും പുത്രനും പരിശുദ്ധാത്മാവുമാണെന്ന് നാം പൂർണമായി അംഗീകരിക്കുകയും ചെയ്യുന്നു. ഒറ്റനോട്ടത്തിൽ ഇത് ഒരു വൈരുദ്ധ്യമായി തോന്നാം. ദൈവത്തിന് ഒരേസമയം ഏകനും മൂന്നു പേരുമായിരിക്കാൻ എങ്ങനെ കഴിയും? ആഴത്തിലിറങ്ങി ധ്യാനിക്കേണ്ട ഒരു രഹസ്യമാണിത്.

ആദ്യമായി, പിതാവായ ദൈവവും പുത്രനും പരിശുദ്ധാത്മാവും മൂന്നു ദൈവിക വ്യക്തികളാണെന്ന് നാം മനസ്സിലാക്കണം. ഓരോ വ്യക്തിയും മറ്റുള്ളവരിൽനിന്ന് വ്യതിരിക്തനാണ്. ഓരോ വ്യക്തിക്കും പരിപൂർണമായ ബുദ്ധിയും സ്വതന്ത്ര ഇച്ഛാശക്തിയുമുണ്ട്. ഓരോ വ്യക്തിക്കും പരിപൂർണമായി അറിയാനും സ്നേഹിക്കാനും കഴിയും.

എന്നാൽ അറിയാനും സ്നേഹിക്കാനുമുള്ള അവരുടെ കഴിവിന്റെ ഈ “പരിപൂർണത” തന്നെയാണ് അവരെ ഒന്നാക്കുന്നത്. അവർ ഓരോരുത്തരും ഒരേ ദൈവിക സ്വഭാവത്തിൽ പങ്കുചേരുന്നു; ആ ദൈവിക സ്വഭാവത്തിൽ അവർ പരിപൂർണമായി ഐക്യപ്പെട്ടിരിക്കുന്നു. ഇതിനർഥം ഓരോരുത്തരും മറ്റുള്ളവരെ പരിപൂർണമായി അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നു എന്നാണ്. ആ അറിവും (അവരുടെ പരിപൂർണ ബുദ്ധിയുടെ ഒരു പ്രവൃത്തി) സ്നേഹവും (അവരുടെ പരിപൂർണ ഇച്ഛാശക്തിയുടെ ഒരു പ്രവൃത്തി) അത്ര ഗാഢവും ആഴമേറിയതുമായ ഒരു ഐക്യം ഉളവാക്കുന്നു; അങ്ങനെ അവർ ഏകദൈവമായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു.

പരസ്പരമുള്ള അറിവിലൂടെയും സ്നേഹത്തിലൂടെയും അവർ പങ്കിടുന്ന ഐക്യം, അവരിൽ ഓരോരുത്തർക്കും ഒരു വ്യക്തിയെന്ന നിലയിൽ പരിപൂർണത നൽകുന്നുവെന്നതും അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നത് പ്രചോദനകരമാണ്. “വ്യക്തിത്വം” ഐക്യത്തിലൂടെയാണ് പൂർണത പ്രാപിക്കുന്നതെന്ന് ഇത് കാണിക്കുന്നു. നമുക്കോരോരുത്തർക്കും എത്ര മനോഹരമായൊരു പാഠമാണിത്!

നാം ദൈവമല്ല, എന്നാൽ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലുമാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതിനാൽ, ദൈവം പൂർണത കണ്ടെത്തുന്ന അതേ രീതിയിൽതന്നെ നാമും പൂർണത കണ്ടെത്തുന്നു. കൂടുതൽ വ്യക്തമായി പറഞ്ഞാൽ, മറ്റുള്ളവരെ സ്നേഹിക്കുന്നതിലൂടെയും ഓരോ വ്യക്തിയെയും അറിയാനും അവരുമായി കൂട്ടായ്മ രൂപപ്പെടുത്താനുമുള്ള നമ്മുടെ സ്വതന്ത്രമായ തിരഞ്ഞെടുപ്പിലൂടെയും നാം ജീവിതത്തിൽ പൂർണത കണ്ടെത്തുന്നു. നമ്മുടെ ബന്ധങ്ങൾക്കനുസരിച്ച് ഇത് വ്യത്യസ്ത രൂപങ്ങൾ കൈക്കൊള്ളും. തീർച്ചയായും, ദൈവത്തിന്റെ ജീവിതത്തെ അനുകരിച്ചുകൊണ്ട് ഏറ്റവും ആഴമായ ഐക്യത്തിൽ പങ്കുചേരാൻ ഭാര്യാഭർത്താക്കന്മാർ വിളിക്കപ്പെട്ടിരിക്കുന്നു. എന്നാൽ എല്ലാ ബന്ധങ്ങളും അവയുടേതായ സവിശേഷ രീതിയിൽ ദൈവത്തിന്റെ ജീവിതത്തിൽ പങ്കുചേരാൻ വിളിക്കപ്പെട്ടിരിക്കുന്നു.

പരിശുദ്ധ ത്രിത്വത്തിന്റെ ഈ ഞായറാഴ്ച ആഘോഷിക്കുമ്പോൾ, ദൈവം നിങ്ങളെ വിളിച്ചിരിക്കുന്ന ബന്ധങ്ങളെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങളുടെ ബന്ധങ്ങളിൽ ത്രിത്വത്തിന്റെ സ്നേഹത്തെ നിങ്ങൾ എത്രത്തോളം പൂർണമായി അനുകരിക്കുന്നു? വളർച്ച ആവശ്യമായ മേഖലകൾ നാമെല്ലാവരും തീർച്ചയായും കണ്ടെത്തും. കൂടുതൽ ആഴത്തിലേക്ക് മറ്റൊരു ചുവടുവയ്ക്കാൻ പ്രതിജ്ഞയെടുക്കുക. സ്നേഹത്തിന്റെ ആ ചുവടുവയ്പിലൂടെ, അതിന്റെ ഫലമായി നിങ്ങൾക്ക് കൂടുതൽ പൂർണത നൽകാൻ ദൈവത്തെ അനുവദിക്കുക.

പിതാവേ, പുത്രനേ, പരിശുദ്ധാത്മാവേ, അങ്ങയെ അറിയാനും സ്നേഹിക്കാനും എന്നെ സഹായിക്കണമേ. അങ്ങയുടെ ദൈവികജീവിതത്തിനുള്ളിൽ അങ്ങ് പങ്കുവയ്ക്കുന്ന സ്നേഹം കണ്ടെത്താൻ എന്നെ സഹായിക്കണമേ. ആ കണ്ടെത്തലിലൂടെ, അങ്ങയുടെ ഹൃദയത്തോടെ മറ്റുള്ളവരെയും സ്നേഹിക്കാൻ എന്നെ സഹായിക്കണമേ. പിതാവേ, പുത്രനേ, പരിശുദ്ധാത്മാവേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു.

ഞായറാഴ്ചകളിലെ കൂടുതൽ സുവിശേഷ വിചിന്തന വീഡിയോകൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

കൂടുതൽ വായനയ്ക്ക് – പരിശുദ്ധ ത്രിത്വത്തിന്റെ മഹോത്സവം

മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: അന്റോണിയോ ദെ പെരേദയുടെ ‘പരിശുദ്ധ ത്രിത്വം’, വിക്കിമീഡിയ കോമൺസ് വഴി