മലയാളം

അടയാളങ്ങൾ തേടൽ

2022 ഒക്ടോബർ 10
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ആഴ്ചയിലെ തിങ്കളാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

കൂടുതൽ ആളുകൾ ജനക്കൂട്ടത്തിൽ ഒരുമിച്ചുകൂടിക്കൊണ്ടിരിക്കെ, യേശു അവരോടു പറഞ്ഞു: “ഈ തലമുറ ദുഷിച്ച തലമുറയാണ്; ഇത് അടയാളം അന്വേഷിക്കുന്നു. എന്നാൽ യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും ഇതിനു നൽകപ്പെടുകയില്ല.”  ലൂക്കാ 11:29

ജീവിതത്തിൽ വ്യക്തമായ മാർഗനിർദേശമോ ദിശാബോധമോ നൽകുന്നതിനായി ദൈവം സ്വർഗത്തിൽനിന്ന് നിങ്ങൾക്ക് ഒരു അടയാളം നൽകിയിരുന്നെങ്കിൽ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ആഗ്രഹിക്കാറുണ്ടോ?  നിങ്ങൾ ദൈവത്തിൽനിന്നുള്ള അടയാളങ്ങൾ അന്വേഷിക്കുകയും അവയിൽ ആശ്രയിക്കുകയും ചെയ്യുന്നുണ്ടോ?

ദൈവം തന്റെ തിരുവിഷ്‌ടം വെളിപ്പെടുത്തുന്ന വ്യക്തമായ ഒരു അടയാളം നമ്മുടെ ജീവിതത്തിൽ നൽകുകയാണെങ്കിൽ, അതിനെ ഒരു ദാനമായി സ്വീകരിച്ച് നാം നന്ദിയുള്ളവരായിരിക്കണം.  എന്നാൽ ദൈവത്തിൽനിന്ന് ഒരു അടയാളം ലഭിക്കുന്നതും ദൈവത്തോട് ഒരു അടയാളം ആവശ്യപ്പെടുന്നതും വ്യത്യസ്തമാണ്.  മുകളിലെ വചനഭാഗത്തിൽ, അടയാളങ്ങൾ തേടി വരുന്നവരെ യേശു ശക്തമായി അപലപിക്കുന്നു.  എന്തുകൊണ്ടാണിത്?  അടയാളങ്ങൾ അന്വേഷിക്കുന്നതിനെതിരെ യേശു ഇത്ര ശക്തമായി സംസാരിക്കുന്നത് എന്തുകൊണ്ടാണ്?  വിശ്വാസമെന്ന ദാനത്തിലൂടെ നാം അവിടുത്തെ അന്വേഷിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന കാരണം.

യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും നൽകപ്പെടുകയില്ലെന്ന് യേശു വ്യക്തമാക്കുന്നു.  “യോനായുടെ അടയാളം” എന്നത് യേശുവിന്റെ കുരിശുമരണത്തെയും മരണത്തെയും കല്ലറയിലെ മൂന്നു ദിവസങ്ങളെയും ഉത്ഥാനത്തെയും സൂചിപ്പിക്കുന്നു.  യോനാ മൂന്നു ദിവസം തിമിംഗലത്തിന്റെ ഉദരത്തിലായിരുന്നു.  താൻ മൂന്നു ദിവസം കല്ലറയിലായിരിക്കുമെന്ന് യേശു അവരോടു പറയുകയായിരുന്നു.

എന്നാൽ പ്രധാന കാര്യം ഇതാണ്: യേശുവിന്റെ മരണവും ഉത്ഥാനവും തന്നെയാണ് നൽകപ്പെടാനിരിക്കുന്ന അടയാളം.  നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രമായ ഈ രഹസ്യമല്ലാതെ മറ്റൊന്നും നാം അന്വേഷിക്കരുത്.  ക്രിസ്തുവിന്റെ ജീവിതത്തിലേക്കും മരണത്തിലേക്കും ഉത്ഥാനത്തിലേക്കും പ്രവേശിച്ചുകൊണ്ട് നമ്മുടെ വീണ്ടെടുപ്പിന്റെ മഹാരഹസ്യത്തിലേക്ക് നാം കടന്നുചെന്നാൽ മാത്രം മതി; എല്ലാ ചോദ്യങ്ങൾക്കും പ്രശ്നങ്ങൾക്കും ആശങ്കകൾക്കും ആശയക്കുഴപ്പങ്ങൾക്കും മറ്റും ഉത്തരം കണ്ടെത്താനും അവയെ നേരിടാനും കഴിയും.  ഇതല്ലാതെ മറ്റൊരു അടയാളം അന്വേഷിക്കുന്നത് തെറ്റായിരിക്കും; കാരണം, യേശുവിന്റെ മരണവും ഉത്ഥാനവും മതിയാകുന്നില്ലെന്ന് പറയുന്നതിന് തുല്യമായിരിക്കും അത്.

ദൈവം ഇതുവരെ നൽകിയിട്ടുള്ളതിൽ ഏറ്റവും മഹത്തായ ഈ “അടയാളത്തെക്കുറിച്ച്” ഇന്ന് ധ്യാനിക്കുക.  ജീവിതത്തിലെ ചോദ്യങ്ങളുമായി നിങ്ങൾ മല്ലടിക്കുന്നുണ്ടെങ്കിൽ, നിർണായകമായ ഈ ഒരൊറ്റ അടയാളത്തിലേക്ക് നിങ്ങളുടെ ദൃഷ്ടി തിരിക്കുക.  നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രരഹസ്യമായ ക്രിസ്തുവിന്റെ ജീവിതത്തിലേക്കും മരണത്തിലേക്കും ഉത്ഥാനത്തിലേക്കും നിങ്ങളുടെ ദൃഷ്ടി തിരിക്കുക.  അവിടെയാണ് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താനാകുന്നതും എല്ലാ കൃപയും നൽകപ്പെടുന്നതും.  ഇതിലപ്പുറം ഒന്നും നമുക്ക് ആവശ്യമില്ല.

കർത്താവേ, ജീവിതത്തിൽ ഞാൻ അറിയേണ്ടതെല്ലാം അങ്ങയുടെ ജീവിതവും മരണവും ഉത്ഥാനവുമാണ്. അങ്ങയുടെ പരിപൂർണ്ണമായ ബലി എനിക്ക് എല്ലാ ഉത്തരങ്ങളും നൽകുകയും എല്ലാ കൃപകളും ചൊരിയുകയും ചെയ്യുന്നു. ഓരോ ദിവസവും എനിക്കാവശ്യമായ അടയാളമായി ഞാൻ എപ്പോഴും അങ്ങയിലേക്കു തിരിയട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

പുതിയത്!


ദൈവത്തിലേക്കുള്ള ആന്തരിക യാത്ര:
ആവിലായിലെ വിശുദ്ധ അമ്മത്രേസ്യയുടെ ധ്യാനചിന്തകൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുഖ്യചിത്രം: പീറ്റർ ലാസ്റ്റ്മാൻ വരച്ച യോനായും തിമിംഗലവും, വിക്കിമീഡിയ കോമൺസ് വഴി