2023 ജനുവരി 8, ഞായറാഴ്ച
കർത്താവിന്റെ പ്രത്യക്ഷീകരണം—മഹോത്സവം
ജനുവരി 6, അല്ലെങ്കിൽ ജനുവരി 1-നു ശേഷമുള്ള ആദ്യ ഞായറാഴ്ച
നിങ്ങളുടെ പ്രാദേശിക രൂപതയിലെയോ പ്രദേശത്തെയോ ആചാരമനുസരിച്ച്

ഹേറോദേസ് രാജാവിന്റെ കാലത്ത്, യൂദയായിലെ ബേത്ലഹേമിൽ യേശു ജനിച്ചപ്പോൾ, കിഴക്കുനിന്ന് ജ്ഞാനികൾ ജറുസലെമിൽ എത്തി ചോദിച്ചു: “യഹൂദരുടെ രാജാവായി ജനിച്ചവൻ എവിടെയാണ്? അവന്റെ നക്ഷത്രം ഉദിച്ചുയരുന്നത് ഞങ്ങൾ കണ്ടു; അവനെ വണങ്ങാൻ ഞങ്ങൾ വന്നിരിക്കുന്നു.” മത്തായി 2:1–2
ജ്ഞാനികൾ മിക്കവാറും ഇന്നത്തെ ഇറാനായ പേർഷ്യയിൽനിന്നുള്ളവരായിരുന്നു. നക്ഷത്രങ്ങളെ പതിവായി പഠിച്ചിരുന്നവരായിരുന്നു അവർ. അവർ യഹൂദരായിരുന്നില്ല. എങ്കിലും, തങ്ങളെ രക്ഷിക്കുന്ന ഒരു രാജാവ് ജനിക്കുമെന്ന യഹൂദജനതയുടെ ഇടയിൽ പ്രചാരത്തിലിരുന്ന വിശ്വാസത്തെക്കുറിച്ച് അവർക്ക് മിക്കവാറും അറിവുണ്ടായിരുന്നിരിക്കണം.
ലോകരക്ഷകനെ കണ്ടുമുട്ടാൻ ദൈവം ഈ ജ്ഞാനികളെ വിളിച്ചു. ശ്രദ്ധേയമായ കാര്യം, അവരെ വിളിക്കാനുള്ള ഉപാധിയായി ദൈവം ഉപയോഗിച്ചത് അവർക്ക് ഏറെ പരിചിതമായിരുന്ന നക്ഷത്രങ്ങളെയാണ് എന്നതാണ്. വളരെ പ്രാധാന്യമുള്ള ഒരാൾ ജനിക്കുമ്പോൾ, ആ ജനനത്തോടൊപ്പം ഒരു പുതിയ നക്ഷത്രവും പ്രത്യക്ഷപ്പെടുമെന്നത് അവരുടെ വിശ്വാസങ്ങളിൽ ഒന്നായിരുന്നു. അതുകൊണ്ട്, പുതുതായി പ്രത്യക്ഷപ്പെട്ട, ഉജ്ജ്വലമായി പ്രകാശിക്കുന്ന ഈ നക്ഷത്രം കണ്ടപ്പോൾ അവർ ആകാംക്ഷയും പ്രത്യാശയുംകൊണ്ട് നിറഞ്ഞു. ഈ സംഭവത്തിലെ ഏറ്റവും പ്രധാനപ്പെട്ട വശങ്ങളിലൊന്ന് അവർ പ്രതികരിച്ചു എന്നതാണ്. ഒരു നക്ഷത്രത്തിലൂടെ ദൈവം അവരെ വിളിച്ചു. ദീർഘവും ദുഷ്കരവുമായ ഒരു യാത്രയ്ക്കു പുറപ്പെട്ടുകൊണ്ട് ആ അടയാളത്തെ പിന്തുടരാൻ അവർ തീരുമാനിച്ചു.
നമ്മെ വിളിക്കാൻ ദൈവം പലപ്പോഴും ഉപയോഗിക്കുന്നത് നമ്മുടെ അനുദിന ജീവിതത്തിന്റെ ഭാഗമായ, നമുക്ക് ഏറ്റവും പരിചിതമായ കാര്യങ്ങളാണ്. ഉദാഹരണത്തിന്, അപ്പസ്തോലന്മാരിൽ പലരും മത്സ്യത്തൊഴിലാളികളായിരുന്നുവെന്നും, യേശു അവരുടെ തൊഴിൽ ഉപയോഗിച്ചുകൊണ്ട് അവരെ വിളിച്ച് “മനുഷ്യരെ പിടിക്കുന്നവരാക്കി” മാറ്റിയെന്നും ഓർക്കുക. അവർക്ക് ഒരു പുതിയ വിളി ലഭിച്ചിരിക്കുന്നുവെന്ന് വ്യക്തമായി സൂചിപ്പിക്കാൻ അവിടുന്ന് പ്രത്യേകിച്ചും അത്ഭുതകരമായ മീൻപിടിത്തം ഉപയോഗിച്ചു.
നമ്മുടെ സ്വന്തം ജീവിതത്തിൽ, തന്നെ അന്വേഷിച്ചു കണ്ടെത്താനും ആരാധിക്കാനും ദൈവം നിരന്തരം നമ്മെ വിളിക്കുന്നു. ആ വിളി നമ്മിലേക്ക് എത്തിക്കാൻ അവിടുന്ന് പലപ്പോഴും നമ്മുടെ ജീവിതത്തിലെ ഏറ്റവും സാധാരണമായ ചില കാര്യങ്ങൾ ഉപയോഗിക്കും. അവിടുന്ന് നിങ്ങളെ എങ്ങനെയാണ് വിളിക്കുന്നത്? പിന്തുടരാനായി ഏതു വിധത്തിലാണ് അവിടുന്ന് നിങ്ങൾക്ക് ഒരു നക്ഷത്രത്തെ അയച്ചുതരുന്നത്? ദൈവം സംസാരിക്കുമ്പോൾ പലപ്പോഴും നാം അവിടുത്തെ സ്വരം അവഗണിക്കുന്നു. ഈ ജ്ഞാനികളിൽനിന്ന് നാം പഠിക്കുകയും അവിടുന്ന് വിളിക്കുമ്പോൾ താത്പര്യപൂർവം പ്രതികരിക്കുകയും വേണം. നാം മടിച്ചുനിൽക്കരുത്. കൂടുതൽ ആഴമായ വിശ്വാസത്തിലേക്കും സമർപ്പണത്തിലേക്കും ആരാധനയിലേക്കും ദൈവം നമ്മെ ക്ഷണിക്കുന്ന വഴികൾ അനുദിനം ശ്രദ്ധിക്കാൻ നാം പരിശ്രമിക്കണം.
നിങ്ങളുടെ ജീവിതത്തിലെ ദൈവവിളിയെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ? നിങ്ങൾ പ്രതികരിക്കുന്നുണ്ടോ? അവിടുത്തെ വിശുദ്ധ ഹിതം നിറവേറ്റാനായി ജീവിതത്തിലെ മറ്റെല്ലാം ഉപേക്ഷിക്കാൻ നിങ്ങൾ തയ്യാറും സന്നദ്ധരുമാണോ? അവിടുത്തെ അന്വേഷിക്കുക, അവിടുത്തേക്കായി കാത്തിരിക്കുക, അവിടുത്തോട് പ്രതികരിക്കുക. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനമായിരിക്കും.
കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. എന്റെ ജീവിതത്തിൽ അങ്ങയുടെ കരത്തിന്റെ വഴിനടത്തൽ തുറന്ന മനസ്സോടെ സ്വീകരിക്കാനാകണമേയെന്ന് ഞാൻ പ്രാർഥിക്കുന്നു. ഓരോ ദിവസവും എണ്ണമറ്റ വിധങ്ങളിൽ അങ്ങ് എന്നെ വിളിക്കുന്നത് ഞാൻ എപ്പോഴും ശ്രദ്ധിക്കുമാറാകട്ടെ. പൂർണഹൃദയത്തോടെ ഞാൻ എപ്പോഴും അങ്ങയോടു പ്രത്യുത്തരിക്കുമാറാകട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
കൂടുതൽ ഞായറാഴ്ച വീഡിയോ വിചിന്തനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – കർത്താവിന്റെ പ്രത്യക്ഷീകരണം—മഹോത്സവം
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: flickr വഴി




