2023 ഫെബ്രുവരി 19
ആണ്ടുവട്ടത്തിലെ ഏഴാം ഞായർ (വർഷം A)
ഇന്നത്തെ വായനകൾ

“അയൽക്കാരനെ സ്നേഹിക്കുകയും ശത്രുവിനെ ദ്വേഷിക്കുകയും ചെയ്യുക എന്നു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുകയും നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യുവിൻ. അങ്ങനെ നിങ്ങൾ നിങ്ങളുടെ സ്വർഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും. എന്തെന്നാൽ, അവിടുന്ന് ദുഷ്ടരുടെയും ശിഷ്ടരുടെയുംമേൽ തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും നീതിരഹിതരുടെയുംമേൽ മഴ പെയ്യിക്കുകയും ചെയ്യുന്നു.” മത്തായി 5:43–45
നമ്മുടെ ശത്രുക്കളെ ദ്വേഷിക്കണമെന്ന് പഴയനിയമത്തിൽ ഒരിടത്തും പറയുന്നില്ല. “എഴുതപ്പെട്ടിരിക്കുന്നു…” എന്നല്ല യേശു പറഞ്ഞതെന്നു ശ്രദ്ധിക്കുക. പകരം, “പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ…” എന്നാണ് അവിടുന്ന് പറയുന്നത്. അപ്പോൾ ആരാണ് ഇതു പറഞ്ഞത്? നിയമജ്ഞരുടെയും ഫരിസേയരുടെയും ഇടയിലെ ചില പാരമ്പര്യങ്ങളിൽ ഈ തെറ്റായ വിശ്വാസം നിലനിന്നിരുന്നു. ചിലർ ആ നിലപാടു സ്വീകരിച്ചിരുന്നതിനാലാണ് യേശു അതിനെക്കുറിച്ചു സംസാരിച്ചത്.
ഈ ഭാഗത്തും മറ്റു പല ഭാഗങ്ങളിലും, അസാധ്യമെന്നു പലരും കരുതിയിരുന്ന സ്നേഹത്തിന്റെ പുതിയൊരു ആഴത്തിലേക്ക് യേശു നമ്മെ വിളിക്കുന്നു. വാസ്തവത്തിൽ, ഈ ഭാഗത്തിന്റെ സമാപനത്തിൽ, “അതിനാൽ, നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് പരിപൂർണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണരായിരിക്കുവിൻ” എന്നു പറയുമ്പോൾ, തന്റെ പ്രബോധനത്തിന്റെ ഉന്നതി യേശുതന്നെ അംഗീകരിക്കുന്നു. ജീവിതത്തിൽ പലപ്പോഴും നാം പൂർണതയിൽ കുറഞ്ഞതുകൊണ്ടു തൃപ്തിപ്പെടുന്നു. ഈ ജീവിതത്തിൽ വിശുദ്ധിയുടെ ആ തലത്തിൽ നാം ഒരിക്കലും എത്തിയില്ലെന്നു വന്നാലും, അത് നമ്മുടെ നിരന്തരമായ ലക്ഷ്യമായിരിക്കണം. നമ്മുടെ “ശത്രുക്കളുടെ” കാര്യത്തിലാകട്ടെ, അവരോടുള്ള പരിപൂർണസ്നേഹം നമ്മുടെ അനുദിന ദൗത്യമായി മാറണം.
അപ്പോൾ ആരാണ് എന്റെ “ശത്രു?” യേശു ഇത് നമുക്കായി നിർവചിക്കുന്നില്ലെങ്കിലും, ഏതെങ്കിലും തരത്തിൽ നമുക്കു പിരിമുറുക്കമോ ഭിന്നതയോ ഉള്ള ആരെയും അങ്ങനെ പരിഗണിക്കണം. ഒരുപക്ഷേ നിങ്ങളെ വെറുക്കുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യുന്ന, നിങ്ങളെക്കുറിച്ചു മോശമായി സംസാരിക്കുകയോ നിങ്ങളോടു മോശമായി പെരുമാറുകയോ ചെയ്യുന്ന ഒരാൾ ഉണ്ടായിരിക്കാം. അല്ലെങ്കിൽ, നിങ്ങൾക്ക് ഇഷ്ടമില്ലാത്ത, നിങ്ങൾക്കു കോപം തോന്നുന്ന, നിങ്ങൾ വിധിക്കാൻപോലും മുതിരുന്ന ഒരാൾ ഉണ്ടായിരിക്കാം. അതിനാൽ, നിങ്ങൾക്കു പരിപൂർണമായ സ്നേഹമില്ലാത്തവരെ തിരിച്ചറിയാൻ ശ്രമിച്ചുകൊണ്ട് ആരംഭിക്കുക. വാസ്തവത്തിൽ, നിങ്ങൾ “സ്നേഹിക്കുന്നവരുടെ” പട്ടികയിലുള്ളതിനെക്കാൾ വളരെ കൂടുതൽ ആളുകൾ ആ പട്ടികയിൽ ഉണ്ടായിരിക്കാം.
ഏതെങ്കിലും അളവിൽ ശത്രു എന്ന വിഭാഗത്തിൽപ്പെടുന്നവരെ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, നിങ്ങൾ അവരെ സ്നേഹിക്കുന്നുണ്ടോ എന്നു ചിന്തിക്കുക. “അവന്റെ വിജയത്തിൽ നാം ദുഃഖിക്കാതിരിക്കുകയും അവന്റെ വീഴ്ചയിൽ സന്തോഷിക്കാതിരിക്കുകയും ചെയ്യുമ്പോൾ” നാം നമ്മുടെ ശത്രുവിനെ സ്നേഹിക്കുന്നുവെന്ന് ഒരു സഭാപിതാവ് പറയുന്നു. വിചിന്തനത്തിന് ഏറെ സഹായകമായ ഒരു നിർവചനമാണിത്. ആത്യന്തികമായി, ഇതാണ് അസൂയയുടെ നിർവചനം.
നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ഒരാൾ പ്രശംസാർഹമായ എന്തിലെങ്കിലും വിജയിച്ചാൽ, നിങ്ങളുടെ ഉള്ളിലെ പ്രതികരണം എന്താണ്? ഉടനടി ഉള്ളിൽനിന്ന് ശക്തമായൊരു പ്രതികരണമുണ്ടാകുകയോ, ആ വ്യക്തിയെ എന്തിന് അഭിനന്ദിക്കണമെന്ന് നിങ്ങൾ സ്വയം ചോദിച്ചുതുടങ്ങുകയോ ചെയ്യുന്നുവെങ്കിൽ, ഈ പാപവുമായി നിങ്ങൾ മല്ലിടുന്നുണ്ടാകാം. അല്ലെങ്കിൽ, നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ഒരാൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടായെന്നോ, ഏതെങ്കിലും കുഴപ്പത്തിൽ അകപ്പെട്ടെന്നോ, എന്തെങ്കിലും ദുരനുഭവം നേരിട്ടെന്നോ കേൾക്കുമ്പോൾ നിങ്ങൾ എന്തു ചിന്തിക്കുന്നു, പറയുന്നു, അനുഭവിക്കുന്നു എന്നു പരിഗണിക്കുക. ആ വ്യക്തിയുടെ വേദന ഉൾക്കൊള്ളുകയും അയാളുടെ നന്മ ആഗ്രഹിക്കുകയുമാണ് ഏറ്റവും ഉചിതമായ പ്രതികരണം. ഇതല്ല നിങ്ങളുടെ ഉള്ളിലെ പ്രതികരണമെങ്കിൽ, അത് ശ്രദ്ധിക്കുക.
തന്റെ പിതാവ് “ദുഷ്ടരുടെയും ശിഷ്ടരുടെയുംമേൽ തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും നീതിരഹിതരുടെയുംമേൽ മഴ പെയ്യിക്കുകയും ചെയ്യുന്നു” എന്നു പറഞ്ഞുകൊണ്ടാണ് യേശു തന്റെ പ്രബോധനം അവസാനിപ്പിക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവം തന്റെ പരിപൂർണമായ സ്നേഹവും കരുണയും എല്ലാവരുടെയുംമേൽ ഒരുപോലെ ചൊരിയുന്നു. ചിലർ ആ കരുണ സ്വീകരിക്കാൻ തീരുമാനിക്കുന്നു, മറ്റുള്ളവർ അത് നിരസിക്കുന്നു എന്നതു മാത്രമാണ് വ്യത്യാസം. നമ്മുടെ കാര്യത്തിലാകട്ടെ, നമ്മെ സ്നേഹിക്കുന്ന ദൈവത്തെപ്പോലെ നാമും എല്ലാവർക്കും ഒരുപോലെ, നമുക്കു കഴിയുന്നത്ര പൂർണമായി, സ്നേഹവും കരുണയും നൽകണം. ദൈവസ്നേഹത്തെ നിരസിക്കുന്നതുപോലെ ചിലർ ആ സ്നേഹവും നിരസിച്ചേക്കാമെങ്കിലും, അത് എപ്പോഴും നൽകണം; ഒരിക്കലും പിൻവലിക്കരുത്. ഇതാണ് അയൽക്കാരനോടുള്ള സ്നേഹവും നമ്മുടെ ശത്രുക്കളോടുള്ള സ്നേഹവും.
പരിപൂർണമായി സ്നേഹിക്കാൻ നിങ്ങൾക്കു പ്രയാസമുള്ളവരെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. ഒരുപക്ഷേ ആ പട്ടിക നീണ്ടതായിരിക്കാം. നിങ്ങൾ ഏറ്റവും പതിവായി കണ്ടുമുട്ടുന്നവരിൽനിന്നോ നിങ്ങളുടെ ഉള്ളിൽ ശക്തമായ നിഷേധാത്മക പ്രതികരണം ഉളവാക്കുന്നവരിൽനിന്നോ തുടങ്ങുക. അവരെ ഓർക്കുമ്പോൾ, അവർക്കുവേണ്ടിയും അവരുടെ നന്മയ്ക്കുവേണ്ടിയും അവരുടെമേൽ ദൈവാനുഗ്രഹങ്ങൾ ഉണ്ടാകുന്നതിനുവേണ്ടിയും പ്രാർഥിക്കുക. അവരിലെ എന്തെങ്കിലും നന്മ കാണാൻ ശ്രമിക്കുക. അവരെപ്രതി ദൈവത്തിനു നന്ദി പറയാൻ ശ്രമിക്കുക. അവരെക്കുറിച്ച് നിങ്ങൾക്കുണ്ടായേക്കാവുന്ന ക്രമരഹിതമായ വികാരങ്ങളോ ചിന്തകളോ നീക്കിക്കളയാനും ശ്രമിക്കുക. സ്നേഹിക്കാനുള്ള യേശുവിന്റെ പുതിയ കല്പന നിറവേറ്റുക എന്ന നിങ്ങളുടെ ദൗത്യത്തിലെ ആദ്യപടിയാണിത്.
എന്റെ സ്നേഹനാഥാ, നല്ലവരും ചീത്തവരുമായ എല്ലാ മനുഷ്യരെയും ഒരുപോലെ അങ്ങ് സ്നേഹിക്കുകയും അവരുടെമേൽ അങ്ങയുടെ അളവറ്റ കരുണ ചൊരിയുകയും ചെയ്യുന്നു. ആ സ്നേഹം സ്വീകരിക്കാൻ ഞാൻ എപ്പോഴും തുറന്ന മനസ്സുള്ളവനായിരിക്കാനും എന്റെ ജീവിതത്തിന്റെ ആഴങ്ങളിലേക്ക് അതിനെ സ്വീകരിക്കാനും ഞാൻ പ്രാർഥിക്കുന്നു. അങ്ങയുടെ സ്നേഹം ഏറ്റവും ആവശ്യമുള്ളവരുടെ ജീവിതങ്ങളിലേക്ക് എന്നിലൂടെ അത് പ്രകാശിക്കണമെന്നും ഞാൻ പ്രാർഥിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ





