ഏപ്രിൽ 7, 2023
കർത്താവിന്റെ പീഡാനുഭവത്തിന്റെ ദുഃഖവെള്ളി

അപ്പോൾ അവൻ യേശുവിനെ ക്രൂശിക്കാൻ അവർക്കു വിട്ടുകൊടുത്തു. അവർ യേശുവിനെ കൊണ്ടുപോയി. അവിടുന്ന് സ്വയം കുരിശു ചുമന്നുകൊണ്ട് തലയോടിടം എന്നു വിളിക്കപ്പെടുന്ന സ്ഥലത്തേക്കു പോയി. ഹെബ്രായഭാഷയിൽ ആ സ്ഥലത്തിനു ഗോൽഗോഥാ എന്നു പറയുന്നു. അവിടെ അവർ അവിടുത്തെ ക്രൂശിച്ചു; അവിടുത്തോടൊപ്പം വേറെ രണ്ടുപേരെയും, ഇരുവശങ്ങളിലുമായി ഓരോരുത്തരെയും നടുവിൽ യേശുവിനെയും ക്രൂശിച്ചു. യോഹന്നാൻ 19:16–18
നമ്മുടെ കർത്താവിന്റെ പീഡാനുഭവം ആരംഭിക്കുന്നു. പെസഹാഭക്ഷണം ആഘോഷിച്ചശേഷം യേശു ശിഷ്യന്മാരോടൊപ്പം ഒരു തോട്ടത്തിലേക്കു പോകുന്നതോടെയാണ് ഇന്നത്തെ സുവിശേഷവിവരണം ആരംഭിക്കുന്നത്. പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തി ഇത്ര വലിയ അനീതി തനിക്കു നേരിടാൻ അനുവദിച്ചു എന്ന ചിന്ത നമ്മെ നടുക്കുന്നു. എല്ലാ വിധത്തിലും പരിപൂർണ്ണനായിരുന്നിട്ടും, ഒരു കുറ്റവാളിയെപ്പോലെ തന്നെ കൈകാര്യം ചെയ്യാനും പാപികളുടെ കൈകളാൽ പീഡനമേൽക്കാനും അതിവേദനാജനകമായ മരണം വരിക്കാനും അവിടുന്ന് സ്വയം വിട്ടുകൊടുത്തു.
യേശു അറസ്റ്റുചെയ്യപ്പെട്ട തോട്ടത്തിൽ നടന്ന ആദ്യത്തെ ഞെട്ടിക്കുന്ന സംഭവങ്ങളിലൊന്ന് അവിടുത്തെ പിടികൂടാൻ അയച്ച പടയാളികളുടെ വൻസംഖ്യയാണ്. ഒരു “പടയാളിസംഘം” എന്നതുകൊണ്ട് ഈ കൃത്യം നിർവഹിക്കാൻ 600 പടയാളികളെവരെ അയച്ചിരുന്നു എന്ന് അർത്ഥമാകാം. “വിളക്കുകളും പന്തങ്ങളും ആയുധങ്ങളുമായി” വന്നത് അപ്പോൾ ഇരുട്ടായിരുന്നു എന്നു വെളിപ്പെടുത്തുന്നു. യോഹന്നാന്റെ സുവിശേഷത്തിൽ ഇരുട്ടിന്റെ പ്രതീകാത്മകതയ്ക്ക് വലിയ പ്രാധാന്യമുണ്ട്; ആ രാത്രിയിൽ നിറഞ്ഞുനിന്ന ആത്മീയ അന്ധകാരത്തെയാണ് അതു ചിത്രീകരിക്കുന്നത്. ആ അന്ധകാരത്തിനുള്ളിൽ, യേശുവിന്റെ സ്വന്തം അപ്പസ്തോലന്മാരിൽ ഒരാൾ അവിടുത്തെ ഒറ്റിക്കൊടുത്തു; അവിടുത്തെ പിടികൂടാൻ ഇത്ര വലിയൊരു പടയാളിസംഘത്തെ നയിച്ചുകൊണ്ടുവന്നു.
യേശു അറസ്റ്റുചെയ്യപ്പെട്ടപ്പോൾ, അപ്പസ്തോലന്മാരുടെ നേതാവാകാനിരുന്ന പത്രോസ്, തനിക്കു യേശുവിനെ അറിയുകപോലുമില്ലെന്ന് ആദ്യമായി നിഷേധിച്ചുപറയുന്നു. ആദരണീയനായ മുൻ മഹാപുരോഹിതൻ അന്നാസ് യേശുവിനെ ചോദ്യം ചെയ്യുന്നതിനിടയിലാണ് ഇതു സംഭവിക്കുന്നത്. യേശുവിനെ ആദ്യം ചോദ്യം ചെയ്തത് ഒരു മഹാപുരോഹിതനായിരുന്നു എന്ന വസ്തുത, “മതനിഷ്ഠരായവർ” പോലും ചിലപ്പോൾ വിശ്വാസത്തിനെതിരായ ആക്രമണങ്ങളുടെ ക്രൂരമായ ഉപകരണങ്ങളാകാമെന്നു കാണിക്കുന്നു. അന്നാസിന്റെ അടുക്കൽനിന്ന് യേശുവിനെ അന്ന് മഹാപുരോഹിതനായിരുന്ന കയ്യാഫാസിന്റെ അടുത്തേക്കു കൊണ്ടുപോകുന്നു. ആ ചോദ്യം ചെയ്യലിനിടയിൽ പത്രോസ് നമ്മുടെ കർത്താവിനെ രണ്ടാമതും പിന്നെ മൂന്നാമതും നിഷേധിച്ചു. യേശു മരിക്കണമെന്ന നിഗമനത്തിൽ ഈ മതനേതാക്കൾ എത്തിച്ചേർന്നു. “ജനത്തിനു പകരം ഒരുവൻ മരിക്കുന്നതാണ് നിങ്ങൾക്കു നല്ലത്” (യോഹന്നാൻ 11:50) എന്നു കയ്യാഫാസ് മുമ്പ് വാദിച്ചിരുന്നതു ഓർക്കുക. വാസ്തവത്തിൽ, കയ്യാഫാസിന്റെ ആ വാക്കുകൾ, എല്ലാ ജനങ്ങൾക്കുംവേണ്ടിയുള്ള നമ്മുടെ കർത്താവിന്റെ മരണത്തെ മുൻകൂട്ടി അറിയിച്ച, അവൻ ഉദ്ദേശിക്കാതെ പറഞ്ഞ ഒരു പ്രവചനമായിരുന്നു.
ഒരാളെ ക്രൂശിക്കാൻ യഹൂദ അധികാരികൾക്ക് അധികാരമില്ലാതിരുന്നതിനാൽ അവർ റോമൻ ദേശാധിപതിയായ പീലാത്തോസിനെ ആശ്രയിച്ചു. അവരുടെ അഭ്യർത്ഥന നിറവേറ്റാൻ പീലാത്തോസ് വലിയ താത്പര്യം കാണിക്കുന്നില്ലെങ്കിലും, കലാപവും സീസറിന്റെ പ്രതികാരനടപടികളും ഭയന്ന് അയാൾ അതിനു വഴങ്ങുന്നു. യേശുവിനെ ചമ്മട്ടിയടിപ്പിക്കുകയും തന്റെ പടയാളികൾക്ക് അവിടുത്തെ പരിഹസിക്കാൻ അനുവാദം നൽകുകയും ചെയ്തുകൊണ്ട് പീലാത്തോസ് അവിടുത്തെ അപമാനിക്കുകയും ചെയ്യുന്നു. യേശുവിനെ അവർ ധരിപ്പിച്ച ധൂമ്രവസ്ത്രവും അവിടുത്തെ തലയിൽ അണിയിച്ച മുൾക്കിരീടവും അവിടുത്തെ യഥാർത്ഥ രാജത്വത്തിന്റെ പ്രതീകങ്ങളാണെന്ന് അവർ ഒട്ടും അറിഞ്ഞിരുന്നില്ല. ആത്മാക്കളുടെ രക്ഷയ്ക്കായുള്ള പോരാട്ടത്തിൽ മരണത്തെത്തന്നെ പരാജയപ്പെടുത്തിക്കൊണ്ടാണ് യേശു ആ രാജത്വം പ്രയോഗിച്ചത്.
യേശു ക്രൂശിക്കപ്പെട്ടപ്പോൾ, രണ്ടു കള്ളന്മാരുടെ നടുവിൽ അവിടുന്ന് കുരിശിൽ തൂങ്ങിക്കിടന്നു. മൂന്നു മണിക്കൂർ അതിവേദന അനുഭവിക്കുന്നതിനിടയിൽ, തന്റെ അമ്മയ്ക്ക് തന്റെ അരികിൽ നിൽക്കാൻ അവിടുന്ന് അനുവാദം നൽകി; അമ്മയെ ശിഷ്യനായ യോഹന്നാനെയും യോഹന്നാനെ അമ്മയെയും ഏല്പിച്ചു; ദാഹം ശമിപ്പിക്കാൻ വീഞ്ഞു കുടിച്ചു; “എല്ലാം പൂർത്തിയായി” എന്ന തന്റെ അവസാന വാക്കുകൾ ഉച്ചരിച്ചു. തുടർന്ന് അവിടുന്ന് തന്റെ തിരുശ്ശിരസ്സു കുനിച്ച് ആത്മാവിനെ സമർപ്പിച്ചു.
യേശു മരിച്ചശേഷം ഒരു പടയാളി കുന്തംകൊണ്ട് അവിടുത്തെ പാർശ്വം കുത്തിത്തുറന്നെന്നും അതിൽനിന്ന് രക്തവും വെള്ളവും ഒഴുകിയെന്നും യോഹന്നാന്റെ സുവിശേഷം നമ്മോടു വിവരിക്കുന്നു. നമ്മുടെ കർത്താവിന്റെ ഈ അവസാന ദാനം മാമ്മോദീസയുടെയും വിശുദ്ധ കുർബാനയുടെയും കൂദാശകളുടെ പ്രതീകമായി മനസ്സിലാക്കപ്പെട്ടിട്ടുണ്ട്. യഥാർത്ഥത്തിൽ എല്ലാം പൂർത്തിയായിരുന്നു. രാജാവ് പോരാട്ടത്തിൽ വിജയിച്ചിരുന്നു. മരണം പരാജയപ്പെട്ടു; ആ വിജയത്തിൽ നമുക്കു പങ്കുചേരാനുള്ള മാർഗം കൂദാശകളുടെ സ്ഥാപനത്തിലൂടെ നൽകപ്പെടുകയും ചെയ്തു.
ഏറ്റവും പവിത്രമായ ഈ രംഗത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ആ വിശുദ്ധദിനത്തിൽ നടന്ന ഓരോ പ്രവൃത്തിയുടെയും അർത്ഥത്തിന്റെ ആഴത്തിനും വ്യാപ്തിക്കും അന്ത്യമില്ല. ഓരോ വിശദാംശവും ദൈവത്തിന്റെ സ്നേഹം വെളിപ്പെടുത്തുന്നു. ഓരോ പ്രതീകവും അവിടെ സംഭവിച്ച കാര്യത്തിന്റെ യാഥാർത്ഥ്യത്തിലേക്കു വിരൽചൂണ്ടുന്നു. നമ്മുടെ കർത്താവ് അരുളിച്ചെയ്ത ഓരോ വാക്കും നാം കേൾക്കാനും സ്വീകരിക്കാനും വിശ്വസിക്കാനുമുള്ളതാണ്. ദുഃഖവെള്ളിയുടെ അർത്ഥം നമ്മുടെ മാനുഷിക ഗ്രഹണശക്തിക്ക് അതീതമാണ്. എന്നിരുന്നാലും, നമ്മുടെ കർത്താവ് നമുക്കു നൽകിയ കൃപയിൽ കൂടുതൽ പൂർണ്ണമായി പങ്കുചേരേണ്ടതിന്, സ്നേഹത്തിന്റെ ഈ പരിപൂർണ്ണ പ്രവൃത്തിയുടെ അർത്ഥത്തിലേക്കു പ്രാർത്ഥനാപൂർവം ആഴ്ന്നിറങ്ങാൻ ഈ വിശുദ്ധദിനത്തിൽ നാം വിളിക്കപ്പെട്ടിരിക്കുന്നു.
ക്രൂശിക്കപ്പെട്ട എന്റെ കർത്താവേ, മനുഷ്യരുടെ കാഴ്ചപ്പാടിൽ അങ്ങയുടെ മരണം ഭയാനകമായിരുന്നു. എന്നാൽ സ്വർഗസ്ഥനായ അങ്ങയുടെ പിതാവിന്റെ കാഴ്ചപ്പാടിൽ, അങ്ങയുടെ മരണം അവിടുത്തെ തിരുഹിതത്തിന്റെ മഹത്വപൂർണ്ണമായ പൂർത്തീകരണമായിരുന്നു. അങ്ങയുടെ പീഡാനുഭവത്തിലൂടെയും മരണത്തിലൂടെയും, പാപത്തിന്റെയും മരണത്തിന്റെയും മേൽ അധികാരം ഏറ്റെടുത്ത് അവയ്ക്ക് വിരാമമിടാൻ കല്പിച്ചുകൊണ്ട് അങ്ങ് അങ്ങയുടെ രാജത്വം പ്രയോഗിച്ചു. പ്രിയ കർത്താവേ, ഈ ദിവസം അങ്ങയുടെ പ്രിയ മാതാവിനോടൊപ്പം നിന്ന്, എനിക്കുവേണ്ടി അങ്ങ് ചെയ്തതിനെ നന്ദിയോടും വിസ്മയാദരവോടുംകൂടെ നോക്കിക്കാണാൻ എനിക്കാകട്ടെ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഒന്നാം ദിവസം: ദൈവകരുണയുടെ ഞായറാഴ്ചയ്ക്കുള്ള ഒരുക്കനൊവേന
ദൈവകരുണയുടെ നൊവേനയുടെ ആദ്യദിവസമാണ് ദുഃഖവെള്ളി
ദുഃഖവെള്ളിക്കായുള്ള പ്രാർത്ഥനാധ്യാനം
ജപമാല – ദുഃഖത്തിന്റെ രഹസ്യങ്ങൾ (വിശുദ്ധഗ്രന്ഥ വചനങ്ങളോടെ)
ഇന്നു നീ എന്നോടുകൂടെ ആയിരിക്കും
വിശുദ്ധവാര കവിത
എഫേസോസിലെ കർഷകന്റെ പ്രാർത്ഥന
വിശുദ്ധവാര കവിത
ക്രൂശിതരൂപത്തിനു മുമ്പിലുള്ള പ്രാർത്ഥന
പൂർണ സമർപ്പണത്തിന്റെ പ്രാർത്ഥന
ശുദ്ധീകരണസ്ഥലത്തിലുള്ളവർക്കുവേണ്ടിയുള്ള പ്രാർത്ഥന
ദൈവത്തോടുള്ള കൂടുതൽ ആഴമായ സ്നേഹം
മറ്റൊരാളോടു ക്ഷമിക്കാനുള്ള കരുണയ്ക്കായി ഒരു ചെറിയ ജപമാല
ദൈവകരുണയെക്കുറിച്ചുള്ള ദൈനംദിന വിചിന്തനങ്ങൾ
വിശുദ്ധ ഫൗസ്റ്റീനയുടെ ദൈവകരുണയുടെ ലുത്തിനിയ
കരുണയുടെ വർഷത്തിനായുള്ള പ്രാർഥന
ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ ജോൺ ബാപ്റ്റിസ്റ്റ് ഡി ലാ സാൽ, പുരോഹിതൻ
ദുഃഖവെള്ളിയാഴ്ച വരുന്നതിനാൽ ഈ വർഷം ഈ സ്മരണദിനം ആരാധനാക്രമത്തിൽ ആചരിക്കുന്നില്ല
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രങ്ങൾ: യേശുക്രിസ്തുവിന്റെ ക്രൂശീകരണം — തോമസ് ഹോക്ക്, flickr വഴി





