ഏപ്രിൽ 11, 2023
ഉയിർപ്പുതിരുനാളിന്റെ അഷ്ടദിനാഘോഷത്തിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

യേശു അവളോടു പറഞ്ഞു: “എന്നെ പിടിച്ചുവയ്ക്കരുത്; എന്തെന്നാൽ, ഞാൻ ഇതുവരെ പിതാവിന്റെ അടുക്കലേക്ക് ആരോഹണം ചെയ്തിട്ടില്ല. എന്നാൽ നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന് അവരോടു പറയുക: ‘ഞാൻ എന്റെ പിതാവും നിങ്ങളുടെ പിതാവും, എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കലേക്കു പോകുന്നു.’” യോഹന്നാൻ 20:17
യേശു ആദ്യം പ്രത്യക്ഷപ്പെട്ടവരിൽ ഒരാളായിരുന്നു മഗ്ദലന മറിയം. അവൾക്ക് അവിടുത്തോട് അഗാധമായ ഭക്തിയുണ്ടായിരുന്നു. പ്രത്യേകിച്ചും, പരസ്യമായി അറിയപ്പെട്ടിരുന്ന അവളുടെ പാപങ്ങൾ ക്ഷമിക്കുകയും അവളിൽനിന്ന് ഏഴു പിശാചുക്കളെ പുറത്താക്കുകയും ചെയ്തപ്പോൾ അവിടുന്ന് അവളോടു കാണിച്ച വലിയ കരുണയായിരുന്നു അതിനു കാരണം. അതിനുശേഷം മറിയം ഭക്തിനിർഭരയായ ഒരു അനുയായിയായിത്തീർന്നു. അവിടുന്ന് കുരിശിൽ തൂങ്ങിക്കിടന്നപ്പോഴും അവിടുത്തോടു വിശ്വസ്തത പുലർത്തിയ ചുരുക്കം ചിലരിൽ ഒരാളായിരുന്നു അവൾ.
ആഴ്ചയുടെ ഒന്നാം ദിവസമായ, കുരിശുമരണത്തിനു ശേഷമുള്ള ഞായറാഴ്ച, യഹൂദാചാരമനുസരിച്ച് യേശുവിന്റെ ശരീരത്തിൽ സുഗന്ധദ്രവ്യങ്ങൾ പൂശാൻ മറിയം കല്ലറയിൽ എത്തി. എന്നാൽ അവൾ എത്തിയപ്പോൾ യേശുവിന്റെ ശരീരം അവിടെയുണ്ടായിരുന്നില്ല. അവൾ കരഞ്ഞുകൊണ്ടിരിക്കെ യേശു അവൾക്കു പ്രത്യക്ഷപ്പെട്ടെങ്കിലും, അവിടുത്തേക്ക് മഹത്ത്വീകരിക്കപ്പെട്ട പുതിയ ശരീരമായിരുന്നതിനാൽ അവൾ ഉടനെ അവിടുത്തെ തിരിച്ചറിഞ്ഞില്ല. എന്നാൽ യേശു അവളെ മറിയം എന്നു പേരുചൊല്ലി വിളിച്ചപ്പോൾ അവൾ അവിടുത്തെ തിരിച്ചറിഞ്ഞു. പക്ഷേ, അവളെ ആലിംഗനം ചെയ്യുന്നതിനു പകരം യേശു പറഞ്ഞു: “എന്നെ പിടിച്ചുവയ്ക്കരുത്…” യേശു ഇങ്ങനെ പറഞ്ഞത് എന്തുകൊണ്ടായിരിക്കും?
യേശുവിനോടുള്ള മറിയത്തിന്റെ സ്നേഹബന്ധവും ഭക്തിയും മനോഹരവും വിശുദ്ധവുമായിരുന്നെങ്കിലും, അത് ഇനിയും പൂർണതയിലെത്തിയിരുന്നില്ല. താൻ അറിയുകയും അനുഗമിക്കുകയും ചെയ്ത തന്റെ കർത്താവിനെയായിരുന്നു അവൾ ആഗ്രഹിച്ചത്. യേശുവുമായുള്ള തന്റെ പഴയ ബന്ധം തിരികെ ലഭിക്കണമെന്ന് അവൾ ആഗ്രഹിച്ചു. എന്നാൽ ഇക്കാരണത്താലാണ് യേശു പറഞ്ഞത്: “എന്നെ പിടിച്ചുവയ്ക്കരുത്…” യേശു ആഗ്രഹിച്ചത് ഇതിലും എത്രയോ വലിയ കാര്യമായിരുന്നു. അവിടുന്നുമായുള്ള അവളുടെ ബന്ധം കൂടുതൽ ശ്രേഷ്ഠമായ ഒന്നായി ഉടൻ മാറാൻ പോകുകയാണെന്ന് അവിടുന്ന് അവളോടു പറയുകയായിരുന്നു. ഇനി അവിടുന്ന് ഭൂമിയിലെ അവളുടെ സഹചാരി മാത്രമായിരിക്കുകയില്ല; പകരം, അവിടുന്ന് ഉടൻതന്നെ അവളുടെ ഉള്ളിൽ ജീവിക്കുകയും അവളുടെ ഹൃദയത്തിൽത്തന്നെ വസിക്കുകയും അവളുമായി ഒന്നായിത്തീരുകയും നിത്യതയോളം അവളുടെ മണവാളനായിരിക്കുകയും ചെയ്യും. എന്നാൽ തന്റെ ദൈവിക രക്ഷാദൗത്യം പൂർത്തിയാക്കാൻ യേശു സ്വർഗത്തിലുള്ള പിതാവിന്റെ അടുക്കലേക്ക് ആരോഹണം ചെയ്തതിനുശേഷം മാത്രമേ ഇതു സംഭവിക്കുമായിരുന്നുള്ളൂ.
ചിലപ്പോഴൊക്കെ നാമും നമ്മുടെ കർത്താവിനോട് തികച്ചും ഐഹികമായ അനുഗ്രഹങ്ങൾ തേടാറുണ്ട്. “ഞങ്ങളുടെ അനുദിനാഹാരത്തിനായി,” അതായത് ജീവിതത്തിലെ എല്ലാ അടിസ്ഥാന ആവശ്യങ്ങൾക്കുമായി, നാം അവിടുത്തിൽ ആശ്രയിക്കേണ്ടതുണ്ടെങ്കിലും, ദൈവം നമുക്കു നൽകാൻ ആഗ്രഹിക്കുന്ന ദാനങ്ങൾ ഈ ലോകത്തിലെ എന്തിനെയും അതിശയിക്കുന്നവയാണെന്ന് നാം തിരിച്ചറിയണം. കൃപയുടെ അതിസ്വാഭാവിക ദാനം, പരിശുദ്ധ ത്രിത്വം നമ്മിൽ വസിക്കുന്നതിന്റെ ദാനം, നമ്മുടെ കർത്താവുമായി ഒന്നാകുന്നതിന്റെ ദാനം—ഇതിനുവേണ്ടിയാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്; ഇതുതന്നെയാണ് നമ്മുടെ കർത്താവിന്റെ അന്തിമലക്ഷ്യവും ആഗ്രഹവും.
“എന്നെ പിടിച്ചുവയ്ക്കരുത്; എന്തെന്നാൽ, ഞാൻ ഇതുവരെ പിതാവിന്റെ അടുക്കലേക്ക് ആരോഹണം ചെയ്തിട്ടില്ല” എന്ന് യേശു മറിയത്തോടു പറഞ്ഞ വാക്കുകളെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. എന്നാൽ ഇപ്പോൾ യേശു യഥാർഥമായും പിതാവിന്റെ അടുക്കലേക്ക് ആരോഹണം ചെയ്തിരിക്കുന്നു എന്ന അറിവോടെ അങ്ങനെ ചെയ്യുക. അതിനാൽ, സ്വർഗത്തിൽ വാഴുന്ന അവിടുത്തെ മുറുകെപ്പിടിക്കാൻ അവിടുന്ന് ഇപ്പോൾ നമ്മെയെല്ലാം ക്ഷണിക്കുന്നു. നിങ്ങളുടെ സർവസ്വത്തോടുംകൂടെ നിങ്ങൾ അവിടുത്തെ മുറുകെപ്പിടിക്കണമെന്നു നമ്മുടെ കർത്താവിന്റെ ഹൃദയത്തിലുള്ള അഗാധമായ ആഗ്രഹത്തെക്കുറിച്ച് ചിന്തിക്കുക. നിങ്ങളുടെ ഉള്ളിൽ വസിക്കാനും നിങ്ങളുമായി ഒന്നാകാനും നിങ്ങളെ എല്ലാ വിധത്തിലും രൂപാന്തരപ്പെടുത്താനും അവിടുന്ന് ആഗ്രഹിക്കുന്നു. ഈ വിശുദ്ധ ഐക്യം വിശുദ്ധ മഗ്ദലന മറിയം ഇപ്പോൾ നിത്യതയോളം ആസ്വദിക്കുന്നു; അതേ ദാനം നിങ്ങൾക്കും നൽകപ്പെടുന്നു. അവിടുത്തെ മുറുകെപ്പിടിക്കുക; ഒരിക്കലും പിടിവിടരുത്. എന്തെന്നാൽ, ഇതായിരിക്കും നിങ്ങളുടെ നിത്യാനന്ദം.
ഉത്ഥാനം ചെയ്ത് സ്വർഗാരോഹണം ചെയ്ത എന്റെ കർത്താവേ, പൂർണമായ മഹത്ത്വത്തിലും പ്രഭയിലും അങ്ങ് ഇപ്പോൾ സ്വർഗത്തിൽ വാഴുന്നു. അങ്ങയുടെ മഹത്ത്വപൂർണമായ ജീവിതത്തിലേക്ക് എന്നെ ആകർഷിക്കുകയും പൂർണഹൃദയത്തോടെ അങ്ങയെ മുറുകെപ്പിടിക്കാൻ എന്നെ ക്ഷണിക്കുകയും ചെയ്യണമേ. പ്രിയ കർത്താവേ, അങ്ങയെ എന്നേക്കും മുറുകെപ്പിടിക്കാൻ എനിക്കു കഴിയേണ്ടതിന്, വന്ന് എന്റെ ഉള്ളിൽ വസിക്കാൻ ഞാൻ അങ്ങയെ ക്ഷണിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
അഞ്ചാം ദിവസം: ദൈവകരുണയുടെ ഞായറാഴ്ചയ്ക്കുള്ള ഒരുക്ക നൊവേന
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഉയിർപ്പുതിരുനാളിനുള്ള പ്രാർഥനാധ്യാനം
ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
ജപമാല – മഹിമയുടെ രഹസ്യങ്ങൾ (വിശുദ്ധഗ്രന്ഥഭാഗങ്ങളോടുകൂടെ)
വിശുദ്ധ ഫൗസ്റ്റീനയുടെ ദൈവകരുണയുടെ ലുത്തിനിയ
കരുണയുടെ വർഷത്തിനായുള്ള പ്രാർഥന
ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ സ്റ്റാനിസ്ലാവോസ്, മെത്രാനും രക്തസാക്ഷിയും
(ഉയിർപ്പുതിരുനാളിന്റെ അഷ്ടദിനാഘോഷത്തിൽ വരുന്നതിനാൽ ഈ വർഷം ആരാധനാക്രമത്തിൽ ഈ സ്മരണ ആചരിക്കുന്നില്ല)
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ






