ജൂൺ 19, 2023
ആണ്ടുവട്ടക്കാലത്തിലെ പതിനൊന്നാം ആഴ്ചയിലെ തിങ്കളാഴ്ച
ഇന്നത്തെ വായനകൾ
വിശുദ്ധ റൊമുവാൾഡ്, ആബട്ട്—ഐച്ഛിക അനുസ്മരണം

ആരെങ്കിലും ഒരു മൈൽ ദൂരം സേവനം ചെയ്യാൻ നിന്നെ നിർബന്ധിച്ചാൽ, അവനോടൊപ്പം രണ്ടു മൈൽ പോകുക. നിന്നോടു ചോദിക്കുന്നവനു കൊടുക്കുക; കടം വാങ്ങാൻ ആഗ്രഹിക്കുന്നവനിൽനിന്ന് മുഖം തിരിക്കരുത്.” മത്തായി 5:41–42
ക്രിസ്തുവിന്റെ വരവിനു മുമ്പുള്ള നൂറ്റാണ്ടുകളിലൂടെ ഇസ്രായേലിന്റെ വിശ്വാസം വളർന്നുവന്നപ്പോൾ, ധാർമ്മികതയിലും പുരോഗതിയുടെ വിവിധ ഘട്ടങ്ങളുണ്ടായി. പഴയനിയമത്തിലെ ധാർമ്മികനിയമങ്ങൾ സ്ഥാപിക്കപ്പെടുന്നതിനു മുമ്പ്, തങ്ങൾക്ക് ഉപദ്രവമുണ്ടായാൽ കുടുംബങ്ങൾ മറ്റു കുടുംബങ്ങളോടു കടുത്ത പ്രതികാരം ചെയ്യുന്നത് സാധാരണമായിരുന്നു. ഇത് അക്രമവും കുടിപ്പകയും തുടർന്നുകൊണ്ടിരിക്കാൻ ഇടയാക്കി. എന്നാൽ, പ്രതികാരനിയമം സ്ഥാപിക്കപ്പെട്ടതോടെ പുരോഗതിയുണ്ടായി. ആ നിയമം ഇപ്രകാരം പറഞ്ഞു: “ഒരുവൻ തന്റെ അയൽക്കാരനു അംഗഭംഗം വരുത്തിയാൽ, അവൻ ചെയ്തതുപോലെതന്നെ അവനോടും ചെയ്യണം. ഒടിവിന് ഒടിവ്, കണ്ണിനു കണ്ണ്, പല്ലിനു പല്ല്; അവൻ മറ്റൊരുവന് അംഗഭംഗം വരുത്തിയതുപോലെ അവനും അംഗഭംഗം വരുത്തണം” (ലേവ്യർ 24:19–20). പ്രതികാരത്തിനു കാരണമായ കുറ്റത്തെക്കാൾ കഠിനമാകരുത് പ്രതികാരം എന്നു വിലക്കിയ നീതിയുടെ പുതിയൊരു രൂപമായിരുന്നു ഇത്. അക്കാലത്ത്, നിരന്തരം രൂക്ഷമായിക്കൊണ്ടിരുന്ന കുടുംബകലഹങ്ങൾ അവസാനിപ്പിക്കാൻ ഇത് സഹായിച്ചു.
ഈ പ്രതികാരനിയമത്തെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷത്തിൽ യേശു സംസാരിക്കുന്നത്. യേശു പഠിപ്പിച്ച പുതിയതും ഏറെ ഉന്നതവുമായ ധാർമ്മികത, “ദുഷ്ടനെ എതിർക്കാതിരിക്കാനും” തങ്ങളോടു തിന്മ ചെയ്യപ്പെടുമ്പോൾ മറുകവിൾ തിരിച്ചുകൊടുക്കാനും അവിടുത്തെ ശിഷ്യരെ ആഹ്വാനം ചെയ്തു. കർശനമായ നീതി പാപത്തിനു പരിഹാരം ആവശ്യപ്പെടുന്നുവെങ്കിലും, കരുണ എല്ലാ കടവും വീട്ടുന്നു എന്നതായിരുന്നു യേശുവിന്റെ പുതിയ പ്രബോധനം. ഒന്നാമതായി, നമ്മുടെ പാപങ്ങളുടെ ക്ഷമയ്ക്കായി അവിടുന്ന് നമുക്കു നൽകുന്ന കരുണ, നാം യഥാർഥമായി അനുതപിക്കുകയും ജീവിതത്തിൽ മാറ്റം വരുത്തുകയും ചെയ്യുമ്പോൾ നമ്മുടെ പാപങ്ങളുടെ കടം വീട്ടുന്നു. എന്നാൽ, നമ്മുടെ പാപങ്ങൾ നിമിത്തം ദൈവത്തോടുള്ള കടങ്ങൾ ക്ഷമിക്കപ്പെടുകയും വീട്ടപ്പെടുകയും ചെയ്യണമെന്ന് നാം ആഗ്രഹിക്കുന്നുവെങ്കിൽ, മറ്റുള്ളവരോടും നാം അതുതന്നെ ചെയ്യണം; അവർക്കെതിരെ ഒരു വിരോധവും മനസ്സിൽ സൂക്ഷിക്കരുത്.
എന്നാൽ യേശു അതിലും മുന്നോട്ടു പോകുന്നു. മുകളിൽ ഉദ്ധരിച്ച ഭാഗത്ത്, ഉപവിയുടെയും ഔദാര്യത്തിന്റെയും പുതിയതും സമൂലവുമായ ഒരു രീതിയിലേക്ക് യേശു തന്റെ ശിഷ്യരെ ആഹ്വാനം ചെയ്യുന്നു. ദൈവരാജ്യത്തിന്റെ മക്കൾ ഇനി എങ്ങനെ പ്രവർത്തിക്കണം എന്നതിനുള്ള ആഹ്വാനമായിരുന്നു ഈ പുതിയ ധാർമ്മികനിയമം. ഒരാളുടെ പാപം നിമിത്തം അയാൾ നിങ്ങളോടു കടപ്പെട്ടിരിക്കുന്നത് ക്ഷമിക്കുകയും മറക്കുകയും ചെയ്യുന്നതുകൊണ്ടു മാത്രം മതിയാകുമായിരുന്നില്ല. “ചോദിക്കുന്നവനു കൊടുക്കാനും”, ഒരു മൈൽ മാത്രം കൂടെ നടക്കാൻ ആവശ്യപ്പെടുന്നവനോടൊപ്പം “രണ്ടു മൈൽ” നടക്കാനും കരുണ ഇപ്പോൾ നമ്മോട് ആവശ്യപ്പെടുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ക്രൈസ്തവ ഉപവി കർശനമായ നീതിയെക്കുറിച്ചുള്ള എല്ലാ സങ്കല്പങ്ങളെയും ഏറെ അതിവർത്തിക്കുന്നു; അടിസ്ഥാനപരമായ ക്ഷമയ്ക്കും അപ്പുറത്തേക്കു പോകുന്നു. തീർച്ചയായും നമ്മുടെ കർത്താവിൽനിന്നുള്ള പുതിയതും സമൂലവുമായ ഒരു പ്രബോധനമായിരുന്നു ഇത്.
നിങ്ങളുടെ സ്വന്തം ജീവിതത്തിൽ ഈ പുതിയ ധാർമ്മികനിയമത്തെക്കുറിച്ചു ചിന്തിക്കുക. “നീതി”യുടെ ഏതു നിലവാരമനുസരിച്ചാണ് നിങ്ങൾ സാധാരണയായി ജീവിക്കുന്നത്? ആരെങ്കിലും നിങ്ങളോടു തെറ്റുചെയ്യുമ്പോൾ, നിങ്ങൾക്കുണ്ടായ ഉപദ്രവത്തെക്കാൾ വലിയ തോതിൽ അവരോടു പകരംവീട്ടാൻ ശ്രമിച്ചുകൊണ്ട്, പഴയനിയമത്തിലെ നിയമങ്ങൾക്കു മുമ്പുണ്ടായിരുന്നവരെപ്പോലെയാണോ നിങ്ങൾ ജീവിക്കുന്നത്? കണ്ണിനു കണ്ണ് എന്ന തുല്യനീതി തേടുന്ന നിയമമനുസരിച്ചാണോ നിങ്ങൾ ജീവിക്കുന്നത്? മറ്റൊരാൾ നിങ്ങൾക്കെതിരെ ചെയ്ത പാപം നിമിത്തം വരുത്തിവച്ച കടം വീട്ടുന്നതിനായി, ക്ഷമിക്കാനും കരുണ നൽകാനും നിങ്ങൾ ശ്രമിക്കുന്നുണ്ടോ? അതോ, ഏറ്റവും ഉത്തമമായി, ക്ഷമിക്കുന്ന പ്രവൃത്തിക്കും അപ്പുറത്തേക്കു കടന്ന്, പുതിയതും ഉദാരവും അതിസമൃദ്ധവുമായ രീതിയിൽ കരുണ നൽകാൻ നിങ്ങൾ പരിശ്രമിക്കുന്നുണ്ടോ? സ്നേഹത്തിന്റെ ഈ അവസാനത്തെ തലത്തിൽ എത്തിച്ചേരാനും അതനുസരിച്ചു ജീവിക്കാനും പ്രയാസമാണ്. എന്നാൽ, നമ്മുടെ കർത്താവ് നമ്മോടു പെരുമാറുന്നത് അങ്ങനെയാണ്; മറ്റുള്ളവരോടു നാം പെരുമാറാൻ അവിടുന്ന് വിളിക്കുന്നതും അങ്ങനെതന്നെയാണ്.
ഇപ്പോൾ നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന ഏതെങ്കിലും മനോവേദനയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ആ വേദനയെ നിങ്ങൾ എങ്ങനെയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ചിന്തിക്കുക. നമ്മുടെ കർത്താവ് നൽകിയ സ്നേഹത്തിന്റെയും കരുണയുടെയും ഈ പുതിയ നിയമം മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ, ദൈവം നിങ്ങൾക്കു നൽകുന്ന അതേ അളവിലുള്ള കരുണ മറ്റുള്ളവർക്കും നൽകാൻ ആവശ്യമായ കൃപ അവിടുന്ന് നിങ്ങൾക്കു നൽകണമെന്നു പ്രാർഥിക്കുക.
ഔദാര്യമുള്ള എന്റെ കർത്താവേ, അങ്ങ് അങ്ങയുടെ കരുണ അതിസമൃദ്ധമായി നൽകുന്നു. ഞങ്ങൾ അനുതപിക്കുമ്പോൾ അങ്ങ് ക്ഷമിക്കുക മാത്രമല്ല, ഞങ്ങൾക്ക് ഒരിക്കലും അർഹിക്കാനാകുന്നതിലും ഏറെ ഉയർന്ന വിശുദ്ധിയുടെ തലങ്ങളിലേക്ക് ഞങ്ങളെ വീണ്ടും ഉയർത്തുകയും ചെയ്യുന്നു. പ്രിയ കർത്താവേ, എനിക്കെതിരെ പാപം ചെയ്തവരോട് ഇതേ അളവിലുള്ള കരുണയും സ്നേഹവും കാണിക്കാൻ ആവശ്യമായ കൃപ എനിക്കു നൽകണമേ. എന്നെ വേദനിപ്പിച്ച എല്ലാവരോടും ഞാൻ ക്ഷമിക്കുന്നു. അവരെ പൂർണഹൃദയത്തോടെ സ്നേഹിക്കാനും എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ റൊമുവാൾഡ്, ആബട്ട്
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ



