മലയാളം

“ആരെയും ഭയപ്പെടരുത്”

ജൂൺ 25, 2023
ആണ്ടുവട്ടക്കാലത്തിലെ പന്ത്രണ്ടാം ഞായർ (വർഷം A)
ഇന്നത്തെ വായനകൾ

വീഡിയോ

യേശു പന്ത്രണ്ടുപേരോടു പറഞ്ഞു: “ആരെയും ഭയപ്പെടരുത്. വെളിപ്പെടാത്തതായി മറഞ്ഞിരിക്കുന്നതൊന്നുമില്ല; അറിയപ്പെടാത്തതായി രഹസ്യമായിരിക്കുന്നതുമില്ല.” മത്തായി 10:26

വരാനിരിക്കുന്ന പീഡനങ്ങൾക്കായി പന്ത്രണ്ടുപേരെ ഒരുക്കുന്ന സന്ദർഭത്തിലാണ് നമ്മുടെ കർത്താവ് ഈ വാക്കുകൾ പറയുന്നത്. ഈ ഭാഗത്തിനു മുമ്പ് യേശു ഇങ്ങനെ പറഞ്ഞു: “എന്നാൽ മനുഷ്യരെ സൂക്ഷിക്കുവിൻ. അവർ നിങ്ങളെ ന്യായാലയങ്ങൾക്ക് ഏല്പിച്ചുകൊടുക്കുകയും തങ്ങളുടെ സിനഗോഗുകളിൽവച്ച് ചമ്മട്ടികൊണ്ട് അടിക്കുകയും ചെയ്യും. എന്നെപ്രതി നിങ്ങളെ നാടുവാഴികളുടെയും രാജാക്കന്മാരുടെയും മുമ്പിൽ കൊണ്ടുപോകും; അവർക്കും വിജാതീയർക്കും സാക്ഷ്യം നൽകാനാണത്.” വരാനിരിക്കുന്ന പീഡനങ്ങളെക്കുറിച്ച് ഇനിയും ഏറെ പറഞ്ഞശേഷം, മുകളിൽ ഉദ്ധരിച്ച ഭാഗത്തിൽ യേശു അവർക്ക് ഉറച്ച പ്രത്യാശയും പ്രോത്സാഹനവും നൽകുന്നു.

ഒന്നാമതായി, ഏതെങ്കിലും തരത്തിലുള്ള പീഡനം നേരിടുമ്പോൾ പലരും അനുഭവിക്കുന്ന ഒരു കാര്യത്തെ യേശു നേരിട്ട് അഭിസംബോധന ചെയ്യുന്നു: ഭയം. “ആരെയും ഭയപ്പെടരുത്,” അവിടുന്ന് പറയുന്നു. ദൈവം തങ്ങളെ പരിപാലിക്കുന്നുവെന്ന വിശ്വാസം ഒരാൾക്കില്ലാതാകുകയും ഉത്കണ്ഠയും ആകുലതയും പിടിമുറുക്കാൻ ഇടനൽകുകയും ചെയ്യുമ്പോൾ, ഭയം അയാളെ പൂർണ്ണമായി കീഴടക്കിയേക്കാം. നമ്മുടെ ദൃഷ്ടി ക്രിസ്തുവിൽ ഉറപ്പിച്ചുനിർത്താനും ജീവിതത്തിൽ നമുക്കുനേരെ വരുന്ന ആക്രമണങ്ങളെ ചെറുത്തുനിൽക്കാനും കഴിയുമ്പോൾ, ദൈവത്തിന്റെ സത്യത്തിൽ നാം ഉറച്ച വിശ്വാസത്തോടെ നിലകൊള്ളും; അസത്യങ്ങൾ നമ്മെ പിന്തിരിപ്പിക്കുകയുമില്ല.

ഭയം നമ്മെ അടിമുടി കീഴടക്കിയേക്കാമെന്ന കാര്യവും യേശുവിന് നന്നായി അറിയാം. കഠിനമായ ഏതെങ്കിലും പീഡനമോ പരീക്ഷണമോ സഹിക്കേണ്ടിവരുമ്പോൾ പ്രത്യേകിച്ചും അങ്ങനെ സംഭവിക്കുന്നു. അതിനാൽ, പന്ത്രണ്ടുപേർക്കും പ്രത്യാശയുണ്ടാകാൻ സഹായിക്കുന്ന ആശ്വാസവചനങ്ങൾ അവിടുന്ന് അരുളിച്ചെയ്യുന്നു. “വെളിപ്പെടാത്തതായി മറഞ്ഞിരിക്കുന്നതൊന്നുമില്ല; അറിയപ്പെടാത്തതായി രഹസ്യമായിരിക്കുന്നതുമില്ല.” അന്ത്യവിധിക്കായി യേശു ഭൂമിയിലേക്കു മടങ്ങിവരുന്ന കാലാന്ത്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. അന്ന്, മനുഷ്യർ സഹിച്ചിട്ടുള്ള വഞ്ചനാപരമായ ഓരോ ആക്രമണവും എല്ലാവർക്കും കാണാവുന്നവിധം പൂർണ്ണമായി വെളിച്ചത്തുവരും. മറഞ്ഞിരിക്കുന്നവ ഉൾപ്പെടെ എല്ലാ സദ്ഗുണങ്ങളും വെളിച്ചത്തുവരും. അവസാനം സത്യം വാഴും; ദൈവത്തിന്റെ സത്യത്താൽ എല്ലാവരും വിധിക്കപ്പെടും. ജീവിതത്തിൽ അനീതി സഹിച്ചവർക്ക് ഇത് വലിയ ആശ്വാസമാകേണ്ടതാണ്.

പീഡനം പല രൂപങ്ങളിൽ വരുന്നു. തീർച്ചയായും, നിങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ നിങ്ങൾക്കുനേരെ ഉണ്ടാകുന്ന പീഡനമാണ് അതിന്റെ ഏറ്റവും മോശമായ രൂപം. എന്നാൽ മിക്കപ്പോഴും പീഡനം മറ്റു രൂപങ്ങളിലാണ് വരുന്നത്. മറ്റൊരാളോടുള്ള അസൂയ അയാളെക്കുറിച്ച് പരദൂഷണം പറയുന്നതിലേക്കു നയിച്ചേക്കാം. മറ്റൊരാളുടെ പാപങ്ങൾ പരസ്യമായി വെളിപ്പെടുത്തുന്നത് പരദൂഷണമെന്ന പാപമാണ്; അതും പീഡനത്തിന്റെ ഒരു രൂപമാണ്. പരോക്ഷമായി ശത്രുത പ്രകടിപ്പിക്കുക, അപവാദം പ്രചരിപ്പിക്കുക, “മിണ്ടാതിരുന്ന് ശിക്ഷിക്കുക” തുടങ്ങി മറ്റു പലതും പീഡനത്തിന്റെ രൂപങ്ങളാണ്. ഒരാൾ മറ്റൊരാൾക്ക് ഏതെങ്കിലും തരത്തിലുള്ള ദോഷം വരുത്താൻ ശ്രമിക്കുമ്പോഴെല്ലാം അത് പീഡനമാണ്.

മറ്റൊരാൾ ഏതെങ്കിലും വിധത്തിൽ തങ്ങളെ ഉപദ്രവിക്കുമ്പോൾ, അതിനു പകരം അയാളെ ഉപദ്രവിക്കാനുള്ള പ്രവണത പലർക്കുമുണ്ടാകാറുണ്ട്. സ്നേഹത്തോടെ സത്യം പറഞ്ഞുകൊണ്ട് സ്വയം പ്രതിരോധിക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ പലപ്പോഴും, അനുഭവിച്ച വേദന ഒന്നുകിൽ നമ്മെ പൂർണ്ണമായി കീഴടക്കുന്ന ഭയമായി മാറുന്നു; അല്ലെങ്കിൽ നമ്മെ ഉപദ്രവിച്ചയാൾക്കെതിരായ ആക്രമണമായി മാറുന്നു. ഈ പ്രലോഭനം അനുഭവപ്പെടുമ്പോൾ, മുകളിൽ പറഞ്ഞ യേശുവിന്റെ വാക്കുകൾ ഏറെ സഹായകവും വിമോചനദായകവുമാണ്. അവസാനം ഒരു അനീതിയും അവഗണിക്കപ്പെടുകയില്ല. ഓരോ തെറ്റും ദൈവത്തിന്റെ നീതിക്കും കരുണയ്ക്കും വിധേയമാകും; പൂർണ്ണമായ ക്രമവും സത്യവും നിത്യതയിലേക്കായി സമ്പൂർണ്ണമായി പുനഃസ്ഥാപിക്കപ്പെടും.

ഭയവുമായി ബന്ധപ്പെട്ട് നിങ്ങൾ അനുഭവിക്കുന്ന ഏതൊരു പോരാട്ടത്തെയും കുറിച്ച് ഇന്ന് ധ്യാനിക്കുക. അങ്ങനെ ചെയ്യുമ്പോൾ, യേശുവിന്റെ വാക്കുകൾ വീണ്ടും വീണ്ടും ധ്യാനിക്കുക: “ആരെയും ഭയപ്പെടരുത്.” നിങ്ങൾക്കുനേരെ ചെയ്ത ഏതെങ്കിലും അനീതി നിങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കരുത്. പകരം, സത്യത്തിൽ ഉറച്ച വിശ്വാസത്തോടെ നിലകൊള്ളുക. ഏതെങ്കിലും അനീതി ഇവിടെയും ഇപ്പോഴും തിരുത്താൻ കഴിയുന്നില്ലെങ്കിൽ, ദൈവത്തിന്റെ തിരുമനസ്സിനും നീതിക്കും അനുസൃതമായി എല്ലാം വെളിച്ചത്തുവരുന്ന കാലാന്ത്യത്തെ പ്രത്യാശയോടെ കാത്തിരിക്കുക.

ധീരനായ എന്റെ കർത്താവേ, അങ്ങ് ഏറെ പരിഹാസവും ക്രൂരമായ പെരുമാറ്റവും സഹിച്ചുവെങ്കിലും, സ്നേഹത്തിന്റെ ദൈവിക ദൗത്യത്തിൽനിന്ന് അങ്ങയെ പിന്തിരിപ്പിക്കാൻ അവയെ ഒരിക്കലും അനുവദിച്ചില്ല. എല്ലാ ഭയങ്ങളിൽനിന്നും എന്നെ സ്വതന്ത്രനാക്കണമേ. ജീവിതത്തിലെ അനീതികളെ നേരിടുമ്പോൾ, അവസാനം അങ്ങ് എല്ലാ തെറ്റുകളും തിരുത്തുമെന്നു വിശ്വസിക്കാനുള്ള ധൈര്യം എനിക്കു നൽകണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രങ്ങൾ: സർവാധിപനായ ക്രിസ്തു – പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ ദൈവിക വ്യക്തിയായ ദൈവമായ യേശുക്രിസ്തുവിന്റെ കലാരൂപത്തിലുള്ള ചിത്രീകരണം, വിക്കിമീഡിയ കോമൺസ് വഴി