ഒക്ടോബർ 31, 2023
സാധാരണകാലത്തിലെ മുപ്പതാം വാരത്തിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

യേശു പറഞ്ഞു: “ദൈവരാജ്യം എന്തിനോടു സദൃശമാണ്? ഞാൻ അതിനെ എന്തിനോട് ഉപമിക്കും? അത് ഒരുവൻ എടുത്ത് തോട്ടത്തിൽ നട്ട ഒരു കടുകുമണിക്കു സദൃശമാണ്. പൂർണമായി വളർന്നപ്പോൾ അതൊരു വലിയ കുറ്റിച്ചെടിയായി; ആകാശത്തിലെ പക്ഷികൾ അതിന്റെ ശാഖകളിൽ വസിച്ചു.” ലൂക്കാ 13:18–19
ഈ ചെറിയ ഉപമ പലരോടും, അവർ തിരിച്ചറിയുന്നതിലുമേറെ ആഴത്തിൽ സംസാരിക്കേണ്ടതാണ്. അപ്പസ്തോലിക പ്രവർത്തനങ്ങളിലൂടെ ദൈവരാജ്യം കെട്ടിപ്പടുക്കാൻ പരിശ്രമിക്കുന്ന നമുക്കെല്ലാവർക്കും ഇത് വലിയ പ്രോത്സാഹനത്തിന്റെ ഉറവിടമാകേണ്ടതാണ്.
കടുകുമണി വളരെ ചെറുതാണ്. ഒരാൾ അതു കൈയിൽ പിടിക്കുമ്പോൾ, ആദ്യമൊന്നും അതിന് വലിയ പ്രാധാന്യം നൽകിയെന്നുവരില്ല. എന്നാൽ ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങളിൽ അതു നട്ടാൽ, ആ വിത്ത് 20 അടിയിലേറെ ഉയരമുള്ള ഒരു മരമായി വളർന്നേക്കാം.
നമ്മെ പല പാഠങ്ങളും പഠിപ്പിക്കാൻ യേശു ഈ ഉപമ ഉപയോഗിക്കുന്നു. അത്തരമൊരു പാഠം നമ്മുടെ അപ്പസ്തോലിക സ്നേഹപ്രവൃത്തികളെക്കുറിച്ചുള്ളതാണ്. ഭൂമിയുടെ അതിർത്തികൾവരെ സുവിശേഷം പ്രചരിപ്പിച്ചുകൊണ്ട് കർത്താവിന്റെ അപ്പസ്തോലനായിരിക്കുക എന്ന വിളിയെക്കുറിച്ചു ചിന്തിക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ എന്താണ് വരുന്നത്? ഒരുപക്ഷേ, വളരെ വിപുലവും പൊതുജനമധ്യത്തിൽ സജീവവുമായ ഒരു ശുശ്രൂഷ ഏൽപ്പിക്കപ്പെട്ടവരെക്കുറിച്ചായിരിക്കാം ആദ്യം ചിന്തിക്കുക. അങ്ങനെയുള്ളപ്പോൾ ഒരാളുടെ അപ്പസ്തോലിക പ്രവർത്തനങ്ങളിൽനിന്നു ലഭിക്കുന്ന നല്ല ഫലങ്ങൾ കാണാൻ കൂടുതൽ എളുപ്പമാണ്. എന്നാൽ നിങ്ങളുടെ കാര്യമോ? മിക്കവരും തങ്ങളാൽ കഴിയുന്ന എല്ലാ ചെറിയ വഴികളിലൂടെയും മറ്റുള്ളവരെ സ്നേഹിക്കാനും സേവിക്കാനും പരിശ്രമിക്കുന്നുണ്ടാകാം. എന്നാൽ തങ്ങളുടെ പരിശ്രമങ്ങളിൽനിന്നു ലഭിക്കുന്ന സമൃദ്ധമായ നല്ല ഫലങ്ങൾ അവർ കാണാതെ പോകുന്നു. ഇങ്ങനെ സംഭവിക്കുമ്പോൾ ചിലർ നിരുത്സാഹിതരാവുകയും സുവിശേഷം പ്രചരിപ്പിക്കാനുള്ള തീക്ഷ്ണത നഷ്ടപ്പെടുത്തുകയും ചെയ്തേക്കാം.
നിങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ, കടുകുമണിയെക്കുറിച്ചു ചിന്തിക്കുക. ഈ ചെറിയ വിത്തു നടുന്നത് നമ്മുടെ അപ്പസ്തോലിക പരിശ്രമങ്ങളിൽ ഏറിയ പങ്കിനെയും പ്രതിനിധീകരിക്കുന്നു. ചെറിയ കാരുണ്യപ്രവൃത്തികൾ ചെയ്യാനും, ശ്രദ്ധയാകർഷിക്കാത്തതും മറഞ്ഞിരിക്കുന്നതുമായ വഴികളിൽപ്പോലും നമ്മുടെ വിശ്വാസം പങ്കുവയ്ക്കാനും, ആരും ശ്രദ്ധിക്കാത്തപ്പോഴും സ്നേഹത്തോടെ സേവിക്കാനും, ഇതെല്ലാം ഇടവിടാതെ തുടരാനും ദൈവം നമ്മെ വിളിക്കുന്നു. ഈ ചെറിയ പ്രവൃത്തികൾ ദൈവരാജ്യത്തിനുവേണ്ടി ഫലം പുറപ്പെടുവിക്കുന്നുണ്ടോ? കടുകുമണിയുടെ ഈ ഉപമ നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, അതിനുള്ള ഉത്തരം ഉറച്ച ഒരു “ഉണ്ട്” എന്നായിരിക്കണം.
ജീവിതത്തിൽ പലപ്പോഴും നമ്മുടെ പ്രവൃത്തികൾ മറ്റുള്ളവരിൽ ഉളവാക്കുന്ന ഫലങ്ങൾ പൂർണമായി നാം ഒരിക്കലും കാണുകയില്ല. നമ്മുടെ ദോഷകരമായ സ്വാധീനം നാം തിരിച്ചറിയുന്നതിലുമേറെ അവരെ ബാധിക്കും. നമ്മുടെ വിശ്വാസം പങ്കുവയ്ക്കുന്ന സ്നേഹപൂർവമായ ഉപവിപ്രവൃത്തികളും നാം തിരിച്ചറിയുന്നതിലുമേറെ ആളുകളെ സ്വാധീനിക്കും. കടുകുമണിയുടെ ഈ ഉപമയിലെ സന്ദേശത്തിൽ വിശ്വസിക്കുന്നത് മറ്റൊരു വിശ്വാസത്തിലേക്കു നമ്മെ നയിക്കണം: നമ്മുടെ ഉപവിയിലൂടെയും സദ്ഗുണങ്ങളിലൂടെയും വാക്കുകളിലൂടെയും വിശ്വാസത്തിന്റെ ആ ചെറിയ വിത്തുകൾ വിതയ്ക്കുമ്പോൾ, അവ തീർച്ചയായും സമൃദ്ധമായ നല്ല ഫലങ്ങൾ പുറപ്പെടുവിക്കും; സ്വർഗത്തിന്റെ മഹിമകളിലേക്കു പ്രവേശിക്കുന്നതുവരെ നമുക്ക് അറിയാൻ കഴിയുന്നതിലുമേറെ ഫലങ്ങൾ.
വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ഏറ്റവും ചെറിയ വിത്തുകൾ ദിവസവും വിതയ്ക്കാനുള്ള നിങ്ങളുടെ കടമയെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. നിങ്ങളുടെ പരിശ്രമങ്ങൾക്ക് സമൃദ്ധവും വ്യക്തമായി കാണാവുന്നതുമായ ഫലങ്ങൾ ലഭിക്കുന്നില്ലെങ്കിൽ നിരുത്സാഹപ്പെടരുത്. വീണ്ടും വീണ്ടും വിതയ്ക്കുന്നതിൽ മാത്രം പ്രതിബദ്ധരായിരിക്കുക. വിശ്വാസത്തിന്റെ വിത്തു വിതയ്ക്കുന്നതിൽ ആനന്ദിക്കുകയും അതിനെ നിങ്ങളുടെ ദൗത്യമായി കാണുകയും ചെയ്യുക. ജീവിതകാലം മുഴുവൻ നിങ്ങൾ ഇങ്ങനെ ചെയ്താൽ, സ്വർഗത്തിൽനിന്നു തിരിഞ്ഞുനോക്കുമ്പോൾ, നിസ്സാരമെന്നു തോന്നിയ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ആ പ്രവൃത്തികളിലൂടെ ദൈവം എത്ര ശക്തമായി തന്റെ രാജ്യം വളർത്തിയെന്ന് കണ്ട് നിങ്ങൾ വിസ്മയിക്കും.
എന്റെ മഹിമയുള്ള രാജാവേ, ഞങ്ങളുടെ സ്നേഹപൂർവമായ പരിശ്രമങ്ങളിലൂടെ അങ്ങയുടെ രാജ്യം എല്ലായിടത്തും വളർന്നു വ്യാപിക്കണമെന്ന് അങ്ങ് ആഗ്രഹിക്കുന്നുവല്ലോ. പ്രിയ കർത്താവേ, വിശ്വാസത്തിന്റെയും ഉപവിയുടെയും അങ്ങയുടെ വിത്തുകൾ ദിവസവും വിതയ്ക്കാൻ എന്നെ ഉപയോഗിക്കണമേ. ഈ അപ്പസ്തോലിക പരിശ്രമങ്ങളിൽ ഞാൻ ഒരിക്കലും മടുത്തുപോകാതിരിക്കട്ടെ. അങ്ങയെ സേവിക്കുന്നതിലും എനിക്കു കഴിയുന്ന എല്ലാ വഴികളിലൂടെയും അങ്ങയുടെ രാജ്യം കെട്ടിപ്പടുക്കുന്നതിലും ഞാൻ എപ്പോഴും വലിയ ആനന്ദം കണ്ടെത്തട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: കടുകുമണിയുടെ ഉപമ, flickr മുഖേന



