ഫെബ്രുവരി 17, 2024
വിഭൂതി ബുധനു ശേഷമുള്ള ശനിയാഴ്ച
ഇന്നത്തെ വായനകൾ
സർവൈറ്റ് സഭയുടെ സ്ഥാപകരായ ഏഴു വിശുദ്ധർ—ഐച്ഛിക അനുസ്മരണം

ലേവി എന്നു പേരുള്ള ഒരു ചുങ്കക്കാരൻ ചുങ്കസ്ഥലത്ത് ഇരിക്കുന്നത് യേശു കണ്ടു. അവൻ അയാളോടു പറഞ്ഞു: “എന്നെ അനുഗമിക്കുക.” അയാൾ എല്ലാം ഉപേക്ഷിച്ച് എഴുന്നേറ്റ് അവനെ അനുഗമിച്ചു. ലൂക്കാ 5:27–28
ലേവിക്ക് നല്ലൊരു ജീവിതമുണ്ടായിരുന്നു. ചുങ്കക്കാരനെന്ന നിലയിൽ അയാൾക്ക് നല്ല വരുമാനവും സ്ഥിരമായ ജോലിയുമുണ്ടായിരുന്നു. എന്നാൽ ഒരു നിമിഷംകൊണ്ട് യേശുവിനെ അനുഗമിക്കാനായി അയാൾ അതെല്ലാം ഉപേക്ഷിച്ചു; അയാളുടെ ജീവിതം ഉടൻതന്നെ നന്മയിലേക്കു മാറി.
ലേവിയുടെ വിളിയെക്കുറിച്ചുള്ള ഈ ചെറുവിവരണം നാം ശ്രദ്ധിക്കേണ്ട ഒന്നാണ്. ക്രിസ്തുവിനെ അനുഗമിക്കാൻ നിങ്ങൾ ഇതിനകം തീരുമാനിച്ചിട്ടുണ്ടാകാം. എങ്കിലും ഓരോ ദിവസവും ആ തീരുമാനം കൂടുതൽ ആഴപ്പെടേണ്ടതുണ്ട്. അങ്ങനെ ചെയ്യാൻ ലേവിയുടെ സാക്ഷ്യം നിങ്ങളെ പ്രചോദിപ്പിക്കേണ്ടതാണ്.
തന്നോടുള്ള ബന്ധത്തിൽ കൂടുതൽ ആഴത്തിലേക്കും അടുപ്പത്തിലേക്കും ദൈവം നമ്മെ വിളിക്കുന്നതായി അനുഭവപ്പെടുമ്പോൾ, തന്നെ കൂടുതൽ പൂർണമായി അനുഗമിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നതായി മനസ്സിലാകുമ്പോൾ, പലപ്പോഴും നാം ഒന്നു നിൽക്കുകയും മടിച്ചുനിൽക്കുകയും ചെയ്തേക്കാം. വിശ്വാസത്തോടെ മുന്നോട്ടു ചുവടുവയ്ക്കുന്നതിനുമുമ്പ് അത്തരമൊരു തീരുമാനത്തെക്കുറിച്ച് നന്നായി ചിന്തിക്കാനും അതിന്റെ “ഗുണദോഷങ്ങൾ” തൂക്കിനോക്കാനും ആളുകൾ ആഗ്രഹിക്കുന്നത് സാധാരണമാണ്. എന്നാൽ നിങ്ങൾ അങ്ങനെ ചെയ്യരുത്. മറ്റെല്ലാം ഉപേക്ഷിച്ച് ക്രിസ്തുവിനെ അനുഗമിക്കാനുള്ള ലേവിയുടെ തൽക്ഷണ തീരുമാനത്തിന്റെ സാക്ഷ്യം നമുക്കു നൽകപ്പെട്ടിരിക്കുന്നത്, അങ്ങനെതന്നെ ചെയ്യാൻ നമ്മെ ക്ഷണിക്കാനാണ്.
ലേവിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് അനുകരിക്കാൻ യേശു ഇന്ന് നിങ്ങളെ എങ്ങനെയാണ് ക്ഷണിക്കുന്നത്? സ്നേഹത്തോടും സമ്പൂർണ സമർപ്പണത്തോടുംകൂടെ തന്നെ കൂടുതൽ പൂർണമായി സേവിക്കാൻ, എന്തെല്ലാം വിട്ടുപേക്ഷിക്കാനാണ് അവിടുന്ന് നിങ്ങളെ വിളിക്കുന്നത്? ആ ചോദ്യത്തിനുള്ള ഉത്തരം നിങ്ങൾക്ക് അറിയില്ലെങ്കിലും നമ്മുടെ കർത്താവിനോട് “അതെ” എന്നു പറയുക. ലേവിയെ അനുകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്നും അവിടുത്തെ വിശുദ്ധ ഹിതത്തെ പൂർണമായും വിട്ടുവീഴ്ചയില്ലാതെയും അനുഗമിക്കാൻ പൂർണഹൃദയത്തോടെ സ്വയം സമർപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്നും അവിടുത്തോടു പറയുക.
യേശുവിനെ അനുഗമിക്കാൻ തീരുമാനിച്ച ഉടൻതന്നെ ലേവി തന്റെ വീട്ടിൽ യേശുവിനും മറ്റു ചുങ്കക്കാർക്കും ഒരു വിരുന്നൊരുക്കി എന്നതും ശ്രദ്ധേയമാണ്. തന്റെ തീരുമാനം മറ്റുള്ളവരെ അറിയിക്കാൻ ലേവി ഭയപ്പെട്ടില്ല; അതുപോലെ ചെയ്യാനുള്ള അവസരം തന്റെ സുഹൃത്തുക്കൾക്കും നൽകാൻ അയാൾ ആഗ്രഹിച്ചു.
ഇന്ന് ലേവി എന്ന വ്യക്തിയെയും അദ്ദേഹത്തിനു ലഭിച്ച വിളിയെയും കുറിച്ച് ധ്യാനിക്കുക. ഈ നോമ്പുകാലം ആരംഭിക്കുമ്പോൾ, ലേവിക്കു ലഭിച്ച വിളിയും അദ്ദേഹത്തിന്റെ പ്രത്യുത്തരവും, യേശു നിങ്ങളെ വിളിക്കുന്നതു കേൾക്കാനുള്ള ഒരവസരമാക്കുക. അക്ഷരാർഥത്തിൽ “എല്ലാം ഉപേക്ഷിക്കാൻ” നിങ്ങൾ വിളിക്കപ്പെട്ടിട്ടില്ലായിരിക്കാം. എങ്കിലും, അങ്ങനെ ചെയ്യാനുള്ള നിങ്ങളുടെ സന്നദ്ധത പ്രകടിപ്പിക്കുക. നമ്മുടെ കർത്താവിനെ അനുഗമിക്കാനുള്ള നിങ്ങളുടെ തീരുമാനത്തിന് യാതൊരു നിബന്ധനയും വയ്ക്കരുത്; അങ്ങനെ ചെയ്തതിൽ നിങ്ങൾ നിത്യവും നന്ദിയുള്ളവരായിരിക്കും.
എന്റെ പ്രിയ കർത്താവേ, യാതൊരു മടിയും കൂടാതെ അങ്ങയെ അനുഗമിക്കാൻ അങ്ങയുടെ എല്ലാ മക്കളെയും അങ്ങ് വിളിക്കുന്നു. അതിലുമെത്രയോ അധികം നേടുന്നതിനായി ഈ ജീവിതം നൽകുന്നതെല്ലാം ഉപേക്ഷിക്കാൻ ഒരുക്കവും സന്നദ്ധതയും ഉള്ളവരാകാൻ അങ്ങ് ഞങ്ങളെ വിളിക്കുന്നു. ഇന്നും നാളെയും എല്ലാ ദിവസവും അങ്ങയോട് “അതെ” എന്നു പറയാൻ തക്കവണ്ണം അങ്ങയിൽ ആശ്രയിക്കുന്നതിന് ആവശ്യമായ കൃപ എനിക്കു നൽകണമേ. പ്രിയ കർത്താവേ, എന്റെ ജീവിതം അങ്ങയുടേതാണ്. അങ്ങയുടെ തിരുഹിതംപോലെ എന്നിൽ പ്രവർത്തിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
നാലാം ദിവസത്തെ ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിനരികിൽ 40 ദിനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധർ – സർവൈറ്റ് സന്യാസസഭയുടെ വിശുദ്ധരായ ഏഴു സ്ഥാപകർ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ





