മലയാളം

മാലാഖമാരുടെ ശുശ്രൂഷ

2024 ഫെബ്രുവരി 18
നോമ്പുകാലത്തിലെ ഒന്നാം ഞായർ (വർഷം B)
ഇന്നത്തെ വായനകൾ

വീഡിയോ

ആത്മാവ് യേശുവിനെ മരുഭൂമിയിലേക്കു നയിച്ചു. സാത്താനാൽ പരീക്ഷിക്കപ്പെട്ട് അവിടുന്ന് നാല്പതു ദിവസം മരുഭൂമിയിൽ കഴിഞ്ഞു. അവിടുന്ന് വന്യമൃഗങ്ങളോടുകൂടെയായിരുന്നു; മാലാഖമാർ അവിടുത്തെ ശുശ്രൂഷിച്ചു.  മർക്കോസ് 1:12–13

എത്ര വിസ്മയകരമായ ഒരു സംഭവമാണ് നാം ഇന്ന് ധ്യാനിക്കുന്നത്! ദൈവപുത്രനും പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയുമായ യേശു, മുകളിൽ ഉദ്ധരിച്ച ഭാഗത്ത് രണ്ടു വിധത്തിൽ തന്നെത്തന്നെ താഴ്ത്തി. ഒന്നാമതായി, സാത്താന്റെ പ്രലോഭനങ്ങൾ സഹിക്കാൻ അവിടുന്ന് സ്വയം അനുവദിച്ചു. രണ്ടാമതായി, തന്റെതന്നെ സൃഷ്ടികളായ നല്ല മാലാഖമാർ മനുഷ്യരൂപത്തിലുള്ള തന്നെ ശുശ്രൂഷിക്കാൻ അവിടുന്ന് അനുവദിച്ചു.

ആദ്യമായി, സാത്താൻ പതിതനായ ഒരു മാലാഖയാണെന്ന് ഓർക്കുക. ദൈവമാണ് അവനെ സൃഷ്ടിച്ചത്; നല്ലവനായിട്ടാണ് അവൻ സൃഷ്ടിക്കപ്പെട്ടത്. എന്നാൽ, സൃഷ്ടിക്കപ്പെട്ട മാലാഖമാരിൽ മൂന്നിലൊന്ന് സ്വർഗത്തിൽനിന്ന് പുറത്താക്കപ്പെട്ട് ഭൂമിയിൽ അലഞ്ഞുനടക്കുന്നതായി വെളിപാട് ഗ്രന്ഥം (12:4) സൂചിപ്പിക്കുന്നു. ഈ ദുഷ്ടാത്മാക്കൾ പതിതമാലാഖമാരിൽ ഏറ്റവും ഉന്നതനായ സാത്താന്റെ നിർദേശപ്രകാരം പ്രവർത്തിക്കുന്നു. അതിനാൽ, മുകളിലെ ഭാഗമനുസരിച്ച്, മരുഭൂമിയിൽ യേശുവിനെ പ്രലോഭിപ്പിച്ചത് സാത്താൻ തന്നെയായിരുന്നു. കൂടാതെ, തന്റെ മനുഷ്യസ്വഭാവത്തിൽ തന്നെ ശുശ്രൂഷിക്കാൻ നല്ല മാലാഖമാരെ യേശു അനുവദിച്ചു. നമ്മുടെ കർത്താവിന്റെ മനുഷ്യത്വത്തിൽ വിനയമെന്ന പുണ്യം എത്ര പൂർണമായിരുന്നുവെന്ന് ഈ പ്രവൃത്തികൾ വെളിപ്പെടുത്തുന്നു.

വിശുദ്ധ തോമസ് അക്വിനാസിന്റെ അഭിപ്രായത്തിൽ, പ്രധാനമായും മൂന്ന് കാരണങ്ങൾക്കായാണ് മാലാഖമാർ സൃഷ്ടിക്കപ്പെട്ടത്. ആദ്യത്തേത് ആരാധനയ്ക്കുവേണ്ടിയാണ്. ദൈവാരാധന ദൈവവുമായുള്ള ഐക്യത്തിലേക്കു നയിക്കുകയും ദൈവത്തിൽനിന്ന് ഓരോ മാലാഖയിലേക്കും തിരിച്ചും പൂർണമായ സ്നേഹം ഒഴുകാൻ ഇടയാക്കുകയും ചെയ്യുന്നു. രണ്ടാമതായി, മാലാഖമാർ എല്ലാ കാര്യങ്ങളിലും ദൈവഹിതം നടപ്പിലാക്കുന്നു. പ്രകൃതിനിയമങ്ങൾ നടപ്പിലാക്കുന്നതും ക്രിസ്തു കുരിശിൽ നേടിത്തന്ന കൃപ പകർന്നുനൽകുന്നതും ഇതിൽ ഉൾപ്പെടുന്നു. മൂന്നാമതായി, ദൈവം മാലാഖമാരെ സന്ദേശവാഹകരായി ഉപയോഗിക്കുന്നു. മാലാഖമാർ പ്രവാചകന്മാരോടും നമ്മുടെ പരിശുദ്ധ അമ്മയോടും വിശുദ്ധ യൗസേപ്പിനോടും മറ്റുള്ളവരോടും സംസാരിച്ച വിവിധ രീതികൾ വിശുദ്ധ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നമുക്കോരോരുത്തർക്കും ഒരു പ്രത്യേക കാവൽമാലാഖ നൽകപ്പെട്ടിട്ടുണ്ടെന്നും, നമ്മെ സംരക്ഷിക്കുക മാത്രമല്ല, ദൈവഹിതം നമ്മെ അറിയിക്കുകകൂടിയാണ് ആ മാലാഖയുടെ ദൗത്യമെന്നും വിശുദ്ധ തോമസ് അക്വിനാസ് വിശ്വസിച്ചിരുന്നു.

ദൈവമെന്ന നിലയിൽ, പിതാവിനോടും പരിശുദ്ധാത്മാവിനോടുമൊപ്പം യേശു എല്ലാ മാലാഖമാരുടെയും സ്രഷ്ടാവായിരുന്നു. മനുഷ്യനെന്ന നിലയിൽ, നല്ല മാലാഖമാരുടെ ശുശ്രൂഷയും പതിതമാലാഖമാരുടെ ആക്രമണങ്ങളും യേശു ഏറ്റുവാങ്ങി. സൃഷ്ടികളായ ഈ മാലാഖമാരുടെ സ്വാഭാവിക ശക്തികൾക്ക് വിനയത്തോടെ തന്നെത്തന്നെ വിധേയനാക്കിക്കൊണ്ട്, നാമും അങ്ങനെതന്നെ ചെയ്യണമെന്ന് യേശു നമ്മെ പഠിപ്പിക്കുകയായിരുന്നു.

നല്ലവരും ദുഷ്ടരുമായ മാലാഖമാരുടെ പ്രധാന സ്വാഭാവിക ശക്തികളിലൊന്ന് സ്വാധീനിക്കാനും ചിന്തകൾ നിർദേശിക്കാനുമുള്ള കഴിവാണ്. നന്മയിലേക്കു നിങ്ങളെ സ്വാധീനിക്കാനോ (നല്ല മാലാഖമാർ), നിങ്ങളെ വഞ്ചിച്ച് പാപത്തിലേക്കു നയിക്കാനോ (ദുഷ്ടമാലാഖമാർ) ഉദ്ദേശിച്ചുള്ള ആശയങ്ങൾ നിങ്ങളുടെ ഭാവനയ്ക്കു മുന്നിൽ അവതരിപ്പിക്കാൻ മാലാഖമാർക്കു കഴിയും. ഇത്തരം ആശയവിനിമയങ്ങൾ യഥാർഥമാണ്; അവയെക്കുറിച്ച് നാം ബോധവാന്മാരായിരിക്കണം. തന്റെ ആത്മീയാഭ്യാസങ്ങൾ, എന്ന ഗ്രന്ഥത്തിൽ ലൊയോളയിലെ വിശുദ്ധ ഇഗ്നേഷ്യസ് മാലാഖമാരുടെ ശുശ്രൂഷയെക്കുറിച്ച് വിശദീകരിക്കാൻ ഏറെ സമയവും പ്രയത്നവും ചെലവഴിക്കുന്നു. നല്ല മാലാഖമാർ നൽകുന്ന ആശ്വാസകരമായ മാർഗനിർദേശത്തിൽനിന്ന് പതിതമാലാഖമാരുടെ നുണകളും വഞ്ചനകളും എങ്ങനെ വേർതിരിച്ചറിയാമെന്ന് അദ്ദേഹം പഠിപ്പിക്കുന്നു. മാലാഖമാരിൽനിന്നുള്ള പ്രലോഭനങ്ങൾക്കും ശുശ്രൂഷയ്ക്കും യേശു തന്നെത്തന്നെ വിധേയനാക്കിയതായി വിവരിക്കുന്ന ഇന്നത്തെ സുവിശേഷഭാഗം, സൃഷ്ടികളായ ഈ മാലാഖമാർ നമ്മെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് മനസ്സിലാക്കാൻ ശ്രമിക്കേണ്ടതിന്റെ പ്രാധാന്യത്തെ പലവിധത്തിൽ ശക്തമായി പിന്തുണയ്ക്കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഴങ്ങളിലേക്ക് ഒരു അന്വേഷണം: ആരാധനാക്രമവത്സരമനുസരിച്ച് ക്രമീകരിച്ച ഇഗ്നേഷ്യൻ പാഠങ്ങളും ധ്യാനങ്ങളും എന്ന ഗ്രന്ഥം കാണുക.

മാലാഖമാരും ദുഷ്ടാത്മാക്കളും നിങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചുകൊണ്ട് നിങ്ങളുടെ ജീവിതത്തിൽ നിരന്തരം പ്രവർത്തിക്കുന്നു എന്ന വിസ്മയകരമായ സത്യത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങളുടെ ജീവിതത്തിലെ അവരുടെ ആത്മീയ പങ്കിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, അവരെക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾക്കുള്ള വിവിധ മാർഗങ്ങളും പരിഗണിക്കുക. നിങ്ങളുടെ കാവൽമാലാഖയോടു സംസാരിക്കുക. മാലാഖമാരിൽ ഏറ്റവും ഉന്നതരായവരുടെ മാധ്യസ്ഥം തേടുക. അവരുടെ ദൈവാരാധനയിൽ അവരോടു ചേരാൻ ശ്രമിക്കുക. അവരുടെ സംരക്ഷണത്തിനായി പ്രാർഥിക്കുക. ദൈവത്തിൽനിന്നുള്ള അത്യുന്നത സത്യങ്ങൾ നിങ്ങൾക്ക് അറിയിച്ചുതരാൻ അവരോട് അപേക്ഷിക്കുക. ഈ വിശുദ്ധ മാലാഖമാരെ ശ്രദ്ധയോടെ കേൾക്കാൻ ശ്രമിക്കുക. അങ്ങനെ, അവരുടെ സ്വരങ്ങൾ വിവേചിച്ചറിയാൻ പഠിക്കുമ്പോൾ, ദൈവത്തിൽനിന്ന് അവർ നിങ്ങൾക്കു നൽകുന്ന മാർഗനിർദേശം അനുസരിക്കാൻ നിങ്ങൾ സന്നദ്ധരാകും.

എന്റെ കർത്താവും സകലത്തിന്റെയും സ്രഷ്ടാവുമായ അങ്ങ്, സ്നേഹവും ആരാധനയും എന്ന മഹത്തായ ലക്ഷ്യത്തിനുവേണ്ടി മാലാഖമാരുടെ ഗണത്തെ സൃഷ്ടിച്ചുവല്ലോ. അങ്ങയുടെ തിരുഹിതം നടപ്പിലാക്കാനും ഭൂമിയിലുള്ള ഞങ്ങളോട് ആശയവിനിമയം നടത്താനുമുള്ള ദൗത്യവും അങ്ങ് അവർക്കു നൽകി. പതിതമാലാഖമാരുടെ വഞ്ചനകളെക്കുറിച്ചും നല്ല മാലാഖമാരുടെ മാർഗനിർദേശത്തെക്കുറിച്ചും കൂടുതൽ ബോധവാനാകാൻ എന്നെ സഹായിക്കണമേ. ദൈവത്തിന്റെ മാലാഖമാരേ, എനിക്കുവേണ്ടി പ്രാർഥിക്കുകയും എന്നെ സംരക്ഷിക്കുകയും ദൈവത്തിന്റെ പരിപൂർണമായ തിരുഹിതത്തിലേക്ക് എന്നെ നയിക്കുകയും ചെയ്യണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

നോമ്പുകാലത്തിലെ ഒന്നാം ഞായറിനുള്ള ധ്യാനം:
മരുഭൂമിയിലെ 40 ദിനങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

നോമ്പുകാലത്തിനുള്ള വിഭവങ്ങൾ

നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രം: ക്രിസ്തുവിന്റെ പ്രലോഭനം, വിക്കിമീഡിയ കോമൺസ് വഴി