2024 മാർച്ച് 28
പെസഹാവ്യാഴം, കർത്താവിന്റെ അന്ത്യത്താഴത്തിന്റെ വിശുദ്ധ കുർബാന(വർഷം B)
പെസഹാത്രിദിനത്തിനായുള്ള കൂടുതൽ പ്രാർത്ഥനകളും ധ്യാനചിന്തകളും

“ഈ ദിവസം നിങ്ങൾക്ക് ഒരു അനുസ്മരണത്തിരുനാളായിരിക്കണം; ശാശ്വതമായ ഒരു ആചാരമെന്ന നിലയിൽ, നിങ്ങളുടെ എല്ലാ തലമുറകളും കർത്താവിന്റെ സന്നിധിയിലേക്കു തീർത്ഥാടനം നടത്തി ഇത് ആഘോഷിക്കണം.” പുറപ്പാട് 12:11
വിശുദ്ധ പെസഹാത്രിദിനം ആരംഭിക്കുന്നു. പെസഹ ഒരു “ശാശ്വതമായ ആചാരമായി” മാറുമെന്ന് വെളിപ്പെടുത്തുന്ന ഈ പഴയനിയമഭാഗം ഇന്ന് നാം നിറവേറ്റുന്നു. ഈജിപ്തിൽനിന്നുള്ള ഇസ്രായേൽക്കാരുടെ വിമോചനത്തിനായി എങ്ങനെ ഒരുങ്ങണമെന്ന് കർത്താവ് മോശയ്ക്കും അഹറോനും നൽകിയ നിർദേശങ്ങളടങ്ങുന്ന നമ്മുടെ ഒന്നാം വായന അവസാനിക്കുന്നത് ഈ വചനഭാഗത്തോടെയാണ്. ഈജിപ്തുകാരുടെമേൽ ഒന്നിനു പിന്നാലെ ഒന്നായി മഹാവിപത്തുകൾ വന്നുപതിച്ചിരുന്നു. എന്നാൽ അവയൊന്നും ഇസ്രായേൽക്കാരുടെ മോചനത്തിൽ കലാശിച്ചില്ല. അതിനാൽ, ഒരു വയസ്സുള്ള ഒരു ആട്ടിൻകുട്ടിയെ കൊന്ന്, അതിന്റെ രക്തം വാതിൽപ്പടികളിൽ തളിച്ച്, വാഗ്ദത്തദേശത്തേക്കുള്ള യാത്രയ്ക്കുള്ള ഒരുക്കമായി അതിന്റെ മാംസം ഭക്ഷിച്ചുകൊണ്ട് ആദ്യത്തെ പെസഹ ആഘോഷിക്കാൻ കർത്താവ് ഇസ്രായേൽക്കാരോടു നിർദേശിച്ചു. ഇന്ന് ദൈവത്തിന്റെ കുഞ്ഞാടിന്റെ ബലിയിൽ പങ്കുചേർന്നുകൊണ്ട് നാം ഈ പെസഹാഘോഷം തുടരുന്നു. അവിടുത്തെ രക്തം ചിന്തപ്പെട്ടിരിക്കുന്നു; അവിടുത്തെ മാംസം നാം ഭക്ഷിക്കുന്നു; ജീവിതമാകുന്ന മരുഭൂമിയിലൂടെ സ്വർഗമെന്ന പുതിയതും നിത്യവുമായ വാഗ്ദത്തദേശത്തേക്ക് അവിടുന്ന് നമ്മെ നയിക്കുന്നു.
ആദ്യത്തെ പെസഹ ദൈവത്തിന്റെ കുഞ്ഞാടിന്റെ ബലിയുടെ മുൻസൂചനയായിരുന്നതുപോലെ, പെസഹയ്ക്കു മുന്നോടിയായി ഉണ്ടായ മഹാവിപത്തുകളും നമുക്ക് ഏറെ അർഥങ്ങൾ വെളിപ്പെടുത്തുന്നു. ആദ്യം ഈജിപ്തിലെ വെള്ളമെല്ലാം രക്തമായി മാറി. തുടർന്ന് തവളകളും കൊതുകുകളും ഈച്ചകളും മഹാമാരിയും ദേശത്തെ മൂടി. മനുഷ്യരുടെയും മൃഗങ്ങളുടെയും തൊലിപ്പുറത്ത് വ്രണങ്ങൾ നിറഞ്ഞു. കൽമഴ പെയ്തു, വെട്ടുക്കിളികൾ ദേശത്തെ മൂടി, ഒടുവിൽ മൂന്നു ദിവസം ദേശമെങ്ങും അന്ധകാരം വ്യാപിച്ചു. ദൈവജനത്തെ വിട്ടയയ്ക്കാൻ ഫറവോയെ സമ്മതിപ്പിക്കുന്നതിൽ ഈ മഹാവിപത്തുകളൊന്നും ആത്യന്തികമായി വിജയിച്ചില്ല. അതിനാൽ, അവസാനമായി വരാനിരുന്ന മഹാവിപത്ത് കടിഞ്ഞൂൽസന്തതികളുടെ മരണമായിരുന്നു. ഇസ്രായേൽക്കാരുടെ വീടുകളുടെ വാതിൽപ്പടികളിൽ തളിച്ച പെസഹാക്കുഞ്ഞാടിന്റെ രക്തമായിരുന്നു അവരുടെ വീടുകളെ കടന്നുപോകാൻ ദൂതന്മാർക്കുള്ള അടയാളം.
ഫറവോയ്ക്കും ഈജിപ്തുകാർക്കും നേരിട്ട മഹാവിപത്തുകൾ കഠിനമായിരുന്നു. എന്നാൽ അവരുടെ പിടിവാശി നിമിത്തം, അവർ മാറുന്നതുവരെ ദൈവം അതു തുടർന്നു. ഇസ്രായേൽക്കാർ സ്വതന്ത്രരാക്കപ്പെട്ടതിനുശേഷവും ഫറവോ മനസ്സുമാറ്റി അവരെ പിന്തുടർന്ന് ചെങ്കടലിലേക്കു ചെന്നുവെന്നും അവിടെ അവന്റെ സൈന്യം നശിച്ചുവെന്നും ഓർക്കുക.
വരാനിരിക്കുന്നവയുടെ മുൻസൂചനകളായ ഈ സംഭവങ്ങളെക്കുറിച്ചു ചിന്തിക്കുന്നത് അത്ര സുഖകരമായിരിക്കില്ലെങ്കിലും, അവയെക്കുറിച്ചു നാം ധ്യാനിക്കണം. പാപത്തിൽനിന്ന് നമ്മെ മോചിപ്പിക്കാനുള്ള ദൈവത്തിന്റെ ക്ഷീണമറിയാത്തതും ഇടവിടാത്തതുമായ പരിശ്രമങ്ങൾ അവയിൽ നാം കാണണം. ഫറവോയുടെ പിടിവാശിയും അടിച്ചമർത്തലും ഇന്ന് നമ്മുടെ ലോകത്തിലും നമ്മുടെ സ്വന്തം ആത്മാക്കളിലും നിലനിൽക്കുന്ന അടിച്ചമർത്തുന്ന തിന്മയുടെ വ്യക്തമായ അടയാളങ്ങളാണ്. നാം വിളിക്കപ്പെട്ടിരിക്കുന്ന സ്വാതന്ത്ര്യം സ്വീകരിക്കാൻ ശ്രമിക്കുമ്പോൾ, ദുഷ്ടനിൽനിന്നും നമ്മുടെതന്നെ പതിതമായ മനുഷ്യസ്വഭാവത്തിൽനിന്നും അനേകം പ്രലോഭനങ്ങളും അടിച്ചമർത്തലുകളും നമുക്കു നേരിടേണ്ടിവരും. എന്നാൽ മോശയെപ്പോലെ നാം ദൈവത്തിൽ ആശ്രയിച്ചാൽ, സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര ആരംഭിക്കാൻ വേണ്ടതെല്ലാം നമുക്കു നൽകപ്പെടും. വിശേഷിച്ചും, മനുഷ്യപുത്രന്റെ മാംസവും രക്തവുമാണ് നമ്മുടെ പെസഹാക്കുഞ്ഞാട്. പെസഹാവ്യാഴാഴ്ച സ്ഥാപിക്കപ്പെട്ട വിശുദ്ധ കുർബാന അന്തിമമരണത്തിൽനിന്ന് നമ്മെ സംരക്ഷിക്കുന്നു. ക്രിസ്തുവിന്റെ ശരീരം ഭക്ഷിക്കുന്നത് നമ്മുടെ ആത്മീയയാത്രകൾക്കു ശക്തിയും പകരുന്നു. അതില്ലാതെ ദുഷ്ടനിൽനിന്ന് നമുക്കു സംരക്ഷണമില്ല; നമ്മുടെ യാത്രയിൽ വിശ്വസ്തരായിരിക്കാൻ വേണ്ട ശക്തിയും നമുക്കില്ല.
നിങ്ങളെ സ്വതന്ത്രരാക്കാൻ ദൈവം പുലർത്തുന്ന അവിശ്വസനീയമായ പ്രതിബദ്ധതയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. അവിടുന്ന് ഭൂമിയിലേക്കു വന്നു, മനുഷ്യരൂപം സ്വീകരിച്ചു, തന്റെ ജീവൻ ബലിയായി അർപ്പിച്ചു; ഇപ്പോൾ തന്റെ പരിശുദ്ധ മാംസംകൊണ്ട് നിങ്ങളെ പോഷിപ്പിക്കുന്നു. വിശുദ്ധ കുർബാന നിങ്ങളുടെ ആത്മീയഭക്ഷണമായിരിക്കുകയും അവിടുത്തെ തിരുരക്തം നിങ്ങളെ പൊതിയുകയും ചെയ്യുന്നില്ലെങ്കിൽ, നിങ്ങൾ നിലനിൽക്കുകയില്ല. നമുക്കെല്ലാവർക്കും വിശുദ്ധ കുർബാന ആവശ്യമാണ്. നമുക്ക് സ്വർഗീയ അപ്പം ആവശ്യമാണ്. ലോകരക്ഷകന്റെ ശരീരവും രക്തവും ആത്മാവും ദൈവത്വവും നമുക്ക് ആവശ്യമാണ്. നിങ്ങളെ രക്ഷിക്കാൻ ദൈവം അങ്ങേയറ്റം പരിശ്രമിച്ചു. ഇന്ന് നാം സവിശേഷമായി അനുസ്മരിക്കുകയും പങ്കുചേരുകയും ചെയ്യുന്ന അവിടുത്തെ ദാനം സ്വീകരിക്കുക.
എനിക്കായി ബലിയായ കുഞ്ഞാടേ, ദുഷ്ടന്റെ അടിച്ചമർത്തലിൽനിന്നും ഞങ്ങളുടെ പതിതമായ മനുഷ്യസ്വഭാവത്തിലെ ക്രമക്കേടുകളിൽനിന്നും ഞങ്ങളെ മോചിപ്പിക്കാൻ അങ്ങ് ഭൂമിയിലേക്കു വന്നു. ഇന്നും എപ്പോഴും അങ്ങയുടെ തിരുശരീരവും അമൂല്യരക്തവുംകൊണ്ട് എന്നെ പോഷിപ്പിക്കണമേ. സ്വർഗത്തിൽനിന്നുള്ള ഈ ഭക്ഷണത്തിന്റെ ശക്തിയാൽ, സ്വർഗമെന്ന വാഗ്ദത്തദേശത്തേക്ക് എന്നെ തുടർന്നും നയിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
മുപ്പത്തിയെട്ടാം ദിവസം ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ
പെസഹാവ്യാഴത്തിനായുള്ള പ്രാർത്ഥനാധ്യാനം
ദൈവകരുണയുടെ ഞായറാഴ്ചയ്ക്കുള്ള ഒരുക്കനൊവേന
ദുഃഖവെള്ളിയാഴ്ച ദൈവകരുണയുടെ നൊവേനയുടെ ആദ്യദിനമാണ്
കൂടുതൽ വായനയ്ക്ക്: പെസഹാവ്യാഴം
ജപമാല – ദുഃഖത്തിന്റെ രഹസ്യങ്ങൾ (വിശുദ്ധഗ്രന്ഥ വചനങ്ങളോടെ)
പൂർണ സമർപ്പണത്തിന്റെ പ്രാർത്ഥന
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ





