മാർച്ച് 29, 2024
കർത്താവിന്റെ പീഡാനുഭവത്തിന്റെ ദുഃഖവെള്ളി, വർഷം B

ഇതിനുശേഷം, എല്ലാം പൂർത്തിയായിക്കഴിഞ്ഞുവെന്ന് അറിഞ്ഞുകൊണ്ട്, തിരുവെഴുത്ത് നിറവേറേണ്ടതിന് യേശു പറഞ്ഞു: “എനിക്കു ദാഹിക്കുന്നു.” സാധാരണ വീഞ്ഞു നിറച്ച ഒരു പാത്രം അവിടെയുണ്ടായിരുന്നു. അതിനാൽ അവർ വീഞ്ഞിൽ മുക്കിയ ഒരു പഞ്ഞി ഹിസോപ്പുചെടിയുടെ ഒരു തണ്ടിൽ വച്ച് അവന്റെ വായിലേക്കു നീട്ടി. യേശു വീഞ്ഞു സ്വീകരിച്ചശേഷം പറഞ്ഞു: “എല്ലാം പൂർത്തിയായി.” പിന്നെ തല ചായ്ച്ച് അവൻ ആത്മാവിനെ സമർപ്പിച്ചു. യോഹന്നാൻ 19:28–30
യേശുവിന്റെ ദാഹത്തെക്കുറിച്ചു ചിന്തിക്കുക. ലോകത്തിന്മേൽ തന്റെ അമൂല്യരക്തം ചൊരിഞ്ഞുകൊണ്ട് കുരിശിൽ തൂങ്ങിക്കിടന്നപ്പോൾ അവിടുത്തെ ശാരീരികമായ ദാഹം അതികഠിനമായിരുന്നിരിക്കണം. എങ്കിലും, നമ്മുടെ കർത്താവ് അനുഭവിച്ച ആത്മീയദാഹം അവിടുത്തെ ശാരീരികമായ ദാഹത്തെക്കാൾ എത്രയോ തീവ്രമായിരുന്നിരിക്കണം. അവിടുത്തെ ആത്മീയദാഹം നിങ്ങൾക്കുവേണ്ടിയാണ്, നിങ്ങളുടെ ആത്മാവിനുവേണ്ടിയാണ്, നിങ്ങളുടെ രക്ഷയ്ക്കുവേണ്ടിയാണ്. കുരിശിൽ തൂങ്ങിക്കിടക്കുമ്പോൾ യേശു തന്നെക്കുറിച്ചോ തന്റെ സഹനത്തെക്കുറിച്ചോ തന്റെ ദയനീയമായ ശാരീരികാവസ്ഥയെക്കുറിച്ചോ ചിന്തിച്ചില്ല. പകരം, നിങ്ങളെയും താൻ ആർക്കെല്ലാംവേണ്ടി ജീവൻ അർപ്പിക്കുകയായിരുന്നുവോ അവരെയെല്ലാമാണ് അവിടുന്ന് ഓർത്തത്.
സങ്കീർത്തനം 69:22 പറയുന്നു: “പകരം അവർ എനിക്ക് ആഹാരമായി വിഷം തന്നു; എന്റെ ദാഹത്തിന് അവർ എനിക്കു വിനാഗിരി തന്നു.” കുരിശിൽ ദാഹിച്ചപ്പോൾ യേശു ഈ തിരുവെഴുത്തുഭാഗം നിറവേറ്റി. വിനാഗിരി പ്രതീകാത്മകമായി നമ്മിൽ ഓരോരുത്തരെയും സൂചിപ്പിക്കുന്നു. കുരിശിൽ നമ്മുടെ കർത്താവിനു നൽകിയ വിനാഗിരി കേടുവന്ന വീഞ്ഞായിരുന്നു. പ്രതീകാത്മകമായി പറഞ്ഞാൽ, നമ്മിൽ ഓരോരുത്തരും ഈ കേടുവന്ന വീഞ്ഞാണ്. നമ്മുടെ മാനുഷികതയുടെ പരിശുദ്ധി ഉത്ഭവപാപത്താൽ കളങ്കപ്പെട്ടിരിക്കുന്നു. തത്ഫലമായി, സ്വഭാവത്താൽ നാം എങ്ങനെയുള്ളവരായിരിക്കണമെന്നു ദൈവം ഉദ്ദേശിച്ചുവോ, അങ്ങനെയുള്ളവരല്ല നാം. എങ്കിലും നമ്മുടെ പതിതാവസ്ഥയിലും യേശുവിന്റെ ആത്മീയദാഹം ശമിപ്പിക്കാൻ നമുക്കു കഴിയും.
സ്വന്തം ജീവിതത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ നിങ്ങൾ എന്താണു കാണുന്നത്? കേടുവന്ന വീഞ്ഞായി നിങ്ങളെത്തന്നെ കാണാൻ കഴിയുമോ? നിങ്ങളെക്കുറിച്ച് ഇങ്ങനെ ചിന്തിക്കുന്നത് ഒരുപക്ഷേ അല്പം അപമാനകരമായി തോന്നിയേക്കാം. എന്നാൽ എളിമ നല്ലതാണ്; പ്രത്യേകിച്ചും, നമ്മുടെ തകർച്ചയിലും നമ്മുടെ കർത്താവ് നമുക്കായി ആഗ്രഹിക്കുന്നുവെന്നു മനസ്സിലാക്കുമ്പോൾ. കുരിശിൽ കിടക്കുമ്പോൾ, ഏറ്റവും മേന്മയുള്ളതും അതിവിശിഷ്ടവും ഏറ്റവും രുചികരവുമായ വീഞ്ഞിനുവേണ്ടിയല്ല യേശു നിലവിളിച്ചത്. കുരിശിൽ ദാഹിച്ചപ്പോൾ, നിങ്ങളുടെമേൽ തന്റെ ശുദ്ധീകരിക്കുന്ന കരുണ ചൊരിയാൻ കഴിയേണ്ടതിന്, ദുർബലവും തകർന്നതുമായ അവസ്ഥയിലുള്ള നിങ്ങൾ, നിങ്ങൾ ആയിരിക്കുന്നതുപോലെതന്നെ, തന്റെ ദാഹം ശമിപ്പിക്കണമെന്ന് അവിടുന്ന് ആഗ്രഹിച്ചു.
പുളിച്ച വീഞ്ഞു രുചിച്ച ഉടനെ യേശു, “എല്ലാം പൂർത്തിയായി” എന്നു വിളിച്ചുപറഞ്ഞു. നിങ്ങളുടെ ആവശ്യനേരങ്ങളിൽ നിങ്ങൾ അവിടുത്തെ പക്കലേക്കു തിരിയുമ്പോഴെല്ലാം, അവിടുത്തെ ആത്മാവിന്റെ ദാഹം നിങ്ങളിലൂടെ ശമിക്കുന്നതിനെയാണ് ഇതു പ്രതീകാത്മകമായി സൂചിപ്പിക്കുന്നത്. ഈ വിധത്തിൽ യേശുവിന്റെ ഹൃദയത്തെ ആശ്വസിപ്പിക്കാനും അവിടുത്തെ ദാഹം ശമിപ്പിക്കാനും നിങ്ങൾക്കു കഴിയുമെന്ന വസ്തുത ചിന്തിക്കുമ്പോൾ അത്ഭുതം തോന്നുന്നു. യേശുവിന്റെ ഹൃദയത്തെ ആശ്വസിപ്പിക്കുന്നതിനായി സമർപ്പിക്കപ്പെട്ട ഒരു ഭക്താഭ്യാസം ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യയ്ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. കുട്ടിയായിരിക്കുമ്പോൾ അവൾക്കു ലഭിച്ച ഒരു പ്രാർഥനാചിത്രത്തിൽ, തടവറയിലിരുന്ന് പുറത്തുള്ള ഒരു കൊച്ചുപൂവിനെ നോക്കുന്ന യേശുവിനെ ചിത്രീകരിച്ചിരുന്നു. സക്രാരിയാകുന്ന തടവറയിൽ യേശുവിനെ പതിവായി സന്ദർശിച്ച് അവിടുത്തെ ഹൃദയത്തെ ആശ്വസിപ്പിക്കാനുള്ള ദൗത്യം ലഭിച്ച ആ കൊച്ചുപൂവായി കൊച്ചുത്രേസ്യ തന്നെത്തന്നെ കണ്ടു.
ആത്മീയമായി പറഞ്ഞാൽ, കുരിശിൽ യേശു ദാഹിച്ച ആ നിമിഷം എല്ലാ കാലങ്ങളിലേക്കും വ്യാപിച്ച് ഇന്നും തുടരുന്നു. നിങ്ങളുടെ ആവശ്യനേരങ്ങളിൽ നിങ്ങൾ അവിടുത്തെ പക്കൽ വരുമ്പോഴെല്ലാം, പ്രത്യേകിച്ച് വിശുദ്ധ കുർബാനയിൽ അവിടുത്തെ സന്നിധിയിൽ വരുമ്പോൾ, അവിടുന്ന് നിങ്ങളുടെ നേരെ കണ്ണുകൾ തിരിച്ച് നിങ്ങളെ വിളിക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ എളിമയും തകർച്ചയും അവിടുത്തേക്ക് അർപ്പിച്ചുകൊണ്ട് തന്നെ ആശ്വസിപ്പിക്കാൻ അവിടുന്ന് നിങ്ങളെ ക്ഷണിക്കുന്നു.
ഇന്ന് നമ്മുടെ ദേവാലയങ്ങൾ ശൂന്യമാണ്. പരിശുദ്ധ കുർബാന അവിടെനിന്നു മാറ്റിയിരിക്കുന്നു. അതിനാൽ, ഉയിർപ്പുതിരുനാളിൽ വീണ്ടും വിശുദ്ധ കുർബാന അർപ്പിക്കപ്പെടുമ്പോൾ മടങ്ങിവരുന്ന അവിടുത്തെ ദിവ്യസാന്നിധ്യത്തിനായി ദാഹിച്ചുകൊണ്ട് നമ്മുടെ കർത്താവിന്റെ ദാഹം ശമിപ്പിക്കാൻ നാം ശ്രമിക്കണം. നമ്മുടെ ജീവിതത്തിൽ കർത്താവിന്റെ സാന്നിധ്യത്തിനായുള്ള ആഗ്രഹത്തിൽ വളരാനുള്ള ദിവസമാണ് ഇന്ന്. അവിടുത്തെ അഭാവം അനുഭവിക്കാനും അവിടുത്തെ മരണത്തിൽ പങ്കുചേരാനും അവിടുത്തെ സഹനത്തെ ഓർത്തു വിലപിക്കാനും നാം നമ്മെത്തന്നെ അനുവദിക്കണം. അങ്ങനെ ചെയ്യുമ്പോൾ, നമുക്കുവേണ്ടി മുറിക്കപ്പെട്ട അവിടുത്തെ ശരീരവും അമൂല്യരക്തവും വീണ്ടും സ്വീകരിക്കാനുള്ള ആഴമായ ആത്മീയാഭിലാഷത്തിനായി നാം ഹൃദയം തുറക്കണം. അങ്ങനെ ചെയ്യുന്നത് നമ്മുടെതന്നെ ദാഹം ശമിക്കാനുള്ള ഒരുക്കമാകുക മാത്രമല്ല, നമ്മുടെ കർത്താവിന്റെ ഹൃദയത്തിലെ ദാഹം ശമിപ്പിക്കാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യും.
ഇന്ന് കുരിശിലെ യേശുവിനെക്കുറിച്ചു ധ്യാനിക്കുക. അവിടുന്ന് നിങ്ങളെ നോക്കുന്നതുപോലെ നിങ്ങൾ അവിടുത്തെയും ഉറ്റുനോക്കുക. നിങ്ങൾക്കുവേണ്ടിയുള്ള അവിടുത്തെ ഹൃദയത്തിന്റെ ആഗ്രഹം കാണുക. നിങ്ങൾക്കു പുതുജീവന്റെ ദാനം ലഭിക്കേണ്ടതിനാണ് അവിടുന്ന് നിങ്ങൾക്കുവേണ്ടി ജീവൻ നൽകിയതെന്ന് അറിയുക. നിങ്ങൾക്കുവേണ്ടി ചൊരിയപ്പെട്ട അവിടുത്തെ ജീവൻ എന്ന ഈ ദാനം സ്വീകരിക്കാൻ നിങ്ങൾ ഹൃദയം തുറക്കുന്നത് നമ്മുടെ കർത്താവിന്റെ ഹൃദയത്തെ ആശ്വസിപ്പിക്കുകയും അവിടുത്തെ ദിവ്യമായ രക്ഷാദൗത്യത്തെ ഫലപ്രാപ്തിയിലെത്തിക്കുകയും ചെയ്യുമെന്നും അറിയുക. “എല്ലാം പൂർത്തിയായി” എന്ന് അവിടുത്തേക്ക് ഒരിക്കൽക്കൂടി പറയാൻ കഴിയേണ്ടതിന് ഇന്ന് നമ്മുടെ കർത്താവിന്റെ ദാഹം ശമിപ്പിക്കുക.
ദാഹിക്കുന്ന എന്റെ കർത്താവേ, അനന്തവും അഗ്രാഹ്യവുമായ സ്നേഹത്തോടെ അങ്ങയുടെ തിരുഹൃദയം എനിക്കായി വാഞ്ഛിക്കുന്നു. ഞാൻ അങ്ങയുടെ പക്കൽ വന്ന് അങ്ങയുടെ സ്നേഹം സ്വീകരിക്കുകയും അങ്ങയുടെ ദാഹം ശമിപ്പിക്കുകയും ചെയ്യണമെന്ന് അങ്ങ് ആഗ്രഹിക്കുന്നു. സഹനാവസ്ഥയിലുള്ള അങ്ങയെ ഉറ്റുനോക്കുമ്പോൾ, അങ്ങയെയും എനിക്കുവേണ്ടി ചൊരിയപ്പെട്ട അങ്ങയുടെ അമൂല്യരക്തത്തിന്റെ ദാനത്തെയും സ്വീകരിക്കാൻ ഞാൻ എന്നെത്തന്നെ തുറന്നുതരുന്നു. അങ്ങയുടെ ദിവ്യസ്നേഹം സ്വീകരിക്കുമ്പോൾ, അങ്ങയോടുള്ള എന്റെ ഈ തുറന്ന മനസ്സ് അങ്ങേക്ക് ആശ്വാസമാകട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
മുപ്പത്തൊൻപതാം ദിവസം ധ്യാനചിന്തകൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശരികിൽ 40 ദിനങ്ങൾ
ഒന്നാം ദിവസം: ദൈവകരുണയുടെ ഞായറാഴ്ചയ്ക്കുള്ള ഒരുക്കനൊവേന
ദൈവകരുണയുടെ നൊവേനയുടെ ആദ്യദിവസമാണ് ദുഃഖവെള്ളി
ദുഃഖവെള്ളിക്കായുള്ള പ്രാർത്ഥനാധ്യാനം
ജപമാല – ദുഃഖത്തിന്റെ രഹസ്യങ്ങൾ (വിശുദ്ധഗ്രന്ഥ വചനങ്ങളോടെ)
ഇന്നു നീ എന്നോടുകൂടെ ആയിരിക്കും
വിശുദ്ധവാര കവിത
എഫേസോസിലെ കർഷകന്റെ പ്രാർത്ഥന
വിശുദ്ധവാര കവിത
ക്രൂശിതരൂപത്തിനു മുമ്പിലുള്ള പ്രാർത്ഥന
പൂർണ സമർപ്പണത്തിന്റെ പ്രാർത്ഥന
ശുദ്ധീകരണസ്ഥലത്തിലുള്ളവർക്കുവേണ്ടിയുള്ള പ്രാർത്ഥന
ദൈവത്തോടുള്ള കൂടുതൽ ആഴമായ സ്നേഹം
മറ്റൊരാളോടു ക്ഷമിക്കാനുള്ള കരുണയ്ക്കായി ഒരു ചെറിയ ജപമാല
ദൈവകരുണയെക്കുറിച്ചുള്ള ദൈനംദിന വിചിന്തനങ്ങൾ
വിശുദ്ധ ഫൗസ്റ്റീനയുടെ ദൈവകരുണയുടെ ലുത്തിനിയ
കരുണയുടെ വർഷത്തിനായുള്ള പ്രാർഥന
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ





