മലയാളം

ഹൃദയവ്യാകുലതയെ അതിജീവിക്കൽ

2024 ഏപ്രിൽ 26
ഉയിർപ്പുകാലത്തിലെ നാലാം ആഴ്ചയിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “നിങ്ങളുടെ ഹൃദയങ്ങൾ അസ്വസ്ഥമാകാതിരിക്കട്ടെ. നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു; എന്നിലും വിശ്വസിക്കുവിൻ.” യോഹന്നാൻ 14:1

യോഹന്നാന്റെ സുവിശേഷത്തിലെ 14–17 അധ്യായങ്ങൾ യേശുവിന്റെ “അന്ത്യത്താഴ പ്രഭാഷണങ്ങൾ” അഥവാ “അവസാന പ്രഭാഷണങ്ങൾ” എന്നു വിളിക്കപ്പെടുന്നവയാണ് നമുക്കു മുന്നിൽ അവതരിപ്പിക്കുന്നത്. നമ്മുടെ കർത്താവ് അറസ്റ്റുചെയ്യപ്പെട്ട രാത്രിയിൽ ശിഷ്യന്മാർക്കു നൽകിയ പ്രഭാഷണങ്ങളുടെ ഒരു പരമ്പരയാണിത്. ഈ പ്രഭാഷണങ്ങൾ ആഴമേറിയവയും പ്രതീകാത്മക ചിത്രങ്ങൾ നിറഞ്ഞവയുമാണ്. പരിശുദ്ധാത്മാവ്, സഹായകൻ, മുന്തിരിച്ചെടിയും ശാഖകളും, ലോകത്തിന്റെ വിദ്വേഷം എന്നിവയെക്കുറിച്ച് അവിടുന്ന് സംസാരിക്കുന്നു. യേശുവിന്റെ മഹാപുരോഹിത പ്രാർഥനയോടെയാണ് ഈ പ്രഭാഷണങ്ങൾ അവസാനിക്കുന്നത്. ഇന്നത്തെ സുവിശേഷഭാഗത്തോടെയാണ് ഈ പ്രഭാഷണങ്ങൾ ആരംഭിക്കുന്നത്. തന്റെ ശിഷ്യന്മാർ അനുഭവിക്കാനിരിക്കുമെന്ന് തനിക്കറിയാവുന്ന ഭയത്തെയും ഹൃദയവ്യാകുലതയെയും യേശു അതിൽ അഭിസംബോധന ചെയ്യുന്നു.

മുകളിൽ യേശു പറഞ്ഞ ആദ്യവാക്യം പരിചിന്തിച്ചുകൊണ്ട് നമുക്ക് ആരംഭിക്കാം: “നിങ്ങളുടെ ഹൃദയങ്ങൾ അസ്വസ്ഥമാകാതിരിക്കട്ടെ.” ഇതൊരു കല്പനയാണ്. സൗമ്യമായ കല്പനയാണെങ്കിലും അതൊരു കല്പനതന്നെയാണ്. താൻ അറസ്റ്റുചെയ്യപ്പെടുന്നതും വ്യാജമായി കുറ്റാരോപിതനാകുന്നതും പരിഹസിക്കപ്പെടുന്നതും മർദിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും തന്റെ ശിഷ്യന്മാർ ഉടൻ കാണുമെന്ന് യേശുവിന് അറിയാമായിരുന്നു. താമസിയാതെ നേരിടാനിരിക്കുന്ന അനുഭവങ്ങൾ അവരെ തളർത്തിക്കളയുമെന്നും അവിടുത്തേക്ക് അറിയാമായിരുന്നു. അതിനാൽ, അവർ ഉടൻ നേരിടാനിരുന്ന ഭയത്തെ സൗമ്യതയോടും സ്നേഹത്തോടുംകൂടെ ശാസിക്കാൻ അവിടുന്ന് ഈ അവസരം വിനിയോഗിച്ചു.

പല കാരണങ്ങളിൽനിന്ന് ഭയം ഉണ്ടാകാം. അപകടകരമായ ഒരു സാഹചര്യത്തിൽ തോന്നുന്ന ഭയംപോലെ, ചില ഭയങ്ങൾ നമുക്ക് സഹായകരമാണ്. അത്തരം സന്ദർഭങ്ങളിൽ, അപകടത്തെക്കുറിച്ചുള്ള നമ്മുടെ അവബോധം വർധിപ്പിക്കാനും അങ്ങനെ ജാഗ്രതയോടെ മുന്നോട്ടുപോകാനും ആ ഭയം സഹായിക്കും. എന്നാൽ യേശു ഇവിടെ പറഞ്ഞ ഭയം മറ്റൊരു തരത്തിലുള്ളതായിരുന്നു. യുക്തിരഹിതമായ തീരുമാനങ്ങളിലേക്കും ആശയക്കുഴപ്പത്തിലേക്കും നിരാശയിലേക്കുപോലും നയിക്കാവുന്ന ഭയമായിരുന്നു അത്. ഇത്തരത്തിലുള്ള ഭയത്തെയാണ് നമ്മുടെ കർത്താവ് സൗമ്യമായി ശാസിക്കാൻ ആഗ്രഹിച്ചത്.

ചിലപ്പോഴൊക്കെ നിങ്ങളെ ഭയപ്പെടുത്തുന്നത് എന്താണ്? പല കാരണങ്ങളാൽ അനേകർ ഉത്കണ്ഠയും ആകുലതയും ഭയവും അനുഭവിച്ച് ക്ലേശിക്കുന്നു. നിങ്ങളും ഇങ്ങനെ ക്ലേശിക്കുന്നുണ്ടെങ്കിൽ, യേശുവിന്റെ വാക്കുകൾ നിങ്ങളുടെ മനസ്സിലും ഹൃദയത്തിലും മുഴങ്ങാൻ അനുവദിക്കേണ്ടത് പ്രധാനമാണ്. ഭയത്തെ അതിജീവിക്കാനുള്ള ഏറ്റവും നല്ല മാർഗം അതിന്റെ ഉറവിടത്തിൽത്തന്നെ അതിനെ ശാസിക്കുകയാണ്. “നിന്റെ ഹൃദയം അസ്വസ്ഥമാകാതിരിക്കട്ടെ” എന്ന് യേശു നിങ്ങളോടു പറയുന്നതു കേൾക്കുക. തുടർന്ന് അവിടുത്തെ രണ്ടാമത്തെ കല്പന ശ്രദ്ധിക്കുക: “നീ ദൈവത്തിൽ വിശ്വസിക്കുന്നു; എന്നിലും വിശ്വസിക്കുക.” ദൈവത്തിലുള്ള വിശ്വാസമാണ് ഭയത്തിനുള്ള പ്രതിവിധി. വിശ്വാസമുള്ളപ്പോൾ നാം ദൈവത്തിന്റെ സ്വരത്തിനു വിധേയരാകുന്നു. അപ്പോൾ നമ്മെ നയിക്കുന്നത് നാം നേരിടുന്ന പ്രയാസമല്ല, ദൈവത്തിന്റെ സത്യമാണ്. ഭയം യുക്തിരഹിതമായ ചിന്തയിലേക്കു നയിക്കാം; യുക്തിരഹിതമായ ചിന്തയാകട്ടെ നമ്മെ കൂടുതൽ കൂടുതൽ ആശയക്കുഴപ്പത്തിലേക്കു നയിക്കാം. നാം വഴുതിവീഴാൻ പ്രലോഭിതരാകുന്ന യുക്തിരാഹിത്യത്തെ വിശ്വാസം തുളച്ചുകടക്കുന്നു. വിശ്വാസം നമുക്കു മുന്നിൽ അവതരിപ്പിക്കുന്ന സത്യങ്ങൾ വ്യക്തതയും ശക്തിയും നൽകുന്നു.

നിങ്ങളുടെ ജീവിതത്തിൽ ഏറ്റവുമധികം ഉത്കണ്ഠയും ആകുലതയും ഭയവും ഉളവാക്കുന്നത് എന്താണെന്ന് ഇന്ന് ധ്യാനിക്കുക. നിങ്ങളോടു സംസാരിക്കാനും നിങ്ങളെ വിശ്വാസത്തിലേക്കു വിളിക്കാനും ആ അസ്വസ്ഥതകളെ സൗമ്യമായും എന്നാൽ ഉറച്ചും ശാസിക്കാനും യേശുവിനെ അനുവദിക്കുക. ദൈവത്തിൽ വിശ്വാസമുണ്ടെങ്കിൽ നിങ്ങൾക്ക് എല്ലാം സഹിച്ചുനിൽക്കാൻ കഴിയും. യേശു കുരിശ് സഹിച്ചു. ശിഷ്യന്മാരും ഒടുവിൽ തങ്ങളുടെ കുരിശുകൾ സഹിച്ചു. നിങ്ങളെയും ശക്തിപ്പെടുത്താൻ ദൈവം ആഗ്രഹിക്കുന്നു. നിങ്ങളുടെ ഹൃദയത്തെ ഏറ്റവുമധികം അലട്ടുന്നതെന്തും അതിജീവിക്കാൻ കഴിയേണ്ടതിന് അവിടുന്ന് നിങ്ങളോടു സംസാരിക്കട്ടെ.

എന്റെ സ്നേഹനിധിയായ ഇടയനേ, അങ്ങ് എല്ലാം അറിയുന്നു. എന്റെ ഹൃദയവും ജീവിതത്തിൽ ഞാൻ നേരിടുന്ന പ്രയാസങ്ങളും അങ്ങ് അറിയുന്നു. പ്രിയ കർത്താവേ, ഭയത്തിനു വഴങ്ങാനുള്ള ഓരോ പ്രലോഭനത്തെയും ആത്മവിശ്വാസത്തോടും അങ്ങയിലുള്ള ആശ്രയത്തോടുംകൂടെ നേരിടാൻ എനിക്കാവശ്യമായ ധൈര്യം നൽകണമേ. എന്റെ മനസ്സിനു വ്യക്തതയും അസ്വസ്ഥമായ എന്റെ ഹൃദയത്തിനു സമാധാനവും നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഉയിർപ്പുകാല പ്രാർഥനകൾ

ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രങ്ങൾ: അപ്പസ്തോലന്മാരോടു വിടപറയുന്ന ക്രിസ്തു. ചിത്രകാരൻ: ഡൂച്ചോ ഡി ബുവോണിൻസെന, വിക്കിമീഡിയ കോമൺസ് വഴി