ഏപ്രിൽ 28, 2024
ഉയിർപ്പുകാലം അഞ്ചാം ഞായർ (വർഷം ബി)
ഇന്നത്തെ വായനകൾ

യേശു ശിഷ്യന്മാരോടു പറഞ്ഞു: “ഞാനാണ് യഥാർഥ മുന്തിരിച്ചെടി; എന്റെ പിതാവാണ് മുന്തിരിത്തോട്ടക്കാരൻ. എന്നിൽ ഫലം കായ്ക്കാത്ത ശാഖകളെല്ലാം അവിടുന്ന് നീക്കിക്കളയുന്നു. ഫലം കായ്ക്കുന്ന ശാഖകളെല്ലാം കൂടുതൽ ഫലം കായ്ക്കേണ്ടതിന് അവിടുന്ന് വെട്ടിയൊരുക്കുന്നു. ഞാൻ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങൾ ഇതിനകം വെട്ടിയൊരുക്കപ്പെട്ടിരിക്കുന്നു.” യോഹന്നാൻ 15:1–3
ഒരു മുന്തിരിച്ചെടി വളരാനും കൂടുതൽ ഫലങ്ങൾ മാത്രമല്ല, ഏറ്റവും നല്ല ഫലങ്ങൾതന്നെ പുറപ്പെടുവിക്കാനും അതിനെ വെട്ടിയൊരുക്കുന്നത് പ്രധാനമാണ്. വെട്ടിയൊരുക്കാതെ വിട്ടാൽ, കാലക്രമേണ മുന്തിരിച്ചെടിയിൽ ഫലങ്ങൾ കുറയുകയും അവയുടെ ഗുണമേന്മ താഴുകയും ചെയ്യും. ശരിയായ രീതിയിൽ വെട്ടിയൊരുക്കുന്നത്, ഏറ്റവും കൂടുതൽ ഫലം കായ്ക്കുന്ന പുതിയ മുകുളങ്ങളിലേക്ക് ചെടിയുടെ പോഷണം എത്തിക്കാൻ സഹായിക്കുന്നു.
വിശ്വാസം പരസ്നേഹത്തിലേക്കു നയിക്കണമെന്ന് നമുക്കു മനസ്സിലാക്കിത്തരാൻ, മുകളിൽ പറഞ്ഞ പ്രബോധനത്തിൽ യേശു മുന്തിരിച്ചെടി വെട്ടിയൊരുക്കുന്നതിന്റെ ദൃശ്യം ഉപയോഗിക്കുന്നു. ഒന്നാമതായി, താനാണ് “യഥാർഥ മുന്തിരിച്ചെടി” എന്ന് യേശു പറയുന്നു. കൃപയുടെ പുതുജീവിതത്തിന് നമുക്കാവശ്യമായ പോഷണത്തിന്റെ ഏക ഉറവിടം അവിടുന്നാണ്. സ്വർഗത്തിലേക്കും രക്ഷയിലേക്കുമുള്ള ഏക വഴിയും അവിടുന്നാണ്. നമ്മുടെ കർത്താവിനെ അറിയുകയും അവിടുത്തോട് ഉറച്ചുചേർന്നിരിക്കുകയും ചെയ്യുന്നതാണ് വിശ്വാസം. രണ്ടാമതായി, ഫലം കായ്ക്കാത്ത എല്ലാ ശാഖകളെയും താൻ നീക്കിക്കളയുമെന്ന് നമ്മുടെ കർത്താവ് പറയുന്നു. പരസ്നേഹത്തിന്റെ നല്ല ഫലമില്ലാത്ത വിശ്വാസം നിർജീവമാണെന്നും, ഒന്നും കായ്ക്കാത്ത മുന്തിരിവള്ളിയുടെ ശാഖപോലെയാണെന്നും ഇത് സൂചിപ്പിക്കുന്നു. മൂന്നാമതായി, നല്ല ഫലം കായ്ക്കുന്ന ഒരു ശാഖ കാണുമ്പോൾ യേശു അതിനെ വെറുതെ വിടുന്നില്ല. പകരം, അത് “കൂടുതൽ ഫലം കായ്ക്കേണ്ടതിന്” സ്നേഹപൂർവമായ കരുതലോടെ അവിടുന്ന് അതിനെ വെട്ടിയൊരുക്കുന്നു.
ഈ പ്രബോധനങ്ങൾ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ, മുന്തിരിച്ചെടിയോട് ഉറച്ചുചേർന്നിരിക്കുന്ന ഒരു ശാഖയായി നിങ്ങളുടെ വിശ്വാസത്തെ കണ്ടുകൊണ്ട് ആരംഭിക്കുക. ദൈവം തന്റെ വിശുദ്ധ വചനത്തിലൂടെ അരുളിച്ചെയ്തതെല്ലാം നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് പതിവായി മനസ്സാക്ഷിപരിശോധന നടത്തുന്നത് ഉപകാരപ്രദമാണ്. വിശ്വാസം ആത്മീയജീവിതത്തിലെ ആദ്യപടിയായതിനാൽ, ദൈവം വെളിപ്പെടുത്തിയ സത്യത്തിൽ അത് ഉറച്ചുനിലനിൽക്കണം. അതായത്, വിശുദ്ധ ലിഖിതങ്ങളിലൂടെയും സഭയുടെ വിശ്വാസബോധനങ്ങളിലൂടെയും വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന ദൈവവചനം നാം പതിവായി പഠിക്കുകയും, ആ പ്രബോധനങ്ങളെ പൂർണമനസ്സോടെ അംഗീകരിക്കുകയും വേണം.
അടുത്തതായി, വിശുദ്ധ ലിഖിതങ്ങളിലൂടെയും സഭയിലൂടെയും ദൈവം അരുളിച്ചെയ്തിട്ടുള്ള എല്ലാറ്റിലുമുള്ള നിങ്ങളുടെ വിശ്വാസം ഉറപ്പിച്ചശേഷം, നിങ്ങളുടെ പരസ്നേഹത്തെ പരിശോധിക്കാൻ ശ്രമിക്കുക. നിങ്ങളുടെ വിശ്വാസത്തിൽനിന്ന് ഉരുത്തിരിയുന്ന വ്യക്തമായ സ്നേഹപ്രവൃത്തികൾ നിങ്ങളുടെ ജീവിതത്തിൽ കാണുന്നുണ്ടോ? മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വെറും വികാരത്തിന്റെ തലത്തിൽ പലതിനെയും നമുക്ക് “സ്നേഹിക്കാൻ” കഴിയും. എന്നാൽ പരസ്നേഹത്തിന്റെ അടിസ്ഥാനം വിശ്വാസമാണ്, നമ്മുടെ വികാരങ്ങളല്ല. പരസ്നേഹം വിശ്വാസത്തിന്റെ ഫലമാണ്. നിങ്ങളുടെ ജീവിതത്തിൽ ഏതെല്ലാം പരസ്നേഹപ്രവൃത്തികൾ ചൂണ്ടിക്കാണിക്കാൻ കഴിയും? നിസ്വാർഥമായും ത്യാഗപൂർവമായും എന്തു ചെയ്യാനാണ് ദൈവം നിങ്ങളെ വിളിക്കുന്നതെന്ന് നിങ്ങൾക്കു തോന്നിയിട്ടുള്ളത്? നിങ്ങൾ അതു ചെയ്തിട്ടുണ്ടോ?
അവസാനമായി, പരസ്നേഹം നിങ്ങളിൽ സജീവമായിരിക്കുന്ന വഴികൾ നിങ്ങൾ കണ്ടെത്തുമ്പോൾ, ദൈവം തന്റെ വെട്ടിയൊരുക്കൽ അവിടെയായിരിക്കും കേന്ദ്രീകരിക്കുക എന്ന് അറിയുക. വെട്ടിയൊരുക്കൽ വേദനാജനകമായേക്കാം. അതിനു ത്യാഗവും പരീക്ഷണങ്ങളിൽ ക്ഷമയും സ്വാർഥതയെ അതിജീവിക്കലും ചെയ്യാൻ മനസ്സില്ലാത്ത കാര്യങ്ങൾ ചെയ്യലും ആവശ്യമായി വരും. വാസ്തവത്തിൽ, നിങ്ങളുടെ പ്രേരണകളെ വെട്ടിയൊരുക്കി കൂടുതൽ ശുദ്ധമാക്കാനും, വികാരത്തെക്കാൾ വിശ്വാസത്തിൽ കൂടുതൽ അധിഷ്ഠിതമാക്കാനുമായി, ചിലപ്പോൾ പരസ്നേഹപ്രവൃത്തികൾപോലും അരോചകമായി തോന്നാൻ ദൈവം ഇടയാക്കുന്നു. എന്നാൽ ഇത് നല്ലതാണ്.
യേശു അവതരിപ്പിക്കുന്ന ഈ വിശുദ്ധ ദൃശ്യത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. കൃപയുടെ അതിസ്വാഭാവികജീവിതം പ്രവർത്തിക്കുന്നതെങ്ങനെയെന്ന് വെളിപ്പെടുത്തുന്ന, പ്രകൃതിയിൽനിന്നുള്ള ഒരു പാഠമാണിത്. ദൈവം ചെയ്യാനാഗ്രഹിക്കുന്ന വെട്ടിയൊരുക്കലിൽ പതറിപ്പോകരുത്. സഹനത്തെ സ്നേഹത്തോടെ സ്വീകരിക്കുക, അനീതിയോട് ക്ഷമയോടെ പ്രതികരിക്കുക, മനസ്സു തോന്നാത്തപ്പോഴും കരുണ കാണിക്കുക, അർഹരല്ലെന്നു തോന്നുന്നവരെ നിസ്വാർഥമായി സേവിക്കാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നത് നിങ്ങളെ വെട്ടിയൊരുക്കും; അതുവഴി നിങ്ങളിലൂടെ മഹത്വപൂർണമായ രീതിയിൽ തന്റെ രാജ്യം പടുത്തുയർത്താൻ ദൈവത്തിനു കഴിയും.
അത്യന്തം മഹത്വമുള്ള മുന്തിരിച്ചെടിയായ യേശുവേ, അങ്ങ്, അങ്ങുമാത്രമാണ് ജീവിതത്തിലെ എല്ലാ പോഷണത്തിന്റെയും ഉറവിടം. എല്ലാ നന്മകളും അങ്ങയിൽനിന്നു വരുന്നു. അങ്ങയിലും അങ്ങ് വെളിപ്പെടുത്തിയ എല്ലാറ്റിലും ഉറച്ച വിശ്വാസമുണ്ടായിരിക്കാൻ എന്നെ സഹായിക്കണമേ. അങ്ങനെ ഈ വിശ്വാസം മുളപൊട്ടി, അങ്ങയുടെ രാജ്യം മഹത്വപൂർവം പടുത്തുയർത്തുന്നതിനായി നല്ല ഫലങ്ങൾ സമൃദ്ധമായി പുറപ്പെടുവിക്കട്ടെ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധർ –
പുരോഹിതനും രക്തസാക്ഷിയുമായ വിശുദ്ധ പീറ്റർ ഷാനൽ
വിശുദ്ധ ലൂയി ഗ്രിഞ്ഞിയോൺ ദെ മോൺഫോർട്ട്, വൈദികൻ
ഈ വർഷം ഞായറാഴ്ച വരുന്നതിനാൽ ആരാധനാക്രമത്തിലെ ഓർമദിനമായി ആചരിക്കുന്നില്ല
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രം: അവസാന അത്താഴം (മൊസൈക്ക് ചിത്രം) രചന: Howgill, Adobe വഴി




