2017 ഒക്ടോബർ 7, ശനിയാഴ്ച
ജപമാലരാജ്ഞിയുടെ തിരുനാൾ സ്മരണയുടെ വായനകൾ
ജപമാല രാജ്ഞിയായ പരിശുദ്ധ മാതാവ് – ഓർമ്മതിരുനാൾ
ജപമാല രാജ്ഞിയായ പരിശുദ്ധ മാതാവിനെ ഇന്ന് നാം വണങ്ങുമ്പോൾ, ശക്തിയേറിയ ഈ പ്രാർഥനയെക്കുറിച്ച് ധ്യാനിക്കാനുള്ള നല്ലൊരു അവസരമാണിത്. ജപമാലയുടെ ശക്തിയെക്കുറിച്ച് ധ്യാനിക്കാനുള്ള ഏറ്റവും നല്ല മാർഗം വിശുദ്ധരിലേക്ക് തിരിയുക എന്നതാണ്. ജപമാലയെക്കുറിച്ച് ദൈവത്തിന്റെ വിശുദ്ധർ പറഞ്ഞ ചില വാക്കുകൾ താഴെ കൊടുത്തിരിക്കുന്നു. അവയെക്കുറിച്ച് ധ്യാനിക്കുകയും അവ നിങ്ങളുടെ ഹൃദയത്തോട് സംസാരിക്കാൻ അനുവദിക്കുകയും ചെയ്യുക.
“എല്ലാ ദിവസവും ജപമാല ചൊല്ലുന്ന ആരും ഒരിക്കലും വഴിതെറ്റിക്കപ്പെടുകയില്ല. എന്റെ രക്തംകൊണ്ട് സന്തോഷപൂർവം ഒപ്പുവയ്ക്കാൻ ഞാൻ സന്നദ്ധനായിരിക്കുന്ന ഒരു പ്രസ്താവനയാണിത്.” – വിശുദ്ധ ലൂയി ഡി മോൺഫോർട്ട്.
“എല്ലാ പ്രാർഥനകളിലും വച്ച് ഏറ്റവും മനോഹരവും കൃപകളാൽ ഏറ്റവും സമ്പന്നവുമാണ് ജപമാല… ജപമാലയെ സ്നേഹിക്കുകയും എല്ലാ ദിവസവും ഭക്തിയോടെ ചൊല്ലുകയും ചെയ്യുക.” – വിശുദ്ധ പത്താം പീയൂസ്.
“എല്ലാ സായാഹ്നങ്ങളിലും ജപമാല ചൊല്ലുന്ന കുടുംബം എത്ര മനോഹരമാണ്.” – വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ.
“ജപമാലയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട പ്രാർഥന. അത്ഭുതകരമായ ഒരു പ്രാർഥന! അതിന്റെ ലാളിത്യത്തിലും ആഴത്തിലും അത്ഭുതകരം.” – വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ.
“ദൈവപ്രചോദിതമായ അമൂല്യ നിധിയാണ് ജപമാല.” – വിശുദ്ധ ലൂയി ഡി മോൺഫോർട്ട്.
“കുടുംബത്തിന്മേൽ ദൈവാനുഗ്രഹങ്ങൾ വർഷിക്കപ്പെടാൻ… ദിവസേനയുള്ള ജപമാല പ്രാർഥനയെക്കാൾ ഉറപ്പുള്ള മറ്റൊരു മാർഗമില്ല.” – പന്ത്രണ്ടാം പീയൂസ് മാർപാപ്പ.
“ജപമാല ഏറ്റവും ശ്രേഷ്ഠമായ പ്രാർഥനാരൂപവും നിത്യജീവൻ പ്രാപിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗവുമാണ്. നമ്മുടെ എല്ലാ തിന്മകൾക്കുമുള്ള പ്രതിവിധിയും നമ്മുടെ എല്ലാ അനുഗ്രഹങ്ങളുടെയും വേരുമാണത്. ഇതിനെക്കാൾ ശ്രേഷ്ഠമായ മറ്റൊരു പ്രാർഥനാരീതിയില്ല.” – വിശുദ്ധ ലെയോ പതിമൂന്നാമൻ മാർപാപ്പ.
“ജപമാല ചൊല്ലുന്ന ഒരു സൈന്യത്തെ എനിക്കു തരൂ; ഞാൻ ലോകത്തെ കീഴടക്കും.” – വാഴ്ത്തപ്പെട്ട ഒൻപതാം പീയൂസ് മാർപാപ്പ.
“നിങ്ങളുടെ ഹൃദയങ്ങളിലും ഭവനങ്ങളിലും രാജ്യത്തും സമാധാനം ആഗ്രഹിക്കുന്നുവെങ്കിൽ, എല്ലാ സായാഹ്നങ്ങളിലും ജപമാല ചൊല്ലാൻ ഒരുമിച്ചുകൂടുക. അനേകം ആകുലതകളും അധ്വാനങ്ങളും നിങ്ങളെ എത്രമാത്രം ഭാരപ്പെടുത്തിയാലും, ജപമാല ചൊല്ലാതെ ഒരു ദിവസംപോലും കടന്നുപോകാൻ അനുവദിക്കരുത്.” – പതിനൊന്നാം പീയൂസ് മാർപാപ്പ.
“ജപമാല ചൊല്ലി ഞാൻ അപേക്ഷിച്ച ഒരു കൃപയും പരിശുദ്ധ മാതാവ് എനിക്ക് ഒരിക്കലും നിരസിച്ചിട്ടില്ല.” – പിയെത്രെൽചീനയിലെ വിശുദ്ധ പാദ്രെ പിയോ.
“പ്രാർഥിക്കാനുള്ള ഏറ്റവും ശ്രേഷ്ഠമായ മാർഗം ജപമാല ചൊല്ലുക എന്നതാണ്.” – വിശുദ്ധ ഫ്രാൻസിസ് ഡി സാലസ്.
“ഒരു ദിവസം, ജപമാലയിലൂടെയും ഉത്തരീയത്തിലൂടെയും പരിശുദ്ധ മാതാവ് ലോകത്തെ രക്ഷിക്കും.” – വിശുദ്ധ ഡൊമിനിക്.
കർത്താവേ, വിശുദ്ധ ജപമാല എന്ന ഈ അമൂല്യ ദാനത്തിന്റെ ശക്തി ഞാൻ മനസ്സിലാക്കട്ടെ. ഇത് എന്റെ ദൈനംദിന പ്രാർഥനയുടെ ഭാഗമാക്കാനുള്ള കൃപ എനിക്കു നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.





