2019 മാർച്ച് 5, ചൊവ്വാഴ്ച
ആണ്ടുവട്ടത്തിലെ എട്ടാം ആഴ്ചയിലെ ചൊവ്വാഴ്ച

പത്രോസ് യേശുവിനോടു പറയാൻ തുടങ്ങി: “ഞങ്ങൾ എല്ലാം ഉപേക്ഷിച്ച് അങ്ങയെ അനുഗമിച്ചിരിക്കുന്നു.” മർക്കോസ് 10:28
പലതും ത്യജിച്ച് ക്രിസ്തുവിനെ അനുഗമിക്കാൻ ചിലർ വിളിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, ആശ്രമജീവിതത്തിലേക്കോ ഏകാന്തമഠത്തിലെ സന്യാസിനീജീവിതത്തിലേക്കോ വിളിക്കപ്പെട്ടവരുണ്ട്. സമൂലമായ ഈ രീതിയിൽ തന്നെ അനുഗമിക്കാനുള്ള ക്രിസ്തുവിന്റെ ക്ഷണം തേടാനും അതനുസരിച്ച് ജീവിക്കാനും അവർ യഥാർഥത്തിൽ ഈ ലോകത്തിലുള്ളതെല്ലാം ത്യജിക്കുന്നു.
എന്നാൽ, നാമെല്ലാവരും നമ്മുടേതായ സവിശേഷമായ രീതിയിൽ ക്രിസ്തുവിനെ അനുഗമിക്കാൻ “എല്ലാം” ഉപേക്ഷിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്നു. എല്ലാം ഉപേക്ഷിക്കുക എന്നതിലൂടെ, ക്രിസ്തുവിന്റെ ദൈവികപദ്ധതിക്കനുസരിച്ച് അവിടുത്തെ സേവിക്കാനായി ജീവിതത്തിലെ നമ്മുടെ സ്വന്തം ഇച്ഛയും ഇഷ്ടങ്ങളും പൂർണമായി സമർപ്പിക്കുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ഇതിന് പല രൂപങ്ങൾ കൈവരാം; എന്നാൽ, ആത്യന്തികമായി അത് എല്ലാം ഉപേക്ഷിക്കാനുള്ള വിളിയാണ്.
“എല്ലാം ത്യജിക്കുക” എന്നത് ജീവിതത്തിലെ നമ്മുടെ സ്വാർഥമായ ആദർശങ്ങളും ഇഷ്ടങ്ങളും ഉപേക്ഷിക്കുക എന്നതല്ലാതെ മറ്റൊന്നുമല്ല എന്നതാണ് സന്തോഷവാർത്ത. നമുക്കായി അവിടുന്ന് ഒരുക്കിവച്ചിരിക്കുന്ന ജീവിതം നമുക്ക് സ്വപ്നം കാണാനോ സങ്കൽപ്പിക്കാനോ കഴിയുന്നതിനെക്കാൾ എത്രയോ മികച്ചതാണ് എന്നത് അതിലും വലിയ സന്തോഷവാർത്തയാണ്. അതിനാൽ, നമ്മുടെ സ്വന്തം ഇഷ്ടത്തിനും സ്വന്തം രീതിയിൽ കാര്യങ്ങൾ ചെയ്യുന്നതിനും “ഇല്ല” എന്നു പറയുമ്പോൾ, ദൈവത്തിന്റെ പരിപൂർണമായ രീതിയിൽ കാര്യങ്ങൾ ചെയ്യുന്നതിന് “അതെ” എന്നു പറയുകയാണ് നാം യഥാർഥത്തിൽ ചെയ്യുന്നത്.
നമ്മുടെ ജീവിതത്തിലെ ഓരോ ദിവസവും അവിടുത്തെ തിരുവിഷ്ടം മാത്രം അന്വേഷിക്കാൻ നാം ആഗ്രഹിക്കാതിരിക്കുന്നതെന്തിന്? അവിടുത്തെയും അവിടുത്തെ പരിപൂർണമായ പദ്ധതിയെയും സേവിക്കാൻ നാം ആഗ്രഹിക്കാതിരിക്കുന്നതെന്തിന്? ഇത് നമ്മുടെ കുടുംബങ്ങൾക്കുള്ള സേവനത്തിന്റെ രൂപം കൈക്കൊണ്ടേക്കാം. അവർക്ക് നൽകാൻ നമുക്ക് മനസ്സില്ലാത്തപ്പോഴും നൽകുന്നതായിരിക്കാം അത്. സേവനത്തിന്റെയും സ്നേഹത്തിന്റെയും ചെറിയ പ്രവൃത്തികളിൽ സന്തോഷം കണ്ടെത്താൻ പരിശ്രമിക്കുന്നതായിരിക്കാം അത്. ചിലരെ സംബന്ധിച്ചിടത്തോളം, അവിടുത്തെ തിരുവിഷ്ടം കൂടുതൽ സമൂലമായി അന്വേഷിക്കുന്നതിനായി ജീവിതത്തിലെ സാധാരണമായ എല്ലാ ബന്ധങ്ങളും ത്യജിക്കുന്നതായിരിക്കാം അത്. നിങ്ങളുടെ ജീവിതത്തിലെ പ്രത്യേക വിളി എന്തുതന്നെയായാലും, ദൈവത്തിന്റെ തിരുവിഷ്ടം സ്വീകരിക്കുന്നത് മൂല്യവത്താണ്.
ക്രിസ്തു നിങ്ങളോട് എന്തു ചോദിച്ചാലും അവിടുത്തോട് “അതെ” എന്നു പറയാൻ നിങ്ങൾ എത്രത്തോളം സന്നദ്ധരും മനസ്സുള്ളവരുമാണെന്ന് ഇന്ന് ചിന്തിക്കുക. അവിടുന്ന് ഇതുവരെ നിങ്ങൾക്കു വെളിപ്പെടുത്തിയിട്ടില്ലാത്ത കാര്യത്തിനുപോലും “അതെ” എന്നു പറയാൻ നിങ്ങൾ തയ്യാറാണോ? നിങ്ങളുടെ ഭാവിയിൽ എന്തുതന്നെ കാത്തിരുന്നാലും അതിനോട് ഇന്ന് “അതെ” എന്നു പറയുക; ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും.
കർത്താവേ, ജീവിതത്തിൽ എന്തു ചെയ്യാൻ അങ്ങ് എന്നെ വിളിച്ചാലും, എന്റെ മറുപടി “അതെ” എന്നാണ്. നിസ്വാർഥമായും പൂർണമായും അങ്ങയുടെ തിരുവിഷ്ടം നിറവേറ്റാൻ ഞാൻ ആഗ്രഹിക്കുന്നു. ഉദാരതയോടും സ്നേഹത്തോടുംകൂടെ ആ വിളിക്കനുസരിച്ച് ജീവിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ




