മലയാളം

വിശുദ്ധ കുർബാനയാൽ പരിപോഷിതമാകുന്ന ശുശ്രൂഷയിലെ വിനയം

2019 ഏപ്രിൽ 18, വ്യാഴാഴ്ച

പെസഹാ വ്യാഴം, കർത്താവിന്റെ അന്ത്യ അത്താഴത്തിന്റെ വിശുദ്ധ കുർബാന

ഇന്നത്തെ വായനകൾ

പെസഹാത്രിദിനത്തിനായുള്ള കൂടുതൽ പ്രാർത്ഥനകളും ധ്യാനചിന്തകളും

“ഇത് നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരമാണ്. എന്റെ ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ.”  1 കോറി. 11:24

നമ്മുടെ കത്തോലിക്കാ വിശ്വാസത്തിലെ മൂന്നു മഹത്തായ ആഘോഷങ്ങളായ പെസഹാത്രിദിനത്തിന് നാം ഇന്ന് തുടക്കം കുറിക്കുന്നു. അതെ, വർഷം മുഴുവൻ അനേകം ആഘോഷങ്ങളുണ്ട്. എന്നാൽ ഈ മൂന്ന് ആഘോഷങ്ങളാണ് നമ്മുടെ വിശ്വാസത്തിന്റെ ഹൃദയവും നമ്മുടെ എല്ലാ ആരാധനകളുടെയും പരമകാഷ്ഠയും. കർത്താവ് സ്ഥാപിച്ച പൗരോഹിത്യത്തിലൂടെ അവിടുന്ന് നൽകിയ പരിശുദ്ധ കുർബാന എന്ന ദാനത്തിന്റെ ആഘോഷത്തോടെയാണ് നാം ഇന്ന് ആരംഭിക്കുന്നത്. നാളെ നാം അവിടുത്തെ കുരിശുമരണത്തിന്റെ രഹസ്യത്തിലേക്ക് പ്രവേശിക്കുന്നു. ശനിയാഴ്ച സൂര്യാസ്തമയത്തിനുശേഷം നാം അവിടുത്തെ ഉത്ഥാനത്തിന്റെ മഹിമയിലേക്ക് പ്രവേശിക്കുന്നു.

പെസഹാ വ്യാഴാഴ്ച വൈകുന്നേരം, അന്ത്യ അത്താഴത്തിന്റെ അനുസ്മരണത്തോടെ നാം പെസഹാ ത്രിദിനാചരണം ആരംഭിക്കുന്നു.  യേശുവും അവിടുത്തെ അപ്പസ്തോലന്മാരും പങ്കുവെച്ച പെസഹാഭോജനമായി ചരിത്രത്തിൽ നടന്ന ഈ സംഭവം, നമുക്ക് രക്ഷ നൽകുന്ന ദാനത്തിന്റെ ആരംഭമാണ്.

പെസഹാ വ്യാഴാഴ്ച, “ഇത് നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരമാണ്” എന്ന് കർത്താവ് ആദ്യമായി പറയുന്നത് നാം കേൾക്കുന്നു.  നമ്മുടെ വിശുദ്ധീകരണത്തിനും പൂർണ്ണതയ്ക്കുമായി അവിടുന്ന് നമുക്കു നൽകുന്ന ദാനമായി വിശുദ്ധ കുർബാനയെ ചൂണ്ടിക്കാണിക്കുന്നത് നാം കേൾക്കുന്നു.  അതിന്റെ ആഴം അളക്കാനോ പൂർണ്ണമായി ഗ്രഹിക്കാനോ നമുക്ക് ഒരിക്കലും കഴിയില്ല.  അവിടുത്തെ സമ്പൂർണ്ണ ആത്മദാനത്തിന്റെയും ത്യാഗപൂർണ്ണമായ സ്നേഹത്തിന്റെയും ദാനമാണത്.

വിശുദ്ധ കുർബാനയെ നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ! അമൂല്യവും പവിത്രവുമായ ഈ ദാനത്തെ നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ! നമ്മുടെ ലോകത്തിൽ സന്നിഹിതനായിരിക്കുന്ന ദൈവം തന്നെയാണ് വിശുദ്ധ കുർബാന. നാം സ്വീകരിക്കുന്നതിലേക്ക് നമ്മെ രൂപാന്തരപ്പെടുത്താനാണ് അത് നമുക്ക് നൽകപ്പെട്ടിരിക്കുന്നത്. വിശുദ്ധ കുർബാന യഥാർഥമായും നമ്മെ ക്രിസ്തുവായി രൂപാന്തരപ്പെടുത്തുന്നു. വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ നാം പരിശുദ്ധ ത്രിത്വത്തിന്റെ ദൈവികജീവിതത്തിലേക്ക് ആകർഷിക്കപ്പെടുന്നു. നാം ദൈവത്തോട് ഒന്നാക്കപ്പെടുകയും നമുക്ക് നിത്യതയുടെ ആഹാരം നൽകപ്പെടുകയും ചെയ്യുന്നു.

ആദ്യത്തെ ആ പെസഹാവ്യാഴാഴ്ച, യേശുവിനോട് ഒന്നാകുമ്പോൾ നാം അനുകരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന പരിപൂർണമായ വിനയത്തിന്റെയും സേവനത്തിന്റെയും മാതൃകയും അവിടുന്ന് നൽകി. അവിടുന്ന് സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ നമ്മെ പ്രാപ്തരാക്കാനാണ് അവിടുത്തെ ശരീരവും രക്തവും നൽകപ്പെടുന്നതെന്ന് അപ്പസ്തോലന്മാരെയും നമ്മെയും പഠിപ്പിക്കാൻ അവിടുന്ന് അവരുടെ പാദങ്ങൾ കഴുകി. വിനയത്തിലേക്ക് വിളിക്കപ്പെട്ട യഥാർഥ ശുശ്രൂഷകരായി വിശുദ്ധ കുർബാന നമ്മെ രൂപാന്തരപ്പെടുത്തുന്നു. മറ്റുള്ളവരെ വിനയത്തോടെ സേവിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ഈ സേവനം വിവിധ രൂപങ്ങൾ സ്വീകരിക്കും; എന്നാൽ അതിലേക്കാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.

നിങ്ങളുടെ ചുറ്റുമുള്ളവരെ നിങ്ങൾ ശുശ്രൂഷിക്കുന്നുണ്ടോ?  അവരുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങൾ നിറവേറ്റാൻ നിങ്ങൾ മറ്റുള്ളവരുടെ മുമ്പിൽ സ്വയം താഴ്ത്തുന്നുണ്ടോ?  നിങ്ങളുടെ പ്രവൃത്തികളിലൂടെ അവരെ സ്നേഹിക്കുന്നുവെന്ന് കാണിക്കുന്നുണ്ടോ?  ഇതാണ് പെസഹാ വ്യാഴത്തിന്റെ അന്തഃസത്ത.  ദൈവപുത്രനുമായുള്ള നമ്മുടെതന്നെ ഉറ്റ ഐക്യത്തിന്റെ മനോഹരമായ പ്രകടനമാണ് വിനയപൂർവ്വമായ ശുശ്രൂഷ.

യഥാർത്ഥ “മഹത്വം” പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു.  വിജയത്തെയും പ്രശംസയെയും കുറിച്ചുള്ള ലൗകികമായ ധാരണയുടെ അടിസ്ഥാനത്തിലാണ് മഹത്വത്തെ പലപ്പോഴും വിലയിരുത്തുന്നത്.  നമ്മുടെ നേട്ടങ്ങളെ മറ്റുള്ളവർ പ്രശംസിക്കണമെന്ന് നാം പലപ്പോഴും ആഗ്രഹിക്കുന്നു.  എന്നാൽ യേശു മഹത്വത്തെക്കുറിച്ച് മറ്റൊരു കാഴ്ചപ്പാട് നൽകുന്നു.  വിനയപൂർവ്വമായ ഈ ശുശ്രൂഷാകർമ്മത്തിലാണ് യഥാർത്ഥ മഹത്വം കണ്ടെത്തുന്നതെന്ന് പെസഹാ വ്യാഴാഴ്ച അവിടുന്ന് കാണിച്ചുതരുന്നു.  അവിടുത്തെ അനുകരിക്കാൻ നാം നമ്മുടെ അഹങ്കാരം ഉപേക്ഷിക്കണം.  വിശ്വാസത്തോടെ വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ ഇത് സാധ്യമാകുന്നു.  ഈ വിനയപൂർവ്വമായ രീതിയിൽ മറ്റുള്ളവരെ സ്നേഹിക്കാനും ശുശ്രൂഷിക്കാനും വിശുദ്ധ കുർബാന നമ്മെ പ്രാപ്തരാക്കുന്നു.  ആ സ്നേഹവും ശുശ്രൂഷയും മറ്റുള്ളവരുടെ ഹൃദയങ്ങളെയും ആത്മാക്കളെയും ദൈവരാജ്യത്തിനായി നേടുന്ന പ്രവൃത്തിയാണ്.

പെസഹാവ്യാഴം ആഘോഷിക്കുമ്പോൾ, നമ്മുടെ വിനയത്തെക്കുറിച്ച് വിചിന്തനം ചെയ്യാനും മറ്റുള്ളവർക്കുവേണ്ടി സമൂലവും സമ്പൂർണവുമായ ആത്മദാനത്തിന് നമ്മെത്തന്നെ സമർപ്പിക്കാനും നമുക്കെല്ലാവർക്കും വെല്ലുവിളി ലഭിക്കുന്നു.

നമ്മുടെ കർത്താവിന്റെ വിനയം നിങ്ങൾ അനുകരിക്കുന്നുണ്ടോ എന്ന് ഈ രാത്രിയിൽ വിചിന്തനം ചെയ്യുക.  മറ്റുള്ളവരെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നുവെന്ന് കാണിച്ചുകൊണ്ട് അവരെ ശുശ്രൂഷിക്കാനുള്ള വഴികൾ തേടാൻ നിങ്ങൾ പ്രതിജ്ഞാബദ്ധരാണോ?  മഹിമയേറിയ ഈ രാത്രിയിൽ യേശു നമുക്കു നൽകിയ മഹത്തായ സ്നേഹം അനുകരിക്കാൻ കഴിയുമാറ് പെസഹാ വ്യാഴം നിങ്ങളെ രൂപാന്തരപ്പെടുത്തട്ടെ.

കർത്താവേ, ഒരു ശുശ്രൂഷകനായിരിക്കുക എന്നതിന്റെ അർഥം മനസ്സിലാക്കാൻ എന്നെ സഹായിക്കണമേ. എന്റെ പ്രവൃത്തികളിൽ ഈ വിനയം ജീവിക്കാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ പരിശുദ്ധ ശരീരരക്തങ്ങളാകുന്ന ദാനം, ഞാൻ ആരായിത്തീരണമെന്ന് അങ്ങ് ആഗ്രഹിക്കുന്നുവോ ആ വ്യക്തിയായി എന്നെ രൂപാന്തരപ്പെടുത്തട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു.

വിശുദ്ധവാരത്തിനായി കൂടുതൽ


പെസഹാവ്യാഴത്തിനായുള്ള പ്രാർത്ഥനാധ്യാനം

കൂടുതൽ വായനയ്ക്ക്: പെസഹാവ്യാഴം

കവിത – കനൽത്തീ

ജപമാല – ദുഃഖത്തിന്റെ രഹസ്യങ്ങൾ (വിശുദ്ധഗ്രന്ഥ വചനങ്ങളോടെ)

പെസഹാവ്യാഴത്തിന് അനുയോജ്യമായ മറ്റു പ്രാർഥനകൾ:

എളിമയുടെ ലുത്തിനിയ

സഹനത്തെ കുരിശിനോടു ചേർക്കൽ

പൂർണ സമർപ്പണത്തിന്റെ പ്രാർത്ഥന

സമർപ്പണപ്രാർത്ഥന

കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ