2019 ഏപ്രിൽ 21, ഞായറാഴ്ച
കർത്താവിന്റെ ഉത്ഥാന മഹോത്സവം
ആദ്യദിനം ഈസ്റ്ററിന്റെ അഷ്ടദിനാഘോഷമാണ്

അല്ലേലൂയാ! അവിടുന്ന് ഉയിർത്തെഴുന്നേറ്റു!
ഈ വാക്കുകൾ ഉച്ചരിക്കുന്നത്, ദിവസം മുഴുവൻ മരുഭൂമിയിൽ കഴിഞ്ഞശേഷം ഒരു വലിയ ഗ്ലാസ് തണുത്ത വെള്ളം കുടിക്കുന്നതുപോലെയാണ്. നോമ്പുകാലം അവസാനിച്ചു; ഉയിർപ്പുതിരുനാളിന്റെ മഹത്തായ സന്തോഷം ആഘോഷിക്കാനുള്ള സമയമാണിത്!
ഉയിർപ്പുതിരുനാളിന്റെ ജാഗരണശുശ്രൂഷയിൽ, ദേവാലയത്തിലുടനീളമുള്ള മെഴുകുതിരികളുടെ പ്രകാശം മാത്രമുള്ള ഇരുളിൽ വിശുദ്ധ കുർബാന ആരംഭിക്കുമ്പോൾ പാസ്കാ മംഗളഗീതം ആലപിക്കുന്നു. പാപത്തിന്റെയും മരണത്തിന്റെയും മേലുള്ള ക്രിസ്തുവിന്റെ വിജയത്തിൽ ആനന്ദിക്കുന്ന മനോഹരമായ ഒരു സ്തുതിഗീതമാണിത്. അതിലെ ഒരു ഭാഗം ഇങ്ങനെ പറയുന്നു:
ഓ, ക്രിസ്തുവിന്റെ മരണത്താൽ പൂർണമായി നശിപ്പിക്കപ്പെട്ട, ആദത്തിന്റെ യഥാർഥത്തിൽ അനിവാര്യമായ പാപമേ! ഇത്ര മഹാനും ഇത്ര മഹിമയുള്ളവനുമായ ഒരു രക്ഷകനെ നമുക്കു നേടിത്തന്ന സൗഭാഗ്യകരമായ തെറ്റേ!
ആദത്തിന്റെ പാപത്തെ “ആവശ്യമായത്” എന്നു വിളിക്കുകയും “ഓ, സൗഭാഗ്യകരമായ അപരാധമേ” എന്നു വിശേഷിപ്പിക്കുകയും ചെയ്യുന്നതിനാൽ ഈ വരി ശ്രദ്ധേയമാണ്. ആദ്യം ഇത് വിചിത്രമായി തോന്നിയേക്കാം. ആദത്തിന്റെ പാപത്തെ, ഉത്ഭവപാപത്തെ, “ആവശ്യമായത്” എന്നും “സൗഭാഗ്യകരം” എന്നും നാം വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടാണ്? അതിനുള്ള ഉത്തരം ഈസ്റ്ററാണ്. ദൈവം തന്റെ പരിപൂർണമായ ജ്ഞാനത്തിലും സ്നേഹത്തിലും പാപത്തെയും പാപത്തിന്റെ അനന്തരഫലമായ മരണത്തെയും ലോകത്തിന്റെ രക്ഷയ്ക്കുള്ള മാർഗങ്ങളായി ഉപയോഗിച്ചതുകൊണ്ടാണത്. ഇതുതന്നെയാണ് ഈസ്റ്ററിന്റെ സാരം!
ഇതു മനസ്സിലാക്കാൻ പ്രയാസമായേക്കാം; അതിനാൽ ഇതിനെക്കുറിച്ച് കൂടുതൽ ആഴത്തിൽ ചിന്തിക്കുന്നതു നല്ലതാണ്. ആദത്തിന്റെ പാപം ഇല്ലായിരുന്നെങ്കിൽ യേശു ഉണ്ടാകുമായിരുന്നില്ല. ദൈവത്തിന് നമ്മിലൊരുവനാകേണ്ടിവരുമായിരുന്നില്ല. അതിനാൽ, ആദത്തിന്റെ ഉത്ഭവപാപവും അതിനുശേഷമുള്ള എല്ലാ പാപങ്ങളും തിന്മയും തെറ്റുമാണെങ്കിലും, ദൈവം തന്റെ പരിപൂർണമായ ശക്തിയിലും സ്നേഹത്തിലും പാപത്തെത്തന്നെ ലോകത്തിന്റെ രക്ഷയ്ക്കുള്ള മാർഗമായി ഉപയോഗിക്കാൻ തിരുമനസ്സായി. എങ്ങനെ? ലോകത്തിന്റെ പാപങ്ങൾ തന്നെ പീഡിപ്പിക്കാനും ക്രൂശിക്കാനും അനുവദിച്ചുകൊണ്ടും, തുടർന്ന് ആ സഹനത്തെയും മരണത്തെയും രക്ഷയുടെതന്നെ മാർഗമാക്കി മാറ്റിക്കൊണ്ടും. പാപത്തിന്റെ പരിണതഫലമായ മരണത്തെ നശിപ്പിച്ചുകൊണ്ട് യേശു പാപത്തെ നശിപ്പിച്ചു. ഉത്ഥാനത്തിൽ മരണം പരാജയപ്പെടുന്നു! യേശുവിനെ മുറുകെപ്പറ്റിനിൽക്കുന്നവർക്കായി അവിടുത്തെ ഉത്ഥാനം എല്ലാ പാപങ്ങളുടെയും ഫലങ്ങൾ നീക്കിക്കളയുന്നു.
നാം അതുതന്നെ ചെയ്യേണ്ട സമയമാണ് ഉയിർപ്പുതിരുനാൾ. ഉത്ഥിതനായ നമ്മുടെ കർത്താവിനെ നാം “മുറുകെപ്പറ്റിനിൽക്കണം”! ജീവനോടെ സുസ്ഥിതനായിരിക്കുന്ന യേശുവിനെ നാം മുറുകെപ്പറ്റിനിൽക്കണം. അവിടുത്തെ ഉത്ഥാനത്തെ മുറുകെപ്പറ്റിനിൽക്കുകയും അതിൽ പങ്കുചേരാൻ പരിശ്രമിക്കുകയും വേണം. ഉത്ഥിതനായ നമ്മുടെ കർത്താവിനെ നാം എങ്ങനെയാണ് മുറുകെപ്പറ്റിനിൽക്കുക? അതിനു പല വഴികളുണ്ട്. ഇതാ ഒരു വഴി.
എല്ലാറ്റിലും സന്തോഷം കണ്ടെത്തുക. നിങ്ങളെ ഏറ്റവുമധികം ഭാരപ്പെടുത്തുന്ന കാര്യത്തിൽനിന്നുതന്നെ തുടങ്ങുക. നിങ്ങളെ കോപാകുലരോ ദുഃഖിതരോ വിഷാദമുള്ളവരോ ആക്കുന്നത് എന്തുതന്നെയായാലും, അതിൽനിന്നു തുടങ്ങുക. അത് എന്തായാലും, നിങ്ങൾക്കു കൃപയുടെയും സന്തോഷത്തിന്റെയും ഏറ്റവും വലിയ ഉറവിടങ്ങളിൽ ഒന്നായിത്തീരാൻ അതിനു കഴിയും. തീർച്ചയായും അതിനു കഴിയും. ദൈവപുത്രനായ യേശുവിന്റെ ക്രൂരമായ കുരിശുമരണം മനുഷ്യചരിത്രത്തിലെ ഏറ്റവും മഹത്തായ സംഭവമായി മാറാമെങ്കിൽ, നിങ്ങളുടെ വ്യക്തിപരമായ സഹനമോ ഭാരമോ നിങ്ങളുടെ പാപംപോലുമോ വലിയ സന്തോഷത്തിന്റെ ഉറവിടമായി തീർച്ചയായും മാറാൻ കഴിയും—ദൈവം അതിനെ തന്റെ ഉത്ഥാനത്തിന്റെ ഭാഗമാക്കി രൂപാന്തരപ്പെടുത്താൻ നിങ്ങൾ അനുവദിക്കുന്നിടത്തോളം!
ഇതാണ് ഉയിർപ്പുതിരുനാളിന്റെ അർഥം! ദൈവം നമുക്കു നൽകാൻ ആഗ്രഹിക്കുന്ന സന്തോഷത്തിൽനിന്ന് നമ്മെ അകറ്റിനിർത്താൻ ഒന്നിനും കഴിയില്ല എന്നാണ് ഉയിർപ്പുതിരുനാൾ അർഥമാക്കുന്നത്. ആ സന്തോഷം കവർന്നെടുക്കാൻ ഒന്നിനും കഴിയില്ല. തീർച്ചയായും, തോട്ടത്തിലെ പ്രാണവേദനയിലും ദുഃഖത്തിന്റെ വഴിയിലും (കുരിശിന്റെ വഴി) യേശു അനുഭവിച്ചതുപോലെ, ചിലപ്പോൾ നാമും കഷ്ടപ്പെടും; എന്നാൽ ആ സഹനങ്ങൾ വിജയിക്കുകയില്ല. ക്രിസ്തുവിൽ ഉത്ഥാനം വിജയിച്ചു; അവിടുത്തെ മുറുകെപ്പറ്റിനിൽക്കുമ്പോൾ നമ്മിലും അതു വിജയിക്കും. യേശു അവസാനംവരെ ഉറച്ചുനിന്നു; ഒടുവിൽ വിജയിയായി ഉയിർത്തെഴുന്നേറ്റു. ഇതാണ് ഉയിർപ്പുതിരുനാൾ!
നിങ്ങളുടെ ജീവിതത്തിൽ ഉയിർപ്പുതിരുനാളിന്റെ സന്തോഷം നിങ്ങൾ അനുഭവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നുവെന്ന് അറിയുക. ഉത്ഥാനത്തിനു മാത്രം നൽകാൻ കഴിയുന്ന പ്രത്യാശയും സന്തോഷവുംകൊണ്ട് നിങ്ങളെ നിറയ്ക്കാൻ അവിടുത്തെ അനുവദിക്കുക. നമ്മുടെ ജീവിതത്തിൽ ഉയിർപ്പുതിരുനാൾ ഇപ്പോൾത്തന്നെ ആരംഭിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്! ഉയിർപ്പുതിരുനാൾ ആശംസകൾ!
കർത്താവേ, അങ്ങയുടെ ഉത്ഥാനത്തിൽ അങ്ങയോടു ചേർന്നുനിൽക്കാൻ എന്നെ സഹായിക്കണമേ. എന്റെ ജീവിതത്തിലെ ഓരോ കുരിശും ഭാരവും സന്തോഷമായി രൂപാന്തരപ്പെടുത്താൻ അങ്ങയെ അനുവദിക്കുന്നതിന് എന്നെ സഹായിക്കണമേ. കർത്താവേ, അങ്ങയുടെ സന്തോഷം എന്റെ ജീവിതത്തെ നിറയ്ക്കുകയും എല്ലാറ്റിലും എന്റെ ശക്തിയായിരിക്കുകയും ചെയ്യട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
മൂന്നാം ദിവസം: ദൈവകരുണയുടെ ഞായറാഴ്ചയ്ക്കുള്ള ഒരുക്കനൊവേന
ഇന്നത്തെ വിശുദ്ധൻ – കാന്റർബറിയിലെ വിശുദ്ധ ആൻസെലം
ഉയിർപ്പുതിരുനാളിനുള്ള പ്രാർഥനാധ്യാനം
ജപമാല – മഹിമയുടെ രഹസ്യങ്ങൾ (വിശുദ്ധഗ്രന്ഥഭാഗങ്ങളോടുകൂടെ)
ദൈവകരുണയെക്കുറിച്ചുള്ള ദൈനംദിന വിചിന്തനങ്ങൾ
വിശുദ്ധ ഫൗസ്റ്റീനയുടെ ദൈവകരുണയുടെ ലുത്തിനിയ
കരുണയുടെ വർഷത്തിനായുള്ള പ്രാർഥന

ദൈവകരുണയെക്കുറിച്ചുള്ള അനുദിന വിചിന്തനങ്ങൾ:
വിശുദ്ധ ഫൗസ്റ്റീനയോടൊപ്പം 365 ദിനങ്ങൾ




