മലയാളം

ശോഭയോടെ പ്രകാശിക്കുക

2019 സെപ്റ്റംബർ 23, തിങ്കളാഴ്ച

ആണ്ടുവട്ടത്തിലെ ഇരുപത്തിയഞ്ചാം ആഴ്ചയിലെ തിങ്കളാഴ്ച

ഇന്നത്തെ വായനകൾ

പിയെത്രെൽചീനയിലെ വിശുദ്ധ പിയോ (പാദ്രെ പിയോ), വൈദികൻ – അനുസ്മരണം

“വിളക്കു കൊളുത്തുന്ന ആരും അതിനെ ഒരു പാത്രംകൊണ്ടു മൂടുകയോ കട്ടിലിനടിയിൽ വയ്ക്കുകയോ ചെയ്യുന്നില്ല; പകരം, അകത്തു വരുന്നവർക്ക് വെളിച്ചം കാണാൻ കഴിയേണ്ടതിന് അതിനെ വിളക്കുതണ്ടിൽ വയ്ക്കുന്നു.”  ലൂക്കാ 8:16

നാമെല്ലാവരും “വെളിച്ചം കാണേണ്ടതുണ്ട്.”  മറ്റുള്ളവർ നമുക്കായി ക്രിസ്തുവിന്റെ പ്രകാശം പരത്തുന്നവരായി ജീവിക്കുമ്പോൾ അതു സംഭവിക്കുന്നു.  അതുപോലെ, നാം ക്രിസ്തുവിന്റെ പ്രകാശത്തിന്റെ ഉജ്ജ്വല മാതൃകകളാകുമ്പോൾ നമുക്കു ചുറ്റുമുള്ളവരും നമ്മിലൂടെ “വെളിച്ചം കാണുന്നു.”

സഹായം ആവശ്യമുള്ള ലോകത്തിന് ക്രിസ്തുവിന്റെ പ്രകാശമായിരിക്കാനുള്ള നമ്മുടെ കടമ ഈ വചനഭാഗം വെളിപ്പെടുത്തുന്നു. നമ്മുടെ ഹൃദയങ്ങളിൽ ക്രിസ്തുവിന്റെ ജ്വാല തെളിക്കുമ്പോൾ, അതിന്റെ ഫലമായി മറ്റുള്ളവർക്ക് കാണാനായി ക്രിസ്തു നമ്മിലൂടെ പ്രകാശിക്കുന്നു എന്ന് ഈ വചനഭാഗം വ്യക്തമാക്കുന്നു. “വിളക്കു കൊളുത്തുന്ന ആരും അതു മറച്ചുവയ്ക്കുന്നില്ല…” എന്ന് യേശു പറയുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങൾ ക്രിസ്തുവിന്റെ പ്രകാശത്താൽ തിളങ്ങുന്നില്ലെങ്കിൽ, അതിനു കാരണം നിങ്ങൾ അവിടുത്തെ മറച്ചുവയ്ക്കുന്നതല്ല; മറിച്ച്, അവിടുന്ന് നിങ്ങളുടെ ആത്മാവിൽ ജ്വലിക്കുന്നില്ല എന്നതാണ്. അവിടുന്ന് നിങ്ങളുടെ ആത്മാവിൽ ജ്വലിക്കുമ്പോൾ, ആ പ്രകാശത്തെ തടഞ്ഞുനിർത്താനാവില്ല.

ക്രിസ്തുവുമായുള്ള നമ്മുടെ ബന്ധം വിവേചിച്ചറിയാൻ ഈ അടിസ്ഥാനസത്യം വലിയൊരു സഹായമാണ്.  യേശു നമ്മുടെ ജീവിതത്തിൽ സജീവസാന്നിധ്യമാണെങ്കിൽ, അവിടുത്തോടുള്ള യഥാർഥ സ്നേഹബന്ധത്തിൽ നാം ജീവിക്കുന്നുവെങ്കിൽ, അതിന്റെ ഫലം നമുക്കു ചുറ്റുമുള്ളവരുടെ ജീവിതത്തിൽ കാണാൻ കഴിയും.  ആ പ്രകാശം മറ്റുള്ളവരിൽ തെളിയുന്നത് നമുക്കു കാണാനാകും. നമ്മിലൂടെ ക്രിസ്തു പ്രകാശിക്കുന്നതിന്റെ ഫലം നമ്മുടെ സ്വന്തം ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടിപോലെയായിരിക്കും.

ഇന്ന്, നിങ്ങൾക്കു ചുറ്റുമുള്ളവരെക്കുറിച്ചു ചിന്തിക്കുക. ക്രിസ്തുവിനോടുള്ള നിങ്ങളുടെ സ്നേഹം അവരുടെ ജീവിതത്തിൽ എന്തു ഫലമുളവാക്കുന്നു എന്ന ചോദ്യം ധ്യാനിക്കുക.  നിങ്ങളിലൂടെ മറ്റുള്ളവർ ക്രിസ്തുവിനോടുള്ള സ്നേഹത്തിലേക്ക് ആകർഷിക്കപ്പെടുന്നതു നിങ്ങൾ കാണുന്നുണ്ടോ?  ഇല്ലെങ്കിൽ, നിങ്ങളുടെ സ്വന്തം ഹൃദയത്തിലേക്കു നോക്കുക; ദൈവസ്നേഹത്തിന്റെ അഗ്നി വീണ്ടും ജ്വലിപ്പിക്കാൻ പരിശ്രമിക്കുക.

കർത്താവേ, അങ്ങയുടെ സ്നേഹത്താൽ എന്റെ ഹൃദയം ജ്വലിപ്പിച്ചുകൊണ്ട് എന്റെ ഉള്ളിൽ വന്നു ജ്വലിക്കണമേ. അനേകരെ അങ്ങയിലേക്ക് ആകർഷിക്കുന്ന ജ്വലിക്കുന്ന അഗ്നിയായി എന്റെ ഹൃദയം മാറണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പ്രിയ കർത്താവേ, അങ്ങയുടെ ഇഷ്ടമനുസരിച്ച് എന്നെ ഉപയോഗിക്കണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധൻ – പിയെത്രെൽചീനയിലെ വിശുദ്ധ പിയോ (പാദ്രെ പിയോ)