മലയാളം

ചോദിക്കുവിൻ, എല്ലാ നന്മകളും നിങ്ങൾക്കു നൽകപ്പെടും

2020 മാർച്ച് 5
നോമ്പുകാലം ഒന്നാം വാരത്തിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ

“ചോദിക്കുവിൻ, നിങ്ങൾക്കു ലഭിക്കും; അന്വേഷിക്കുവിൻ, നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ, നിങ്ങൾക്കായി വാതിൽ തുറക്കപ്പെടും…”

“അങ്ങനെയെങ്കിൽ, നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവർക്ക് എത്രയധികം നന്മകൾ നൽകും.”  മത്തായി 7:7, 11

നാം ചോദിക്കുമ്പോൾ നമുക്കു ലഭിക്കുമെന്നും അന്വേഷിക്കുമ്പോൾ നാം കണ്ടെത്തുമെന്നും മുട്ടുമ്പോൾ നിങ്ങൾക്കായി വാതിൽ തുറക്കപ്പെടുമെന്നും യേശു വളരെ വ്യക്തമായി പറയുന്നു. എന്നാൽ നിങ്ങളുടെ അനുഭവം അങ്ങനെയാണോ? ചിലപ്പോൾ നാം വീണ്ടും വീണ്ടും ചോദിക്കുകയും യാചിക്കുകയും ചെയ്തിട്ടും നമ്മുടെ പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കുന്നില്ലെന്നു തോന്നാം—കുറഞ്ഞത്, നാം ആഗ്രഹിക്കുന്ന രീതിയിലെങ്കിലും ഉത്തരം ലഭിക്കുന്നില്ല. അപ്പോൾ, “ചോദിക്കുവിൻ…അന്വേഷിക്കുവിൻ…മുട്ടുവിൻ,” നിങ്ങൾക്കു ലഭിക്കും എന്ന് യേശു പറയുമ്പോൾ എന്താണ് അർഥമാക്കുന്നത്?

നമ്മുടെ കർത്താവിന്റെ ഈ ആഹ്വാനം മനസ്സിലാക്കാനുള്ള താക്കോൽ ഇതാണ്: മുകളിൽ ഉദ്ധരിച്ച തിരുവചനത്തിൽ പറയുന്നതുപോലെ, നമ്മുടെ പ്രാർഥനയിലൂടെ ദൈവം “നന്മകൾ ചോദിക്കുന്നവർക്കു നൽകും.” നാം ചോദിക്കുന്നതെന്തും നൽകുമെന്ന് അവിടുന്ന് വാഗ്ദാനം ചെയ്യുന്നില്ല; മറിച്ച്, യഥാർഥത്തിൽ നല്ലതും, വിശേഷിച്ച് നമ്മുടെ നിത്യരക്ഷയ്ക്ക് നന്മയായിരിക്കുന്നതുമാണ് അവിടുന്ന് വാഗ്ദാനം ചെയ്യുന്നത്.

ഇത് ഒരു ചോദ്യമുയർത്തുന്നു: “അപ്പോൾ ഞാൻ എങ്ങനെ പ്രാർഥിക്കണം, എന്തിനുവേണ്ടി പ്രാർഥിക്കണം?” നാം നടത്തുന്ന ഓരോ യാചനാപ്രാർഥനയും കർത്താവിന്റെ ഇഷ്ടം നിറവേറുന്നതിനുവേണ്ടിയായിരിക്കണം; അതിൽ കൂടുതലോ കുറവോ ഒന്നും വേണ്ട. അവിടുത്തെ പരിപൂർണമായ ഇഷ്ടം മാത്രം.

അതിനുവേണ്ടി പ്രാർഥിക്കുന്നത് ആദ്യം കരുതുന്നതിനെക്കാൾ പ്രയാസമായിരിക്കാം. പലപ്പോഴും “എന്റെ ഇഷ്ടം നിറവേറട്ടെ” എന്നു പ്രാർഥിക്കാനാണ് നമുക്കു പ്രവണത; “അങ്ങയുടെ ഇഷ്ടം നിറവേറട്ടെ” എന്നല്ല. എന്നാൽ ദൈവത്തിന്റെ ഇഷ്ടം പരിപൂർണമാണെന്നും അത് നമുക്ക് എല്ലാ “നന്മകളും” നൽകുന്നുവെന്നും നമുക്ക് ആഴമായി വിശ്വസിക്കാൻ കഴിഞ്ഞാൽ, അവിടുത്തെ ഇഷ്ടം അന്വേഷിക്കുന്നതും അതിനായി യാചിക്കുന്നതും അവിടുത്തെ ഹൃദയത്തിന്റെ വാതിലിൽ മുട്ടുന്നതും ദൈവം നൽകാൻ ആഗ്രഹിക്കുന്നതുപോലെ കൃപയുടെ സമൃദ്ധിക്കു വഴിയൊരുക്കും.

നിങ്ങൾ പ്രാർഥിക്കുന്ന രീതിയെക്കുറിച്ച് ഇന്ന് ചിന്തിക്കുക. ദൈവം നൽകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന പല കാര്യങ്ങൾക്കുപകരം, ദൈവം നൽകാൻ ആഗ്രഹിക്കുന്ന നന്മകൾ തേടുന്ന വിധത്തിൽ നിങ്ങളുടെ പ്രാർഥന മാറ്റാൻ ശ്രമിക്കുക. സ്വന്തം ആശയങ്ങളോടും സ്വന്തം ഇഷ്ടത്തോടുമുള്ള പിടിവിടുന്നത് ആദ്യം പ്രയാസമായിരിക്കാം. എന്നാൽ ഒടുവിൽ ദൈവത്തിൽനിന്നുള്ള അനേകം നന്മകളാൽ നിങ്ങൾ അനുഗ്രഹിക്കപ്പെടും.

കർത്താവേ, എല്ലാറ്റിലും അങ്ങയുടെ ഇഷ്ടം നിറവേറണമെന്നു ഞാൻ ആത്മാർഥമായി പ്രാർഥിക്കുന്നു. എല്ലാറ്റിനുമുപരിയായി അങ്ങേക്കു കീഴടങ്ങാനും അങ്ങയുടെ പരിപൂർണമായ പദ്ധതിയിൽ വിശ്വസിക്കാനും ഞാൻ ആഗ്രഹിക്കുന്നു. പ്രിയ കർത്താവേ, എന്റെ സ്വന്തം ആശയങ്ങളും ആഗ്രഹങ്ങളും ഉപേക്ഷിക്കാനും എപ്പോഴും അങ്ങയുടെ ഇഷ്ടം അന്വേഷിക്കാനും എന്നെ സഹായിക്കണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ – ധ്യാനം എട്ട് – എല്ലാ കാര്യങ്ങളിലും വിശ്വസ്തത

നോമ്പുകാലത്തിനുള്ള വിഭവങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ