2020 മാർച്ച് 24
നോമ്പുകാലം നാലാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

ഈശോ അവനോടു പറഞ്ഞു: “എഴുന്നേറ്റ്, നിന്റെ പായയെടുത്ത് നടക്കുക.” ഉടനെ ആ മനുഷ്യൻ സുഖം പ്രാപിച്ചു; അവൻ തന്റെ പായയെടുത്ത് നടന്നു. യോഹന്നാൻ 5:8–9
മുകളിലെ വചനഭാഗത്തിന്റെ വ്യക്തമായ പ്രതീകാത്മക അർത്ഥങ്ങളിലൊന്ന് നമുക്കു നോക്കാം. ഈശോ സുഖപ്പെടുത്തിയ മനുഷ്യൻ തളർവാതം ബാധിച്ച് നടക്കാനോ സ്വന്തം കാര്യങ്ങൾ നോക്കാനോ കഴിയാത്തവനായിരുന്നു. ദയയും പരിഗണനയും പ്രതീക്ഷിച്ച് കുളത്തിനരികിൽ ഇരുന്ന അവനെ മറ്റുള്ളവർ അവഗണിച്ചു. ഈശോ അവനെ കാണുകയും തന്റെ പൂർണ്ണശ്രദ്ധ അവനു നൽകുകയും ചെയ്യുന്നു. ഹ്രസ്വമായ ഒരു സംഭാഷണത്തിനുശേഷം ഈശോ അവനെ സുഖപ്പെടുത്തുകയും എഴുന്നേറ്റു നടക്കാൻ അവനോടു പറയുകയും ചെയ്യുന്നു.
അവന്റെ ശാരീരികമായ തളർവാതം നമ്മുടെ ജീവിതത്തിൽ പാപം ഉളവാക്കുന്ന ഫലത്തിന്റെ പ്രതീകമാണെന്നതാണ് ഇതിലെ വ്യക്തമായ ഒരു സന്ദേശം. നാം പാപം ചെയ്യുമ്പോൾ നമ്മെത്തന്നെ “തളർത്തുന്നു.” പാപം നമ്മുടെ ജീവിതത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നു. എഴുന്നേറ്റ് ദൈവത്തിന്റെ വഴികളിലൂടെ നടക്കാൻ നമുക്കു കഴിയാതെ വരുന്നു എന്നതാണ് അവയിൽ ഏറ്റവും വ്യക്തമായത്. പ്രത്യേകിച്ച്, ഗൗരവമായ പാപം സ്നേഹിക്കാനും യഥാർത്ഥ സ്വാതന്ത്ര്യത്തിൽ ജീവിക്കാനും കഴിയാത്തവിധം നമ്മെ അശക്തരാക്കുന്നു. അതു നമ്മെ കുടുക്കിലാക്കുകയും സ്വന്തം ആത്മീയജീവിതത്തിന്റെയോ മറ്റുള്ളവരുടെയോ കാര്യത്തിൽ ഒരു വിധത്തിലും ശ്രദ്ധ ചെലുത്താൻ കഴിയാത്തവരാക്കുകയും ചെയ്യുന്നു. പാപത്തിന്റെ പ്രത്യാഘാതങ്ങൾ തിരിച്ചറിയേണ്ടത് പ്രധാനമാണ്. ചെറിയ പാപങ്ങൾപോലും നമ്മുടെ കഴിവുകൾക്കു തടസ്സമാകുകയും നമ്മുടെ ഊർജം കവർന്നെടുക്കുകയും ഏതെങ്കിലും അളവിൽ നമ്മെ ആത്മീയമായി തളർത്തുകയും ചെയ്യുന്നു.
ഇതൊക്കെ നിങ്ങൾക്കറിയാമെന്നും ഇതു നിങ്ങൾക്ക് പുതിയൊരു വെളിപ്പെടുത്തലല്ലെന്നും പ്രതീക്ഷിക്കുന്നു. എന്നാൽ, ഇപ്പോഴത്തെ നിങ്ങളുടെ പാപകുറ്റം സത്യസന്ധമായി ഏറ്റുപറയുന്നതായിരിക്കണം നിങ്ങൾക്കു പുതിയതാകേണ്ടത്. ഈ സംഭവത്തിൽ നിങ്ങൾ നിങ്ങളെത്തന്നെ കാണണം. ഈ ഒരു മനുഷ്യന്റെ നന്മയ്ക്കുവേണ്ടി മാത്രമല്ല ഈശോ അവനെ സുഖപ്പെടുത്തിയത്. നിങ്ങളുടെ പാപത്തിന്റെ പ്രത്യാഘാതങ്ങൾ അനുഭവിച്ചുകൊണ്ട് തകർന്ന അവസ്ഥയിലായിരിക്കുന്ന നിങ്ങളെ താൻ കാണുന്നുവെന്ന് നിങ്ങളോടു പറയുക എന്നതും അവനെ സുഖപ്പെടുത്തിയതിന്റെ ഉദ്ദേശ്യങ്ങളിൽ ഒന്നായിരുന്നു. സഹായം ആവശ്യമുള്ള നിങ്ങളെ അവിടുന്ന് കാണുന്നു; നിങ്ങളെ നോക്കി എഴുന്നേറ്റു നടക്കാൻ വിളിക്കുന്നു. നിങ്ങളുടെ ജീവിതത്തിൽ സൗഖ്യം നൽകാൻ അവിടുത്തെ അനുവദിക്കുന്നതിന്റെ പ്രാധാന്യം കുറച്ചുകാണരുത്. നിങ്ങളുടെമേൽ പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന ഏറ്റവും ചെറിയ പാപംപോലും തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തരുത്. നിങ്ങളുടെ പാപത്തെ നോക്കിക്കാണുക, അത് കാണാൻ ഈശോയെ അനുവദിക്കുക, സൗഖ്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വാക്കുകൾ അവിടുന്ന് അരുളിച്ചെയ്യുന്നതു ശ്രവിക്കുക.
തളർവാതം ബാധിച്ച ഈ മനുഷ്യന് ഈശോയുമായുണ്ടായ ശക്തമായ ഈ കൂടിക്കാഴ്ചയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ആ രംഗത്തിൽ നിങ്ങളെത്തന്നെ നിർത്തുക; ഈ സൗഖ്യദാനം നിങ്ങൾക്കുവേണ്ടിക്കൂടിയാണ് നടക്കുന്നതെന്ന് അറിയുക. ഈ നോമ്പുകാലത്ത് ഇതുവരെ കുമ്പസാരിച്ചിട്ടില്ലെങ്കിൽ, കുമ്പസാരിക്കാൻ പോകുകയും ആ കൂദാശയിൽ ഈശോ നൽകുന്ന സൗഖ്യം കണ്ടെത്തുകയും ചെയ്യുക. നിങ്ങളെ കാത്തിരിക്കുന്ന സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയാണ് കുമ്പസാരം, പ്രത്യേകിച്ച് സത്യസന്ധമായും സമഗ്രമായും അതിൽ പങ്കുചേരുമ്പോൾ.
കർത്താവേ, എന്റെ പാപങ്ങൾ ക്ഷമിക്കണമേ. അവയെ തിരിച്ചറിയാനും അവ എന്നിൽ ഉളവാക്കുന്ന പ്രത്യാഘാതങ്ങൾ അംഗീകരിക്കാനും ഞാൻ ആഗ്രഹിക്കുന്നു. ഈ ഭാരങ്ങളിൽനിന്ന് എന്നെ മോചിപ്പിക്കാനും അവയുടെ ഉറവിടത്തിൽത്തന്നെ സൗഖ്യം നൽകാനും അങ്ങ് ആഗ്രഹിക്കുന്നുവെന്ന് എനിക്കറിയാം. കർത്താവേ, പ്രത്യേകിച്ച് അനുരഞ്ജന കൂദാശയിൽ എന്റെ പാപങ്ങൾ അങ്ങയോട് ഏറ്റുപറയാൻ എനിക്കു ധൈര്യം നൽകണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ – ഇരുപത്തിയേഴാം വിചിന്തനം – അപമാനം – വസ്ത്രങ്ങൾ ഉരിഞ്ഞുമാറ്റപ്പെടുന്നു
കൊറോണവൈറസ് മഹാമാരിയെ നേരിടാനുള്ള പ്രാർഥനകളും ഓൺലൈൻ വിശുദ്ധ കുർബാനയും
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




