2020 ഓഗസ്റ്റ് 11
ആണ്ടുവട്ടക്കാലത്തിലെ പത്തൊൻപതാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ
കന്യകയായ വിശുദ്ധ ക്ലാര—അനുസ്മരണം

“ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കിൽ സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല. ഈ ശിശുവിനെപ്പോലെ സ്വയം എളിമപ്പെടുന്നവനാണ് സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ. ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു.” മത്തായി 18:3-5
നമുക്ക് എങ്ങനെയാണ് ശിശുക്കളെപ്പോലെയാകാൻ കഴിയുക? ശിശുസഹജമായ മനോഭാവം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? ശിശുക്കളെപ്പോലെയാകുക എന്നതിനെക്കുറിച്ചുള്ള യേശുവിന്റെ നിർവചനത്തോട് ഏറെ യോജിച്ചേക്കാവുന്ന ചില വിശേഷണങ്ങൾ ഇവയാണ്: വിശ്വസിക്കുന്ന, ആശ്രയിക്കുന്ന, സ്വാഭാവികതയുള്ള, സഹജമായി പ്രതികരിക്കുന്ന, വിസ്മയം നിറഞ്ഞ, നാട്യമില്ലാത്ത, നിഷ്കളങ്കമായ. ഒരുപക്ഷേ ഇവയിൽ ചിലതോ ഇവയെല്ലാമോ യേശു പറയുന്ന കാര്യത്തിനു യോജിച്ചവയായിരിക്കാം. ദൈവവുമായും മറ്റുള്ളവരുമായുമുള്ള നമ്മുടെ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ ഈ ഗുണങ്ങളിൽ ചിലതു നമുക്കു നോക്കാം.
വിശ്വാസം: കുട്ടികൾ തങ്ങളുടെ മാതാപിതാക്കളെ സംശയമില്ലാതെ വിശ്വസിക്കുന്നു. അനുസരിക്കാൻ അവർ എല്ലായ്പ്പോഴും ആഗ്രഹിച്ചെന്നുവരില്ല. എങ്കിലും തങ്ങൾക്കാവശ്യമായവ നൽകുകയും തങ്ങളെ പരിപാലിക്കുകയും ചെയ്യുമെന്ന കാര്യത്തിൽ മാതാപിതാക്കളെ വിശ്വസിക്കാതിരിക്കാൻ കുട്ടികൾക്കു കാരണങ്ങൾ തീരെ കുറവാണ്. ഭക്ഷണവും വസ്ത്രവും ലഭിക്കുമെന്നത് അവർ ഉറപ്പായി കരുതുന്നു; അതിനെക്കുറിച്ച് ആശങ്കപ്പെടണമെന്നുപോലും ചിന്തിക്കുന്നില്ല. ഒരു വലിയ നഗരത്തിലോ വ്യാപാരസമുച്ചയത്തിലോ ആയിരിക്കുമ്പോൾ, അപ്പന്റെയോ അമ്മയുടെയോ അടുത്തായിരിക്കുന്നത് അവർക്കു സുരക്ഷിതത്വം നൽകുന്നു. ഈ വിശ്വാസം ഭയവും ആശങ്കയും അകറ്റാൻ സഹായിക്കുന്നു.
സ്വാഭാവികത: തങ്ങൾ എങ്ങനെയാണോ അങ്ങനെതന്നെയായിരിക്കാൻ കുട്ടികൾക്കു പലപ്പോഴും സ്വാതന്ത്ര്യമുണ്ട്. മറ്റുള്ളവരുടെ മുമ്പിൽ വിഡ്ഢികളായി തോന്നുമോ എന്നോ നാണംകെടുമോ എന്നോ അവർ അമിതമായി ചിന്തിക്കുന്നില്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങളെക്കുറിച്ച് ആശങ്കപ്പെടാതെ, അവർ പലപ്പോഴും സ്വാഭാവികമായും സഹജമായും തങ്ങളായിത്തന്നെ പെരുമാറും.
നിഷ്കളങ്കത: കുട്ടികളുടെ കാഴ്ചപ്പാടുകൾ ഇനിയും വികലമായിട്ടില്ല; എല്ലാറ്റിനെയും സംശയദൃഷ്ടിയോടെ കാണുന്നവരായി അവർ മാറിയിട്ടുമില്ല. മറ്റുള്ളവരെ കാണുമ്പോൾ അവരെക്കുറിച്ച് ഏറ്റവും മോശമായത് അവർ ഊഹിക്കുന്നില്ല. പകരം, മറ്റുള്ളവരെ നല്ലവരായി കാണാനാണ് അവർ പലപ്പോഴും തയ്യാറാകുന്നത്.
വിസ്മയം: പുതിയ കാര്യങ്ങൾ കുട്ടികളെ പലപ്പോഴും ആകർഷിക്കുന്നു. ഒരു തടാകമോ മലയോ പുതിയ കളിപ്പാട്ടമോ ആദ്യമായി കാണുമ്പോൾ അവർ അത്ഭുതപ്പെടുന്നു.
ഈ ഗുണങ്ങളെല്ലാം ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ എളുപ്പത്തിൽ പ്രയോഗിക്കാവുന്നതാണ്. എല്ലാ കാര്യങ്ങളിലും ദൈവം നമ്മെ പരിപാലിക്കുമെന്ന് നാം വിശ്വസിക്കണം. നമ്മുടെ സ്നേഹം സ്വീകരിക്കപ്പെടുമോ തിരസ്കരിക്കപ്പെടുമോ എന്ന് ആശങ്കപ്പെടാതെ, ഭയമില്ലാതെ അതു പ്രകടിപ്പിച്ചുകൊണ്ട് സ്വാഭാവികതയോടും സ്വാതന്ത്ര്യത്തോടും കൂടെ ജീവിക്കാൻ നാം പരിശ്രമിക്കണം. മുൻവിധികൾക്കും പക്ഷപാതങ്ങൾക്കും വഴങ്ങാതെ, മറ്റുള്ളവരെ നിഷ്കളങ്കതയോടെ കാണാൻ നാം പരിശ്രമിക്കണം. ദൈവത്തെക്കുറിച്ചും നമ്മുടെ ജീവിതത്തിൽ അവിടുന്ന് ചെയ്യുന്ന എല്ലാ പുതിയ കാര്യങ്ങളെക്കുറിച്ചും നിരന്തരം വിസ്മയഭരിതരായിരിക്കാൻ നാം പരിശ്രമിക്കണം.
ഈ ഗുണങ്ങളിൽ നിങ്ങൾക്ക് ഏറ്റവും കുറവുണ്ടെന്നു തോന്നുന്ന ഏതെങ്കിലും ഒന്നിനെക്കുറിച്ച് ഇന്ന് ചിന്തിക്കുക. നിങ്ങൾ കൂടുതൽ ശിശുസഹജമായ മനോഭാവമുള്ളവരാകാൻ ദൈവം ആഗ്രഹിക്കുന്നത് എങ്ങനെയാണ്? സ്വർഗരാജ്യത്തിൽ യഥാർത്ഥത്തിൽ വലിയവരാകാൻ കഴിയേണ്ടതിന് നിങ്ങൾ ശിശുക്കളെപ്പോലെയാകണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നത് എങ്ങനെയാണ്?
കർത്താവേ, ശിശുസഹജമായ മനോഭാവമുള്ളവനാകാൻ എന്നെ സഹായിക്കണമേ. ഒരു ശിശുവിന്റെ എളിമയിലും ലാളിത്യത്തിലും യഥാർത്ഥ മഹത്ത്വം കണ്ടെത്താൻ എന്നെ സഹായിക്കണമേ. എല്ലാറ്റിനുമുപരിയായി, എല്ലാ കാര്യങ്ങളിലും അങ്ങിൽ പൂർണമായി വിശ്വസിക്കാൻ എനിക്കു കഴിയുമാറാകണമേ. ഈശോയേ, ഞാൻ അങ്ങിൽ വിശ്വസിക്കുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധ – കന്യകയായ വിശുദ്ധ ക്ലാര
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
ചിത്രം: ആന്റണി വാൻ ഡൈക്കിന്റെ ‘കുട്ടികൾ എന്റെ അടുക്കൽ വരട്ടെ’




