മലയാളം

മറ്റുള്ളവരോടു ക്ഷമിക്കുക

2021 ജൂൺ 17
ആണ്ടുവട്ടത്തിലെ പതിനൊന്നാം ആഴ്ചയിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

“നിങ്ങൾ മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിച്ചാൽ, നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് നിങ്ങളോടും ക്ഷമിക്കും. എന്നാൽ നിങ്ങൾ മറ്റുള്ളവരോടു ക്ഷമിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ പിതാവും നിങ്ങളുടെ തെറ്റുകൾ ക്ഷമിക്കുകയില്ല.” മത്തായി 6:14–15

ക്ഷമിക്കാൻ നമ്മുടെ കർത്താവ് എത്രയധികം തവണ നമ്മെ ഉദ്ബോധിപ്പിക്കുന്നു എന്നത് യഥാർഥത്തിൽ വിസ്മയകരമാണ്. ഈ ആഴ്ച മുഴുവൻ നാം വായിച്ചുകൊണ്ടിരിക്കുന്ന യേശുവിന്റെ ഗിരിപ്രഭാഷണത്തിലെ വലിയൊരു ഭാഗം മറ്റുള്ളവരോടു കരുണയും ക്ഷമയും കാണിക്കാൻ നമ്മെ നിരന്തരം ആഹ്വാനം ചെയ്യുന്നു. ഇന്നത്തെ സുവിശേഷത്തിന്റെ അവസാനഭാഗത്തുനിന്ന് മുകളിൽ ഉദ്ധരിച്ചിരിക്കുന്ന വചനത്തിൽ, തന്റെ ഉദ്ബോധനങ്ങൾ അനുസരിക്കാതിരിക്കുന്നതിന്റെ അനന്തരഫലങ്ങൾ യേശു നമ്മെ അറിയിക്കുന്നു.

ഈ വചനഭാഗം, അതിനു തൊട്ടുമുമ്പുള്ള “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാർഥനയുടെ ഒരനുബന്ധം പോലെയാണ്. സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർഥനയിൽ ഏഴു യാചനകളുണ്ട്. അവയിലൊന്ന്, “ഞങ്ങളോടു തെറ്റു ചെയ്യുന്നവരോടു ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ” എന്നതാണ്. ഈ ഏഴു യാചനകളടങ്ങിയ പ്രാർഥന നമ്മെ പഠിപ്പിച്ച ഉടനെതന്നെ, മുകളിൽ ഉദ്ധരിച്ച വചനഭാഗത്തിൽ കാണുന്നതുപോലെ, അവയിലൊരു യാചന വീണ്ടും പറഞ്ഞുകൊണ്ട് യേശു അതിന് ഊന്നൽ നൽകുന്നു എന്നതു ശ്രദ്ധേയമാണ്. ഇങ്ങനെ വീണ്ടും ഊന്നിപ്പറയുന്നത് ഈ യാചനയുടെ ഗൗരവത്തെക്കുറിച്ചു നമുക്ക് ഉറപ്പു നൽകേണ്ടതാണ്.

ആദ്യം, “നാം ക്ഷമിക്കുന്നതുപോലെ” നമ്മോടും ക്ഷമിക്കണമെന്നു പ്രാർഥിക്കാൻ മാത്രമാണ് യേശു നമ്മോടു പറയുന്നത്. എന്നാൽ നാം അങ്ങനെ ചെയ്യാതിരുന്നാൽ, നമ്മോടും ക്ഷമിക്കപ്പെടുകയില്ലെന്ന് അവിടുന്ന് തുടർന്ന് വ്യക്തമാക്കുന്നു. ഹൃദയത്തിന്റെ അഗാധതയിൽനിന്ന് മറ്റുള്ളവരോടു പൂർണമായി ക്ഷമിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്താൻ ഇത് നമുക്കു ശക്തമായ പ്രചോദനമാകണം.

നിങ്ങൾ ആരോടാണ് ക്ഷമിക്കേണ്ടത്? ക്ഷമിക്കുക എന്നത് ചിലപ്പോൾ ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു ശ്രമമായേക്കാം. നമ്മുടെ ഇച്ഛാശക്തിയാൽ എടുക്കുന്ന തീരുമാനത്തോടു നമ്മുടെ വികാരങ്ങൾ യോജിക്കാതെ വരുമ്പോഴാണ് ക്ഷമിക്കുക എന്ന പ്രവൃത്തി ആശയക്കുഴപ്പമുണ്ടാക്കുന്നത്. മറ്റൊരാളോടു ക്ഷമിക്കാൻ ഉള്ളിൽ തീരുമാനിച്ചിട്ടും ആ വ്യക്തിയോടുള്ള ദേഷ്യം അനുഭവപ്പെടുക എന്നത് സാധാരണമായ ഒരു അനുഭവമാണ്. എന്നാൽ ക്രമംതെറ്റിയ ഈ വികാരങ്ങൾ നമ്മെ പിന്തിരിപ്പിക്കരുത്; നാം ചെയ്യേണ്ട കാര്യത്തെക്കുറിച്ച് സംശയമുണ്ടാക്കാൻ അവയെ അനുവദിക്കുകയുമരുത്. ക്ഷമിക്കുക എന്നത് ഒന്നാമതായി ഇച്ഛാശക്തിയുടെ ഒരു പ്രവൃത്തിയാണ്. മറ്റൊരാൾ ചെയ്ത പാപം അയാൾക്കെതിരെ മനസ്സിൽ വച്ചുകൊണ്ടിരിക്കില്ലെന്ന് അയാളോടു പറയാനുള്ള പ്രാർഥനാപൂർവമായ ഒരു തീരുമാനമാണത്. പാപമൊന്നും ചെയ്തിട്ടില്ലെന്നു നടിക്കലല്ല ക്ഷമ. മറിച്ച്, പാപമൊന്നും ചെയ്തിട്ടില്ലെങ്കിൽ ക്ഷമയുടെ ആവശ്യവുമുണ്ടാകില്ല. അതിനാൽ ക്ഷമിക്കുക എന്ന പ്രവൃത്തിതന്നെ, ക്ഷമിക്കപ്പെടേണ്ട പാപം നടന്നിട്ടുണ്ടെന്നുള്ള ഒരു അംഗീകാരം കൂടിയാണ്.

മറ്റൊരാളോടു ക്ഷമിക്കാൻ നിങ്ങൾ തീരുമാനിച്ചിട്ടും നിങ്ങളുടെ വികാരങ്ങൾ ഉടനെ അതിനൊത്തു മാറുന്നില്ലെങ്കിൽ, ഹൃദയത്തിൽ ആ വ്യക്തിയോടു ക്ഷമിച്ചുകൊണ്ടിരിക്കുക. ആ വ്യക്തിക്കുവേണ്ടി പ്രാർഥിക്കുക. ആ വ്യക്തിയെക്കുറിച്ച് നിങ്ങൾ ചിന്തിക്കുന്ന രീതി മാറ്റാൻ ശ്രമിക്കുക. ആ വ്യക്തി നിങ്ങൾക്കേൽപ്പിച്ച വേദനയെക്കുറിച്ചുതന്നെ ചിന്തിച്ചുകൊണ്ടിരിക്കരുത്. പകരം, ഒരു വ്യക്തിയെന്ന നിലയിലുള്ള അയാളുടെ അന്തസ്സിനെക്കുറിച്ചും അയാളോടു ദൈവത്തിനുള്ള സ്നേഹത്തെക്കുറിച്ചും അയാളോടു നിങ്ങൾ തുടർന്നും വളർത്തേണ്ട സ്നേഹത്തെക്കുറിച്ചും ചിന്തിക്കുക. ക്ഷമിക്കുക, ക്ഷമിക്കുക, വീണ്ടും ക്ഷമിക്കുക. ഈ കാരുണ്യപ്രവൃത്തി ഒരിക്കലും നിർത്തരുത്; അതിൽ ഒരിക്കലും മടുക്കുകയുമരുത്. നിങ്ങൾ ഇങ്ങനെ ചെയ്താൽ, നിങ്ങളുടെ വികാരങ്ങളും ആന്തരിക പ്രേരണകളും ഒടുവിൽ നിങ്ങൾ എടുത്ത തീരുമാനത്തോടു യോജിച്ചുവരുന്നതായിപ്പോലും നിങ്ങൾ കണ്ടെത്തിയേക്കാം.

നിങ്ങളുടെ ഉള്ളിൽ ഇപ്പോഴും ശേഷിക്കുന്ന ദേഷ്യവികാരങ്ങളെക്കുറിച്ച് ഇന്ന് ചിന്തിക്കുക. നിങ്ങൾക്കു ദേഷ്യമുള്ള വ്യക്തിയോടു ക്ഷമിക്കാനുള്ള സ്വതന്ത്രവും പൂർണവുമായ തീരുമാനത്തിലൂടെ ആ വികാരങ്ങളെ നേരിടുക. ഇപ്പോഴും, ഇന്നു പിന്നീടും, നാളെയും, തുടർന്നും അങ്ങനെ ചെയ്യുക. നിങ്ങളുടെ വ്യക്തിപരമായ ക്ഷമയുടെ പ്രവൃത്തിയാൽ ദേഷ്യത്തെയും വിദ്വേഷത്തെയും കീഴടക്കിക്കൊണ്ട് അവയ്ക്കെതിരെ മുന്നേറുക. അപ്പോൾ, ക്ഷമിക്കാതിരിക്കുന്നതു നിങ്ങളുടെമേൽ ചുമത്തുന്ന കനത്ത ഭാരത്തിൽനിന്ന് ദൈവം നിങ്ങളെ മോചിപ്പിക്കാൻ തുടങ്ങുന്നതായി നിങ്ങൾ കണ്ടെത്തും.

ക്ഷമാശീലനായ എന്റെ കർത്താവേ, അങ്ങ് എനിക്കു പൂർണമായ ക്ഷമ വാഗ്ദാനം ചെയ്യുകയും മറ്റുള്ളവരോടും അങ്ങനെതന്നെ ചെയ്യാൻ എന്നെ വിളിക്കുകയും ചെയ്യുന്നു. എന്റെ ജീവിതത്തിൽ അങ്ങയുടെ ക്ഷമയ്ക്കായി ഞാൻ പ്രാർഥിക്കുന്നു. എന്റെ പാപത്തെക്കുറിച്ച് ഞാൻ പശ്ചാത്തപിക്കുകയും അങ്ങയുടെ കരുണയ്ക്കായി യാചിക്കുകയും ചെയ്യുന്നു. ഈ വിശുദ്ധ ദാനത്തിനു പ്രത്യുത്തരമായി, എനിക്കെതിരെ പാപം ചെയ്ത എല്ലാവരോടും ക്ഷമിക്കുമെന്ന് ഇന്നു ഞാൻ അങ്ങയോടു വാഗ്ദാനം ചെയ്യുന്നു. എനിക്കിപ്പോഴും ദേഷ്യമുള്ളവരോട് ഞാൻ പ്രത്യേകമായി ക്ഷമിക്കുന്നു. പ്രിയ കർത്താവേ, എന്റെ ജീവിതത്തിൽ അങ്ങയുടെ കരുണയുടെ ഫലങ്ങൾ പൂർണമായി അനുഭവിക്കാൻ കഴിയേണ്ടതിന് ഈ ദേഷ്യത്തിൽനിന്ന് എന്നെ മോചിപ്പിക്കണമേ. ഈശോയേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.

കത്തോലിക്കാ ദൈനംദിന വിചിന്തനങ്ങൾ
ആണ്ടുവട്ടക്കാലം: മേയ് 24–ഓഗസ്റ്റ് 31

താഴെപ്പറയുന്ന വിൽപ്പനക്കാരിൽനിന്ന് ഇ-പുസ്തകം & പേപ്പർബാക്ക് രൂപങ്ങളിൽ ലഭ്യമാണ്:

Amazon മൃദുപുറംചട്ട പതിപ്പ് – Kindle – Google Play Books – iBooks – Barnes & Noble

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രങ്ങൾ: വില്യം ഹോളിന്റെ യേശുവിന്റെ ജീവിതം. ചിത്രം നൽകിയത് വില്യം ബ്രാസി, വിക്കിമീഡിയ കോമൺസ് വഴി