മലയാളം

അനന്യമായ സമർപ്പണം

ജൂൺ 19, 2021
ആണ്ടുവട്ടക്കാലം പതിനൊന്നാം ആഴ്ചയിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ

വിശുദ്ധ റൊമുവാൾഡ്, ആബട്ട്—ഐച്ഛിക അനുസ്മരണം

വീഡിയോ

യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “രണ്ട് യജമാനന്മാരെ സേവിക്കാൻ ആർക്കും കഴിയുകയില്ല. അവൻ ഒന്നുകിൽ ഒരുവനെ ദ്വേഷിക്കുകയും മറ്റവനെ സ്നേഹിക്കുകയും ചെയ്യും; അല്ലെങ്കിൽ ഒരുവനോട് വിശ്വസ്തത പുലർത്തുകയും മറ്റവനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും മാമോനെയും സേവിക്കാൻ നിങ്ങൾക്കു കഴിയുകയില്ല.” മത്തായി 6:24

പണത്തിന്റെ മറ്റൊരു പേരാണ് മാമോൻ. ദൈവത്തെയോ പണത്തെയോ സേവിക്കാൻ നിങ്ങൾ തിരഞ്ഞെടുക്കണം, രണ്ടിനെയും ഒരുമിച്ച് സേവിക്കാനാവില്ല എന്ന് യേശു വ്യക്തമായി പറയുന്നു. വിഭജിതമായ ഒരു ഹൃദയം മതിയാകില്ല. കുരിശിന്റെ വിശുദ്ധ യോഹന്നാൻ തന്റെ ആധ്യാത്മിക കൃതിയായ “കർമ്മലമലയിലേക്കുള്ള ആരോഹണം” എന്ന ഗ്രന്ഥത്തിൽ സമാനമായ ഒരു കാര്യം വിശദീകരിക്കുന്നു. ദൈവത്തെയും അവിടുത്തെ വിശുദ്ധ ഹിതത്തെയും മാത്രം ആഗ്രഹിക്കുന്ന അവസ്ഥയിലേക്ക് നമ്മുടെ ആഗ്രഹങ്ങൾ പൂർണമായി ശുദ്ധീകരിക്കപ്പെടണമെന്ന് അദ്ദേഹം പറയുന്നു. നാം ദൈവത്തിന് അനന്യമായി സമർപ്പിതരാകേണ്ടതിന് ജീവിതത്തിലെ മറ്റെല്ലാ ആഗ്രഹങ്ങളും നീക്കം ചെയ്യപ്പെടണം. നമ്മുടെ മുഴുവൻ സ്നേഹത്തിന്റെയും ഏക ലക്ഷ്യം ദൈവവും ദൈവം മാത്രവും ആയിരിക്കണമെന്നാണോ ഇതിനർഥം? തീർച്ചയായും അതെ. എന്നാൽ ആ സത്യം ശരിയായി മനസ്സിലാക്കണം.

സ്നേഹിക്കാൻ ദൈവം നമുക്കു നൽകിയിരിക്കുന്ന വിളിയെക്കുറിച്ചു ചിന്തിക്കുമ്പോൾ, ദൈവത്തെ മാത്രമല്ല, ജീവിതത്തിലെ മറ്റു പലതിനെയും നാം സ്നേഹിക്കണം എന്നതു സത്യമാണ്. കുടുംബത്തെയും സുഹൃത്തുക്കളെയും അയൽക്കാരെയും നമ്മുടെ ശത്രുക്കളെപ്പോലും നാം സ്നേഹിക്കണം. നമ്മുടെ ദൈവവിളി, ജോലി, വീട്, ഏതെങ്കിലും ഒരു വിനോദം തുടങ്ങിയ ജീവിതത്തിന്റെ മറ്റു വശങ്ങളെയും നാം സ്നേഹിക്കുന്നുണ്ടാകുമെന്നു പ്രത്യാശിക്കാം. അപ്പോൾ, നാം സ്നേഹിക്കേണ്ട മറ്റു പലതും ഉള്ളപ്പോൾ, അനന്യമായ സമർപ്പണത്തോടെ ദൈവത്തെ എങ്ങനെ സ്നേഹിക്കാനാകും?

ഉത്തരം വളരെ ലളിതമാണ്. ദൈവത്തോടുള്ള സ്നേഹത്തിന്റെ സ്വഭാവം ഇതാണ്: നമ്മുടെ സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും ഏക ലക്ഷ്യമായി ദൈവത്തെ നാം സ്വീകരിക്കുമ്പോൾ, അവിടുത്തോടുള്ള നമ്മുടെ സ്നേഹം പ്രകൃത്യാതീതമായി കവിഞ്ഞൊഴുകും. ഇതാണ് ദൈവത്തോടുള്ള സ്നേഹത്തിന്റെ സ്വഭാവം. നാം ദൈവത്തെ സ്നേഹിക്കുമ്പോൾ, മറ്റു മനുഷ്യരെയും നമ്മുടെ ജീവിതത്തിന്റെ വിവിധ വശങ്ങളെയും സ്നേഹിച്ചുകൊണ്ട് അവിടുത്തെ സ്നേഹിക്കാനാണ് ദൈവം നമ്മെ വിളിക്കുന്നതെന്നു നാം കണ്ടെത്തും. നാം സ്നേഹിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നവയെ സ്നേഹിക്കുകയും ദൈവഹിതത്തിൽ ഉൾപ്പെടുന്ന എല്ലാറ്റിനോടുമുള്ള നമ്മുടെ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുമ്പോഴും, പൂർണഹൃദയത്തോടും പൂർണമനസ്സോടും പൂർണാത്മാവോടും പൂർണശക്തിയോടുംകൂടെ നാം ദൈവത്തെത്തന്നെയാണ് സ്നേഹിക്കുന്നത്.

എന്നാൽ മുകളിൽ നൽകിയിരിക്കുന്ന തിരുവചനഭാഗത്തിലേക്കു നമുക്കു മടങ്ങാം. ദൈവത്തെയും പണത്തെയും നമുക്കു സ്നേഹിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്? ഈ ഭാഗത്തിലെ “മാമോൻ” എന്നത് അനാരോഗ്യകരമായ ആസക്തിയും ആഗ്രഹവുമായി മാറുന്ന ഒരു സ്നേഹമായി മനസ്സിലാക്കണം. പണത്തോടുള്ള നമ്മുടെ ആഗ്രഹങ്ങൾ ക്രമരഹിതമാകാൻ അനുവദിക്കുകയും അങ്ങനെ ആ “സ്നേഹത്തിൽനിന്ന്” ദൈവഹിതത്തെ ഒഴിവാക്കുകയും ചെയ്തുകൊണ്ട് നമുക്കു പണത്തെ “സ്നേഹിക്കാൻ” കഴിയും. ദൈവഹിതത്തിനു പൂർണമായി അനുസൃതമായി മാത്രം ഉപയോഗിക്കുമ്പോൾ പണം തിന്മയല്ല. അങ്ങനെയെങ്കിൽ, നാം ഉപയോഗിക്കുന്ന പണം ദൈവത്തിനു വലിയ മഹത്വം നൽകും. എന്നാൽ പണമോ നാം ആഗ്രഹിക്കുന്ന മറ്റേതെങ്കിലും വസ്തുവോ, ഒരർഥത്തിൽ പറഞ്ഞാൽ, സ്വന്തമായൊരു ജീവിതം കൈവരിക്കാൻ തുടങ്ങുമ്പോൾ, ആ ആഗ്രഹം ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിനു വിരുദ്ധമാകും. ദൈവത്തെയും ദൈവത്തെ മാത്രവും സ്നേഹിക്കുക എന്നതിനർഥം, നാം ദൈവത്തെയും ജീവിതത്തിൽ നാം സ്നേഹിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്ന എല്ലാറ്റിനെയും സ്നേഹിക്കുന്നു എന്നതാണ്.

ദൈവത്തിന് അനന്യമായി സമർപ്പിതരായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ഈ അനന്യസ്നേഹത്തിനായി സ്വയം സമർപ്പിക്കുമ്പോൾ, അവിടുത്തിലും അവിടുത്തിലൂടെയും ആരെയെല്ലാം, എന്തിനെയെല്ലാം സ്നേഹിക്കാനാണ് ദൈവം നിങ്ങളെ വിളിക്കുന്നതെന്നും ചിന്തിക്കുക. അവിടുത്തെ പരിപൂർണ ഹിതം നിങ്ങളെ എവിടേക്കാണ് നയിക്കുന്നത്? മറ്റുള്ളവരെ സ്നേഹിക്കുന്നതിലൂടെ ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാൻ നിങ്ങൾ എങ്ങനെയാണ് വിളിക്കപ്പെട്ടിരിക്കുന്നത്? പണത്തോടോ ജീവിതത്തിലെ മറ്റെന്തിനോടെങ്കിലുമോ ഉള്ള അനാരോഗ്യകരമായ ആസക്തി, നിങ്ങളുടെ ജീവിതത്തിന്റെ ഏകവും പരമവുമായ ലക്ഷ്യത്തിൽനിന്ന് നിങ്ങളെ വ്യതിചലിപ്പിക്കാൻ നിങ്ങൾ ഏതെല്ലാം വിധത്തിൽ അനുവദിച്ചിട്ടുണ്ടെന്നും ചിന്തിക്കുക. നിങ്ങളെ സൃഷ്ടിച്ചപ്പോൾ ഉദ്ദേശിച്ചവിധം സ്നേഹിക്കാൻ നിങ്ങൾക്കു സ്വാതന്ത്ര്യമുണ്ടാകേണ്ടതിന്, ആ അനാരോഗ്യകരമായ ആഗ്രഹങ്ങളും വ്യാജമായ “സ്നേഹങ്ങളും” നിങ്ങളുടെ ഹൃദയത്തിൽനിന്ന് നീക്കിക്കളയാൻ ദൈവത്തെ അനുവദിക്കുക.

എന്റെ കർത്താവേ, എന്റെ ദൈവമേ, എന്റെ മുഴുവൻ സ്നേഹത്തിനും അങ്ങ് അർഹനാണ്. അങ്ങും അങ്ങു മാത്രവും എന്റെ മുഴുവൻ സ്നേഹത്തിന്റെയും ഏക കേന്ദ്രമായിത്തീരണം. പ്രിയ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുമ്പോൾ, കൂടുതൽ സ്നേഹിക്കാൻ അങ്ങയുടെ ഹിതം എന്നെ നയിക്കുന്നതെല്ലാം തിരിച്ചറിയാനും, വിട്ടുപിരിയാൻ അങ്ങയുടെ ഹിതം എന്നെ വിളിക്കുന്നതെല്ലാം മനസ്സിലാക്കാനും എന്നെ സഹായിക്കണമേ. അങ്ങയെയും അങ്ങയുടെ വിശുദ്ധവും പരിപൂർണവുമായ ഹിതത്തിൽ ഉൾപ്പെടുന്നവയെയും മാത്രം ഞാൻ തിരഞ്ഞെടുക്കട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കത്തോലിക്കാ ദൈനംദിന വിചിന്തനങ്ങൾ
ആണ്ടുവട്ടക്കാലം: മേയ് 24–ഓഗസ്റ്റ് 31

താഴെപ്പറയുന്ന വിൽപ്പനക്കാരിൽനിന്ന് ഇ-പുസ്തകം & പേപ്പർബാക്ക് രൂപങ്ങളിൽ ലഭ്യമാണ്:

Amazon മൃദുപുറംചട്ട പതിപ്പ് – Kindle – Google Play Books – iBooks – Barnes & Noble

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ റൊമുവാൾഡ്, ആബട്ട്

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രം: അഷ്ടസൗഭാഗ്യങ്ങളുടെ പ്രഭാഷണം — രചന: ജെയിംസ് ടിസ്സോ, വിക്കിമീഡിയ കോമൺസ് വഴി