മലയാളം

മനുഷ്യന്റെ ഏറ്റവും ആഴമായ സംതൃപ്തി

സെപ്റ്റംബർ 24, 2021
ആണ്ടുവട്ടക്കാലത്തിലെ ഇരുപത്തിയഞ്ചാം ആഴ്ചയിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

ഒരിക്കൽ യേശു ഏകാന്തതയിൽ പ്രാർഥിക്കുകയായിരുന്നു. ശിഷ്യന്മാരും അവനോടുകൂടെ ഉണ്ടായിരുന്നു. അവൻ അവരോടു ചോദിച്ചു: “ഞാൻ ആരാണെന്നാണ് ജനക്കൂട്ടം പറയുന്നത്?” ലൂക്കാ 9:18

യേശു “ഏകാന്തതയിൽ പ്രാർഥിക്കുകയായിരുന്നു” എന്നും “ശിഷ്യന്മാർ അവനോടുകൂടെ ഉണ്ടായിരുന്നു” എന്നും ഒരുമിച്ചു പറയുന്നത് ശ്രദ്ധേയമാണ്. പ്രത്യക്ഷത്തിൽ കാണുന്ന ഈ വൈരുധ്യത്തെ വിശുദ്ധ ബീഡ് ഇങ്ങനെ വിശദീകരിക്കുന്നു: “പിതാവിന്റെ തിരുഹിതത്തിലെ അഗ്രാഹ്യമായ രഹസ്യങ്ങളിലേക്ക് കടന്നുചെല്ലാൻ പുത്രനു മാത്രമേ കഴിയൂ.” അതുകൊണ്ട്, പിതാവിനെ പൂർണമായും ഉറ്ററിയുന്നത് യേശു മാത്രമാണ് എന്ന അർഥത്തിൽ, നമ്മുടെ കർത്താവ് എപ്പോഴും പിതാവിനോടൊപ്പം തനിച്ചായിരുന്നു. കാരണം, അവിടുന്ന് പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയും പിതാവിന്റെ നിത്യപുത്രനുമാണ്.

ഈ വസ്തുത വ്യക്തമായി മനസ്സിലാക്കിക്കഴിഞ്ഞാൽ, യേശു തന്റെ മനുഷ്യസ്വഭാവത്തിൽ പിതാവിനോടു പ്രാർഥിച്ചപ്പോൾ പുതിയതൊന്നു സംഭവിച്ചു എന്നതും മനസ്സിലാക്കേണ്ടതുണ്ട്. യേശു നിത്യത മുതൽ പിതാവിനോടുകൂടെ ഉണ്ടായിരുന്നെങ്കിലും, അവിടുത്തെ മനുഷ്യസ്വഭാവം നിത്യത മുതൽ പിതാവിനോടുകൂടെ ഉണ്ടായിരുന്നില്ല. അതിനാൽ, ദൈവത്തിന്റെ നിത്യപുത്രൻ മനുഷ്യശരീരത്തിൽ ജീവിച്ചുകൊണ്ട് നിത്യപിതാവുമായി ആത്മീയസംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ, മനുഷ്യസ്വഭാവം അതുവരെ എത്തിയിട്ടില്ലാത്ത ഒരു ഔന്നത്യത്തിലേക്ക് പെട്ടെന്ന് ഉയർത്തപ്പെട്ടു. നിത്യപുത്രൻ പിതാവുമായുള്ള പൂർണമായ ഐക്യത്തിൽ ജീവിക്കുകയായിരുന്നു എന്നു മാത്രമല്ല, ഇപ്പോൾ പൂർണമനുഷ്യനായ നിത്യപുത്രൻ തന്റെ മനുഷ്യസ്വഭാവത്തെയും ഈ ഐക്യത്തിലേക്കു കൊണ്ടുവന്നു.

ചിലർക്ക് ഇത് അല്പം തത്ത്വചിന്താപരമായി തോന്നിയേക്കാമെങ്കിലും, നമ്മെയെല്ലാം ബാധിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു യാഥാർഥ്യത്തിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്. നമ്മുടെ കർത്താവ് മനുഷ്യനെന്ന നിലയിൽ പിതാവിനോടു നടത്തുന്ന പ്രാർഥനയിലൂടെ, യേശുവിനോടു ചേർന്ന് ഈ ദൈവിക ഐക്യത്തിൽ പങ്കുചേരാൻ നാമെല്ലാവരും ക്ഷണിക്കപ്പെടുന്നു. മനുഷ്യനായ ദൈവപുത്രൻ, മനുഷ്യരായ നമ്മുടെ ജീവിതംതന്നെ പിതാവായ ദൈവവുമായുള്ള ഐക്യത്തിലേക്ക് ഉയർത്തപ്പെടുന്നതിൽ പങ്കുചേരാൻ നമുക്കു വഴിയൊരുക്കി. ദൈവപുത്രന് പിതാവുമായുള്ള അതുല്യമായ ഐക്യം എന്നും ഉണ്ടായിരിക്കുമെങ്കിലും, പങ്കാളിത്തത്തിലൂടെ അവരുടെ ജീവനിൽ പങ്കുചേരാൻ നാമും ക്ഷണിക്കപ്പെടുന്നു.

അപ്പോൾ, ഇത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? ഒരു കാരണം ഇതാണ്: പുത്രൻ പിതാവിനോടു നടത്തുന്ന പ്രാർഥനയിൽ പങ്കുചേരുന്നതിനെക്കാൾ വലിയൊരു മാനുഷിക സാഫല്യം നമുക്ക് ഒരിക്കലും കൈവരിക്കാനാവില്ല. ജീവിതത്തിലുടനീളം, ഏതെങ്കിലും ഒരു രൂപത്തിൽ സാഫല്യം കണ്ടെത്താൻ നാം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. സന്തോഷമായിരിക്കാൻ നാം ആഗ്രഹിക്കുന്നു. ജീവിതത്തിൽ ആനന്ദം അനുഭവിക്കാൻ നാം ആഗ്രഹിക്കുന്നു. സന്തോഷത്തിനായുള്ള സ്വാഭാവികമായ ഒരു ആഗ്രഹം നമ്മിലുണ്ട്; അതു നിറവേറ്റാൻ നാം നിരന്തരം ശ്രമിക്കുന്നു. പുത്രൻ മനുഷ്യനെന്ന നിലയിൽ പിതാവിനോടു നടത്തുന്ന ആഴമായ പ്രാർഥനയിൽ പങ്കുചേരുന്നതിലൂടെയാണ് ഏറ്റവും വലിയ സന്തോഷം ലഭിക്കുന്നതെന്നു മനസ്സിലാക്കേണ്ടത് പ്രധാനമാണ്. പ്രാർഥന, യഥാർഥ പ്രാർഥന, നമ്മുടെ ഏറ്റവും ആഴമായ ആഗ്രഹത്തിനുള്ള ഉത്തരമാണ്.

നിങ്ങൾ പതിവായി ആഴമായ പ്രാർഥനയിൽ ഏർപ്പെടുന്നുണ്ടോ എന്ന് ഇന്ന് വിചിന്തനം ചെയ്യുക. നമ്മുടെ കർത്താവിനെപ്പോലെ നിങ്ങളും ദൈവത്തോടൊപ്പം തനിച്ചായിരുന്ന്, നിങ്ങളുടെ മനുഷ്യാത്മാവിന്റെ ആഴങ്ങളിൽ അവിടുത്തോട് ആത്മീയസംഭാഷണം നടത്തുകയും പ്രാർഥനയിലൂടെ അവിടുത്തിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്ത അവസരങ്ങൾ ചൂണ്ടിക്കാണിക്കാൻ നിങ്ങൾക്കു കഴിയുമോ? അനേകം വിശുദ്ധർ സാക്ഷ്യപ്പെടുത്തുന്നതുപോലെ, പ്രാർഥനയ്ക്ക് പല തലങ്ങളുണ്ട്. നിങ്ങളുടെ പ്രാർഥന കൂടുതൽ ആഴമുള്ളതാക്കാൻ തീരുമാനിക്കുക. ഇന്ന് നമ്മുടെ കർത്താവിന്റെ സന്നിധിയിൽ ചെന്ന് നിങ്ങളുടെ ഹൃദയം അവിടുത്തെ മുമ്പിൽ തുറക്കുക. പിതാവിനോടുള്ള അവിടുത്തെ പ്രാർഥനയുടെ വിശുദ്ധമായ ഏകാന്തതയിലേക്ക് നിങ്ങളെ ആകർഷിക്കണമേ എന്ന് അവിടുത്തോട് അപേക്ഷിക്കുക. അങ്ങനെ ചെയ്യുന്നത്, ജീവിതത്തിൽ സാധ്യമായ ഏറ്റവും ആഴമായ മാനുഷിക സംതൃപ്തി നിങ്ങളിൽ ഉളവാക്കും.

പ്രാർഥിക്കുന്ന എന്റെ കർത്താവേ, അങ്ങ് പിതാവിനോടൊപ്പം ഏകാന്തതയിൽ സമയം ചെലവഴിച്ചപ്പോൾ, അങ്ങയുടെ മനുഷ്യസ്വഭാവത്തെ അവിടുത്തോട് ഐക്യപ്പെടുത്തി; അങ്ങനെ ഞങ്ങളുടെ സ്വഭാവത്തെ മഹത്തായ ഒരു ഔന്നത്യത്തിലേക്ക് ഉയർത്തി. പ്രിയ കർത്താവേ, യഥാർഥവും ആഴമുള്ളതും എന്നെ താങ്ങിനിർത്തുന്നതുമായ പ്രാർഥനയിലൂടെ അങ്ങയെയും പിതാവിനെയും ഞാൻ അറിയേണ്ടതിന് എന്നെ അങ്ങയിലേക്ക് ആകർഷിക്കണമേ. അങ്ങയുമായുള്ള ഈ ഐക്യം എന്റെ ജീവിതത്തിലെ ഏറ്റവും ആഴമായ സാഫല്യത്തിനു കാരണമാകട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ചെറുപുഷ്പമായ വിശുദ്ധ കൊച്ചുത്രേസ്യായോടുള്ള നൊവേന
സെപ്റ്റംബർ 22-30

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രം: അപ്പസ്തോലന്മാർക്കുള്ള പ്രബോധനം — ജെയിംസ് ടിസ്സോ വരച്ചത്, വിക്കിമീഡിയ കോമൺസ് വഴി