മലയാളം

യേശുവേ, കനിവു തോന്നണമേ!

2021 ഒക്ടോബർ 24
സാധാരണകാലത്തിലെ മുപ്പതാം ഞായർ, വർഷം B
ഇന്നത്തെ വായനകൾ

വീഡിയോ

അത് നസറായനായ യേശുവാണെന്നു കേട്ടപ്പോൾ ബർത്തിമേയൂസ്, “ദാവീദിന്റെ പുത്രനായ യേശുവേ, എന്നോട് കനിവു തോന്നണമേ” എന്നു വിളിച്ചുപറയാൻ തുടങ്ങി.  മർക്കോസ് 10:47

അന്ധനായ ബർത്തിമേയൂസിന്റെ ഈ വാക്കുകൾ ഏതാനും കാരണങ്ങളാൽ തികവുറ്റ ഒരു പ്രാർഥന നമുക്കു മുന്നിൽ അവതരിപ്പിക്കുന്നു.

ഒന്നാമതായി, ഈ പ്രാർഥന ബർത്തിമേയൂസിന്റെ ആഴമായ വിനയം വെളിപ്പെടുത്തുന്നു. തനിക്ക് ആവശ്യമുള്ളതിന്റെ ഉറവിടം യേശുവാണെന്നും സ്വയം സഹായിക്കാൻ തനിക്കു കഴിയില്ലെന്നും അറിയാമായിരുന്നുവെന്ന് ഈ പ്രാർഥനയിലൂടെ ബർത്തിമേയൂസ് പ്രകടിപ്പിക്കുന്നു.  താൻ ബലഹീനനാണെന്നും എന്നാൽ യേശു പരിപൂർണ ശക്തിയാണെന്നും ബർത്തിമേയൂസിന് അറിയാമായിരുന്നു.  അതിനാൽ, തന്റെ ആവശ്യനേരത്ത് യേശുവിനെ ഉറവിടമായി തിരിച്ചറിഞ്ഞുകൊണ്ട് ബർത്തിമേയൂസ് വിനയപൂർവം അവിടുത്തെ സമീപിച്ചു.

രണ്ടാമതായി, ഇത് “കനിവിനായി” നിലവിളിക്കുന്ന ഒരു പ്രാർഥനയാണ്.  മറ്റുള്ളവരുടെ സഹനം ഉളവാക്കുന്ന ദുഃഖവും അനുകമ്പയുമാണ് കനിവ്.  കനിവ് കരുണയാണ്; നൽകേണ്ട യാതൊരു നിർബന്ധവുമില്ലാത്ത ഒരാൾ മറ്റൊരാൾക്കു നൽകുന്ന സ്നേഹത്തിന്റെ ഒരു രൂപമാണത്.  അത്തരമൊരു ദാനത്തിന് താൻ അയോഗ്യനാണെങ്കിലും തന്നോടു ദയയും കരുണയും കാണിക്കണമെന്ന് ഈ പ്രാർഥനയിൽ ബർത്തിമേയൂസ് സർവശക്തനായ കർത്താവിനോട് അപേക്ഷിക്കുന്നു.  നമ്മുടെ കർത്താവിൽനിന്നുള്ള സഹായത്തിന് താൻ അർഹനല്ലെന്ന് ബർത്തിമേയൂസിന് അറിയാമായിരുന്നുവെന്ന് ഈ പ്രാർഥന വെളിപ്പെടുത്തുന്നു. എങ്കിലും, യേശു സഹായിക്കുമെന്ന പ്രത്യാശയോടെ അവൻ അതിനായി നിലവിളിച്ചു.  തീർച്ചയായും, അവിടുന്ന് സഹായിക്കുകയും ചെയ്യുന്നു.

മൂന്നാമതായി, ഈ പ്രാർഥന വ്യക്തവും ആഴമേറിയതുമായ ഒരു തീക്ഷ്ണത വെളിപ്പെടുത്തുന്നു.  ഇത് ദൈവത്തിന്റെ സഹായത്തിനായുള്ള ഒരു അപേക്ഷ മാത്രമല്ല; മറിച്ച്, സഹായത്തിനായുള്ള ഒരു നിലവിളിയാണ്.  ഇത് ഒരു കേണപേക്ഷയും യാചനയുടെ ഒരു രൂപവുമാണ്.  സ്വന്തം ബലഹീനതകൾ വെളിപ്പെടുന്നതിനെക്കുറിച്ചുള്ള ആശങ്കയോ മറ്റുള്ളവർ അതു കാണുമെന്നോ അവർ എന്തു വിചാരിക്കുമെന്നോ ഉള്ള ഉത്കണ്ഠയോ കൂടാതെ സ്വന്തം ആത്മാവിനെ ദൈവത്തിനു മുന്നിൽ തുറന്നുവയ്ക്കുന്നതാണിത്.  ഇത് ആ അന്ധന്റെ പ്രാർഥനയുടെ ആഴം വ്യക്തമാക്കുന്നു.

ബർത്തിമേയൂസിന്റെ ഹ്രസ്വമായ പ്രാർഥനയിൽനിന്നുള്ള ഈ മൂന്നു പാഠങ്ങളെക്കുറിച്ച് ഇന്ന് ധ്യാനിക്കുക.  നാം വിനയമുള്ളവരായിരിക്കണം, കരുണയ്ക്കായി യാചിക്കണം, ആഴമായ തീക്ഷ്ണതയോടും അഭിലാഷത്തോടുംകൂടെ അങ്ങനെ ചെയ്യണം.  ഈ വിധത്തിലുള്ള പ്രാർഥന ദൈവത്തിന്റെ കൃപയും കരുണയും സ്വീകരിക്കാൻ നമ്മെ തീർച്ചയായും ഒരുക്കും.

കർത്താവേ, ദാവീദിന്റെ പുത്രനായ യേശുവേ, എന്നോട് കനിവു തോന്നണമേ.  അങ്ങയുടെ കരുണയ്ക്കും അനുകമ്പയ്ക്കുമായി ഞാൻ പൂർണഹൃദയത്തോടെ വിനയപൂർവം അങ്ങയോടു യാചിക്കുന്നു.  ഞാൻ അയോഗ്യനെങ്കിലും അങ്ങയുടെ കൃപ തേടുകയും അങ്ങയുടെ നന്മയിൽ ആശ്രയിക്കുകയും ചെയ്യുന്നു.  യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

വിശുദ്ധ യൂദാശ്ലീഹായോടുള്ള നൊവേന
പ്രത്യാശയറ്റ സാഹചര്യങ്ങൾക്കും പ്രത്യാശയറ്റ കാര്യങ്ങൾക്കും വേണ്ടി
വർഷത്തിൽ എപ്പോൾ വേണമെങ്കിലും, പ്രത്യേകിച്ച് ഒക്ടോബർ 19–27 തീയതികളിൽ പ്രാർഥിക്കാവുന്നത്

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആണ്ടുവട്ടത്തിലേക്കുള്ള വിശുദ്ധലിഖിത ധ്യാനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ ആന്റണി മേരി ക്ലാരറ്റ്, മെത്രാൻ—ഐച്ഛിക അനുസ്മരണം
ഞായറാഴ്ച വരുന്നതിനാൽ ഈ വർഷം ആരാധനാക്രമത്തിലെ അനുസ്മരണമായി ആഘോഷിക്കുന്നില്ല

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രം:  ഫെർണാണ്ടോ ഗല്യേഗോ വരച്ച ‘അന്ധനായ ബർത്തിമേയൂസിന്റെ രോഗശാന്തി’, വിക്കിമീഡിയ കോമൺസ് വഴി