ഏപ്രിൽ 22, 2022
ഉയിർപ്പുതിരുനാളിന്റെ അഷ്ടദിനാഘോഷത്തിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ

“വള്ളത്തിന്റെ വലതുവശത്തു വലയെറിയുക; അപ്പോൾ നിങ്ങൾക്കു കിട്ടും.” അവർ വലയെറിഞ്ഞു; മത്സ്യങ്ങളുടെ പെരുപ്പം നിമിത്തം അതു വലിച്ചുകയറ്റാൻ അവർക്കു കഴിഞ്ഞില്ല. യോഹന്നാൻ 21:6
മുകളിലെ വചനഭാഗത്ത് യേശു അപ്പസ്തോലന്മാർക്കു നൽകിയ അനുഭവം ഏതൊരു മുക്കുവനും ആഗ്രഹിക്കുന്നതാണ്. അപ്പസ്തോലന്മാർ രാത്രി മുഴുവൻ മീൻപിടിച്ചെങ്കിലും ഒന്നും കിട്ടിയില്ല. പ്രഭാതത്തിൽ യേശു കരയിൽ പ്രത്യക്ഷപ്പെട്ടു; എന്നാൽ അത് അവിടുന്നാണെന്ന് അവർ തിരിച്ചറിഞ്ഞില്ല. തുടർന്ന്, വള്ളത്തിന്റെ വലതുവശത്തു വലയെറിയാൻ അവിടുന്ന് അവർക്കു ലളിതമായ ഒരു നിർദേശം നൽകി. വല വലിച്ചുകയറ്റാൻ കഴിയാത്തത്രയും മത്സ്യങ്ങൾ അവർക്കു ലഭിച്ചു. എത്ര ആഹ്ലാദകരമായ ഒരു മീൻപിടിത്തം!
ഈ മീൻപിടിത്തം അവരുടെ ജോലിയിൽ സഹായിക്കാനായി യേശു ചെയ്ത ഒരു ഉപകാരം മാത്രമായിരുന്നില്ല. അതിന് ആഴമായ പ്രതീകാത്മക അർഥമുണ്ടായിരുന്നു. യേശു അപ്പസ്തോലന്മാർക്ക് ഒരു പുതിയ വിളി നൽകുകയായിരുന്നു എന്നതാണ് അതിലെ മുഖ്യസൂചന. ഇനിമേൽ അവർ മത്സ്യങ്ങൾക്കുവേണ്ടി മാത്രമായിരിക്കില്ല വലയെറിയുക; പകരം, അവർ ആത്മാക്കളെ നേടാൻ വലയെറിയേണ്ടിയിരുന്നു. സ്വന്തം പരിശ്രമത്താൽ ഇതു ചെയ്യാൻ ശ്രമിച്ചാൽ അവർ വെറുംകൈയോടെ മടങ്ങേണ്ടിവരും എന്നതാണ് പ്രധാന കാര്യം. എന്നാൽ കർത്താവിന്റെ കല്പനയനുസരിച്ച്, അവിടുത്തെ രീതിയിൽ, അവിടുന്ന് നിശ്ചയിക്കുന്ന സമയത്ത് അവർ അതു ചെയ്താൽ, അവരുടെ പരിശ്രമങ്ങൾ സമൃദ്ധമായ നല്ല ഫലങ്ങൾ നൽകും. അവർക്ക് സങ്കല്പിക്കാൻ കഴിയുന്നതിലും അധികമായി!
ലോകത്തെ സുവിശേഷവത്കരിക്കാനുള്ള കല്പന യേശുവിന്റെ ഈ അത്ഭുതത്തിലൂടെ അപ്പസ്തോലന്മാർക്കും നമുക്കും വെളിപ്പെട്ടുതുടങ്ങുന്നു. തന്റെ രക്ഷാദൗത്യം നിറവേറ്റാൻ അപ്പസ്തോലന്മാർക്ക് യേശു അന്തിമ നിർദേശങ്ങൾ നൽകുന്ന, അവിടുത്തെ ഉത്ഥാനത്തിനു ശേഷമുള്ള സമയത്താണ് ഈ വെളിപ്പെടുത്തൽ ഉണ്ടാകുന്നത്. സുവിശേഷം പ്രചരിപ്പിക്കാനുള്ള നമ്മുടെതന്നെ വിളി ഈ അത്ഭുതത്തിൽ നാം കാണണം. യേശുവിന്റെ കല്പനയനുസരിച്ച്, അവിടുത്തെ രീതിയിൽ, അവിടുന്ന് നിശ്ചയിക്കുന്ന സമയത്തു മാത്രം സുവിശേഷം പ്രചരിപ്പിക്കാനുള്ള കല്പനയും ഈ അത്ഭുതത്തിൽ നാം കാണണം.
സുവിശേഷം പ്രചരിപ്പിക്കാൻ പല “നല്ല” ആശയങ്ങളും മുന്നോട്ടുവയ്ക്കാൻ ചിലപ്പോൾ ക്രൈസ്തവർ തിടുക്കപ്പെടാറുണ്ട്. എന്നാൽ ദൈവത്തിന്റെ മുമ്പിൽ നമ്മെത്തന്നെ വിനയപ്പെടുത്തുകയും, കർത്താവ് വഴിനടത്തുകയും ദിശ കാണിച്ചുതരികയും ചെയ്യുന്നില്ലെങ്കിൽ സുവിശേഷത്തിന്റെ സദ്വാർത്ത പ്രചരിപ്പിക്കാൻ നമുക്കു കഴിയില്ലെന്നു തിരിച്ചറിയുകയുമാണ് പ്രധാനം. നാം അവിടുത്തെ കാത്തിരിക്കുകയും അവിടുത്തെ സംസാരിക്കാൻ അനുവദിക്കുകയും വേണമെന്ന് ഇത് നമ്മോടു പറയുന്നു. അവിടുത്തെ സ്വരം നാം ശ്രവിക്കുകയും അവിടുന്ന് നയിക്കുമ്പോൾ മാത്രം പ്രതികരിക്കുകയും വേണം. നമ്മുടെ സ്വന്തം പരിശ്രമത്താൽ ചെയ്യുന്ന ഒരു കാര്യമെന്നതിലുപരി, യേശുവിനോടുള്ള ഒരു പ്രത്യുത്തരമാണ് സുവിശേഷവത്കരണം. ഈ അത്ഭുതസംഭവത്തിന്റെ കേന്ദ്രസന്ദേശം ഇതാണ്.
ഉയിർപ്പുതിരുനാൾ ആഘോഷം തുടരുന്ന ഈ വേള, സുവിശേഷവത്കരിക്കാനുള്ള സ്വന്തം ഉത്തരവാദിത്വത്തെക്കുറിച്ച് ചിന്തിക്കാൻ നമുക്കോരോരുത്തർക്കും ഉചിതമായ സമയമാണ്. യേശുവിന്റെ ഈ പ്രവർത്തനത്തിൽ പങ്കുചേരാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ വിളിക്കും ദൗത്യത്തിനും അനുസരിച്ച് അത് ഓരോരുത്തരിലും വ്യത്യസ്ത രൂപങ്ങൾ സ്വീകരിക്കും. എന്നാൽ യഥാർഥ ചോദ്യം ഇതാണ്: “യേശു എന്നെ നയിക്കുന്ന വിധത്തിൽ സുവിശേഷവത്കരിക്കാനുള്ള അവിടുത്തെ വിളിയോട് ഞാൻ പ്രതികരിക്കുന്നുണ്ടോ?” ഇത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. യേശു നമുക്കു നൽകുന്ന സവിശേഷ ദൗത്യം മറ്റാർക്കും ഏല്പിച്ചിട്ടില്ലെന്നു നാം അറിയണം. നമ്മെ തന്റെ ഉപകരണങ്ങളാക്കാൻ അവിടുന്ന് തീർച്ചയായും ആഗ്രഹിക്കുന്നു.
നമ്മുടെ കർത്താവ് അപ്പസ്തോലന്മാർക്കു നൽകിയ ഈ കല്പനയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. അവിടുത്തെ വിശുദ്ധഹിതത്തിന് അനുസൃതമായി “ആത്മാക്കളെ നേടാൻ വലയെറിയാൻ” നിങ്ങളെ വിളിച്ചുകൊണ്ട്, ഇതേ കല്പന നിങ്ങളോടും അവിടുന്ന് പറയുന്നതു ശ്രവിക്കുക. ഈ ആഴ്ച നിങ്ങളോടു സംസാരിക്കാൻ കർത്താവിനെ അനുവദിക്കുക; അവിടുത്തെ മാർഗനിർദേശങ്ങൾ സ്വീകരിക്കാൻ ഹൃദയം തുറക്കുക. നിങ്ങളെ തന്റെ ഉപകരണമാക്കാൻ ദൈവം ആഗ്രഹിക്കുന്നു; അതിന് അവിടുത്തെ അനുവദിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക!
എന്നോട് ആജ്ഞാപിക്കുന്ന എന്റെ കർത്താവേ, അങ്ങ് എന്നെ ഉപയോഗിക്കണമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. അങ്ങയുടെ തിരുഹിതമനുസരിച്ച് സുവിശേഷം പ്രഘോഷിക്കാൻ ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. അങ്ങയുടെ വിളിക്ക് ആത്മവിശ്വാസത്തോടെ ഉത്തരം നൽകാനും അങ്ങ് നൽകുന്ന നിർദേശം ആത്മാർത്ഥമായി ശ്രവിക്കാനും എന്നെ സഹായിക്കണമേ. പ്രിയ കർത്താവേ, അനേകം ആത്മാക്കളെ അങ്ങയുടെ രാജ്യത്തിനായി രക്ഷിക്കാൻ എന്നെ ഉപയോഗിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
എട്ടാം ദിവസം: ദൈവകരുണയുടെ ഞായറാഴ്ചയ്ക്കുള്ള ഒരുക്കനൊവേന
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിൽ നൽകിയിരിക്കുന്ന ചിത്രം: അത്ഭുതകരമായ മീൻപിടിത്തം — വരച്ചത് റഫേൽ, വിക്കിമീഡിയ കോമൺസ് വഴി
ഇ-പുസ്തകമായും പേപ്പർബാക്ക് പതിപ്പായും ലഭ്യമാണ്:
Amazon – Barnes and Noble – Google Play – iTunes
ദൈവകരുണയെക്കുറിച്ചുള്ള ദൈനംദിന വിചിന്തനങ്ങൾ:
വിശുദ്ധ ഫൗസ്റ്റീനയോടൊപ്പം 365 ദിനങ്ങൾ






