ഫെബ്രുവരി 16, 2023
ആണ്ടുവട്ടത്തിലെ ആറാം ആഴ്ചയിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ

യേശുവും ശിഷ്യന്മാരും കേസറിയാ ഫിലിപ്പിയിലെ ഗ്രാമങ്ങളിലേക്കു പുറപ്പെട്ടു. വഴിയിൽവച്ച് അവിടുന്ന് ശിഷ്യന്മാരോടു ചോദിച്ചു: “ഞാൻ ആരാണെന്നാണ് ആളുകൾ പറയുന്നത്?” മർക്കോസ് 8:27
ഈ ചോദ്യത്തിന് മറുപടിയായി, ചിലർ അവിടുന്ന് “സ്നാപകയോഹന്നാൻ എന്നും മറ്റു ചിലർ ഏലിയാ എന്നും വേറെ ചിലർ പ്രവാചകന്മാരിൽ ഒരുവൻ എന്നും” കരുതുന്നതായി ശിഷ്യന്മാർ യേശുവിനെ അറിയിച്ചു. എന്നാൽ തുടർന്ന്, താൻ ആരാണെന്നാണ് അവർ കരുതുന്നതെന്ന് യേശു ശിഷ്യന്മാരോടു ചോദിച്ചു. “അങ്ങ് ക്രിസ്തുവാണ്” എന്നു മറുപടി പറഞ്ഞത് പത്രോസായിരുന്നു.
യേശുവും ശിഷ്യന്മാരും തമ്മിലുള്ള ഈ സംഭാഷണം ധ്യാനിക്കുമ്പോൾ, നമ്മുടെ കർത്താവ് അതേ ചോദ്യം നിങ്ങളോടും ചോദിക്കുന്നതു കേൾക്കാൻ ശ്രമിക്കുക. “എന്നാൽ ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്?” ബൗദ്ധികതലത്തിൽ ഇതിനു മറുപടി നൽകാൻ നിങ്ങൾക്ക് എളുപ്പമായിരിക്കുമെങ്കിലും, തിടുക്കത്തിൽ മറുപടി പറയരുത്. അതിനെക്കുറിച്ചു ചിന്തിക്കുക. നിങ്ങളുടെ ആത്മാവിന്റെ ആഴങ്ങളിൽ, യേശുവിനെക്കുറിച്ച് നിങ്ങൾ എന്താണ് വിശ്വസിക്കുന്നത്?
പത്രോസിന്റെ മറുപടി ശരിയാണെങ്കിലും, അതിന്റെ യഥാർഥ അർഥം എന്താണെന്നു ധ്യാനിക്കേണ്ടത് പ്രധാനമാണ്. ക്രിസ്തുവെന്ന നിലയിലുള്ള തന്റെ ദൗത്യം യേശു വിശദീകരിക്കാൻ തുടങ്ങിയ ഉടനെ പത്രോസിന് അത് അംഗീകരിക്കാൻ കഴിഞ്ഞില്ല എന്ന വസ്തുതയിൽനിന്ന് ഇത് പ്രത്യേകിച്ചും വ്യക്തമാകുന്നു. ക്രിസ്തുവെന്ന നിലയിൽ താൻ “വളരെയധികം സഹിക്കുകയും ജനപ്രമാണികളാലും പ്രധാനപുരോഹിതന്മാരാലും നിയമജ്ഞരാലും തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നു ദിവസത്തിനുശേഷം ഉയിർത്തെഴുന്നേൽക്കുകയും” ചെയ്യുമെന്ന് യേശു പത്രോസിനും മറ്റു ശിഷ്യന്മാർക്കും വിശദീകരിച്ചു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, തന്റെ ദൗത്യത്തിന്റെ സാരാംശം ശിഷ്യന്മാർ മനസ്സിലാക്കണമെന്ന് യേശു ആഗ്രഹിച്ചു. ദൈവത്തിന്റെ ബലിക്കുഞ്ഞാടായി നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കുക എന്നതായിരുന്നു അവിടുത്തെ ദൗത്യം. എന്നാൽ ഇത് ഉടനടി മനസ്സിലാക്കാനും അംഗീകരിക്കാനും കൃതജ്ഞതയോടെ ഹൃദയപൂർവം സ്വീകരിക്കാനും ശിഷ്യന്മാർക്കു കഴിഞ്ഞില്ല.
യേശുവിന്റെ ഈ മുഖ്യദൗത്യം നിങ്ങൾ മനസ്സിലാക്കുകയും അംഗീകരിക്കുകയും ഹൃദയപൂർവം സ്വീകരിക്കുകയും ചെയ്യുന്നുണ്ടോ? നിങ്ങൾ വ്യക്തിപരമായി ചെയ്ത പാപങ്ങൾ നിമിത്തം നിങ്ങൾക്കൊരു രക്ഷകനെ ആവശ്യമുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? നിങ്ങളുടെ പാപങ്ങളുടെ അനന്തരഫലം മരണമാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? നിത്യമരണമാണെന്ന്? എല്ലാ പാപവും മരണവും നശിപ്പിക്കപ്പെടുന്നത് യേശുവിന്റെ മരണത്തിലൂടെ മാത്രമാണെന്നും നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ?
നാം എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്ന, നമുക്കു പ്രചോദനം നൽകുന്ന ഒരാൾ മാത്രമാണ് യേശു എന്ന തെറ്റായ ചിന്തയിൽ ചിലപ്പോൾ നാം അകപ്പെട്ടേക്കാം. അത് സത്യമാണെങ്കിലും, യേശു അതിലും എത്രയോ മഹത്തരനാണ്. സ്വർഗത്തിലേക്കുള്ള ഏകവഴി അവിടുന്നാണ്. അവിടുത്തെ മരണവും ഉത്ഥാനവും കൂടാതെ നമുക്കു സ്വർഗം പ്രാപിക്കാനാവില്ല. അവിടുന്നാണ് ഏക രക്ഷകൻ. നമ്മുടെ പാപങ്ങൾക്കുവേണ്ടി വധിക്കപ്പെട്ട കുഞ്ഞാട്. നിത്യവീണ്ടെടുപ്പിന്റെ ഏക ഉറവിടം. സ്വർഗത്തിനും മനുഷ്യകുലത്തിനുമിടയിലെ ഏക പാലം. നിങ്ങൾ ഒരു പരിധിവരെ ബൗദ്ധികമായി ഇതു മനസ്സിലാക്കുന്നുണ്ടാകാം. എങ്കിലും ഈ സത്യത്തിലുള്ള നിങ്ങളുടെ വിശ്വാസം ആത്മാവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങണം. അങ്ങനെ നിങ്ങൾക്ക് ഇതു വിശ്വസിക്കാനും അവിടുന്നു നൽകുന്ന നിത്യരക്ഷയുടെ ദാനം നിങ്ങളുടെ അസ്തിത്വത്തിന്റെ ഏറ്റവും ആഴങ്ങളിൽ ഹൃദയപൂർവം സ്വീകരിക്കാനും കഴിയും. യേശുവിന്റെ ജീവൻ എന്ന ദാനം യഥാർഥമായി സ്വീകരിക്കണമെങ്കിൽ, നാം ഇതു സമൂലമായി മനസ്സിലാക്കുകയും അംഗീകരിക്കുകയും ഹൃദയപൂർവം സ്വീകരിക്കുകയും വേണം.
നമ്മുടെ കർത്താവിന്റെ ഈ ചോദ്യത്തിനു നിങ്ങൾ എങ്ങനെ മറുപടി നൽകുമെന്ന് ഇന്നു ചിന്തിക്കുക: “ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്?” ഇതിനു ശരിയായി മറുപടി നൽകണമെങ്കിൽ, നമ്മുടെ കർത്താവിന്റെ രക്ഷാകരദൗത്യത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണയും അതിനോടുള്ള അംഗീകാരവും പൂർണമായ ഹൃദയപൂർവകമായ സ്വീകരണവും നിരന്തരം ആഴപ്പെടുത്തേണ്ടതുണ്ട്. ഇത് ജീവിതകാലം മുഴുവൻ നീളുന്ന ഒരു പ്രക്രിയയാണെങ്കിലും, ഈ ദൈവികരഹസ്യത്തിലേക്കും ദാനത്തിലേക്കും കൂടുതൽ ആഴത്തിൽ പ്രവേശിക്കുന്നത് നാം ഒരിക്കലും നിർത്തരുത്. അങ്ങനെ ദൈവത്തിന്റെ ക്രിസ്തുവായ അവിടുത്തെ ജീവിതത്താലും മരണത്താലും ഉത്ഥാനത്താലും നാം പൂർണമായി രൂപാന്തരപ്പെടും.
രക്ഷകനായ കർത്താവേ, ഇന്നും എന്റെ ജീവിതത്തിലെ എല്ലാ ദിവസവും എന്റെ മനസ്സും ഹൃദയവും അങ്ങയോടു കൂടുതൽ ആഴത്തിൽ തുറക്കണമേ. അങ്ങയിലുള്ള എന്റെ വിശ്വാസത്തിലും അങ്ങയെയും അങ്ങയുടെ ദൈവിക രക്ഷാദൗത്യത്തെയും കുറിച്ചുള്ള ധാരണയിലും ഞാൻ നിരന്തരം കൂടുതൽ ആഴപ്പെടട്ടെ. അങ്ങനെ ചെയ്യുമ്പോൾ, അങ്ങ് എനിക്കു നൽകാനായി വന്നതെല്ലാം സ്വീകരിക്കാൻ ഞാൻ കൂടുതൽ പൂർണമായി സന്നദ്ധനാകേണ്ടതിന് എന്നെ കൂടുതൽ കൂടുതൽ രൂപാന്തരപ്പെടുത്തണമേ. ഈശോയേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ





