2019 മാർച്ച് 24, ഞായറാഴ്ച
നോമ്പുകാലത്തിലെ മൂന്നാം ഞായർ, വർഷം C
വർഷം A-യിലെ വായനകൾ ഉപയോഗിക്കുമ്പോഴുള്ള ധ്യാനചിന്തയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

“യജമാനനേ, ഈ വർഷംകൂടി അതു നിൽക്കട്ടെ. ഞാൻ അതിനു ചുറ്റും മണ്ണിളക്കി വളമിടാം; ഭാവിയിൽ അതു ഫലം കായ്ച്ചേക്കാം. ഇല്ലെങ്കിൽ അങ്ങേക്ക് അതു വെട്ടിക്കളയാം.” ലൂക്കാ 13:8-9
നല്ല ഫലം ലഭിക്കുന്നത് ഒരു പരിധിവരെ നല്ല മണ്ണിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഓരോ തോട്ടക്കാരനും അറിയാം. എന്നാൽ നല്ല ഫലം ഉൽപാദിപ്പിക്കുന്നതിൽ മറ്റു ഘടകങ്ങളും പ്രധാനമാണ്. ചെടി രോഗമില്ലാത്തതായിരിക്കണം; അതിനു വെള്ളവും സൂര്യപ്രകാശവും ലഭിക്കണം; ചൂടുള്ള അന്തരീക്ഷത്തിൽ നടണം; വേണ്ടവിധം കൊമ്പുകോതണം; വളരാൻ മതിയായ ഇടവുമുണ്ടായിരിക്കണം. ഈ ഘടകങ്ങളെല്ലാം ഒത്തുചേരുമ്പോൾ നല്ല ഫലം ഉറപ്പാണ്.
നമ്മുടെ ജീവിതവും ഇതുപോലെയാണ്. നാം നട്ടുവളർത്തപ്പെടേണ്ട മണ്ണ് ദൈവത്തിന്റെ കരുണയാണ്. നമ്മുടെ ജീവിതത്തിൽ സദ്ഗുണങ്ങൾ വിളയാൻ ലഭിക്കാവുന്നതിൽവച്ച് ഏറ്റവും ഫലഭൂയിഷ്ഠമായ മണ്ണാണിത്. നമ്മുടെ വളർച്ചയ്ക്കാവശ്യമായ സൂര്യപ്രകാശവും മഴയും ഊഷ്മളതയും നൽകുന്നതും ദൈവമാണ്. എന്നാൽ, ഈ ഉപമയുടെ ഭാഷയിൽ പറഞ്ഞാൽ, നമ്മുടെ കൊമ്പുകൾ വെട്ടിയൊരുക്കാൻ നാം അനുവദിക്കണം. പലവിധത്തിൽ മണ്ണിന് വളമിടാനും അതിനെ കൃഷിയോഗ്യമാക്കാനും നാം അനുവദിക്കണം. യേശുവാണ് നമ്മുടെ ജീവിതത്തിന്റെ തോട്ടക്കാരനെങ്കിലും, ഒരർഥത്തിൽ നാമും തോട്ടക്കാരാണെന്നു പറയാം. കാരണം, നമ്മുടെ ജീവിതത്തിൽ സദ്ഗുണങ്ങളുടെ നല്ല ഫലങ്ങൾ ഉണ്ടാകേണ്ടതിന്, നമ്മുടെ ആത്മീയജീവിതത്തിന്റെ ആരോഗ്യകരമായ വളർച്ച ഉറപ്പുവരുത്തുന്ന സ്രഷ്ടാവിന്റെ പ്രകൃത്യാതീതമായ ദാനങ്ങളിൽ ആശ്രയിച്ചുകൊണ്ട് നാം കർത്താവിനോടു സഹകരിക്കണം.
മുകളിൽ നൽകിയിരിക്കുന്ന വചനഭാഗം അത്തിവൃക്ഷത്തിന്റെ ഉപമയുടെ സമാപനമാണ്. ഇതിനു തൊട്ടുമുമ്പ്, മുന്തിരിത്തോട്ടത്തിന്റെ ഉടമയായ പിതാവായ ദൈവം, ഫലം കായ്ക്കാത്ത അത്തിവൃക്ഷം ഇനിയും മണ്ണിനെ ക്ഷയിപ്പിക്കാതിരിക്കാൻ അതു വെട്ടിക്കളയാൻ കല്പിച്ചു. എന്നാൽ നമ്മുടെ ജീവിതത്തിന്റെ മണ്ണ് കിളച്ചൊരുക്കാനുള്ള ദൗത്യവുമായി പിതാവ് അയച്ച കരുണാമയനായ നമ്മുടെ കർത്താവ്, ഒരവസരംകൂടി നൽകാൻ ആഗ്രഹിക്കുന്നു; സ്നേഹത്താൽ പിതാവ് അതിനു സമ്മതിക്കുന്നു. നമുക്കു ചുറ്റുമുള്ള മണ്ണ് കൃഷിയോഗ്യമാക്കാൻ കർത്താവ് തീക്ഷ്ണതയോടെ പ്രവർത്തിക്കുന്ന ആ “വർഷമാണ്” ഈ ജീവിതം. അനുദിന പ്രാർഥനയിലൂടെയും അവിടുത്തെ കല്പനകളോടുള്ള വിശ്വസ്തതയിലൂടെയും സ്നേഹപൂർവമായ ത്യാഗപ്രവൃത്തികളിലൂടെയും അവിടുത്തെ പരിപാലനത്തിനു നമ്മെത്തന്നെ സമർപ്പിക്കുന്നതിലൂടെയും നാം സഹകരിക്കണം. ഒടുവിൽ, കർത്താവ് ആഗ്രഹിക്കുന്നതെല്ലാം ചെയ്യാൻ നാം അവിടുത്തെ അനുവദിച്ചാൽ, നമ്മുടെ ജീവിതം നല്ല ഫലം പുറപ്പെടുവിക്കും.
എന്നാൽ ഇതിന്റെ മറുവശവും നാം വ്യക്തമായി മനസ്സിലാക്കണം: നമ്മുടെ ജീവിതം നല്ല ഫലം പുറപ്പെടുവിക്കുന്നില്ലെങ്കിൽ നാം “വെട്ടിക്കളയപ്പെടും.” നല്ല ഫലം പുറപ്പെടുവിക്കുക എന്നത് വേണമെങ്കിൽ ചെയ്യാവുന്ന ഒന്നല്ല; അത് നിർബന്ധമാണ്. അത് നമ്മുടെ ആത്മീയാരോഗ്യത്തിന്റെ വ്യക്തമായ അടയാളമാണ്; നമ്മുടെ നിത്യപ്രതിഫലത്തിന്റെയോ നിത്യമരണത്തിന്റെയോ അളവുകോലായി അതു മാറും. കർത്താവിൽനിന്നു വരുന്ന ഇത്രയും കർക്കശമായ വാക്കുകൾ കേട്ടു ഭയപ്പെടരുത്. നമ്മുടെ ജീവിതത്തിൽ നല്ല ഫലം പുറപ്പെടുവിക്കാനുള്ള ഗൗരവമേറിയ കടമ നാം മനസ്സിലാക്കേണ്ടതിനാണ് അവിടുന്ന് സ്നേഹത്തോടെ ഇങ്ങനെ പറഞ്ഞത്.
നിങ്ങളുടെ ആന്തരിക ആത്മീയാരോഗ്യത്തിന്റെ ബാഹ്യമായ അടയാളങ്ങളെക്കുറിച്ച് ഇന്ന് ചിന്തിക്കുക. നിങ്ങളുടെ ജീവിതത്തിൽ സദ്ഗുണങ്ങൾ മുളച്ചുപൊങ്ങുന്നത് നിങ്ങൾ കാണുന്നുണ്ടോ? നിങ്ങളുടെ ആത്മാവിനെ കൃഷിയോഗ്യമാക്കാനും കൃപയും കരുണയുംകൊണ്ട് അതിനെ വളമിടാനും ദൈവം ചെയ്യാനാഗ്രഹിക്കുന്ന പ്രവൃത്തിയെക്കുറിച്ച് നിങ്ങൾക്ക് അവബോധമുണ്ടോ? ഇന്ന് അവിടുത്തോട് “അതെ” എന്നു പറയുക; സമൃദ്ധമായി നല്ല ഫലം പുറപ്പെടുവിക്കാൻ ആ കൃപയെ അനുവദിക്കുക.
കർത്താവേ, എന്റെ ആത്മാവിനെ പരിപാലിക്കാനും അങ്ങയുടെ കൃപയാൽ അതിനു വളമേകാനും അങ്ങയെ ഞാൻ അതിലേക്കു ക്ഷണിക്കുന്നു. എന്റെ പാപങ്ങളെ വെട്ടിനീക്കി, അങ്ങയുടെ കരുണയാകുന്ന പോഷണത്തിലേക്ക് എന്റെ വേരുകൾ ആഴത്തിൽ ഇറക്കാൻ എന്നെ സഹായിക്കണമേ. എന്റെ ജീവിതത്തിൽ ഫലം കായ്ക്കുന്നതിൽ ഞാൻ പരാജയപ്പെട്ടതിനെക്കുറിച്ച് എനിക്കു മനസ്താപമുണ്ട്. അങ്ങയുടെ പരിപാലനം എന്റെ എല്ലാ ദോഷങ്ങളും ബലഹീനതകളും പരിഹരിക്കേണ്ടതിന് ഞാൻ ഇപ്പോൾ എന്നെത്തന്നെ അങ്ങയെ ഏൽപ്പിക്കുന്നു. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ – പതിനെട്ടാം ധ്യാനചിന്ത – “ഇത് എന്റെ ശരീരമാണ്…ഇത് എന്റെ രക്തമാണ്”
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
നോമ്പുകാലത്തിനായി കൂടുതൽ വിഭവങ്ങൾ
(കുറിപ്പ്: ആത്മപരിശോധനാകർമങ്ങളോടനുബന്ധിച്ച് B & C വർഷങ്ങളിൽ ഈ സുവിശേഷം ഐച്ഛികമായി ഉപയോഗിക്കാം)
ജീവജലത്താൽ നിങ്ങളുടെ ദാഹം ശമിപ്പിക്കുക
നോമ്പുകാലത്തിലെ മൂന്നാം ഞായർ, വർഷം A

“ഞാൻ ചെയ്തതെല്ലാം എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നു കാണുവിൻ. ഒരുപക്ഷേ ഇദ്ദേഹം ക്രിസ്തുവായിരിക്കുമോ?” യോഹന്നാൻ 4:29
കിണറ്റിൻകരയിൽവച്ച് യേശുവിനെ കണ്ടുമുട്ടിയ ഒരു സ്ത്രീയുടെ കഥയാണിത്. തന്റെ പട്ടണത്തിലെ മറ്റു സ്ത്രീകളെ ഒഴിവാക്കാനായി അവൾ നട്ടുച്ചയിലെ കൊടുംചൂടിൽ കിണറ്റിൻകരയിൽ വരുന്നു. അവൾ ഒരു പാപിനിയായിരുന്നതിനാൽ അവരുടെ കുറ്റവിധി നേരിടേണ്ടിവരുമെന്ന് അവൾ ഭയപ്പെട്ടിരുന്നു. കിണറ്റിൻകരയിൽ അവൾ യേശുവിനെ കണ്ടുമുട്ടുന്നു. യേശു അവളുമായി കുറച്ചുനേരം സംസാരിക്കുന്നു. സാധാരണമായിരുന്നെങ്കിലും ജീവിതത്തെ രൂപാന്തരപ്പെടുത്തുന്ന ഈ സംഭാഷണം അവളെ ആഴത്തിൽ സ്പർശിക്കുന്നു.
യേശു അവളോടു സംസാരിച്ചു എന്ന കാര്യംതന്നെ അവളെ സ്പർശിച്ചു എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അവൾ ഒരു സമരിയാക്കാരി സ്ത്രീയും യേശു ഒരു യഹൂദപുരുഷനുമായിരുന്നു. യഹൂദപുരുഷന്മാർ സമരിയാക്കാരി സ്ത്രീകളോടു സംസാരിക്കാറില്ലായിരുന്നു. എന്നാൽ യേശു പറഞ്ഞ മറ്റൊരു കാര്യം അവളെ ആഴത്തിൽ സ്വാധീനിച്ചു. ആ സ്ത്രീതന്നെ നമ്മോടു പറയുന്നതുപോലെ, അവിടുന്ന് “ഞാൻ ചെയ്തതെല്ലാം എന്നോടു പറഞ്ഞു.”
മനസ്സു വായിക്കുന്ന ഒരാളെയോ മാന്ത്രികനെയോ പോലെ യേശു തന്റെ ഭൂതകാലത്തെക്കുറിച്ച് എല്ലാം അറിഞ്ഞിരുന്നു എന്നതു മാത്രമല്ല അവളിൽ മതിപ്പുളവാക്കിയത്. അവളുടെ കഴിഞ്ഞകാല പാപങ്ങളെക്കുറിച്ചെല്ലാം യേശു അവളോടു പറഞ്ഞു എന്ന ലളിതമായ വസ്തുതയ്ക്കപ്പുറം ഈ കണ്ടുമുട്ടലിൽ മറ്റൊന്നുകൂടിയുണ്ട്. അവളെക്കുറിച്ചുള്ള സകലതും, അവളുടെ കഴിഞ്ഞകാല ജീവിതത്തിലെ എല്ലാ പാപങ്ങളും തകർന്ന ബന്ധങ്ങളും അറിഞ്ഞിരുന്നിട്ടും, യേശു അങ്ങേയറ്റം ബഹുമാനത്തോടെയും അവളുടെ അന്തസ്സ് മാനിച്ചുകൊണ്ടും അവളോടു പെരുമാറി എന്നതാണ് അവളെ യഥാർഥത്തിൽ സ്പർശിച്ചതെന്നു തോന്നുന്നു. ഇത് അവൾക്ക് ഒരു പുതിയ അനുഭവമായിരുന്നു!
സമൂഹത്തിനു മുന്നിൽ ഒരുതരം ലജ്ജ അവൾ ദിവസവും അനുഭവിച്ചിരുന്നിരിക്കുമെന്ന് നമുക്ക് ഉറപ്പിക്കാം. അവൾ മുമ്പ് ജീവിച്ച രീതിയും അപ്പോൾ ജീവിച്ചുകൊണ്ടിരുന്ന രീതിയും സ്വീകാര്യമായ ഒരു ജീവിതശൈലിയായിരുന്നില്ല. അതിനെക്കുറിച്ച് അവൾക്ക് ലജ്ജ തോന്നിയിരുന്നു. മുകളിൽ സൂചിപ്പിച്ചതുപോലെ, അതുകൊണ്ടാണ് അവൾ നട്ടുച്ചയ്ക്ക് കിണറ്റിൻകരയിൽ വന്നത്. അവൾ മറ്റുള്ളവരെ ഒഴിവാക്കുകയായിരുന്നു.
എന്നാൽ ഇതാ, അവിടെ യേശുവുണ്ടായിരുന്നു. അവളെക്കുറിച്ച് എല്ലാം അറിഞ്ഞിരുന്നിട്ടും അവൾക്ക് ജീവജലം നൽകാൻ അവിടുന്ന് ആഗ്രഹിച്ചു. അവളുടെ ആത്മാവിൽ അനുഭവപ്പെട്ടിരുന്ന ദാഹം ശമിപ്പിക്കാൻ അവിടുന്ന് ആഗ്രഹിച്ചു. അവിടുന്ന് അവളോടു സംസാരിക്കുകയും അവിടുത്തെ സൗമ്യതയും തന്നെ സ്വീകരിക്കുന്ന മനോഭാവവും അവൾ അനുഭവിക്കുകയും ചെയ്തപ്പോൾ ആ ദാഹം ശമിക്കാൻ തുടങ്ങി. യേശു നൽകുന്ന ഈ പരിപൂർണ്ണമായ സ്നേഹവും സ്വീകരണവുമാണ് അവൾക്ക് യഥാർഥത്തിൽ ആവശ്യമായിരുന്നത്; നമുക്കെല്ലാവർക്കും ആവശ്യമുള്ളതും അതുതന്നെയാണ്. അതുകൊണ്ടാണ് ആ ദാഹം ശമിക്കാൻ തുടങ്ങിയത്. അവിടുന്ന് അത് അവൾക്കു നൽകി; നമുക്കും നൽകുന്നു.
ശ്രദ്ധേയമായ കാര്യം, ആ സ്ത്രീ കിണറ്റിൻകരയിൽ “തന്റെ വെള്ളക്കുടം വച്ചിട്ട്” പോയി എന്നതാണ്. അവൾ വന്നത് ഏതു വെള്ളത്തിനുവേണ്ടിയായിരുന്നോ, അത് യഥാർഥത്തിൽ അവൾക്ക് ലഭിച്ചില്ല. അതോ ലഭിച്ചുവോ? പ്രതീകാത്മകമായി നോക്കുമ്പോൾ, കിണറ്റിൻകരയിൽ വെള്ളക്കുടം വച്ചിട്ടുപോയ ഈ പ്രവൃത്തി, യേശുവുമായുള്ള ഈ കണ്ടുമുട്ടലിലൂടെ അവളുടെ ദാഹം ശമിച്ചു എന്നതിന്റെ അടയാളമാണ്. അവൾക്ക് പിന്നെ ദാഹമുണ്ടായിരുന്നില്ല, കുറഞ്ഞത് ആത്മീയമായ അർഥത്തിലെങ്കിലും. ജീവജലമായ യേശു അവളുടെ ദാഹം ശമിപ്പിച്ചു.
നിങ്ങളുടെ ഉള്ളിലുള്ള, നിഷേധിക്കാനാവാത്ത ദാഹത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. അതിനെക്കുറിച്ച് ബോധ്യമാകുമ്പോൾ, ജീവജലത്താൽ ആ ദാഹം ശമിപ്പിക്കാൻ യേശുവിനെ അനുവദിക്കണമെന്ന് ബോധപൂർവം തീരുമാനിക്കുക. അങ്ങനെ ചെയ്താൽ, അധികനേരം തൃപ്തി നൽകാൻ ഒരിക്കലും കഴിയാത്ത അനേകം “കുടങ്ങൾ” നിങ്ങളും ഉപേക്ഷിച്ചുപോകും.
കർത്താവേ, എന്റെ ആത്മാവിന് ആവശ്യമായ ജീവജലം അങ്ങാണ്. എന്റെ ദിവസത്തിന്റെ കൊടുംചൂടിലും ജീവിതത്തിലെ പരീക്ഷണങ്ങളിലും എന്റെ ലജ്ജയിലും കുറ്റബോധത്തിലും അങ്ങയെ കണ്ടുമുട്ടാൻ എനിക്കിടയാകട്ടെ. ഈ നിമിഷങ്ങളിൽ അങ്ങയുടെ സ്നേഹവും സൗമ്യതയും എന്നെ സ്വീകരിക്കുന്ന മനോഭാവവും ഞാൻ അനുഭവിക്കട്ടെ. ആ സ്നേഹം അങ്ങയിലുള്ള എന്റെ നവജീവിതത്തിന്റെ ഉറവിടമായിത്തീരട്ടെ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ – പതിനെട്ടാം ധ്യാനചിന്ത – “ഇത് എന്റെ ശരീരമാണ്…ഇത് എന്റെ രക്തമാണ്”
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
നോമ്പുകാലത്തിനായി കൂടുതൽ വിഭവങ്ങൾ




