മലയാളം

സഹനത്തിലൂടെയുള്ള മഹത്വീകരണം

2019 മേയ് 19, ഞായറാഴ്ച

ഉയിർപ്പുകാലം അഞ്ചാം ഞായർ, വർഷം C

ഇന്നത്തെ വായനകൾ

ഇന്നത്തെ എല്ലാ വിശുദ്ധരും

യൂദാസ് അവരെ വിട്ടുപോയപ്പോൾ യേശു പറഞ്ഞു: “ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു; അവനിൽ ദൈവവും മഹത്വപ്പെട്ടിരിക്കുന്നു.”  യോഹന്നാൻ 13:31

കഥയുടെ അവസാനം അറിയേണ്ടത് അനിവാര്യമാണ്.  തന്നെ ഒറ്റിക്കൊടുക്കാനായി യൂദാസ് പുറപ്പെട്ടുപോയ ഉടനെ, അന്ത്യത്താഴവേളയിൽ അപ്പസ്തോലന്മാരോട് ഈ വാക്കുകൾ പറയുമ്പോൾ, അവസാനം എന്തായിരിക്കുമെന്ന് യേശുവിന് അറിയാമായിരുന്നു.  യേശു ഈ സാഹചര്യം എങ്ങനെ മനസ്സിലാക്കിയിരുന്നുവോ, ആ പശ്ചാത്തലത്തിൽ ഇതിനെ കാണേണ്ടത് പ്രധാനമാണ്.  തികച്ചും മാനുഷികമായ കാഴ്ചപ്പാടിൽ നോക്കിയാൽ, യേശുവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാൾ പണത്തിനുവേണ്ടി അവിടുത്തെ ഒറ്റിക്കൊടുക്കാൻ പോകുകയായിരുന്നു.  നമ്മിൽ മിക്കവർക്കും ഇത് താങ്ങാനാവാത്ത അനുഭവവും കോപത്തിനും മനോവേദനയ്ക്കും കാരണവുമായിരുന്നേനേ.  എന്നാൽ കഥയുടെ അവസാനം അറിയാമായിരുന്നതിനാൽ, യൂദാസിന്റെ വഞ്ചനയെ തന്റെ പരാജയത്തിനല്ല, മഹത്വീകരണത്തിനുള്ള മാർഗമായി കാണാൻ യേശുവിനു കഴിഞ്ഞു.  താൻ ഉടൻ അനുഭവിക്കാനിരുന്ന വേദനയിൽ ദൃഷ്ടി പതിപ്പിക്കുന്നതിനുപകരം, സ്വർഗത്തിലേക്കും തന്റെ പീഡാസഹനത്തിലൂടെ താൻ നിറവേറ്റാനിരുന്ന എല്ലാ കാര്യങ്ങളിലേക്കും അവിടുന്ന് കണ്ണുകൾ തിരിച്ചു.

ഇത് നമുക്കെല്ലാവർക്കും ശക്തമായ ഒരു പാഠമാണ്.  ഒന്നാമതായി, ഒറ്റിക്കൊടുക്കപ്പെടലിലൂടെയും സഹനത്തിലൂടെയും മരണത്തിലൂടെയും യേശു മഹത്വപ്പെട്ടതിനെക്കുറിച്ച് നാം ധ്യാനിക്കേണ്ടത് അത്യാവശ്യമാണ്.  എന്നാൽ, നമ്മുടെ സ്വന്തം സഹനങ്ങളെ ലോകരക്ഷകനോട് ചേർത്തുവയ്ക്കുമ്പോൾ അവയ്ക്കുണ്ടാകുന്ന സാധ്യതകളും കാണാൻ നാം പരിശ്രമിക്കണം.

മറ്റൊരാൾ നിങ്ങൾക്കെതിരെ പാപം ചെയ്യുമ്പോൾ നിങ്ങൾ എങ്ങനെയാണ് പ്രതികരിക്കുന്നത്?  യൂദാസ് നിങ്ങളുടെ സ്നേഹത്തെ ഒറ്റിക്കൊടുത്തിരുന്നെങ്കിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കുമായിരുന്നു?  സത്യസന്ധമായി അഭിമുഖീകരിക്കാൻ വളരെ പ്രയാസമുള്ള ഒരു ചോദ്യമാണിത്. യേശു പ്രതികരിച്ചതുപോലെ ജീവിതത്തിൽ പ്രതികരിക്കുക അതിലേറെ പ്രയാസകരവുമാണ്.  മറ്റൊരാൾ നമ്മോട് മോശമായി പെരുമാറുന്ന ഓരോ തവണയും, ക്ഷമിച്ചുകൊണ്ടും നമ്മുടെ സഹനത്തെ ക്രിസ്തുവിന്റെ സഹനത്തോട് ചേർത്തുവച്ചുകൊണ്ടും കരുണ കാണിച്ചുകൊണ്ടും ദൈവത്തെ മഹത്വപ്പെടുത്താനും സ്വർഗരാജ്യം വളർത്താനും നമുക്ക് അവസരം ലഭിക്കുന്നു എന്നതാണ് സത്യം.  ഇതിനെക്കുറിച്ച് സംസാരിക്കുന്നത് ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനെക്കാൾ വളരെ എളുപ്പമാണ്.

ഇന്ന് സുവിശേഷത്തിലെ ഈ രംഗത്തെക്കുറിച്ച് ധ്യാനിക്കുക.  നമ്മുടെ കർത്താവിനെ ഒറ്റിക്കൊടുക്കാൻ അന്ത്യത്താഴവിരുന്നിൽനിന്ന് ഇറങ്ങി രാത്രിയിലേക്ക് പോകുന്ന യൂദാസിനെ നോക്കിക്കാണുക.  എന്നാൽ യേശു അതിനെ കണ്ടതുപോലെ കാണുക.  ലോകത്തിന് രക്ഷ നൽകാൻ പിതാവ് തിരഞ്ഞെടുത്ത മാർഗമായിരുന്നു ഇത് എന്ന തിരിച്ചറിവോടെ അതിനെ നോക്കിക്കാണുക.  യേശു ചെയ്തതുപോലെ ചെയ്യാൻ നിങ്ങൾക്ക് ലഭിക്കുന്ന ഓരോ അവസരത്തെക്കുറിച്ചും ധ്യാനിക്കുക.  പൊതുവായ ചിന്തകളിൽ ഒതുങ്ങാതെ, വ്യക്തമായ ജീവിതസാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ ശ്രമിക്കുക. നിങ്ങൾ അനുഭവിക്കുന്ന ചെറുതും വലുതുമായ എല്ലാ സഹനങ്ങളെയും ദൈവത്തിന്റെ കരുണ പകർന്നുനൽകാനുള്ള മഹത്വപൂർണമായ അവസരങ്ങളായി കാണുക.  ആദ്യം ഇത് പ്രയാസകരമായിരിക്കാമെങ്കിലും, ഈ സ്നേഹപ്രവൃത്തിയാണ് സ്വർഗസ്ഥനായ പിതാവിന് വലിയ മഹത്വം നൽകുക!

എന്റെ പ്രിയ നാഥാ, അങ്ങയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളുടെ ചുംബനത്തിലൂടെയാണല്ലോ അങ്ങ് ഒറ്റിക്കൊടുക്കപ്പെട്ടത്.  എന്നാൽ അങ്ങയുടെ പരിപൂർണ ജ്ഞാനത്തിൽ, അങ്ങയുടെ കരുണയിലൂടെയും ക്ഷമയിലൂടെയും പിതാവിനെ മഹത്വപ്പെടുത്താനുള്ള ഏറ്റവും ഉചിതമായ അവസരമായി അങ്ങ് ഈ വഞ്ചനയെ കണ്ടു.  കർത്താവേ, ഞാനും എണ്ണമറ്റ തവണ അങ്ങയെ ഒറ്റിക്കൊടുത്തിട്ടുണ്ട്.  അതിനെപ്രതി ഞാൻ മനസ്തപിക്കുന്നു.  എങ്കിലും, കരുണ നിറഞ്ഞ അങ്ങയുടെ തിരുഹൃദയത്താൽ എന്നെ സ്നേഹിക്കുകയും എന്നോടു ക്ഷമിക്കുകയും ചെയ്യുന്നതിനായി ഞാൻ അങ്ങേക്കു നന്ദി പറയുന്നു.  ആ കരുണ സ്വീകരിക്കാനും എനിക്കെതിരെ പാപം ചെയ്തവർക്കും അതു പകർന്നുനൽകാനും എന്നെ സഹായിക്കണമേ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ