2021 നവംബർ 5
ആണ്ടുവട്ടത്തിലെ മുപ്പത്തിയൊന്നാം ആഴ്ചയിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ

യേശു ശിഷ്യന്മാരോടു പറഞ്ഞു: “ഒരു ധനികന് ഒരു കാര്യസ്ഥനുണ്ടായിരുന്നു. അവൻ തന്റെ യജമാനന്റെ സ്വത്ത് ധൂർത്തടിക്കുന്നതായി ധനികനു വിവരം ലഭിച്ചു. അയാൾ അവനെ വിളിച്ചുവരുത്തി പറഞ്ഞു: ‘നിന്നെക്കുറിച്ച് ഞാൻ ഈ കേൾക്കുന്നതെന്താണ്? നിന്റെ കാര്യസ്ഥതയുടെ പൂർണ്ണമായ കണക്ക് തയ്യാറാക്കുക; കാരണം, ഇനി നിനക്ക് എന്റെ കാര്യസ്ഥനായിരിക്കാൻ കഴിയുകയില്ല.’” ലൂക്കാ 16:1–2
ഈ ഉപമയിൽ ധ്യാനിക്കാൻ ഏറെയുണ്ട്; നമുക്ക് പഠിക്കാവുന്ന നിരവധി പാഠങ്ങളുമുണ്ട്. ആദ്യം, ധനികൻ ദൈവമാണെന്നും കാര്യസ്ഥൻ നിങ്ങളാണെന്നും മനസ്സിലാക്കണം. പഠിക്കേണ്ട പ്രധാനപ്പെട്ട ആദ്യപാഠമാണിത്. കാരണം, ഈ ലോകത്തിലെ ഭൗതിക വസ്തുക്കളുടെ കാര്യത്തിൽ എല്ലാറ്റിന്റെയും യഥാർത്ഥ ഉടമ ദൈവമാണെന്നും നാം കാര്യസ്ഥർ മാത്രമാണെന്നും ഇത് വെളിപ്പെടുത്തുന്നു. ഇതിനെക്കുറിച്ച് ശ്രദ്ധാപൂർവം ചിന്തിക്കുക. നിങ്ങളുടെ കൈവശമുള്ള എല്ലാറ്റിന്റെയും—നിങ്ങളുടെ പണത്തിന്റെയും സ്വത്തുവകകളുടെയുമെല്ലാം—കാര്യത്തിൽ, ഈ ഭൗതിക വസ്തുക്കളുടെ പൂർണ്ണ ഉടമ നിങ്ങളാണെന്ന മട്ടിലാണോ അവയെ മുറുകെപ്പിടിക്കുന്നത്? മിക്ക ആളുകളും ഇങ്ങനെയാണ് ചിന്തിക്കുന്നതെന്നത് വ്യക്തമാണ്. ഉപജീവനത്തിനായി അവർ കഠിനാധ്വാനം ചെയ്തേക്കാം; പണം മിച്ചംവെച്ച് പലതും വാങ്ങുകയും ബാങ്കിലെ നിക്ഷേപം വർധിപ്പിക്കുകയും ചെയ്തേക്കാം. പിന്നെ, ഈ ഭൗതിക വസ്തുക്കൾ ദൈവത്തിന്റേതെന്നതിനു പകരം “എന്റേത്” എന്നു കരുതി അവയോട് വളരെയധികം ആസക്തരായി തുടരുന്നു. അതിനാൽ, നാം പരിഗണിക്കേണ്ട, ഏറെ വെല്ലുവിളി ഉയർത്തുന്ന ആദ്യപാഠം ഇതാണ്: നമ്മുടെ “സ്വന്തം” എന്നു നാം കരുതുന്നതെല്ലാം യഥാർത്ഥത്തിൽ ദൈവത്തിന്റെ സ്വത്താണ്. ഈ ലോകത്തിലെ വസ്തുക്കളുടെ കാര്യസ്ഥരായിരിക്കാൻ മാത്രമാണ് അവിടുന്ന് നമ്മെ അനുവദിക്കുന്നത്. നിങ്ങൾ ഇത് വിശ്വസിക്കുന്നുണ്ടോ?
കാര്യസ്ഥരെന്ന നിലയിൽ, നമ്മുടെ കാര്യസ്ഥതയിൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്ന സമ്പത്ത് ദൈവം ആഗ്രഹിക്കുന്ന വിധത്തിൽ മാത്രം ഉപയോഗിക്കാൻ നാം പ്രതിജ്ഞാബദ്ധരായിരിക്കണം. ഈ ഉപമയിൽ, കാര്യസ്ഥൻ “തന്റെ യജമാനന്റെ സ്വത്ത് ധൂർത്തടിക്കുന്നു” എന്ന വിവരം ധനികനു ലഭിച്ചു. ദൈവത്തിന്റെ ഇഷ്ടത്തിനും ആഗ്രഹങ്ങൾക്കും പകരം നമ്മുടെ സ്വന്തം ഇഷ്ടത്തിനും ആഗ്രഹങ്ങൾക്കും അനുസരിച്ച് പണം ഉപയോഗിക്കുമ്പോൾ, ദൈവത്തിന്റെ സ്വത്ത് ധൂർത്തടിക്കുന്ന കുറ്റം നാമും ചെയ്യുന്നു. ഇത് വളരെ സാധാരണമായ ഒരു പ്രവണതയാണ്; പ്രത്യേകിച്ച്, വലിയ ധനസമ്പത്തിന്റെ കാര്യസ്ഥരായിത്തീർന്നവരിൽ. അതിനാൽ, ഒരാളുടെ കാര്യസ്ഥതയിലുള്ള പണം എത്രയധികമാകുന്നുവോ, അത്രയധികം അത് ധൂർത്തടിക്കാനുള്ള പ്രലോഭനവും അയാൾക്കുണ്ടാകും. അതായത്, ദൈവത്തിന്റെ തിരുവിഷ്ടമനുസരിച്ച് അവിടുത്തെ മഹത്വത്തിനായി ഉപയോഗിക്കുന്നതിനു പകരം സ്വാർഥമായ ലക്ഷ്യങ്ങൾക്കായി അത് ഉപയോഗിക്കാനുള്ള പ്രലോഭനം. അംഗീകരിക്കാനും ജീവിതത്തിൽ പ്രാവർത്തികമാക്കാനും പ്രയാസമുള്ള ഒരു പ്രബോധനമാണിത്. എന്നാൽ ഈ സത്യങ്ങൾ ഈ ഉപമയിലൂടെ നമുക്ക് വെളിപ്പെടുത്തപ്പെട്ടിരിക്കുന്നതിനാൽ, നാം അവയ്ക്കു കാതുകൊടുക്കേണ്ടത് അനിവാര്യമാണ്.
“നിന്റെ കാര്യസ്ഥതയുടെ പൂർണ്ണമായ കണക്ക് തയ്യാറാക്കുക” എന്ന് ധനികൻ പറഞ്ഞ വാക്കുകൾ, ഒരുനാൾ നാമെല്ലാവരും കേൾക്കേണ്ടിവരുമെന്ന് പ്രതീക്ഷിച്ചിരിക്കേണ്ട വാക്കുകളാണ്. ആ ദിവസം ഇന്നായിരുന്നെങ്കിൽ, “നിങ്ങളുടെ കാര്യസ്ഥതയുടെ പൂർണ്ണമായ കണക്ക്” എങ്ങനെയായിരിക്കും? സ്വാർഥലാഭത്തിനായാണോ നിങ്ങൾ കഠിനാധ്വാനം ചെയ്തിട്ടുള്ളത്? അതോ, ദൈവം നിങ്ങളുടെ പരിപാലനത്തിൽ ഏൽപ്പിച്ചിരിക്കുന്നവയുടെ കാര്യത്തിൽ വലിയ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാനാണോ നിങ്ങൾ കഠിനാധ്വാനം ചെയ്തിട്ടുള്ളത്?
ഉപമ തുടരുമ്പോൾ, കാര്യസ്ഥൻ തന്റെ സ്ഥാനം നഷ്ടപ്പെട്ടശേഷവും ഭൗതിക ആവശ്യങ്ങൾ നിറവേറ്റപ്പെടുമെന്ന് ഉറപ്പാക്കാൻ ഒരു പദ്ധതി ആവിഷ്കരിച്ചുകൊണ്ട് “വിവേകത്തോടെ” പ്രവർത്തിച്ചതായി നാം വായിക്കുന്നു. എന്നാൽ ഇവിടെ പറയുന്ന “വിവേകം”, ഈ ലോകത്തിൽ നേടാൻ ആഗ്രഹിക്കുന്ന ഭൗതിക സമ്പത്തിന്റെ കാര്യത്തിൽ അനേകർ കാണിക്കുന്ന ലൗകികവും അതിനാൽ ദുഷ്ടവുമായ ഉപായകൗശലം, മിടുക്ക്, കഠിനാധ്വാനം, പ്രതിബദ്ധത എന്നിവയെ സൂചിപ്പിക്കുന്നു. ജീവിതത്തിൽ ഉത്സാഹത്തോടെയും കഠിനാധ്വാനത്തോടെയും പ്രവർത്തിക്കുന്നത് നല്ലതാണെങ്കിലും, പലപ്പോഴും അത് സ്വാർഥലാഭത്തിനുവേണ്ടിയാണ് ചെയ്യപ്പെടുന്നത്. ധനികരാകാൻ ഇത്രയധികം കഠിനാധ്വാനം ചെയ്യുന്ന എല്ലാവരും ഭൂമിയിൽ ദൈവരാജ്യം കെട്ടിപ്പടുക്കാൻ അതിലുമധികം പരിശ്രമിച്ചിരുന്നെങ്കിലോ എന്ന് ഒന്നു സങ്കല്പിച്ചുനോക്കൂ! ദൈവത്തിന്റെ ദൗത്യത്തിനായി കഠിനാധ്വാനം ചെയ്യുന്ന ഇത്രയധികം ആളുകൾ ഉണ്ടായിരുന്നെങ്കിൽ ഈ ലോകം എത്ര വ്യത്യസ്തമായിരുന്നേനെ!
ഈ ലോകത്തിലെ സമ്പത്തിന്റെ കാര്യത്തിൽ, നിങ്ങളുടെ കൈവശമുള്ളതിന്റെ ഉടമയല്ല, കാര്യസ്ഥൻ മാത്രമാണ് നിങ്ങൾ എന്ന ലളിതമായ സത്യത്തെക്കുറിച്ച് ഇന്ന് ചിന്തിക്കുക. ഭൗതിക സമ്പത്തിനോടുള്ള ആസക്തിയിൽനിന്ന് നിങ്ങൾ സ്വതന്ത്രരാകണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അങ്ങനെ, നിങ്ങൾക്കുള്ളതെല്ലാം അവിടുത്തെ മഹത്വത്തിനായും അവിടുത്തെ ഉദ്ദേശ്യത്തിനനുസരിച്ചും ഉപയോഗിക്കാൻ നിങ്ങൾക്കു സ്വാതന്ത്ര്യമുണ്ടാകും. നിങ്ങളുടെ കൈവശമുള്ളതെല്ലാം ജീവകാരുണ്യസംഘടനകൾക്കു ദാനം ചെയ്യണമെന്നല്ല ഇതിനർഥം. മറിച്ച്, നിങ്ങൾക്കുള്ളതെല്ലാം നിരന്തരം ദൈവത്തിനു സമർപ്പിക്കുകയും അവിടുത്തെ തിരുവിഷ്ടത്തിനനുസരിച്ച്—അവിടുത്തെ തിരുവിഷ്ടത്തിനനുസരിച്ച് മാത്രം—അത് ഉപയോഗിക്കാൻ ശ്രമിക്കുകയും വേണം എന്നാണ്. അങ്ങനെ വിവേചിച്ചറിയുമ്പോൾ, പുതിയ എന്തെങ്കിലും വാങ്ങാൻ ദൈവം ആഗ്രഹിക്കുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കുന്നെങ്കിൽ, പുതിയത് വാങ്ങുക. കൂടുതൽ ദാനം ചെയ്യണമെന്നാണ് മനസ്സിലാകുന്നതെങ്കിൽ, കൂടുതൽ ദാനം ചെയ്യുക. വിശുദ്ധമായ ഒരു ത്യാഗമായി കൂടുതൽ ലളിതമായി ജീവിക്കണമെന്നാണ് മനസ്സിലാകുന്നതെങ്കിൽ, അങ്ങനെതന്നെ ചെയ്യുക. പണത്തിന് സന്തോഷം വാങ്ങാനാവില്ല. ദൈവത്തിന്റെ തിരുവിഷ്ടം പൂർണ്ണമായി സ്വീകരിക്കുന്നതിലൂടെ മാത്രമേ നിങ്ങൾ ആഴമായി ആഗ്രഹിക്കുന്ന സന്തോഷവും സംതൃപ്തിയും ലഭിക്കൂ.
സകല സമ്പത്തിന്റെയും നാഥനായ എന്റെ കർത്താവേ, സൃഷ്ടിക്കപ്പെട്ട എല്ലാറ്റിന്റെയും ഉടമ അങ്ങാണ്, അങ്ങുമാത്രമാണ്. പ്രിയനാഥാ, എനിക്കുള്ളതും എന്റെ കൈവശമുള്ളതുമെല്ലാം അങ്ങയുടേതാണ്. ഇതു വിശ്വസിക്കാനും എന്റെ കൈവശമുള്ള സ്വത്തുവകകളുടെ കാര്യസ്ഥൻ മാത്രമായി ജീവിക്കാനും എന്നെ സഹായിക്കണമേ. അങ്ങ് എന്റെ പരിപാലനത്തിൽ ഏൽപ്പിച്ചിരിക്കുന്നവ ധൂർത്തടിക്കുന്നതിൽനിന്ന് എന്നെ മോചിപ്പിക്കണമേ. എല്ലാം അങ്ങയുടെ മഹത്വത്തിനായും അങ്ങയുടെ വിശുദ്ധ തിരുവിഷ്ടത്തിനനുസരിച്ച് മാത്രവും ഞാൻ ഉപയോഗിക്കട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ



