മലയാളം

നല്ലിടയന്റെ ഉപകരണങ്ങൾ

2024 ഏപ്രിൽ 21
ഉയിർപ്പുകാലത്തിലെ നാലാം ഞായർ (വർഷം B)—നല്ലിടയൻ ഞായർ
ഇന്നത്തെ വായനകൾ

വീഡിയോ

യേശു പറഞ്ഞു: “ഞാൻ നല്ലിടയനാണ്. നല്ലിടയൻ ആടുകൾക്കുവേണ്ടി സ്വന്തം ജീവൻ അർപ്പിക്കുന്നു. ഇടയനല്ലാത്തവനും ആടുകൾ സ്വന്തമല്ലാത്തവനുമായ കൂലിക്കാരൻ ചെന്നായ വരുന്നതു കാണുമ്പോൾ ആടുകളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു. ചെന്നായ അവയെ പിടിക്കുകയും ചിതറിക്കുകയും ചെയ്യുന്നു. അവൻ കൂലിക്കുവേണ്ടി ജോലി ചെയ്യുകയും ആടുകളെക്കുറിച്ച് കരുതലില്ലാതിരിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.” യോഹന്നാൻ 10:11–13

ഇന്ന്, ഉയിർപ്പുകാലത്തിലെ നാലാം ഞായറാഴ്ച, നാം നല്ലിടയൻ ഞായർ ആഘോഷിക്കുന്നു. നമ്മുടെയെല്ലാം ഇടയനായ യേശുവിന്റെ സ്നേഹാർദ്രമായ രൂപത്തെക്കുറിച്ച് നാം ധ്യാനിക്കുന്ന ദിവസമാണിത്. ക്രിസ്തുവിന്റെ ഹൃദയത്തോടെ ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുന്ന കൂടുതൽ ഇടയന്മാർ നമ്മുടെ സഭയിൽ ഉണ്ടാകാൻ പ്രാർഥിക്കുന്നതിനായി മാറ്റിവച്ചിരിക്കുന്ന ദിവസം കൂടിയാണിത്.

നമ്മുടെ സുവിശേഷഭാഗം യോഹന്നാൻ 10-ൽ നിന്നുള്ളതാണ്. അന്ധനായ മനുഷ്യനെ സുഖപ്പെടുത്തിയതിന്റെ ദീർഘവും വിശദവുമായ വിവരണം ഉൾക്കൊള്ളുന്ന മുൻ അധ്യായത്തിന്റെ ഒരു വ്യാഖ്യാനം കൂടിയാണ് ഈ അധ്യായം ഭാഗികമായി നൽകുന്നത്. ജന്മനാ അന്ധനായിരുന്ന ഈ മനുഷ്യനെ യേശു സുഖപ്പെടുത്തിയത് ഓർക്കുക. “ദൈവത്തിന്റെ പ്രവൃത്തികൾ അവനിലൂടെ വെളിപ്പെടേണ്ടതിന്” വേണ്ടിയാണ് യേശു ഈ സൗഖ്യം നൽകിയത്. യേശു നൽകിയ സൗഖ്യം ദൈവത്തിൽനിന്നുള്ളതാണെന്ന് വിശ്വസിക്കാതിരുന്ന ഫരിസേയർ, ഈ മനുഷ്യൻ സുഖം പ്രാപിച്ചതിനെത്തുടർന്ന് അവനെ സിനഗോഗിൽനിന്ന് പുറത്താക്കി. സിനഗോഗിൽനിന്ന് പുറത്താക്കപ്പെട്ടശേഷം യേശു അവനുമായി വീണ്ടും സംസാരിച്ചു. യഥാർഥ ഇടയനായ യേശുവിലുള്ള തന്റെ ആഴമായ വിശ്വാസം അവൻ ഏറ്റുപറഞ്ഞു. സൗഖ്യം പ്രാപിച്ച അന്ധൻ പറഞ്ഞു: “കർത്താവേ, ഞാൻ വിശ്വസിക്കുന്നു.” തുടർന്ന് അവൻ യേശുവിനെ ആരാധിച്ചു. അങ്ങനെ, യേശുവിനെ തന്റെ യഥാർഥ ഇടയനായി സ്വീകരിച്ചുകൊണ്ട് ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിലെ അംഗമായിത്തീർന്നു എന്നതാണ് ഈ മനുഷ്യന് ലഭിച്ച അതിലും വലിയ സൗഖ്യം.

തന്റെ പ്രവൃത്തികളിൽനിന്ന് വ്യത്യസ്തമായ ഫരിസേയരുടെ പ്രവൃത്തികളെക്കുറിച്ച് യേശു നൽകുന്ന വ്യാഖ്യാനമാണ് ഇന്നത്തെ സുവിശേഷം. മതനേതാക്കളായിരുന്നെങ്കിലും ഫരിസേയർ ഇടയന്മാരായിരുന്നില്ല. “മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനും” വന്ന “കള്ളന്മാരും കവർച്ചക്കാരും” ആയിരുന്നു അവർ. എന്നാൽ, തന്റെ സ്വരം ശ്രവിക്കുന്നവർക്ക് “ജീവനുണ്ടാകാനും അത് കൂടുതൽ സമൃദ്ധമായി ഉണ്ടാകാനും” വേണ്ടിയാണ് യേശു വന്നത്.

ഫരിസേയർ യഥാർഥ ഇടയന്മാരല്ലാതിരുന്നത് എന്തുകൊണ്ടാണെന്ന് മുകളിൽ ഉദ്ധരിച്ച സുവിശേഷഭാഗം വിശദീകരിക്കുന്നു. അവർ “കൂലിക്കുവേണ്ടി ജോലി ചെയ്യുകയും” അവർക്ക് “ആടുകളെക്കുറിച്ച് കരുതലില്ലാതിരിക്കുകയും” ചെയ്തതുകൊണ്ടായിരുന്നു അത്. ജന്മനാ അന്ധനായിരുന്ന ഈ മനുഷ്യനോട് ഫരിസേയർ പെരുമാറിയ രീതിക്ക് ഈ പ്രസ്താവന എങ്ങനെ ബാധകമാകുന്നുവെന്ന് ചിന്തിക്കുക. ഒന്നാമതായി, ഈ ഫരിസേയർ അധ്വാനിച്ചിരുന്ന “കൂലി” തങ്ങൾക്കുതന്നെ പ്രാധാന്യം നേടുക എന്നതായിരുന്നു—ക്ഷണികവും ലൗകികവുമായ ഒരു പ്രതിഫലം. നിയമത്തിന്റെ യഥാർഥ അധ്യാപകരും വ്യാഖ്യാതാക്കളുമായി അവർ തങ്ങളെത്തന്നെ കണ്ടു; തങ്ങളെ അനുഗമിക്കാത്ത ആരെയും ഒരു ഭീഷണിയായും കണ്ടു. യേശുവിനെ അത്തരമൊരു ഭീഷണിയായിത്തന്നെയാണ് ഫരിസേയർ വ്യക്തമായി കണ്ടത്. അതുകൊണ്ട്, എളിമയും ലാളിത്യവുമുള്ള ഈ അന്ധന്റെമേൽ അവർ തങ്ങളുടെ അസൂയ തീർത്തു. അവർ അവന് ഇടയന്മാരായിരുന്നില്ല. അവർ അവനെ പ്രോത്സാഹിപ്പിക്കുകയോ പിന്തുണയ്ക്കുകയോ ദൈവത്തിലേക്ക് നയിക്കുകയോ ദൈവകൃപയുടെ ഉപകരണമായി ഏതെങ്കിലും വിധത്തിൽ പ്രവർത്തിക്കുകയോ ചെയ്തില്ല. പകരം, തങ്ങളുടെ അഹങ്കാരം നിമിത്തം നിരപരാധിയും വിശുദ്ധനുമായ ഈ മനുഷ്യനെ അവർ കുറ്റം വിധിച്ചു.

ദൈവം ഇന്ന് തന്റെ വിശുദ്ധ അജപാലകരിലൂടെ നമ്മെ മേയിക്കുന്നുണ്ടെങ്കിലും, നല്ലിടയന്റെ ഈ അജപാലനദൗത്യത്തിൽ നമുക്കോരോരുത്തർക്കും തനതായ രീതിയിൽ പങ്കുചേരാൻ വിളിയുണ്ട്. നമ്മുടെ കുടുംബങ്ങളിലും ജോലിസ്ഥലത്തും വിദ്യാലയത്തിലും അയൽപക്കങ്ങളിലും സാമൂഹിക വൃത്തങ്ങളിലും മറ്റെല്ലാ സാമൂഹിക സാഹചര്യങ്ങളിലും ഉള്ളവരെ നയിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. എന്നാൽ, മറ്റുള്ളവർക്ക് മുൻഗണന നൽകാനും ഇടയന്റെ ഹൃദയത്തോടെ അവരെ സ്നേഹിക്കാനുമുള്ള നമ്മുടെ കഴിവിന് സ്വന്തം സ്വാർഥതയും പ്രാധാന്യം നേടാനുള്ള ആഗ്രഹവും തടസ്സമാകാൻ അനുവദിച്ചുകൊണ്ട് പലപ്പോഴും നാം ഈ ഫരിസേയരെ അനുകരിക്കുന്നു.

നല്ലിടയനെ അനുകരിച്ച് മറ്റുള്ളവർക്കുവേണ്ടി സ്വന്തം ജീവൻ അർപ്പിക്കാൻ നിങ്ങൾക്കു ലഭിച്ച വിളിയെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. ക്രിസ്തുവിന്റെ ഹൃദയത്തിലുള്ള ഈ സ്നേഹം അനുകരിക്കാൻ, പ്രതിഫലമായി സ്നേഹം പ്രതീക്ഷിക്കാതെ നാം സ്നേഹിക്കണം. സ്വന്തം ജീവൻ അർപ്പിക്കുന്നത് ത്യാഗപൂർണമായ സ്നേഹത്തിന്റെ ഒരു പ്രവൃത്തിയാണ്; നമുക്കു ചുറ്റുമുള്ളവരുടെ ആവശ്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ അത് നമ്മെ പ്രാപ്തരാക്കുന്നു. അഹങ്കാരവും സ്വാർഥതയും ഇല്ലാതാകണം; മറ്റുള്ളവരുടെ നന്മ നമ്മുടെ ഏക ലക്ഷ്യമായിത്തീരണം. നിങ്ങൾ ഇത് എത്രത്തോളം നന്നായി ചെയ്യുന്നുവെന്ന് വിചിന്തനം ചെയ്യുക. നിങ്ങളുടെ ജീവിതത്തിലുള്ളവരിൽ ഇടയന്റെ പരിചരണം ഏറ്റവും ആവശ്യമുള്ളവരെ മേയിക്കാൻ നല്ലിടയൻ നിങ്ങളെ ഉപയോഗിക്കണമെന്ന് പ്രാർഥിക്കുക.

ദിവ്യ ഇടയനേ, ഞങ്ങൾക്ക് ജീവനുണ്ടാകാനും അത് പൂർണമായി ഉണ്ടാകാനും വേണ്ടി ഞങ്ങൾക്കെല്ലാവർക്കുമായി അങ്ങയുടെ ജീവൻ അർപ്പിക്കാനാണ് അങ്ങ് വന്നത്. അങ്ങ് സുഖപ്പെടുത്തിയ അന്ധനെപ്പോലെ ഞാനും അങ്ങയിലുള്ള എന്റെ വിശ്വാസം ഏറ്റുപറയുകയും അങ്ങയെ ആരാധിക്കുകയും ചെയ്യുന്നു. മറ്റുള്ളവർക്കുവേണ്ടി എന്റെ ജീവൻ അർപ്പിച്ചുകൊണ്ട് അവരെ അവരുടെ വിശുദ്ധ ഇടയനായ അങ്ങയിലേക്ക് നയിക്കാൻ കഴിയേണ്ടതിന്, അങ്ങയുടെ സ്നേഹം സ്വീകരിക്കാനും അനുകരിക്കാനും എന്നെ സഹായിക്കണമേ. ഈശോയേ, എന്റെ നല്ലിടയാ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – കാന്റർബറിയിലെ വിശുദ്ധ ആൻസെൽം, മെത്രാനും വേദപാരംഗതനും
ഈ വർഷം ഞായറാഴ്ച വരുന്നതിനാൽ ആരാധനാക്രമത്തിൽ ഈ അനുസ്മരണം ആഘോഷിക്കുന്നില്ല

ഉയിർപ്പുകാല പ്രാർഥനകൾ

ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രങ്ങൾ: വിയന്ന – നല്ലിടയനായ യേശുവിന്റെ ചുമർചിത്രം രചന: Renáta Sedmáková, Adobe വഴി