2020 മേയ് 13
ഉയിർപ്പുകാലം അഞ്ചാം വാരത്തിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ
ഫാത്തിമാ മാതാവ്—ഐച്ഛിക അനുസ്മരണം

“ഞാൻ യഥാർത്ഥ മുന്തിരിവള്ളിയും എന്റെ പിതാവ് മുന്തിരിക്കൃഷിക്കാരനുമാണ്. എന്നിൽ ഫലം കായ്ക്കാത്ത എല്ലാ ശാഖകളും അവിടുന്ന് നീക്കിക്കളയുന്നു. ഫലം കായ്ക്കുന്ന ഓരോ ശാഖയും കൂടുതൽ ഫലം കായ്ക്കേണ്ടതിന് അവിടുന്ന് കോതിയൊതുക്കുന്നു.” യോഹന്നാൻ 15:1–2
നിങ്ങളെ കോതിയൊതുക്കാൻ അനുവദിക്കുന്നതിന് നിങ്ങൾ തയ്യാറാണോ? ഒരു ചെടി ധാരാളം നല്ല ഫലങ്ങളോ മനോഹരമായ പൂക്കളോ പുറപ്പെടുവിക്കണമെങ്കിൽ അതിനെ കോതിയൊതുക്കേണ്ടത് ആവശ്യമാണ്. ഉദാഹരണത്തിന്, ഒരു മുന്തിരിവള്ളിയെ കോതിയൊതുക്കാതെ വളരാൻ വിട്ടാൽ, ഒന്നിനും കൊള്ളാത്ത അനേകം ചെറിയ മുന്തിരിപ്പഴങ്ങളായിരിക്കും അതിൽ ഉണ്ടാകുക. എന്നാൽ അതിനെ ശ്രദ്ധയോടെ കോതിയൊതുക്കിയാൽ, നല്ല മുന്തിരിപ്പഴങ്ങൾ പരമാവധി ഉണ്ടാകും.
തന്റെ രാജ്യത്തിനുവേണ്ടി നല്ല ഫലം കായ്ക്കുന്നതിനെക്കുറിച്ച് സമാനമായ ഒരു പാഠം നമ്മെ പഠിപ്പിക്കാൻ യേശു കോതിയൊതുക്കലിന്റെ ഈ ഉപമ ഉപയോഗിക്കുന്നു. നമ്മുടെ ജീവിതം ഫലസമൃദ്ധമാകണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. ലോകത്തിൽ തന്റെ കൃപയുടെ ശക്തമായ ഉപകരണങ്ങളായി നമ്മെ ഉപയോഗിക്കാനും അവിടുന്ന് ആഗ്രഹിക്കുന്നു. എന്നാൽ ഇടയ്ക്കിടെ ആത്മീയമായ കോതിയൊതുക്കലിലൂടെയുള്ള ശുദ്ധീകരണത്തിന് വിധേയരാകാൻ നാം തയ്യാറാകുന്നില്ലെങ്കിൽ, ദൈവത്തിന് ഉപയോഗിക്കാനാകുന്ന ഉപകരണങ്ങളായി നാം മാറുകയില്ല.
സദ്ഗുണങ്ങൾ വേണ്ടവിധം പരിപോഷിപ്പിക്കപ്പെടാൻ നമ്മുടെ ജീവിതത്തിലെ ദുർഗുണങ്ങൾ നീക്കിക്കളയാൻ ദൈവത്തെ അനുവദിക്കുന്നതാണ് ആത്മീയമായ കോതിയൊതുക്കൽ. നമ്മെ വിനയപ്പെടുത്താനും നമ്മുടെ അഹങ്കാരം നീക്കിക്കളയാനും അവിടുത്തെ അനുവദിക്കുമ്പോഴാണ് ഇത് പ്രത്യേകമായി സംഭവിക്കുന്നത്. ഇത് വേദനിപ്പിച്ചേക്കാം. എന്നാൽ ദൈവം നമ്മെ വിനയപ്പെടുത്തുമ്പോഴുണ്ടാകുന്ന വേദന ആത്മീയ വളർച്ചയുടെ ഒരു താക്കോലാണ്. വിനയത്തിൽ വളരുന്നതിലൂടെ, നമ്മിലും നമ്മുടെ സ്വന്തം ആശയങ്ങളിലും പദ്ധതികളിലും ആശ്രയിക്കുന്നതിനുപകരം, നമുക്ക് പോഷണം നൽകുന്ന ഉറവിടത്തിൽ നാം കൂടുതൽ കൂടുതൽ ആശ്രയിക്കുന്നു. ദൈവം നമ്മെക്കാൾ അനന്തമായി ജ്ഞാനമുള്ളവനാണ്. നമ്മുടെ ഉറവിടമായി അവിടുത്തെ കണ്ട് നിരന്തരം അവിടുത്തെ സമീപിക്കാൻ കഴിഞ്ഞാൽ, നാം കൂടുതൽ ശക്തരാകുകയും നമ്മിലൂടെ വലിയ കാര്യങ്ങൾ ചെയ്യാൻ അവിടുത്തെ അനുവദിക്കുന്നതിന് കൂടുതൽ സജ്ജരാകുകയും ചെയ്യും. എന്നാൽ, വീണ്ടും പറയട്ടെ, ഇതിനായി നമ്മെ കോതിയൊതുക്കാൻ നാം അവിടുത്തെ അനുവദിക്കണം.
ആത്മീയമായി കോതിയൊതുക്കപ്പെടുക എന്നതിനർത്ഥം നമ്മുടെ സ്വന്തം ഇഷ്ടവും ആശയങ്ങളും നാം മനഃപൂർവം വിട്ടുകൊടുക്കുക എന്നതാണ്. നമ്മുടെ ജീവിതത്തിന്മേലുള്ള നിയന്ത്രണം ഉപേക്ഷിച്ച്, വിദഗ്ധനായ കൃഷിക്കാരൻ അത് ഏറ്റെടുക്കാൻ അനുവദിക്കുക എന്നതാണ് അതിന്റെ അർത്ഥം. നമ്മിൽത്തന്നെ ആശ്രയിക്കുന്നതിനെക്കാൾ എത്രയോ അധികമായി നാം അവിടുത്തിൽ ആശ്രയിക്കുന്നു എന്നും അതിനർത്ഥമുണ്ട്. ഇതിന് നാം യഥാർത്ഥത്തിൽ സ്വയം മരിക്കേണ്ടതും യഥാർത്ഥ വിനയം പുലർത്തേണ്ടതുമുണ്ട്. ഒരു ശാഖ മുന്തിരിവള്ളിയെ ആശ്രയിക്കുന്നതുപോലെ നാം പൂർണമായും ദൈവത്തെ ആശ്രയിച്ചാണു നിലനിൽക്കുന്നതെന്ന് ഈ വിനയത്തിലൂടെ നാം അംഗീകരിക്കുന്നു. മുന്തിരിവള്ളിയില്ലാതെ നാം വാടിപ്പോകുകയും മരിക്കുകയും ചെയ്യുന്നു. മുന്തിരിവള്ളിയോട് ദൃഢമായി ചേർന്നുനിൽക്കുക മാത്രമാണ് ജീവനിലേക്കുള്ള വഴി.
നിങ്ങളുടെ ജീവിതത്തിൽ കർത്താവിൽനിന്നല്ലാത്തതെല്ലാം കോതിമാറ്റാൻ അവിടുത്തെ അനുവദിക്കാനായി ഇന്ന് പ്രാർഥിക്കുക. അവിടുത്തിലും അവിടുത്തെ ദൈവിക പദ്ധതിയിലും ആശ്രയിക്കുക. നിങ്ങളിലൂടെ ദൈവം പുറപ്പെടുവിക്കാൻ ആഗ്രഹിക്കുന്ന നല്ല ഫലം കായ്ക്കുന്നതിനുള്ള ഏക വഴി ഇതാണെന്ന് അറിയുക.
കർത്താവേ, എന്റെ അഹങ്കാരവും സ്വാർഥതയും മുഴുവനും അങ്ങ് കോതിമാറ്റണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. എല്ലാ കാര്യങ്ങളിലും അങ്ങിലേക്കു തിരിയാൻ കഴിയേണ്ടതിന് എന്റെ അനേകം പാപങ്ങളിൽനിന്ന് എന്നെ ശുദ്ധീകരിക്കണമേ. അങ്ങയെ ആശ്രയിക്കാൻ ഞാൻ പഠിക്കുമ്പോൾ, എന്റെ ജീവിതത്തിൽ സമൃദ്ധമായി നല്ല ഫലം പുറപ്പെടുവിക്കാൻ അങ്ങ് ആരംഭിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധർ – ഫാത്തിമാ മാതാവ്
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
ചിത്രം: യഥാർത്ഥ മുന്തിരിവള്ളിയായ ക്രിസ്തു
ദൈവൈക്യത്തിലേക്കുള്ള മൗതികയാത്ര:
കുരിശിന്റെ വിശുദ്ധ യോഹന്നാനിൽനിന്നുള്ള ആത്മീയജ്ഞാനം





