ജൂലൈ 15, 2022
സാധാരണകാലത്തിലെ പതിനഞ്ചാം ആഴ്ചയിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ
വിശുദ്ധ ബൊനവന്തൂര, മെത്രാനും വേദപാരംഗതനും—ഓർമ്മ

“ബലിയല്ല, കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നതിന്റെ അർഥം നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ, ഈ നിരപരാധികളെ നിങ്ങൾ കുറ്റം വിധിക്കുമായിരുന്നില്ല.” മത്തായി 12:7
യേശുവിന്റെ അപ്പസ്തോലന്മാർക്ക് വിശന്നു. നടക്കുന്നതിനിടയിൽ അവർ വിശപ്പടക്കാൻ ധാന്യക്കതിരുകൾ പറിച്ചു. അതിനാൽ, സാബത്തിൽ ‘നിയമവിരുദ്ധം’ എന്നു തങ്ങൾ വിശേഷിപ്പിച്ച കാര്യം ചെയ്തതിന് ഫരിസേയർ അപ്പസ്തോലന്മാരെ കുറ്റം വിധിച്ചു. നടക്കുന്നതിനിടയിൽ ധാന്യക്കതിരുകൾ പറിക്കുന്നത് ‘ജോലി’യായി കണക്കാക്കപ്പെടുന്നുവെന്നും, അതുവഴി സാബത്തിൽ വിശ്രമിക്കണമെന്ന നിയമം അവർ ലംഘിച്ചുവെന്നും ഫരിസേയർ വാദിച്ചു.
ശരിക്കും? നടക്കുന്നതിനിടയിൽ വിശപ്പടക്കാൻ ധാന്യക്കതിരുകൾ പറിച്ചതിലൂടെ അപ്പസ്തോലന്മാർ പാപം ചെയ്തുവെന്ന് ഫരിസേയർ ഗൗരവമായിത്തന്നെ കരുതിയോ? ഈ കുറ്റവിധിയുടെ അസംബന്ധവും യുക്തിഹീനതയും തിരിച്ചറിയാൻ നമുക്ക് പ്രയാസമുണ്ടാകില്ലെന്നു പ്രത്യാശിക്കാം. അപ്പസ്തോലന്മാർ ഒരു തെറ്റും ചെയ്തില്ല; എന്നിട്ടും അവർ കുറ്റം വിധിക്കപ്പെട്ടു. യേശു ചൂണ്ടിക്കാണിക്കുന്നതുപോലെ അവർ ‘നിരപരാധികൾ’ ആയിരുന്നു.
“ബലിയല്ല, കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത്” എന്ന തിരുവചനഭാഗം ഓർമിപ്പിച്ചുകൊണ്ടാണ് യേശു ഫരിസേയരുടെ യുക്തിഹീനതയ്ക്കു മറുപടി നൽകുന്നത്. ഈ വചനഭാഗവും കരുണ കാണിക്കാനുള്ള ദൈവത്തിന്റെ ഈ കല്പനയും ഫരിസേയർ മനസ്സിലാക്കാത്തതിനാലാണ് അപ്പസ്തോലന്മാർ അന്യായമായി കുറ്റം വിധിക്കപ്പെട്ടതെന്ന് അവിടുന്ന് ചൂണ്ടിക്കാണിക്കുന്നു.
സാബത്തിൽ വിശ്രമിക്കണമെന്ന കല്പന ദൈവത്തിൽനിന്നുള്ളതായിരുന്നു. എന്നാൽ, വിശ്രമിക്കണമെന്ന കല്പന അതിൽത്തന്നെ അവസാനിക്കുന്ന ഒരു നിബന്ധനയായിരുന്നില്ല. കർശനമായി പാലിക്കുന്നതുകൊണ്ടുമാത്രം എങ്ങനെയെങ്കിലും ദൈവത്തെ ബഹുമാനിക്കുന്ന ഒരു നിയമനിബന്ധനയായിരുന്നില്ല അത്. നമുക്ക് വിശ്രമവും നവോന്മേഷവും ആവശ്യമാണെന്ന് ദൈവത്തിന് അറിയാമായിരുന്നതിനാൽ, സാബത്തിലെ വിശ്രമം മുഖ്യമായും മനുഷ്യകുലത്തിനുള്ള ദൈവത്തിന്റെ ദാനമായിരുന്നു. ജീവിതത്തിന്റെ തിരക്കു കുറയ്ക്കാനും ദൈവത്തിന് പ്രത്യേക ആരാധന അർപ്പിക്കാനും മറ്റുള്ളവരുടെ സാന്നിധ്യം ആസ്വദിക്കാനും ഓരോ ആഴ്ചയിലും നമുക്ക് സമയം ആവശ്യമാണെന്ന് അവിടുത്തേക്ക് അറിയാമായിരുന്നു. എന്നാൽ ഫരിസേയർ സാബത്തിലെ വിശ്രമത്തെ ഒരു ഭാരമാക്കി മാറ്റി. ദൈവത്തെ മഹത്വപ്പെടുത്താനോ മനുഷ്യാത്മാവിന് നവോന്മേഷം പകരാനോ ഒട്ടും ഉപകരിക്കാത്ത, കർക്കശവും നിയമനിഷ്ഠയിൽ മാത്രം ഊന്നുന്നതുമായ ഒരു ആചരണമായി അവർ അതിനെ ചിത്രീകരിച്ചു.
ഈ വചനഭാഗത്തിൽനിന്ന് നമുക്കു പഠിക്കാവുന്ന ഒരു പ്രധാന സത്യം ഇതാണ്: തന്റെ നിയമത്തെ കരുണയുടെ കണ്ണുകളിലൂടെ വ്യാഖ്യാനിക്കാൻ ദൈവം നമ്മെ വിളിക്കുന്നു. കരുണ എപ്പോഴും നമുക്ക് നവോന്മേഷം പകരുകയും നമ്മെ ഉയർത്തുകയും പുതിയ ഊർജംകൊണ്ട് നിറയ്ക്കുകയും ചെയ്യുന്നു. അത് ആരാധിക്കാൻ നമ്മെ പ്രചോദിപ്പിക്കുകയും പ്രത്യാശകൊണ്ട് നിറയ്ക്കുകയും ചെയ്യുന്നു. കരുണ നമ്മുടെമേൽ നിയമനിഷ്ഠയുടെ കനത്ത ഭാരം ചുമത്തുന്നില്ല; മറിച്ച്, ദൈവത്തിന്റെ കരുണയും നിയമവും ഒരുമിച്ച് നമുക്ക് പുതുജീവനും നവോന്മേഷവും നൽകുന്നു.
ദൈവത്തിന്റെ കല്പനകളെയും അവിടുത്തെ നിയമത്തെയും നിങ്ങൾ എങ്ങനെയാണ് കാണുന്നതെന്ന് ഇന്ന് ചിന്തിക്കുക. നിയമനിഷ്ഠയിൽ മാത്രം ഊന്നുന്നതും ഭാരമേറിയതുമായ ഒരു നിബന്ധനയായാണോ നിങ്ങൾ അവയെ കാണുന്നത്? അതോ നിങ്ങളുടെ ഭാരം ലഘൂകരിക്കാൻ നൽകപ്പെട്ട ദൈവകരുണയുടെ അനുഗ്രഹമായാണോ കാണുന്നത്?
കരുണാനിധിയായ എന്റെ കർത്താവേ, അങ്ങയുടെ നിയമത്തെ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ കരുണയുടെയും കൃപയുടെയും വെളിച്ചത്തിൽ അതിനെ യഥാർഥമായി കാണാൻ എന്നെ സഹായിക്കണമേ. അങ്ങ് കൽപിക്കുന്നതെല്ലാം എനിക്ക് നവോന്മേഷം പകരുകയും അങ്ങയുടെ തിരുഹിതം എന്നെ ഉയർത്തുകയും ചെയ്യട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധൻ: വിശുദ്ധ ബൊനവന്തൂര
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
പ്രധാന ചിത്രം: ജെയിംസ് ടിസ്സോ, പൊതുസഞ്ചയം, Wikimedia Commons വഴി



